വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള ബാലരാമപുരം-വിഴിഞ്ഞം തുരങ്കപാതയെ സംബന്ധിച്ച് തീരദേശത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പെരുപ്പിക്കാന്‍ പോന്നതാണ് രണ്ട് അടുക്കുകളായി (ഡബിള്‍ സ്റ്റാക്ക്) കണ്ടെയ്നറുകള്‍ കടത്താന്‍ പാകത്തില്‍ ഈ ടണല്‍ ലൈന്‍ വികസിപ്പിക്കാനുള്ള പുതിയ പദ്ധതി നിര്‍ദേശം. തിരുവനന്തപുരം-കന്യാകുമാരി റെയില്‍വേ ലൈനില്‍ ബാലരാമപുരത്തു നിന്ന് വിഴിഞ്ഞത്തേക്ക് 10.772 കിലോമീറ്റര്‍ വരുന്ന ബ്രോഡ്ഗേജ് ഒറ്റപ്പാതയില്‍ 9.43 കിലോമീറ്റര്‍ വരുന്ന ഭൂഗര്‍ഭ തുരങ്കവും 0.43 കിലോമീറ്റര്‍ നീളമുള്ള ആക്സസ് ടണലും ഉള്‍പ്പെടുന്ന പദ്ധതിക്കായി കൊങ്കണ്‍ റെയില്‍ കോര്പറേഷന് കഴിഞ്ഞ മേയില്‍ ക്ഷണിച്ച എന്‍ജിനിയറിങ്, പ്രൊക്യൂര്‍മെന്റ് ആന്‍ഡ് കണ്‍സ് ട്രക് ഷന് ടെന്‍ഡര്‍ റദ്ദാക്കി, യുഡിഎഫ് സര്‍ക്കാരിന്റെ ‘മിഷന് സമുദ്ര’ ദര്ശനത്തിനൊത്ത് ചരക്കുനീക്കശേഷി ഇരട്ടിയാക്കുന്നതിന് ഒന്നിനു മീതെ ഒന്നായി രണ്ട് കണ്ടെയ്നറുകള്‍ വീതമടുക്കിവച്ച ചരക്കുവണ്ടി ഓടിക്കാനാകുംവണ്ണം പദ്ധതി പുനരാവിഷ്കരിക്കാനാണ് നിര്‍ദേശം.
പിണറായി മന്ത്രിസഭ 2025 മാര്‍ച്ചില്‍ അംഗീകരിച്ച വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം 1,482.92 കോടി രൂപ ചെലവില്‍ 2028 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ട വിഴിഞ്ഞം റെയില്‍ കണക്റ്റിവിറ്റി പദ്ധതിക്ക് ദക്ഷിണ റെയില്‍വേയും റെയില്‍വേ ബോര്‍ഡും അനുമതി നല്‍കുകയും, ടണല്‍ അലൈന്മെന്റുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി ഭേദഗതിക്കും ക്ലിയറന്‍സ് ലഭിക്കുകയും ചെയ്തതോടെ ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളിലായി 4.697 ഹെക്ടര്‍ ഭൂമിയും വിഴിഞ്ഞം വില്ലേജില്‍ 0.829 ഹെക്ടറും ഏറ്റെടുക്കാനുള്ള നടപടികള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലും തുരങ്കപാതയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന കടുത്ത ആശങ്കകള്‍ പരിഹരിക്കപ്പെടാതെ അവശേഷിച്ചു. തുരങ്കത്തിന്റെ 70 ശതമാനവും നിലവിലുള്ള വിഴിഞ്ഞം-ബാലരാമപുരം റോഡിന് അടിയിലൂടെയാണ് കടന്നുപോകേണ്ടത്. ഭൂനിരപ്പില്‍ നിന്ന് 30 – 35 മീറ്റര്‍ ആഴത്തില്‍ നിര്‍മിക്കേണ്ട ടണലിന്റെ ഘടനയിലും ഉള്വിസ്താരത്തിലും ഡബിള്‍ സ്റ്റാക്ക് ഫ്ളാറ്റ് വാഗണുകള്‍ക്കായി വലിയ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ഇതിന് ചെലവേറും. പരിസ്ഥിതിയും ഭൗമഘടനയും ഭൂസ്ഥിരതയും ഭൂഗര്‍ഭജലത്തിന്റെ സ്വാഭാവിക പ്രവാഹവും ജനവാസമേഖലയും സമീപ പ്രദേശത്തെ നിര്‍മിതികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമൂഹിക പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്യും.
