ജെക്കോബി
ഡല്ഹിയിലെ തെരുവുകളില് സൈനിക ടാങ്കുകള് നിരങ്ങിനീങ്ങുന്നില്ലെങ്കിലും, ഇന്ത്യ-ചൈന അതിര്ത്തി കാക്കേണ്ട ഇന്തോ-തിബറ്റന് ബോര്ഡര് പൊലീസും, നേപ്പാള്, ഭൂട്ടാന് അതിര്ത്തിയില് നിന്നുള്ള സശസ്ത്ര സീമാ ബലും, പാക്കിസ്ഥാന്, ബംഗ്ലാദേശ് അതിര്ത്തി നിരീക്ഷിക്കേണ്ട ബോര്ഡര് സെക്യൂരിറ്റി ഫോഴ്സും, ജമ്മു-കശ്മീര്, ഛത്തീസ്ഗഢ്, ബംഗാള് എന്നിവിടങ്ങളില് നിന്ന് അടിയന്തരമായി എയര്ലിഫ്റ്റ് ചെയ്ത അര്ധസൈനിക വിഭാഗങ്ങളും ഉള്പ്പെടെ കേന്ദ്ര സായുധ പൊലീസ് സേനകളുടെ 301 കമ്പനികളെയും റാപിഡ് ആക് ഷന് ഫോഴ്സിനെയും സിആര്പിഎഫിനെയും സിഐഎസ്ഫിനെയും ഡല്ഹി പൊലീസ് സേനയ്ക്കൊപ്പം തലസ്ഥാനനഗരത്തില് ക്രമസമാധാന പാലനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിരിക്കുന്നതില് നിന്ന് മോദി ഭരണകൂടം കൂടുതല് വിറളിപൂണ്ട് പ്രതിരോധവലയം ശക്തമാക്കുകയാണെന്നും സമഗ്രാധിപത്യത്തിന്റെ ആക്രമണോത്സുക കരുത്തുകാട്ടി അതിജീവനതന്ത്രം പയറ്റുകയാണെന്നും വ്യാഖ്യാനഭേദങ്ങളുണ്ടാകാം. എന്തായാലും, ഗുരുതരമായ ഒരു ആപല്സന്ധി തെളിഞ്ഞുകാണുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ തലസ്ഥാനത്ത്, സമാധാനപരമായി പ്രതിഷേധിക്കാന് തെരുവിലിറങ്ങുന്ന നിരായുധരായ യുവജനങ്ങളെയും വിദ്യാര്ഥികളെയും ജനപ്രതിനിധികളെയും രാഷ് ട്രീയ നേതാക്കളെയും പൗരസമൂഹ, സാംസ്കാരിക പ്രവര്ത്തകരെയും പൊലീസും സുരക്ഷാസേനയും വളഞ്ഞിട്ട് ആക്രമിക്കുകയും നിയമവിരുദ്ധമായി പിടികൂടി വലിച്ചിഴച്ച് വാഹനങ്ങളിലേക്ക് എടുത്തെറിഞ്ഞ് അജ്ഞാതകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന ദൃശ്യങ്ങളും ലൈവ് ബ്ലോഗുമൊക്കെ ആഗോളതലത്തില് പ്രമുഖ മാധ്യമങ്ങള് വലിയ ശീര്ഷകത്തോടെ പ്രസിദ്ധീകരിക്കുമ്പോള് അനാവൃതമാകുന്നത് അടിസ്ഥാന ഭരണഘടനാ അവകാശങ്ങളോടുള്ള മോദി ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യപരമായ അവജ്ഞയുടെ നേര്ചിത്രമാണ്, ജനാധിപത്യത്തിന്റെ പൊയ്മുഖമാണ്.
