ബിഎസ്
ചരിത്രംവിശുദ്ധ പത്രോസിന്റെ ബസിലിക്ക ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ പ്രധാന തീര്‍ഥാടനകേന്ദ്രമാണ്. പാപ്പയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നിരവധി പ്രധാന തിരുക്കര്‍മങ്ങളും ആഘോഷങ്ങളും ഇവിടെ നടക്കുന്നു. ക്രിസ്മസ്, ഈസ്റ്റര്‍, പെന്തക്കുസ്താ തുടങ്ങിയ തിരുനാളുകളിലും വിശേഷദിനങ്ങളിലും വിശ്വാസികളുടെ വലിയ സമൂഹം ഇവിടെ ഒത്തുചേരുന്നു. പാപ്പയുടെ പൊതുസന്ദേശങ്ങളും ആശീര്‍വാദങ്ങളും സ്വീകരിക്കാന്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ പതിനായിരങ്ങള്‍ എത്താറുണ്ട്.റോമിലെ നാല് പ്രധാന ബസിലിക്കകളില്‍ ഒന്നാണ് വിശുദ്ധ പത്രോസിന്റെ ബസിലിക്ക. വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക, മേരി മേജര്‍ ബസിലിക്ക, മതിലുകള്‍ക്കു പുറത്തുള്ള വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നിവയാണ് മറ്റു മൂന്നെണ്ണം. എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: വിശുദ്ധ പത്രോസിന്റെ ബസിലിക്ക പാപ്പയുടെ ഔദ്യോഗിക കത്തീഡ്രല്‍ ദേവാലയമല്ല. റോമിന്റെ മെത്രാനായ പാപ്പയുടെ കത്തീഡ്രല്‍ ദേവാലയം വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയാണെന്ന് കഴിഞ്ഞ ലക്കത്തില്‍ വ്യക്തമാക്കിയിരുന്നല്ലോ. അതേസമയം, പാപ്പയുടെ പ്രധാന ആരാധനാകര്‍മങ്ങളും സഭയുടെ സുപ്രധാന ചടങ്ങുകളും നടക്കുന്നതിനാല്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ക്കിടയില്‍ സവിശേഷമായ സ്ഥാനമുണ്ട്.ബസിലിക്കയുടെ ചരിത്രം ആരംഭിക്കുന്നത് ഇന്നത്തെ മനോഹരമായ ദേവാലയം ഉയര്ന്നുനില്ക്കുന്ന സ്ഥലത്തുനിന്നുതന്നെയാണ്. റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ ഭരണകാലത്ത് ക്രൈസ്തവര്‍ കടുത്ത പീഡനങ്ങള്ക്കിരയായിരുന്നുവെന്നാണ് ചരിത്രരേഖകളും സഭാപാരമ്പര്യവും വ്യക്തമാക്കുന്നത്. സി.ഇ 64-ല്‍ റോമിലുണ്ടായ അഗ്നിബാധയ്ക്കുശേഷം ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ശക്തമായി. ഈ കാലഘട്ടത്തിലാണ് വിശുദ്ധ പത്രോസ് റോമില്‍വച്ച് രക്തസാക്ഷിത്വം വരിച്ചതെന്ന് സഭാപാരമ്പര്യം വിശ്വസിക്കുന്നു.പാരമ്പര്യമനുസരിച്ച്, ‘നീറോയുടെ സര്‍ക്കസ്’ എന്നറിയപ്പെട്ടിരുന്ന പുരാതന റോമന്‍ വിനോദവേദിക്കു സമീപമാണ് വിശുദ്ധ പത്രോസ് രക്തസാക്ഷിത്വം വരിച്ചതെന്നാണ് വിശ്വാസം. യേശുവിനെപ്പോലെ നേരിട്ട് കുരിശിലേറാന്‍ താന്‍ യോഗ്യനല്ലെന്നു കരുതി തലകീഴായി കുരിശില്‍ തറയ്ക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വത്തിക്കാന്‍ കുന്നിന്‍പ്രദേശത്തെ ശ്മശാനത്തില്‍ സംസ്കരിച്ചു.