നിര്‍ദിഷ്ട തുരങ്കപാത അലൈന്മെന്റിന്റെ മിക്ക ഭാഗവും ഭൂമിശാസ്ത്രപരമായി ദുര്‍ബലമായ ഭൂപ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഭൗമശാസ്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുകളിലെ വെട്ടുകല്ലു പാളികള്‍ക്കു താഴെ, വിഘടിച്ച അവസ്ഥയിലുള്ള ‘ലിത്തോമാര്‍ജിക്’ കളിമണ്ണും ചിലയിടങ്ങളില്‍ അതിനിടയില്‍ ഉറച്ച പാറകളും കാണപ്പെടാനിടയുണ്ട്. മറ്റു ഭാഗങ്ങളിലാകട്ടെ, കളിമണ്ണും മണലും അടങ്ങിയ പാളികള്‍ക്കു മുകളില്‍ അസ്ഥിരമായ ചുവന്ന മണ്ണാകാനാണ് സാധ്യത. ഇത്തരം ദുര്‍ബലമായ ഭൗമപ്രകൃതി ടണ്‍ കണക്കിന് ഭാരമുള്ള കണ്ടെയ്നര്‍ റെയ്ക്കുകള്‍ കടന്നുപോകുന്ന തുരങ്കനിര്മിതിക്ക് പറ്റിയതാണോയെന്ന് രാജ്യത്തെ ഏതെങ്കിലും പ്രധാന ഭൗമശാസ്ത്ര പഠനകേന്ദ്രം ശാസ്ത്രീയമായി വിലയിരുത്തേണ്ടതാണ്. കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള ഭൂഗര്‍ഭജല പ്രവാഹത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള ടണല്‍ നിര്‍മിതി ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റാന്‍ ഇടയാക്കും. അസ്ഥിരമായ മണ്ണിനടയിലെ തുരങ്കത്തില്‍ നിന്നുള്ള പ്രകമ്പനങ്ങള്‍ മണ്ണിടിച്ചിലിനും ബഫര്‍ മേഖലയ്ക്കു സമീപത്തെ കെട്ടിടങ്ങളുടെ ഘടനാപരമായ കേടുപാടുകള്‍ക്കും വിള്ളലുകള്‍ക്കും ഇടവരുത്തുമെന്ന ഭയാശങ്കകള്‍ക്കും കാരണമാകുന്നത് സ്വാഭാവികം.ജനസാന്ദ്രതയേറിയ പ്രദേശം ഒഴിവാക്കി, പള്ളിച്ചല്‍-മുടവൂര്‍പ്പാറ നെല്‍വയലുകളുടെ അതിരുകള്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളിലൂടെ ഒരു ബദല്‍ അലൈന്മെന്റ് റെയില്‍പ്പാതയ്ക്കായി ആദ്യം നിര്‍ദേശിക്കപ്പെട്ടിരുന്നു. ഉപഗ്രഹ സര്‍വേ ഡാറ്റ പ്രകാരം, കടക്കുളം-മുക്കോല റൂട്ടില്‍ ഒന്നേകാല്‍ കിലോമീറ്ററോളം തുറന്ന വയല്‍പ്രദേശത്തുകൂടെയാണ് ഇതു കടന്നുപോകുന്നത്. മെയിന്‍ലൈന്‍ റെയില്‍പ്പാതയുടെ ഉപരിതല നിരപ്പും വിഴിഞ്ഞം തുറമുഖവും തമ്മില്‍ 35 മീറ്ററോളം ലെവല്‍ വ്യത്യാസമുണ്ട്. നിര്‍ദിഷ്ട ടണല്‍ അലൈന്മെന്റിനെക്കാള് 10 മീറ്റര്‍ താഴെ വരുന്നതാണ് വയലോര മേഖല. തുരങ്ക നിര്‍മിതിക്കുള്ള ഭാരിച്ച ചെലവിന്റെ പാതി മതിയാകും ഇതിലൂടെയുള്ള ഉപരിതല റെയില്‍പ്പാതയ്ക്ക്. എന്‍ജിനിയറിങ്, സാങ്കേതികവിദ്യ തലത്തില്‍ വലിയ വെല്ലുവിളിയൊന്നും ഇവിടെ നേരിടേണ്ടിവരുന്നില്ല. ആവശ്യമെങ്കില്‍ പാത