വത്തിക്കാൻ സിറ്റി: യുദ്ധദുരിതമനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ച് പാപ്പായുടെ ജീവകാരുണ്യ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് മോൺസിഞ്ഞോർ ലൂയിസ് മാരിന്റെ നേതൃത്വത്തിലുള്ള വത്തിക്കാൻ സംഘം ഉക്രൈൻ സന്ദർശിക്കും.
ഒക്ടോബർ 27 മുതൽ 30 വരെയാണ് സന്ദർശനം.ഗ്രീക്ക്, ലത്തീൻ സഭകളുമായി സഹകരിച്ച് കീവ്, സപോറീഷ്യ, ഡിനിപ്രോ, ഫാസ്റ്റീവ് തുടങ്ങിയ നഗരങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ സംഘം സന്ദർശിക്കും. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ഖേർസൺ മേഖലയിലെ ഒലേഷ്കിയിൽ അടിയന്തര വെടിനിർത്തൽ ഉറപ്പാക്കാനും സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും ലെയോ പതിനാലാമൻ പാപ്പാ അടുത്തിടെ റഷ്യൻ, ഉക്രൈൻ പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഒലേഷ്കിയിലെ ജനങ്ങൾക്ക് ഭക്ഷണവും വൈദ്യസഹായവും സുരക്ഷിതമായി എത്തിക്കുന്നതിനായി താൽക്കാലിക മാനുഷിക ഇടനാഴി ഒരുക്കണമെന്ന വത്തിക്കാന്റെ അഭ്യർത്ഥനയുടെ തുടർച്ചയായാണ് ഈ സന്ദർശനം.

