വത്തിക്കാൻ: അന്താരാഷ്ട്ര കത്തോലിക്കാ സംഘടനയായ ‘ഹെറാൾഡ്സ് ഓഫ് ദി ഗോസ്പലിന്റെയും’ അതുമായി ബന്ധപ്പെട്ട രണ്ട് അപ്പസ്തോലിക ജീവിത സമൂഹങ്ങളുടെയും മേൽനോട്ടത്തിനായി മൂന്ന് പുതിയ അപ്പസ്തോലിക കമ്മീഷണർമാരെ വത്തിക്കാൻ നിയമിച്ചു. നവംബർ 27-ന് പ്രസിദ്ധീകരിച്ച ഔദ്യോഗിക ഉത്തരവിലാണ് നിയമനങ്ങൾ പ്രഖ്യാപിച്ചത്.
വൈദികരുടെ അപ്പസ്തോലിക ജീവിത സമൂഹമായ ‘വിർഗോ ഫ്ലോസ് കാർമെലി’യുടെ പൊന്തിഫിക്കൽ കമ്മീഷണറായി ബ്രസീലിലെ സാവോ ഫെലിക്സ് പ്രീലാച്ചറിലെ ബിഷപ്പ് ലൂസിയോ നിക്കോളെറ്റോയെ നിയമിച്ചു. സന്ന്യാസിനികളുടെ അപ്പസ്തോലിക ജീവിത സമൂഹമായ ‘റെജീന വെർജിന’ത്തിന്റെ ചുമതല സിസ്റ്റർ അന തെരേസ പിന്റോയ്ക്കാണ്. വിശ്വാസികളുടെ അന്താരാഷ്ട്ര സ്വകാര്യ സംഘടനയായ ‘ഹെറാൾഡ്സ് ഓഫ് ദി ഗോസ്പലി’ന്റെ പൊന്തിഫിക്കൽ കമ്മീഷണറായി ഫാ. സിറോ സ്റ്റോച്ചെത്തിയെയും നിയമിച്ചു.സമർപ്പിത ജീവിത സ്ഥാപനങ്ങൾക്കും അപ്പസ്തോലിക ജീവിത സമൂഹങ്ങൾക്കുമായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് സിസ്റ്റർ സിമോണ ബ്രാംബില്ലയും അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ കെവിൻ ഫാരെലും ഒപ്പുവച്ച നവംബർ ഒൻപതിലെ ഉത്തരവിലാണ് നിയമനങ്ങൾ സംബന്ധിച്ച നിർദേശങ്ങളുള്ളത്.
2019 സെപ്റ്റംബർ 21 മുതൽ ഈ സംഘടനകളുടെ പൊന്തിഫിക്കൽ കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന കർദിനാൾ റെയ്മുണ്ടോ ഡമാസെനോ അസിസിന്റെ പിൻഗാമികളായാണ് പുതിയ നിയമനങ്ങൾ. കമ്മീഷണർ പദവിയിൽനിന്നുള്ള അദ്ദേഹത്തിന്റെ രാജി 2026 നവംബർ ഒൻപതിന് വത്തിക്കാൻ സ്വീകരിച്ചിരുന്നു.