ഇരട്ടിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ക്കും ഏറെ സൗകര്യപ്രദവും കൂടുതല്‍ സുരക്ഷിതവുമാണ് ഉപരിതല റെയില്‍. എന്നാല്‍, ‘പരിസ്ഥിതി ആഘാതം കുറയ്ക്കാനും, പ്രദേശത്തെ ജനങ്ങളെ കഴിയുന്നത്ര ബാധിക്കാതിരിക്കാനുമാണ്’ തുരങ്കപാത ആസൂത്രണം ചെയ്യുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായ ഡ്രെജിങ്ങും കടല്നികത്തലും മൂന്നു കിലോമീറ്ററോളം വരുന്ന പുലിമുട്ട് നിര്‍മാണവും വിഴിഞ്ഞം ഉള്‍ക്കടലിലെ ജൈവവൈവിധ്യത്തിന്റെയും മത്സ്യസമ്പത്തിന്റെയും പരമ്പരാഗത കടല്പ്പണിയുടെയും മുഖ്യസ്രോതസുകളായ പാരുകളുടെ ആവാസവ്യവസ്ഥ തകര്‍ക്കുകയും, വടക്ക് അഞ്ചുതെങ്ങ് വരെയുള്ള തീരമേഖലയില്‍ കടലേറ്റത്തിന്റെയും തീരശോഷണത്തിന്റെയും രൂക്ഷത വര്‍ധിക്കാനിടയാക്കുകയും ചെയ്ത സാഹചര്യത്തില്‍ കിടപ്പാടവും തൊഴിലിടങ്ങളും ഉപജീവനമാര്‍ഗവും തീരത്തെ സാമൂഹികജീവിത സാഹചര്യങ്ങളും നഷ്ടപ്പെട്ട തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹം ജീവിക്കാനുള്ള അവകാശത്തിനായി പ്രക്ഷോഭത്തിനിറങ്ങിയപ്പോഴും, പ്രാദേശിക വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും പേരില്‍ അദാനി തുറമുഖത്തിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ച വിഴിഞ്ഞത്തെ ജനങ്ങളെ തങ്ങളുടെ പൈതൃക ഭൂമിയില്‍ നിന്ന് കുടിയിറക്കാനും, ഏതാണ്ട് 2,400 മീന്‍പിടിത്ത യാനങ്ങള്‍ അടുക്കുന്ന തീരത്ത് പരമ്പരാഗത മീന്‍പിടിത്ത സൗകര്യം ഇല്ലാതാകാനും നിര്‍ദിഷ്ട തുരങ്ക റെയില്‍ അലൈന്മെന്റും റെയില്‍വേ ടെര്‍മിനലും വഴിതെളിക്കുമെന്ന് നാട്ടുകാര്‍ തിരിച്ചറിയുന്നതുതന്നെ ഏറെ വൈകിയാണ്. അദാനി കമ്പനിയുടെ താല്പര്യത്തിനു വഴങ്ങി ജനഹിത പരിശോധന ആദ്യഘട്ടത്തില്‍ അട്ടിമറിക്കപ്പെട്ടതായി ആക്ഷേപമുയര്‍ന്നു. മുക്കോല ഭാഗത്ത് 17 വീടുകളില്‍ താമസിക്കുന്ന 38 കുടുംബങ്ങളെ മാത്രമേ മാറ്റിപാര്പ്പിക്കേണ്ടിവരൂ എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍ വിഴിഞ്ഞം കോര്പറേഷന് ഡിവിഷനില്‍ കോട്ടപ്പുറം ഭാഗത്തും മറ്റുമായി ആയിരത്തിലധികം വീടുകളെയും 4,000 താമസക്കാരെയും നേരിട്ടും, മറ്റ് ആയിരക്കണക്കിന് ആളുകളെ പരോക്ഷമായും തുരങ്ക പദ്ധതി ബാധിക്കുമെന്നു വ്യക്തമായതോടെ രണ്ടാമത് പബ്ലിക് ഹിയറിങ് നടത്തിയപ്പോള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി തുരങ്കപദ്ധതിയെ എതിര്‍ത്തു.