കഴിഞ്ഞ ജൂലൈയില് കോക്രോച്ച് ജനതാ പാര്ട്ടി യുവജന മുന്നേറ്റം നീറ്റ്-യുജി പരീക്ഷാ പേപ്പര് ലീക്ക് ഉള്പ്പെടെയുള്ള ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹി ജന്തര് മന്തറില് നടത്തിയ പ്രക്ഷോഭവും പാര്ലമെന്റ് മാര്ച്ചും കൈകാര്യം ചെയ്തതില് വന്ന തന്ത്രപരമായ പാളിച്ചകളില് നിന്ന് പാഠം ഉള്ക്കൊണ്ടാകണം അമിത് ഷാ ഇക്കുറി രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിനെ രക്ഷിക്കുന്നതിനു വേണ്ടി രാജ്യതലസ്ഥാനത്ത് അസാധാരണമായ സുരക്ഷാസന്നാഹങ്ങളുടെ കോട്ടകെട്ടിയത്. ബിഎന്എസ്എസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജന്തര് മന്തറിലേക്കുള്ള പ്രവേശനം നിരോധിച്ചു. ജന്തര് മന്തറിലേക്കുള്ള വഴികളെല്ലാം 200 മീറ്റര് ഇടവിട്ട് മെറ്റല് ബാരിക്കേഡ് അടുക്കുകളും കോണ്ക്രീറ്റ് ബ്ലോക്കുകളും കൊണ്ട് കെട്ടിയടച്ചു. സിജെപി ‘ജന്തര് മന്തര് 2’ പ്രക്ഷോഭം ആരംഭിക്കാനിരുന്ന ശനിയാഴ്ച രാവിലെ സെന്ട്രല് ഡല്ഹിയില് എഴുപതിലേറെയിടങ്ങളില് ചെക്ക്പോയിന്റുകളും മാര്ഗതടസങ്ങളും ഗൂഗിള് മാപ്പിലാകെ ചുമപ്പ് പടര്ത്തി.
ജന്പഥ്-കര്ത്തവ്യപഥ് ക്രോസിങ്ങിന്റെ നാലു കിലോമീറ്റര് ചുറ്റളവില് മൊബൈല് ഇന്റര്നെറ്റ് സര്വീസ് വെള്ളിയാഴ്ച രാത്രി 10 മുതല് 24 മണിക്കൂര് വിഛേദിക്കപ്പെട്ടു. ഡല്ഹി മെട്രോ റെയില് കോര്പറേഷന് 57 സ്റ്റേഷനുകളിലെ എന്ട്രി, എക്സിറ്റ് ഗേറ്റുകള് വെള്ളിയാഴ്ച രാത്രി 9 മണി മുതല് ‘സ്ഥിതിഗതികള് മെച്ചപ്പെടും വരെ’ അടച്ചു. ന്യൂഡല്ഹി, ഹസ്രത്ത് നിസാമുദ്ദീന് റെയില്വേ സ്റ്റേഷനുകളിലേക്കുള്ള 245 ദീര്ഘദൂര ട്രെയിനുകള് റദ്ദാക്കി. ഡല്ഹി-മീററ്റ് റീജണല് റാപിഡ് ട്രാന്സിറ്റ് സിസ്റ്റം നമോ ഭാരത് ട്രെയിന് എത്തുന്ന ഡല്ഹിയിലെ രണ്ടു സ്റ്റേഷനുകള് അടച്ചിട്ടു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില് റെയില്വേ പൊലീസ് ഇറ്റാര്സി ജങ്ഷനില് ഗോവ എക്സ്പ്രസ് ട്രെയിനില് പരിശോധന നടത്തി, പുണെയില് നിന്ന് ഡല്ഹിയിലേക്കു യാത്ര ചെയ്ത പെണ്കുട്ടികള് ഉള്പ്പെടെ 14 വിദ്യാര്ഥികളെ രാത്രി കസ്റ്റഡിയിലെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള് പുറത്തുവന്നു.
സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ മുംബൈയില് നിന്നുള്ള എയര് ഇന്ത്യ ഫ്ളൈറ്റ് ഡല്ഹി വിമാനത്താവളത്തിലെത്തിയപ്പോള് ഡല്ഹി പൊലീസ് യാത്രക്കാര് ഇറങ്ങും മുമ്പ് അകത്തുകടന്ന് അറസ്റ്റു ചെയ്ത് അജ്ഞാതസങ്കേതത്തിലേക്കു കൊണ്ടുപോയി. എയര്ലൈന് പോലും അറിയാതെ പൊലീസിന് എങ്ങനെ വിമാനത്തില് അതിക്രമിച്ചു കയറി മൂന്നു യാത്രക്കാരെ കസ്റ്റഡിയിലെടുക്കാന് കഴിയുമെന്ന് ആരാഞ്ഞുകൊണ്ട് സിവില് ഏവിയേഷന് സെക്യൂരിറ്റി ബ്യൂറോയ്ക്ക് എയര് ഇന്ത്യ കത്തെഴുതിയത്രെ.
സിജെപി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ജര്മനിയിലെ ബെര്ലിനില് നിന്ന് എത്തിയ ഹരിയാണ സ്വദേശിയായ പ്രശസ്ത യുട്യൂബര് ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വീട്ടില് നിന്ന് ഉറക്കത്തില് നിന്ന് വിളിച്ചെഴുന്നേല്പിച്ചാണ് മഫ്തി പൊലീസ് സംഘം പിടിച്ചുകൊണ്ടുപോയത്.
സംഘടനാശേഷിയൊന്നുമില്ലാതെ, നവമാധ്യമ പ്ലാറ്റ്ഫോമിലൂടെ രാജ്യത്തെ ജെന്സികളുടെ മുന്നേറ്റമായി പടര്ന്ന സിജെപിയുടെ നേതൃനിരയെ ഒന്നടങ്കം തടങ്കലിലാക്കി ജന്തര് മന്തര് 2 പ്രക്ഷോഭം തകര്ക്കാമെന്നാണ് അമിത് ഷായുടെ പൊലീസ് കണക്കുകൂട്ടിയത്. ജൂലൈയിലെ പാര്ലമെന്റ് മാര്ച്ചില് ആണി തറച്ച ബാറ്റണുകളും പെല്ലറ്റ് തോക്കുകളും എണ്ണമറ്റ കണ്ണീര്വാതക ഷെല്ലുകളും സംഘപരിവാര് ഗുണ്ടാസംഘങ്ങളുടെ ലാത്തിപ്രഹരവും പെണ്കുട്ടികള്ക്കു നേരെ പൊലീസ് ഓഫിസര്മാരുടെ ലൈംഗികാതിക്രമങ്ങളുമൊക്കെയായി കാര്യങ്ങള് കൈവിട്ടുപോവുകയും അമിത് ഷായ്ക്ക് പാര്ലമെന്റില് മുഖം കാണിക്കാന് പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില് ഡല്ഹി പൊലീസ് ഇത്തവണ കുറെക്കൂടി നിയന്ത്രണം പാലിക്കേണ്ടതായിരുന്നു. ബോഡിക്യാം ധരിച്ച് ഓഡിയോയും വിഡിയോയും തുടര്ച്ചയായി ചിത്രീകരിക്കുമ്പോള് പൊലീസ് ഉദ്യോഗസ്ഥര് കൂടുതല് സംയമനം പാലിക്കുമെന്നാണ് സങ്കല്പം, എന്നാല് യുവതികളെ മര്ദിക്കുന്നതിലും അവര്ക്കുനേരെ ലൈംഗികാതിക്രമങ്ങള് കാണിക്കുന്നതിലും ചിലര് എല്ലാ സീമകളും ലംഘിച്ചു. മാധ്യമപ്രവര്ത്തകരായ യുവതികളും ഇക്കൂട്ടത്തില് അതിക്രമങ്ങള്ക്ക് ഇരകളായി. മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്ട്ടര്മാരും സ്വതന്ത്ര മാധ്യമപ്രവര്ത്തകരുമായി മുപ്പതിലേറെപ്പേരെ പൊലീസ് ഭീഷണിപ്പെടുത്തുകയും മര്ദിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്തതായി ഹര്ജിയില് പറയുന്നുണ്ട്.