പിന്നീട് വിശ്വാസികള്‍ ആ ശവകുടീരത്തിനു സമീപം പ്രാര്‍ഥിക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിത്തുടങ്ങി. വിശുദ്ധ പത്രോസിന്റെ കബറിടം ക്രൈസ്തവരുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായി മാറി. സി.ഇ. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്സ്റ്റന്റൈന് ഒന്നാമന് ഈ സ്ഥലത്ത് ഒരു വലിയ ബസിലിക്ക നിര്‍മിക്കാന്‍ തീരുമാനിച്ചു. പഴയ വിശുദ്ധ പത്രോസിന്റെ ബസിലിക്ക എന്നറിയപ്പെട്ടിരുന്ന ഈ ദേവാലയം പത്രോസിന്റെ ശവകുടീരത്തിനു മുകളിലാണ് പണികഴിപ്പിച്ചത്. അത്തരത്തില്‍ കണക്കാക്കുമ്പോള്‍ ദേവാലയത്തിന്റെ പഴക്കം 1,700 വര്‍ഷങ്ങളാകും.നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ പഴയ ദേവാലയം ജീര്‍ണാവസ്ഥയിലായി. ചുവരുകള്‍ക്കും മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. ദേവാലയത്തിന്റെ പുനര്‍നിര്‍മാണത്തെക്കുറിച്ച് പതിനഞ്ചാം നൂറ്റാണ്ടില്‍ത്തന്നെ ചിന്തകള്‍ ഉയര്‍ന്നിരുന്നു. നിക്കോളാസ് അഞ്ചാമന് പാപ്പയാണ് പുതിയ ദേവാലയം നിര്‍മിക്കാനുള്ള ആശയത്തിന് തുടക്കമിട്ടത്. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമായത് ജൂലിയസ് രണ്ടാമന് പാപ്പയുടെ കാലത്താണ്.
നൂറ്റാണ്ടുകള്‍ നീണ്ട നിര്‍മാണചരിത്രം
1506 ഏപ്രില്‍ 18-ന് ജൂലിയസ് രണ്ടാമന് പാപ്പ പുതിയ ബസിലിക്കയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. നിര്‍മാണം ആരംഭിച്ചിട്ട് 520 വര്‍ഷം എന്നു പറയാം. ലോകം കണ്ട ഏറ്റവും വിസ്മയകരമായ വാസ്തുശില്പ പദ്ധതികളിലൊന്നിന്റെ തുടക്കമായിരുന്നു അത്. ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിരവധി പാപ്പമാരും പ്രഗത്ഭരായ വാസ്തുശില്പികളും ശില്പികളും ചിത്രകാരന്മാരും പങ്കാളികളായി. ഇറ്റാലിയന്‍ നവോത്ഥാന വാസ്തുശില്പിയായ പ്രഗത്ഭനായ ദൊനാറ്റോ ബ്രമാന്തെയായിരുന്നു ആദ്യത്തെ പ്രധാന രൂപകല്പന നിര്‍വഹിച്ചത്. ഗ്രീക്ക് കുരിശിന്റെ മാതൃകയിലുള്ള രൂപകല്പനയില് മധ്യഭാഗത്ത് ഭീമാകാരമായ താഴികക്കുടവും അതിനു ചുറ്റും നാലു ചെറിയ താഴികക്കുടങ്ങളുമായിരുന്നു വിഭാവനം ചെയ്തിരുന്നത്. ബ്രമാന്തെയുടെ മരണശേഷം റാഫേല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നിര്‍മാണത്തിന്റെ ചുമതലയേറ്റെടുത്തു. കാലഘട്ടത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റങ്ങള്‍ക്കനുസരിച്ച് രൂപകല്പനയിലും പല പരിഷ്കാരങ്ങളുണ്ടായി.1547-ല്‍ പോള്‍ മൂന്നാമന് പാപ്പ നിര്‍മാണത്തിന്റെ മുഖ്യചുമതല മൈക്കലാഞ്ചലോയെ ഏല്‍പ്പിച്ചു. അന്ന് എഴുപതുകളില്‍ എത്തിയിരുന്ന അദ്ദേഹം ആദ്യം ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിമുഖത കാട്ടിയെങ്കിലും