ഒന്നര കിലോമീറ്റര്‍ നീളമുള്ള വിഴിഞ്ഞത്തെ വലിയകടപ്പുറത്ത് 1.2 കിലോമീറ്ററിലധികം ഭാഗം അദാനി ഏറ്റെടുത്തുകഴിഞ്ഞു. റെയില്‍വേ ടെര്‍മിനലിനായി അവശേഷിക്കുന്ന 300 മീറ്റര്‍ തീരം കൂടി നഷ്ടപ്പെടുമ്പോള്‍ ഇവിടെ പരമ്പരാഗത മത്സ്യബന്ധനം അസാധ്യമായിത്തീരും. വിഴിഞ്ഞം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്ന് തുരങ്കപാത ആരംഭിക്കുന്നിടം വരെ കോട്ടപ്പുറം ഭാഗത്ത് ജനസാന്ദ്രതയേറിയ മേഖലയില്‍ ഉപരിതലത്തിലൂടെയാണ് റെയില്‍പാത കടന്നുപോകുന്നത്. തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള, പോര്‍ച്ചുഗീസ് കാലഘട്ടത്തോളം പഴക്കവും ചരിത്രപാരമ്പര്യവുമുള്ള വിഴിഞ്ഞത്തെ പരിശുദ്ധ സിന്ധുയാത്ര മാതാ (ഔവര്‍ ലേഡി ഓഫ് ഗുഡ് വോയേജ്) ഇടവക ദേവാലയ സമൂഹത്തെയും സെന്റ് മേരീസ് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സമുച്ചയത്തെയും നെയ്യാറ്റിന്‍കര രൂപതയുടെ ഭാഗമായ തെന്നൂര്‍കോണം ക്രിസ്തുരാജ പള്ളിയെയും രണ്ടു കപ്പേളകളെയും ഈ ടണല്‍ അലൈന്മെന്റ് ബാധിക്കുന്നുണ്ട്. സാധാരണഗതിയില്‍ റെയില്‍പാതയ്ക്ക് ഇരുവശത്തുമായി 30 മീറ്റര്‍ ബഫര്‍ സോണില്‍ നിര്‍മിതികളൊന്നും അനുവദിക്കുകയില്ല. മുല്ലൂര്‍-വയലുങ്കര ഭാഗത്തേക്ക് അലൈന്മെന്റ് മാറ്റിയാല്‍ പ്രതിസന്ധി കുറെയൊക്കെ പരിഹരിക്കാനാകുമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുരങ്ക പദ്ധതി 36 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാവില്ലെന്ന് കൊങ്കണ്‍ റെയില്‍ കോര്പറേഷന് വിളിച്ചുകൂട്ടിയ പ്രീബിഡ് യോഗത്തില്‍ നിര്‍മാണം ഏറ്റെടുക്കാന്‍ സാധ്യതയുള്ള കരാറുകാര്‍ വ്യക്തമാക്കിയതാണ്. വിഴിഞ്ഞത്തും ബാലരാമപുരത്തുമായി രണ്ടറ്റത്തു നിന്ന് തുരങ്കനിര്‍മാണം ആരംഭിച്ചാല്‍ അതു പൂര്‍ത്തിയാകാന്‍ എട്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നായിരുന്നു വിലയിരുത്തല്‍. അലൈന്‍മെന്റിലെ മറ്റു ചിലയിടങ്ങളില്‍ കൂടി തുരങ്കനിര്‍മാണത്തിന് വഴി തുറന്നാല്‍ മൂന്നു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ചില വിദഗ്ധര്‍ പറഞ്ഞിരുന്നു. ബാലരാമപുരത്തിനടുത്ത് കട്ടച്ചല്‍കുഴിയില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ നാളികേര ഗവേഷണ സ്റ്റേഷന് വക ഭൂമിയില്‍ നിന്ന് തുരങ്കനിര്‍മാണത്തിന് മറ്റൊരു മാര്‍ഗം കൂടി തുറന്നുകിട്ടിയാല്‍ പദ്ധതിയുടെ ഗതിവേഗം വര്‍ധിക്കുമെന്നായിരുന്നു സൂചന.