കമ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ (മാര്ക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന് വിദ്യാര്ഥി പ്രസ്ഥാനമായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് ദേശീയ പ്രസിഡന്റ് നേഹാ ബോറയും മറ്റ് ഇടതുപക്ഷ വിദ്യാര്ഥി യൂണിയനുകളുടെ നേതാക്കളും പല ഘട്ടങ്ങളിലായി ജന്തര് മന്തര് ഉപരോധത്തിന് ധീര പോരാട്ടം നയിച്ചു. പ്രശാന്ത് ഭൂഷണ്, കപില് സിബല്, യോഗേന്ദ്ര യാദവ് തുടങ്ങിയവരോടൊപ്പം നേഹയും യുവനേതാക്കളും ഒരുവട്ടം കൂടി പൊലീസിന്റെ പിടിയിലായി. സിജെപി പ്രക്ഷോഭം നടന്ന ദിവസം നേഹ ഡല്ഹി പൊലീസിനെ വട്ടംകറക്കി ന്യൂഡല്ഹിയിലെ ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് ഭാഗത്ത് യോഗേന്ദ്ര യാദവിനൊപ്പം പ്രത്യക്ഷപ്പെട്ട് സഫ്ദര്ജങ് ഫ്ളൈഓവറിനടുത്തുള്ള ദില്ലി ഹാട്ടില് നിന്ന് ജന്തര് മന്തറിലേക്ക് പ്രകടനം നയിച്ചു.
മുന് മുഖ്യമന്ത്രിമാരായ പിണറായി വിജയന്, മമതാ ബാനര്ജി, മണിക് സര്ക്കാര്, അരവിന്ദ് കേജ് രിവാള്, സിപിഎം ജനറല് സെക്രട്ടറി എം.എ ബേബി, സിപിഎം രാജ്യസഭാ കക്ഷി നേതാവ് ജോണ് ബ്രിട്ടാസ്, ഝാര്ഖണ്ഡിലെ ആദിവാസികള്ക്കിടയില് പ്രവര്ത്തിക്കുന്ന ബെല്ജിയംകാരനായ സാമ്പത്തികശാസ്ത്രജ്ഞന് ഷാങ് ദ്രേസ് എന്നിവരെയും കസ്റ്റഡിയിലെടുത്ത് ഡല്ഹി പൊലീസ് മണിക്കൂറുകളോളം വാഹനങ്ങളില് ചുറ്റിക്കറക്കി ദൂരെയുള്ള പൊലീസ് സ്റ്റേഷനുകളില് കൊണ്ടുപോയി വിട്ടയച്ചു. എട്ട് സ്റ്റേഡിയങ്ങളിലും കമ്യൂണിറ്റി സെന്ററുകളും താത്കാലിക തടങ്കല്കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. സുപ്രീം കോടതിയിലെ സീനിയര് അഭിഭാഷകരും വനിതകളും ഉള്പ്പെടെ നൂറിലേറെ അഭിഭാഷകരെ പൊലീസ് കയ്യേറ്റം ചെയ്ത് കസ്റ്റഡിയിലെടുത്ത് യമുന സ്പോര്ട്സ് കോംപ്ലക്സിലാണ് തടങ്കലില് വച്ചത്.
രാജ്യത്തെ കോടിക്കണക്കിന് വോട്ടര്മാരുടെ സമ്മതിദാനാവകാശം സമഗ്ര വോട്ടര്പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്) പേരില് ചട്ടവിരുദ്ധമായി റദ്ദാക്കുകയും ബിജെപിക്കു നേട്ടമുണ്ടാക്കുന്നതിന് വിപുലമായ തോതില് വോട്ടുകൊള്ളയ്ക്ക് കളമൊരുക്കുകയും ചെയ്തതിന് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് പദത്തില് നിന്ന് നീക്കി കുറ്റവിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യാസഖ്യവും നടത്തിവന്ന രാഷ് ട്രീയ പോരാട്ടത്തിന് അപ്രതീക്ഷിതമായ ഊര്ജം പകര്ന്നുകിട്ടിയത് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്മാര് എസ്ഐആര് നടപടികളിലെ ക്രമക്കേടുകളും നിയമലംഘനങ്ങളും എടുത്തുകാട്ടി പത്തു മാസത്തിനിടെ 14 വട്ടം ഗ്യാനേഷ് കുമാറിനെ പ്രതികൂട്ടിലാക്കും വണ്ണം വിയോജനക്കുറിപ്പുകള് രേഖപ്പെടുത്തിയത് ഇന്ത്യന് എക്സ്പ്രസ് അന്വേഷണാത്മക റിപ്പോര്ട്ടില് പുറത്തുകൊണ്ടുവന്നപ്പോഴാണ്.