പിന്നീട് അതില്‍ പൂര്‍ണമായും മുഴുകി. ബസിലിക്കയുടെ ഇന്നത്തെ രൂപത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ വാസ്തുശില്പികളിലൊരാളാണ് മൈക്കലാഞ്ചലോ. വിശാലമായ താഴികക്കുടത്തിന്റെ രൂപകല്പനയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ അമൂല്യമാണ്. അദ്ദേഹത്തിന്റെ മരണശേഷം ജിയാക്കോമോ ഡെല്ല പോര്‍ട്ട താഴികക്കുടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.പിന്നീട് കാര്‍ലോ മഡേര്ണോ ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങള്‍ വികസിപ്പിക്കുകയും മുന്‍ഭാഗത്തെ മനോഹരമായ മുഖപ്പു നിര്‍മിക്കുകയും ചെയ്തു. 1626 നവംബര്‍ 18-ന് ഉര്‍ബന്‍ എട്ടാമന് പാപ്പ ബസിലിക്ക ഔദ്യോഗികമായി കൂദാശ ചെയ്തു. ശിലാസ്ഥാപനം മുതല്‍ കൂദാശവരെയുള്ള യാത്രയില്‍ ഇരുപതോളം പാപ്പമാരുടെ കാലഘട്ടങ്ങള്‍ കടന്നുപോയിരുന്നു. അങ്ങനെ ഒരു തലമുറയുടെ സ്വപ്നം പല തലമുറകളുടെ അധ്വാനത്തിലൂടെ യാഥാര്‍ഥ്യമായി.
വിശ്വാസികളെ ആശ്ലേഷിക്കുന്നവിശാലമായ ചത്വരം
ബസിലിക്കയുടെ സൗന്ദര്യം അതിന്റെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ദേവാലയത്തിനു മുന്നിലുള്ള വിശാലമായ വിശുദ്ധ പത്രോസിന്റെ ചത്വരവും ലോകപ്രശസ്തമായ വാസ്തുശില്പ വിസ്മയമാണ്. ജിയാന്‍ ലോറെന്‍സോ ബെര്ണിനിയാണ് പതിനേഴാം നൂറ്റാണ്ടില്‍ ഈ ചത്വരത്തിന് ഇന്നത്തെ രൂപം നല്‍കിയത്.ദീര്‍ഘവൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ചത്വരത്തിന്റെ ഇരുവശങ്ങളിലും നിരനിരയായി ഉയര്ന്നുനില്ക്കുന്ന തൂണുകള്‍ അതിനെ ഒരു വലിയ ആലിംഗനത്തിന്റെ പ്രതീതിയിലേക്കു നയിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വിശ്വാസികളെ സഭ മാതൃസ്നേഹത്തോടെ സ്വീകരിക്കുന്നതിന്റെ പ്രതീകമായാണ് ഈ തൂണ്നിരകളെ വിശേഷിപ്പിക്കാറുള്ളത്. ചത്വരത്തിന്റെ മധ്യഭാഗത്ത് പുരാതന ഈജിപ്ഷ്യന്‍ സ്തൂപം തലയുയര്ത്തിനില്ക്കുന്നു. റോമന്‍ കാലഘട്ടത്തിന്റെ ചരിത്രസ്മരണകള്‍ പേറുന്ന ഈ സ്തൂപം പത്രോസ് അപ്പസ്തോലന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പാരമ്പര്യത്തിന്റെയും സാക്ഷിയാണ്.ചത്വരത്തിന്റെ ഇരുവശങ്ങളിലുമായി വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേവാലയത്തിന്റെ മുഖപ്പും അതിനു മുകളിലുള്ള അപ്പസ്തോലന്മാരുടെയും വിശുദ്ധരുടെയും പ്രതിമകളും ചത്വരത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. പാപ്പമാര്‍ വിശേഷാവസരങ്ങളില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതും പ്രധാന തിരുക്കര്‍മങ്ങള്‍ക്കായി പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുചേരുന്നതും ഈ ചത്വരത്തിലാണ്.
