കൊച്ചി: ലത്തീൻ കത്തോലിക്കാ ദിനം 2026 ഡിസംബർ 6 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ രൂപതകളിലും ഇടവകകളിലും സമുചിതമായി ആചരിക്കും. ലത്തീൻ സമുദായാംഗങ്ങൾ അന്തസ്സോടെയും അഭിമാനത്തോടെയും മുന്നേറുന്നതിനും പ്രേഷിത തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതിനും ദിനാചരണം പ്രചോദനമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഈ വർഷം കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) ജൂബിലി വർഷമായതിനാൽ ഡിസംബർ 6ന് എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കെആർഎൽസിസി പതാക ഉയർത്തുകയും സമുദായ ശാക്തീകരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. സമുദായ സാമൂഹിക സംഘടനകളും അൽമായ ശുശ്രൂഷാ സമിതികളും പരിപാടികൾക്ക് നേതൃത്വം നൽകും. കെആർഎൽസിസി പതാക രൂപതാ കേന്ദ്രങ്ങളിൽനിന്ന് ലഭ്യമാക്കും. ലത്തീൻ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 6ന് പള്ളികളിൽ വായിക്കുന്ന സർക്കുലറിൽ കൂടുതൽ നിർദേശങ്ങളും വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നവലോക നിർമിതിയും പുതുയുഗ സ്വപ്നങ്ങളും ലക്ഷ്യമാക്കി ഐക്യത്തോടെയും ധീരമായ പ്രവർത്തനങ്ങളിലൂടെയും മുന്നേറാനുള്ള ആഹ്വാനമായാണ് ഈ വർഷത്തെ ദിനാചരണം.