അദാനി വിഴിഞ്ഞം പോര്‍ട്ട് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 2024 ഡിസംബറില്‍ ആരംഭിച്ചതാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകള്‍ അടക്കം 1,108 ചരക്കുകപ്പലുകളില്‍ നിന്നായി 23.4 ലക്ഷം ടിഇയു കണ്ടെയ്നര്‍ ചരക്ക് കൈകാര്യം ചെയ്ത് രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ഓപ്പറേഷനില്‍ ഇതിനകം ചരിത്രം സൃഷ്ടിക്കുകയും ആറു ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ 110 പ്രധാന തുറമുഖങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുകയും ചെയ്ത വിഴിഞ്ഞം തുറമുഖത്തു നിന്ന് കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും നിന്നുള്ള ചരക്കുകള്‍ നേരിട്ട് കയറ്റുമതി ചെയ്യാനും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ആഭ്യന്തര വിപണിയിലേക്ക് ഇറക്കുമതി ചെയ്യാനുമുള്ള എക്സിം ഗേറ്റ് വേ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മുഖ്യമന്ത്രി വി.ഡി സതീശന് ഉദ്ഘാടനം ചെയ്തത്. ചൈനയില്‍ നിന്നുള്ള എന്‍ജിനിയേര്‍ഡ് ബില്‍ഡിങ് ബോര്‍ഡുകള്‍ 40 അടി കണ്ടെയ്നറുകളില്‍ തിരുവനന്തപുരത്തെ ഒരു സ്റ്റാര്‍ട്ടപ് കമ്പനിക്കു വേണ്ടി ഇക്കഴിഞ്ഞ ഒക് ടോബര്‍ 31ന് ഇറക്കുമതി ചെയ്തതാണ് വിഴിഞ്ഞം ഗേറ്റ് വേയില്‍ ക്ലിയര്‍ ചെയ്ത് കണ്ടെയ്നര്‍ ട്രക്കിലൂടെ റോഡിലിറങ്ങിയ ആദ്യത്തെ ആഭ്യന്തര ഇറക്കുമതി.
വലിയ കണ്ടെയ്നര്‍ ട്രെയ്ലറുകള്‍ക്ക് ഹൈവേയിലേക്ക് സുരക്ഷിതമായി കടക്കാനുള്ള ഇന്റര്‍ചേഞ്ച്, തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, കസ്റ്റംസ് ക്ലിയറന്‍സിനും ഡിസ്റ്റഫിങ്ങിനും ബോണ്ടഡ് കാര്‍ഗോയ്ക്കും ആവശ്യമായ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകള്‍, അതിവേഗം നീക്കേണ്ട സമുദ്രവിഭവ, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിക്ക് ആവശ്യമായ റീഫര്‍ കണ്ടെയ്നര്‍ സ്റ്റോറേജ് സംവിധാനം, കണ്ടെയ്നര്‍ ട്രക്കുകള്‍ക്ക് ഇന്ധനം ലഭിക്കാനുള്ള ഫ്യൂവല്‍ സ്റ്റേഷന്, നാഷണല്‍ വാട്ടര്‍വേ-3, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയെയും സംസ്ഥാനത്തെ 17 ചെറുകിട തുറമുഖങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സംയോജിത ഗതാഗത ശൃംഖല, എയര്‍ കാര്‍ഗോ ടെര്‍മിനല്‍ എന്നിവയ്ക്കൊപ്പം മിഷന് സമുദ്ര ലേബലില്ലാതെ തന്നെ വിഴിഞ്ഞം റെയില്‍ കണക്റ്റിവിറ്റിയും അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.