വാസ്തുശില്പത്തിന്റെ വിസ്മയലോകം
ബസിലിക്കയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ മനുഷ്യന്റെ സങ്കല്പങ്ങള്ക്കുപോലും അതീതമായ ഒരു ലോകമാണ് മുന്നില്‍ തുറക്കുന്നത്. വിശാലമായ അകത്തളം, ഉയര്‍ന്ന കമാനങ്ങള്‍, മാര്‍ബിളില്‍ തീര്‍ത്ത തൂണുകള്‍, സ്വര്‍ണനിറത്തിലുള്ള അലങ്കാരങ്ങള്‍, ചുമര്‍ചിത്രങ്ങള്‍, മൊസൈക്കുകള്‍, ശില്പങ്ങള് എന്നിവയെല്ലാം ചേര്‍ന്ന് അതുല്യമായൊരു കലാലോകം സൃഷ്ടിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ ഇതിന്റെ അകത്തളത്തിന്റെ വിസ്തൃതി ഏകദേശം 15,160 ചതുരശ്ര മീറ്ററാണ്. മധ്യഭാഗത്തുള്ള ഉയര്‍ന്ന താഴികക്കുടം ദേവാലയത്തിന്റെ വാസ്തുശില്പസൗന്ദര്യത്തിന്റെ കേന്ദ്രബിന്ദുവാണ്. മൈക്കലാഞ്ചലോയുടെ രൂപകല്പനയില് പിറവിയെടുത്ത ഈ താഴികക്കുടം റോമിന്റെ ആകാശസീമയിലെ സുപ്രധാന അടയാളമാണ്. അതിന്റെ അകത്തളത്തില്‍ വിശുദ്ധ ലിഖിതങ്ങളും അലങ്കാര മൊസൈക്കുകളും കാണാം.ബസിലിക്കയുടെ പ്രധാന അള്‍ത്താരയ്ക്കു മുകളിലുള്ള കൂറ്റന്‍ വെങ്കല വിതാനമാണ് മറ്റൊരു വിസ്മയം. ബെര്‍ണിനി രൂപകല്പന ചെയ്ത ഈ ശില്പസൃഷ്ടി ബാല്ദാക്കിനോ എന്നറിയപ്പെടുന്നു. ഏകദേശം 29 മീറ്റര്‍ ഉയരമുള്ള ഇതിന്റെ വളഞ്ഞുപുളഞ്ഞുനില്‍ക്കുന്ന നാലു വെങ്കലത്തൂണുകള് ബറോക്ക് കലയുടെ മികവിന്റെ ഉദാഹരണമാണ്. പത്രോസ് അപ്പസ്തോലന്റെ കബറിടത്തിനു മുകളിലായാണ് ഈ വിതാനം സ്ഥിതിചെയ്യുന്നത്. അതിനാല്‍തന്നെ ദേവാലയത്തിന്റെ ആത്മീയകേന്ദ്രമായ പ്രധാന അള്‍ത്താരയ്ക്ക് അതീവ പ്രാധാന്യമുണ്ട്. പാപ്പമാര്ക്കു മാത്രമാണ് ഈ അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള പ്രത്യേക അവകാശമുള്ളത്.അള്‍ത്താരയ്ക്കു പിന്നിലുള്ള ഭാഗത്ത് ബെര്‍ണിനിയുടെ മറ്റൊരു ശ്രദ്ധേയമായ സൃഷ്ടിയുണ്ട്. വിശുദ്ധ പത്രോസിന്റെ പീഠം എന്നറിയപ്പെടുന്ന ‘കത്തീദ്ര പെട്രി’. അപ്പസ്തോലിക പിന്തുടര്ച്ചയുടെ പ്രതീകമായ ഈ പീഠം പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന കലാസംവിധാനത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. വിശുദ്ധ പത്രോസില്‍നിന്ന് ആരംഭിച്ച് ലെയോ പതിനാലാമന്‍ പാപ്പയില്‍ എത്തിനില്‍ക്കുന്ന സഭയുടെ അപ്പസ്തോലിക പാരമ്പര്യത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്.
