പ്യോങ്യാങ്: ക്രൈസ്തവ വിശ്വാസം പിന്തുടരുന്നതിന്റെ പേരിൽ ഉത്തര കൊറിയയിൽ വിശ്വാസികൾ കടുത്ത ഭരണകൂട പീഡനങ്ങൾക്ക് ഇരയാകുന്നതായി പുതിയ റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘കൊറിയ ഫ്യൂച്ചർ’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് രാജ്യത്തെ ക്രൈസ്തവരുടെ ദുരവസ്ഥ വ്യക്തമാക്കുന്നത്.
‘എനിമീസ് ഓഫ് ദി സ്റ്റേറ്റ്: അണ്ടർസ്റ്റാൻഡിംഗ് ആന്റി-ക്രിസ്ത്യൻ പെർസിക്യൂഷൻ ഇൻ ദി ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ’ എന്ന റിപ്പോർട്ട്, ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ചെറിയ സംശയങ്ങളുടെ പേരിൽ പോലും വിശ്വാസികൾ ചോദ്യം ചെയ്യലിനും തടങ്കലിനും ക്രൂരമായ പീഡനങ്ങൾക്കും വിധേയരാകുന്നതായി ചൂണ്ടിക്കാട്ടുന്നു.ബൈബിളുകൾ പിടിച്ചെടുക്കുക, യാതൊരു ന്യായവുമില്ലാതെ തടങ്കലിൽ വയ്ക്കുക, ക്രൂരമായി മർദിക്കുക തുടങ്ങിയ നടപടികൾ ഭരണകൂടത്തിന്റെ അടിച്ചമർത്തൽ രീതികളുടെ ഭാഗമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് പീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും വിശ്വാസികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വ്യാപ്തി റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. 2025-ലും ക്രൈസ്തവരാണെന്ന സംശയത്തിന്റെ പേരിൽ ആളുകൾ ക്രൂരമായ മർദനത്തിനും പീഡനങ്ങൾക്കും ഇരയായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ട രണ്ട് ഉത്തര കൊറിയൻ വനിതകളുമായി ബിബിസി നടത്തിയ അഭിമുഖവും സംഘടന തെളിവായി ചൂണ്ടിക്കാട്ടുന്നു.ക്രൈസ്തവ വിശ്വാസത്തെയും മതസ്വാതന്ത്ര്യത്തെയും ഭരണകൂടം എത്രത്തോളം അടിച്ചമർത്തുന്നുവെന്നതിന്റെ ഗൗരവകരമായ ചിത്രമാണ് പുതിയ റിപ്പോർട്ട് പുറത്തുകൊണ്ടുവരുന്നത്.