സംസ്ഥാനത്തെ രണ്ടാമത്തെ വലിയ തുരങ്ക പദ്ധതി, രാജ്യത്തെ മൂന്നാമത്തെ വലിയ റെയില്‍ തുരങ്കപാത, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡെഡിക്കേറ്റഡ് ഡബിള്‍ സ്റ്റാക്ക് കണ്ടെയ്നര്‍ ഫ്രെയ്റ്റ് കോറിഡോര്‍ എന്നും മറ്റുമുള്ള വിശേഷണങ്ങളെക്കാള്‍ പ്രധാനം പ്രകൃതിക്കും മനുഷ്യര്‍ക്കും ദോഷകരമല്ലാത്ത, നാടിന്റെ വികസനത്തിനും ജനനന്മയ്ക്കും അത്യന്താപേക്ഷിതമായ പദ്ധതി എന്ന ശീര്‍ഷകം തന്നെയാണ്. വിഴിഞ്ഞത്ത് ആവശ്യം തുരങ്കപാതയല്ല, കണ്ടെയ്നര്‍ ചരക്കുനീക്കത്തിനും ജനങ്ങളുടെ യാത്രാസൗകര്യത്തിനും പാകത്തിലുള്ള ഉപരിതല റെയില്‍പാതയും ഒരു റെയില്‍വേ സ്റ്റേഷനുമാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ, കോവളത്തിന് നാലു കിലോമീറ്റര്‍ അടുത്തായി തിരുവനന്തപുരം വെസ്റ്റ് റെയില്‍വേ സ്റ്റേഷന്. ദിവസത്തില്‍ ഒമ്പതോ പത്തോ കണ്ടെയ്നര്‍ റെയ്ക്കുകള്ക്കായി പ്രത്യേക ബ്രോഡ്ഗേജ് സൈഡിങ് വികസിപ്പിക്കുന്നതോടൊപ്പം ടൂറിസ്റ്റുകള്‍ക്കും തുറമുഖ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും യാത്ര ചെയ്യുന്നതിന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും വിഴിഞ്ഞത്തേക്ക് നീട്ടണം. ഇതിന് പാത ഇരട്ടിപ്പിക്കേണ്ടിവരും. ടൂറിസം, ഹോസ്പിറ്റാലിറ്റി, തിരുവനന്തപുരം വെസ്റ്റില്‍ വിഴിഞ്ഞം-കോവളം ഇടനാഴിയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന റെസിഡന്‍ഷ്യല്‍, വാണിജ്യ മേഖലകളിലെ തൊഴിലവസരങ്ങളും സേവനങ്ങളും, സമുദ്രോത്പന്ന മേഖല, കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്സ് തുടങ്ങി വ്യത്യസ്ത തലങ്ങള്‍ ഇതിനായി പരിഗണിക്കേണ്ടതുണ്ട്.
പിണറായി സര്‍ക്കാര്‍ തുടങ്ങിവച്ച സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാത – പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയില്‍ വയനാടിനെയും കോഴിക്കോടിനെയും തമ്മില്‍ ചുരം വഴിയല്ലാതെ ബന്ധിപ്പിക്കാനുള്ള ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി 7.826 കിലോമീറ്റര്‍ തുരങ്കപാത – നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏതാനും ജീവന് പൊലിഞ്ഞ സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരിക്കയാണ്. സുരക്ഷാവിലയിരുത്തലിന് നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ ഏല്‍പ്പിച്ചിട്ടുള്ള ഈ റോഡ് ടണല്‍ പദ്ധതിയുടെ ഭാവി നിര്‍ണയിക്കുക. പശ്ചിമഘട്ടത്തില്‍ നിന്ന് വിഴിഞ്ഞം തീരത്ത് എത്തുമ്പോള്‍, ‘വെള്ളക്കെട്ടുനിറഞ്ഞ പ്രദേശത്തുകൂടെ’ റെയില്‍വേയ്ക്കു വേണ്ടി തുരങ്കപാത ഒരുക്കുന്നതിന് അവര്‍ നെതര്‍ലന്‍ഡ്സിലെ ഒരു കമ്പനിയുടെ സാങ്കേതിക സഹായത്തോടെ ഡ്രില്ലിങ് ബ്ലാസ്റ്റിങ് ടെക്നോളജി ഉപയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഡബിള്‍ സ്റ്റാക്ക് തുരങ്ക ദുരന്തത്തിന് ഒരു സാധ്യതയുമില്ലെങ്കില്തന്നെയും വിഴിഞ്ഞം റെയില്‍ കണക്റ്റിവിറ്റിക്ക് ഉപരിതല ബദല്‍ ട്രാക്ക് നിര്‍ണയിക്കാന്‍ മറ്റൊരു വിദഗ്ധ സമിതി കൂടിയേ തീരൂ.