മൈക്കലാഞ്ചലോയുടെ അനശ്വരമായ പിയത്താ
ബസിലിക്ക സന്ദര്‍ശിക്കുന്നവരുടെ ഹൃദയത്തെ ഏറ്റവും ആഴത്തില്‍ സ്പര്‍ശിക്കുന്ന കലാസൃഷ്ടികളിലൊന്നാണ് മൈക്കലാഞ്ചലോയുടെ പിയത്താ. കുരിശുമരണത്തിനുശേഷം യേശുവിന്റെ ശരീരം മടിയില്‍ കിടത്തിയിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ശില്പമാണിത്. മാതൃവേദനയുടെയും ദൈവിക സ്നേഹത്തിന്റെയും അപൂര്‍വമായ ആവിഷ്കാരമാണീ കലാസൃഷ്ടി.1498-ല്‍ ഫ്രഞ്ച് കര്‍ദിനാളായ ജീന്‍ ദെ ബിലേര്സിന്റെ ആവശ്യപ്രകാരം മൈക്കലാഞ്ചലോ ഈ ശില്പത്തിന്റെ നിര്‍മാണം ആരംഭിച്ചു. അന്ന് അദ്ദേഹത്തിന് വെറും 23 വയസ്സായിരുന്നു പ്രായം. ഒറ്റക്കല്ലില്‍നിന്ന് ഒമ്പതു മാസത്തോളം നീണ്ട അധ്വാനത്തിലൂടെ രൂപപ്പെടുത്തിയ ഈ ശില്പം മാര്‍ബിളില്‍ തീര്‍ത്ത വിസ്മയമാണ്. മൃതശരീരത്തിന്റെ സ്വാഭാവികതയും മാതാവിന്റെ മുഖത്തെ ശാന്തമായ ദുഃഖവും വസ്ത്രങ്ങളുടെ മടക്കുകളിലെ സൂക്ഷ്മതയും അതിന്റെ കലാപരമായ മികവിനെ വെളിപ്പെടുത്തുന്നു. യേശുവിന്റെ ശരീരത്തെ മടിയില്‍ താങ്ങിയിരിക്കുന്ന മറിയത്തിന്റെ മുഖത്ത് ഒരു അമ്മയുടെ വിലാപം മാത്രമല്ല, ദൈവികമായ സമര്‍പ്പണത്തിന്റെ ശാന്തതയും നിറഞ്ഞുനില്ക്കുന്നു. മകന്റെ മരണത്തില്‍ തകര്‍ന്നുപോകുന്ന അമ്മയേയും മനുഷ്യരാശിയുടെ രക്ഷയ്ക്കായി പുത്രനെ സമര്‍പ്പിക്കുന്ന മാതാവിനേയും ഒരേസമയം ഈ ശില്പത്തില് കാണാം. മരണത്തിന്റെ നിശ്ചലതയ്ക്കുള്ളില്‍ ഉയിര്‍പ്പിന്റെ പ്രത്യാശ ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ തോന്നിപ്പിക്കുന്ന അസാധാരണ ശില്പം.മൈക്കലാഞ്ചലോ തന്റെ പേര് ആലേഖനം ചെയ്ത ഒരേയൊരു കലാസൃഷ്ടിയാണിത്. മറിയത്തിന്റെ മാറിലൂടെ കടന്നുപോകുന്ന വസ്ത്രപ്പട്ടയില് ‘മൈക്കലാഞ്ചലോ ബൊണറോട്ടി, ഫ്ളോറന്‍സുകാരന്‍ നിര്‍മിച്ചത്’ എന്ന അര്‍ത്ഥമുള്ള ലത്തീന്‍ വാചകം കൊത്തിവച്ചിരിക്കുന്നു. ഒരു കലാകാരന്റെ ആത്മവിശ്വാസത്തിന്റെയും തന്റെ സൃഷ്ടിയോടുള്ള അഭിമാനത്തിന്റെയും അടയാളമായി ആ ലിഖിതം ഇന്നും നിലനില്ക്കുന്നു.