രാഹുല് ഗാന്ധിയുടെയും കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാര്ജുന് ഖര്ഗെയുടെയും നേതൃത്വത്തില് ഇന്ത്യാ സഖ്യത്തിലെ എംപിമാരും മറ്റു നേതാക്കളും ജന്തര് മന്തറിലേക്കും ഇലക് ഷന് കമ്മിഷന് ഓഫിസിലേക്കും രാജ്ഘാട്ടിലേക്കും രാഷ് ട്രപതിഭവനിലേക്കും നടത്തിയ മാര്ച്ചുകളെല്ലാം സംഘര്ഷഭരിതമായിരുന്നു. ഗ്യാനേഷ് കുമാറിനെ നേരിട്ടുകണ്ട് കാര്യങ്ങള് ബോധ്യപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള് രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തൊട്ടപ്പുറത്തെ ആകാശവാണി ഭവന് വളപ്പില് ആറുമണിക്കൂര് കുത്തിയിരിപ്പു നടത്തി. മുന്കൂട്ടി പ്ലാന് ചെയ്യാത്ത സമരമുറകളുടെ പരമ്പരയില് ഒന്നായിരുന്നു ആകാശവാണി ഭവനിലെ സത്യഗ്രഹം. സത്യത്തിനും ജനാധിപത്യത്തിനും വേണ്ടി എല്ലാവരെയും ഒരുമിച്ചുചേര്ത്തുള്ള മുന്നേറ്റത്തെ ‘ശിവതാണ്ഡവം’ എന്നാണ് രാഹുല് ഗാന്ധി വിശേഷിപ്പിക്കുന്നത്.
എസ്ഐആര് നടപടികളിലെ ക്രമക്കേടുകളും നിയമവിരുദ്ധ പ്രവര്ത്തനങ്ങളും വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് രാജ്യത്തെ പരമോന്നത കോടതിയില് ഇന്ത്യാ സഖ്യത്തിന്റെ ഹര്ജി സമര്പ്പിക്കാനായി സുപ്രീം കോടതിയിലേക്ക് രാഹുല് ഗാന്ധി നയിച്ച ‘ചലോ ദില്ലി: ജനാധിപത്യത്തിനു വേണ്ടിയുള്ള മാര്ച്ച്’ അടുത്തകാലത്ത് ഡല്ഹി കണ്ട ഏറ്റവും വലിയ ശക്തിപ്രകടനമായി മാറിയപ്പോള്, ബാരിക്കേഡുകള് വലിച്ചുനീക്കി അമിത് ഷായുടെ പൊലീസിന് ജനമുന്നേറ്റത്തിന്റെ ഇരമ്പത്തിനു മുന്നില് പത്തിമടക്കേണ്ടിവന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് പദത്തില് നിന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്ഐആര് പട്ടികയില് നിന്നു നീക്കം ചെയ്യപ്പെട്ടവരില് അര്ഹരായവര്ക്കെല്ലാം വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കിയത് ദേശീയശ്രദ്ധയാകര്ഷിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ ഇത്തരം പ്രമേയം പാസാക്കുന്നത്. ഗ്യാനേഷ് കുമാര് 20 വര്ഷം മുന്പ് കേരളത്തില് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത്, അങ്കമാലി-തിരുവനന്തപുരം എംസി റോഡ് വികസന കരാര് എടുത്ത മലേഷ്യന് കമ്പനിയുടെ പ്രോജക്റ്റ് ഡയറക്ടര് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട അഴിമതി കേസ് പുനരന്വേഷിക്കാന് കേരള സര്ക്കാര് തീരുമാനിച്ചതും ഇലക് ഷന് കമ്മിഷനുമായി ബന്ധപ്പെട്ട ഗ്യാനേഷ് കുമാറിന്റെ ആജീവനാന്ത ‘ഇമ്യൂണിറ്റി’യുടെ കവചം പൊളിക്കാന് ഉപകരിച്ചേക്കും.
