വത്തിക്കാൻ: യുവജനങ്ങളുടെ മാനുഷികവും ആത്മീയവുമായ വളർച്ചയ്ക്ക് കായികരംഗം സഹായകമാകണമെന്നും സാഹോദര്യം, പരസ്പരബഹുമാനം തുടങ്ങിയ മൂല്യങ്ങൾ വളർത്താൻ കായികമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ചാപ്ലൈൻമാർ പരിശ്രമിക്കണമെന്നും ലെയോ പതിനാലാമൻ പാപ്പാ.
ഇറ്റലിയിലെ പ്രമുഖ കായികസംഘടനയായ ‘ചെന്ത്രോ സ്പൊർത്തീവോ ഇത്താലിയാനോ’യിൽ ആത്മീയശുശ്രൂഷ ചെയ്യുന്ന ചാപ്ലൈൻമാർക്ക് നവംബർ 27-ന് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.യുവജനങ്ങളുടെ മാനുഷികവും ക്രൈസ്തവവുമായ രൂപീകരണത്തിന് ചാപ്ലൈൻമാർ പ്രത്യേക പ്രാധാന്യം നൽകണം. പക്വമായ സൗഹൃദങ്ങൾ വളർത്തുന്നതിനും തിരുവചനത്തിലൂടെയും കൂദാശകളിലൂടെയും ക്രിസ്തുവിനെ കണ്ടുമുട്ടാൻ യുവജനങ്ങളെ സഹായിക്കുന്നതിനും അവർക്ക് സുപ്രധാന പങ്കുണ്ടെന്നും പാപ്പാ ഓർമിപ്പിച്ചു.
‘കായികമേഖലയും ഇടവകയും: സഭാസേവനത്തിൽ ചെന്ത്രോ സ്പൊർത്തീവോ ഇത്താലിയാനോ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വിചിന്തന-പ്രാർഥനാദിനത്തെ പരാമർശിച്ച പാപ്പാ, മനുഷ്യന്റെ സമഗ്രമായ വളർച്ചയ്ക്കുള്ള ഉപാധിയായി കായികരംഗത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ സംഘടന തുടക്കംമുതൽ ഉറച്ചുനിന്നിട്ടുണ്ടെന്ന് അനുസ്മരിച്ചു.കായികരംഗത്തിന്റെ ആത്മീയവും ധാർമികവുമായ പ്രാധാന്യം മുൻ മാർപാപ്പമാരും എടുത്തുപറഞ്ഞിട്ടുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. 1945 മേയ് 25-ന് കായികതാരങ്ങളെ അഭിസംബോധന ചെയ്ത പന്ത്രണ്ടാം പിയൂസ് പാപ്പാ, സത്യസന്ധത, ധൈര്യം, സഹനശക്തി, നിശ്ചയദാർഢ്യം, സാർവത്രിക സാഹോദര്യം തുടങ്ങിയ കായികമൂല്യങ്ങൾ ആത്മീയജീവിതത്തിന് ശക്തമായ അടിത്തറയാണെന്ന് വ്യക്തമാക്കിയിരുന്നു.1955-ൽ ഇതേ കായികസംഘടനയുടെ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ കായികരംഗം ബൗദ്ധികവും ധാർമികവുമായ വളർച്ചയ്ക്കുള്ള ഉപാധിയാണെന്ന് പന്ത്രണ്ടാം പിയൂസ് പാപ്പാ ഓർമിപ്പിച്ചതും ലെയോ പാപ്പാ പരാമർശിച്ചു. 1965 മാർച്ച് 20-ന് പോൾ ആറാമൻ പാപ്പാ കായികരംഗത്തെ ആത്മീയ ഉന്നമനത്തിനും ക്രമബദ്ധവും സമാധാനപൂർണവും ക്രിയാത്മകവുമായ സമൂഹനിർമിതിക്കും സഹായിക്കുന്ന മാർഗമായി അവതരിപ്പിച്ചതും പാപ്പാ അനുസ്മരിച്ചു.