ചരിത്രമുറങ്ങുന്ന ശവകുടീരങ്ങള്‍
ബസിലിക്കയുടെ അകത്തളങ്ങളില്‍ നിരവധി പാപ്പമാരുടെയും വിശുദ്ധരുടെയും സ്മാരകങ്ങളും ശവകുടീരങ്ങളുമുണ്ട്. വിവിധ കാലഘട്ടങ്ങളിലെ സഭാചരിത്രം മാര്‍ബിളിലും വെങ്കലത്തിലും കൊത്തിവച്ചിരിക്കുന്നതുപോലെയാണ് അവ ഓരോന്നും അനുഭവപ്പെടുന്നത്. ലെയോ ഒന്നാമന്, ഗ്രിഗറി ഒന്നാമന്, പയസ് പത്താമന്‍, ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന് തുടങ്ങിയ പാപ്പമാരുടെ ശവകുടീരങ്ങള്‍ ഇവിടെയുണ്ട്.ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയ്ക്കു താഴെ സ്ഥിതിചെയ്യുന്ന പത്രോസ് അപ്പസ്തോലന്റെ കബറിടം ഈ ശവകുടീരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിനു താഴെയുള്ള ഭൂഗര്‍ഭ ഭാഗം വത്തിക്കാന്‍ ഗ്രോട്ടോസ് എന്നറിയപ്പെടുന്നു. നിരവധി പാപ്പമാരുടെ കബറിടങ്ങള്‍ ഇവിടെയുണ്ട്. അതിനും താഴെയായി പുരാതന റോമന്‍ ശ്മശാനത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെക്രോപൊളിസ് സ്ഥിതിചെയ്യുന്നു.1939-ല്‍ പന്ത്രണ്ടാം പീയൂസ് പാപ്പയുടെ കാലത്ത് ബസിലിക്കയ്ക്കു താഴെയുള്ള പ്രദേശങ്ങളില്‍ പുരാവസ്തു ഗവേഷണം ആരംഭിച്ചു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ പുരാതന ശവകുടീരങ്ങളും ആരാധനാസ്ഥലങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. സ്വര്‍ണനിറത്തിലുള്ള അലങ്കാരങ്ങളോടുകൂടിയ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചില അസ്ഥിഭാഗങ്ങളും കണ്ടെത്തിയിരുന്നു. 1950 ഡിസംബര്‍ 23-ന് ക്രിസ്മസ് സന്ദേശത്തിലൂടെ പന്ത്രണ്ടാം പീയൂസ് പാപ്പ വിശുദ്ധ പത്രോസിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ലോകത്തെ അറിയിച്ചു.
മൊസൈക്കുകളില്‍ വിരിയുന്ന വിശ്വാസചിത്രങ്ങള്
ബസിലിക്കയുടെ മറ്റൊരു പ്രത്യേകത അതിലെ മൊസൈക് കലാസൃഷ്ടികളാണ്. ആയിരക്കണക്കിന് ചെറിയ വര്ണശകലങ്ങള് ചേര്‍ത്തൊരുക്കുന്ന ഈ ചിത്രങ്ങള്‍ ദേവാലയത്തിന്റെ അകത്തളങ്ങള്‍ക്ക് സവിശേഷമായ ഭംഗി നല്കുന്നു. പല ദേവാലയങ്ങളിലും കാണുന്ന ചുമര്‍ചിത്രങ്ങള്‍ക്കു പകരം വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നിരവധി ചിത്രങ്ങള്‍ മൊസൈക്കുകളായാണ് ഒരുക്കിയിരിക്കുന്നത്.പതിനാറാം നൂറ്റാണ്ടില്‍ ഗ്രിഗറി പതിമൂന്നാമന്‍ പാപ്പയുടെ കാലത്താണ് മൊസൈക് അലങ്കാരങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം ലഭിച്ചത്. പിന്നീട് മൈക്കലാഞ്ചലോയുടെ താഴികക്കുടം ഉള്‍പ്പെടെ ദേവാലയത്തിലെ വിവിധ ഭാഗങ്ങള്‍ മൊസൈക്കുകള്കൊണ്ട് അലങ്കരിച്ചു. ഈ കലാരൂപത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി വത്തിക്കാന്‍ മൊസൈക് സ്റ്റുഡിയോ സ്ഥാപിക്കപ്പെട്ടു. 1727-ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ പാപ്പയുടെ കാലത്ത് അത് സ്ഥിരം സ്ഥാപനമായി ക്രമീകരിക്കപ്പെട്ടു.