കഴിഞ്ഞ 33 വര്ഷമായി ഡല്ഹിയില് പാര്ലമെന്റിനും ഭരണകേന്ദ്രത്തിനും സമീപത്തായി നിയമപരമായി നിശ്ചയിക്കപ്പെട്ട പ്രതിഷേധ വേദി എന്ന ജന്തര് മന്തറിന്റെ അംഗീകാരം റദ്ദാക്കി ഡല്ഹി പൊലീസ് മറ്റു മൂന്നു വേദികള് നിര്ദേശിക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തം തന്നെയാണ്. ഡല്ഹിയുടെ ഹൃദയഭാഗത്തെ ചെറുതെങ്കിലും സാംസ്കാരിക മഹിമ പേറുന്ന ജന്തര് മന്തര് ചത്വരത്തില് നിന്ന് രാഷ് ട്രീയ വിയോജിപ്പുകളെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് തിരിച്ചുവിട്ടാല് മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്വെട്ടത്തുനിന്നു ഫലപ്രദമായി അവയെ അകറ്റാമെന്നാകും ചിലരുടെ വ്യാമോഹം. എന്നാല് ജന്തര് മന്തറില് പ്രതിഷേധം നിരോധിക്കപ്പെട്ടാല് നഗരം മുഴുവന് അതു വ്യാപിക്കും എന്ന തിരിച്ചറിവ് സിജെപി മോദിക്കും കൂട്ടര്ക്കും നല്കുമെന്നുറപ്പ്. സെന്ട്രല് ഡല്ഹിയില്, പാര്ലമെന്റില് നിന്ന് മൂന്നു കിലോമീറ്റര് അകലെയുള്ള രാംലീലാ മൈതാനം പുതുതായി നിര്ദേശിക്കപ്പെടുന്ന പ്രതിഷേധ വേദികളിലൊന്നാണ്. സ്ഥലം കൂടുതല് വിശാലമാണ്, പക്ഷെ അതിന് വലിയ വാടക നല്കേണ്ടിവരും. പാര്ലമെന്റില് നിന്ന് 26 കിലോമീറ്റര് അകലെ കിഴക്കന് ഡല്ഹിയില് ഷാഹ്ദരയിലെ സെന്ട്രല് ബിസിനസ് ഡിസ്ട്രിക്റ്റ് ഗ്രൗണ്ടും, 16 കിലോമീറ്റര് അകലെ വടക്കുപടിഞ്ഞാറന് ഡല്ഹിയിലെ ബുരാഡി ഗ്രൗണ്ടുമാണ് മറ്റു രണ്ടു വേദികള്.
ഇതിനിടെ, ഡല്ഹിയിലെ നയതന്ത്ര മേഖലയായ ചാണക്യപുരിയിലെ ഹോട്ടല് താജ് പാലസില്, ബ്ലൂംബെര്ഗ് ന്യൂ ഇക്കോണമി ഫോറത്തില് അഞ്ഞൂറിലധികം വരുന്ന ആഗോള വ്യവസായ പ്രമുഖരും നയരൂപീകരണ വിദഗ്ധരും അടങ്ങുന്ന പ്രൗഢഗംഭീര സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്നു വിശേഷിപ്പിച്ചത് ബഹുസ്വരതയുടെയും തുറന്ന പൊതുചര്ച്ചാ രീതിയുടെയും കഥ പറഞ്ഞുകൊണ്ടാണ്. വോട്ടര്പട്ടികയുടെ കാര്യത്തിലാകാം ഒരു തുറന്ന പൊതുചര്ച്ച. പ്രധാനമന്ത്രിയും ഗ്യാനേഷ് കുമാറും ഒരു വാര്ത്താസമ്മേളനം വിളിച്ചുകൂട്ടാനുള്ള ധൈര്യം കാട്ടുമോ?