കാലപ്പഴക്കത്താല്‍ നശിച്ചുപോകാന്‍ സാധ്യതയുള്ള ചിത്രങ്ങള്‍ക്കു പകരം മൊസൈക് ചിത്രങ്ങള്‍ ഉപയോഗിക്കുന്ന രീതിയും ഇവിടെ വളര്‍ന്നു. ആയിരക്കണക്കിന് വര്ണഭേദങ്ങളിലുള്ള ഗ്ലാസ്, ഇനാമല്‍ ശകലങ്ങള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാങ്കേതികവിദ്യകളും പാരമ്പര്യങ്ങളും ഇന്നും ഈ കലാകാരന്മാര് പിന്തുടരുന്നു. പൈതൃകസംരക്ഷണത്തിനൊപ്പം പുതിയ കലാസൃഷ്ടികളുടെ നിര്‍മാണവും ഈ സ്റ്റുഡിയോയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
പ്രാര്‍ഥനയുടെയും സംഗീതത്തിന്റെയും സങ്കേതം
വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആത്മീയജീവിതത്തില്‍ സംഗീതത്തിനും സവിശേഷമായ സ്ഥാനമുണ്ട്. 1513-ല്‍ ജൂലിയസ് രണ്ടാമന് പാപ്പ സ്ഥാപിച്ച കപ്പെല്ല ജൂലിയ എന്ന സംഗീതസംഘം കത്തോലിക്കാസഭയിലെ ഏറ്റവും പഴക്കമേറിയ ഗായകസംഘങ്ങളിലൊന്നാണ്. ദേവാലയത്തിലെ സാധാരണവും ആഘോഷപൂര്‍വവുമായ ആരാധനാകര്‍മങ്ങള്‍ക്ക് സംഗീതസാന്നിധ്യം ഒരുക്കുകയാണ് ഇതിന്റെ പ്രധാന ചുമതല.പ്രശസ്ത സംഗീതജ്ഞനായ ജിയോവാനി പിയര്‍ലൂയിജി ദ പലെസ്ത്രീന ഈ സംഗീതസംഘത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നവോത്ഥാനകാലത്തെ ബഹുസ്വര വിശുദ്ധസംഗീതത്തിന്റെ പ്രമുഖ കേന്ദ്രമായി കപ്പെല്ല ജൂലിയ വളര്‍ന്നു. ഗ്രിഗോറിയന്‍ സംഗീതത്തിന്റെയും പരമ്പരാഗത റോമന്‍ ബഹുസ്വര സംഗീതത്തിന്റെയും പൈതൃകം ഈ സംഘം ഇന്നും കാത്തുസൂക്ഷിക്കുന്നു.ദേവാലയത്തിലെ ആരാധനാകര്‍മങ്ങള്‍ സംഗീതത്താല്‍ സമ്പന്നമാക്കപ്പെടുമ്പോള് വിശ്വാസവും കലയും ഒരേ ആത്മീയാനുഭവമായി മാറുന്നു. പ്രാര്‍ഥനയുടെ വാക്കുകള്‍ക്ക് സംഗീതത്തിന്റെ ചിറകുകള് നല്കുന്ന ഈ പാരമ്പര്യം ബസിലിക്കയുടെ സവിശേഷതകളിലൊന്നാണ്.
വിശ്വാസത്തിന്റെ അനശ്വര സാക്ഷ്യം1984-ല്‍ വത്തിക്കാന്‍ നഗരത്തിന്റെ ഭാഗമായി ബസിലിക്ക യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചു. വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും കലാപൈതൃകത്തിന്റെയും അമൂല്യസംഗമമായി ലോകം ഈ മഹാസൗധത്തെ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണിത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചരിത്രം ഒരു കെട്ടിടത്തിന്റെ നിര്‍മാണചരിത്രം മാത്രമല്ല. പീഡനങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും വിശ്വാസസാക്ഷ്യത്തിന്റെയും പ്രത്യാശയുടെയും ചരിത്രമാണത്. ഒരിക്കല്‍ ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ ജീവന് ബലിയര്‍പ്പിച്ച അപ്പസ്തോലന്റെ ശവകുടീരത്തിനു മുകളില്‍ ഉയര്‍ന്ന ഈ ദേവാലയം ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ഥനകള്‍ക്ക് അഭയമാകുന്നു.

