കടലാമകള്‍ വലയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടുപോകുന്നതിനുള്ള ഉപകരണം (ടര്‍ട്ടില്‍ എക്സ്ക്ലൂഡര്‍ ഡിവൈസ് – ടെഡ്) കേരളത്തിലെ ട്രോളര്ബോട്ടുകളിലെ വലകളില്‍ ഘടിപ്പിക്കണമെന്ന ചട്ടം കര്‍ശനമായി നടപ്പാക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ നീക്കം മത്സ്യബന്ധന മേഖലയില്‍ പിന്നെയും അസ്വസ്ഥതകള്‍ പടര്‍ത്തുകയാണ്. വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കുന്നതിനുള്ള ഉപാധി എന്ന നിലയില്‍ യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (എന്‍ഒഎഎ) കീഴിലുള്ള നാഷണല്‍ മറൈന്‍ ഫിഷറീസ് സര്‍വീസ് നിര്‍ദേശിക്കുന്ന ടെഡ് സംവിധാനമില്ലാതെ പിടിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള കടല്ചെമ്മീന് ഇറക്കുമതി 2019 ഓഗസ്റ്റ് മുതല്‍ അമേരിക്ക നിരോധിച്ചിരിക്കെ, യുഎസ് വിപണി തിരിച്ചുപിടിക്കാനുള്ള ദേശീയ താല്പര്യത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ട്രോളിങ് വലകളില്‍ ടെഡ് നിര്‍ബന്ധമാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.കാര്‍ഷിക ഗവേഷണത്തിനായുള്ള ഇന്ത്യന്‍ കൗണ്‍സിലിന്റെ (ഐസിഎആര്‍) കീഴില്‍ കൊച്ചിയിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) യുഎസിലെ എന്‍ഒഎഎ അംഗീകരിച്ച മാതൃകയില്‍ രൂപകല്പന ചെയ്ത് കേരളത്തിലെ മത്സ്യഫെഡ് വല ഫാക്ടറികള്‍ ഉള്‍പ്പെടെ എംപാനല്‍ ചെയ്യപ്പെട്ട നാല് ഏജന്‍സികള്‍ നിര്‍മിക്കുന്ന ടെഡ്, ട്രോളിങ് വലയില്‍ മീനുകള്‍ വന്നുനിറയുന്ന ‘കോഡ്എന്ഡ്’ ഭാഗത്തിനു മുന്പിലായാണ് ഘടിപ്പിക്കുന്നത്. അലുമിനിയം ലോഹക്കൂട്ട് പൈപ്പ് ഉപയോഗിച്ച് നിര്‍മിക്കുന്ന ബാര്‍ ഗ്രിഡ് ആണ് ഇതിന്റെ പ്രധാന ഭാഗം. വലയുടെ വ്യാസം കുറഞ്ഞ ഭാഗത്ത് ചരിച്ച് പിടിപ്പിക്കുന്ന മെറ്റല്‍ ഗ്രിഡിന് വലയുടെ ഹെഡ് റോപ്പിന്റെ നീളം അനുസരിച്ച് ശരാശരി 48 ഇഞ്ച് ഉയരവും 41 ഇഞ്ച് വീതിയുമുണ്ടാകും. ഏതാണ്ട് 11 കിലോ ഭാരം വരുന്ന ഗ്രിഡിന്റെ ബാറുകള്‍ക്കിടയില്‍ നാല് ഇഞ്ച് വിടവുണ്ട്. ചെമ്മീനും മറ്റു ചെറിയ മീനുകളും ഇതിലൂടെ തടസമില്ലാതെ വലയിലേക്കു കടന്നുപോകും, എന്നാല്‍ ആമകളും സ്രാവ്, തിരണ്ടി തുടങ്ങിയ വലുപ്പമുള്ള മീനുകളും ബാറില്‍ തട്ടി ഗ്രിഡിന്റെ മുകളിലും താഴെയുമായി തുറക്കുന്ന ഫ്ളാപ്പിലൂടെ സുരക്ഷിതമായി പുറത്തേക്കു കടക്കുന്നു.ഒരു ടെഡ് യൂണിറ്റിന് 23,485 രൂപയാണ് ചെലവ്. പ്രധാന്‍മന്ത്രി മത്സ്യസംപദ യോജന പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാനം 40 ശതമാനവും ചെലവ് വഹിച്ച് ബോട്ടുകള്‍ക്ക് സൗജന്യമായി ടെഡ് വിതരണം ചെയ്യാനാണ് പദ്ധതി. കേരളത്തില്‍ 2,599 ട്രോളറുകളില്‍ ടെഡ് പിടിപ്പിക്കുന്നതിന് 649.75 ലക്ഷം രൂപ ചെലവ് കണക്കാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മേഖല തിരിച്ച് വിവിധ ഫിഷിങ് ഹാര്‍ബറുകളില്‍ ഓരോ ബോട്ടിലും ടെഡ് വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ടെഡ് വിതരണം പൂര്‍ത്തിയായ മേഖലകളില്‍ തുടര്‍ന്ന് നടത്തുന്ന പരിശോധനകളില്‍ അതു ഘടിപ്പിക്കാത്ത ട്രോളിങ് വലകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ട്രോളിങ് ബോട്ടുകളില്‍ ടെഡ് ഘടിപ്പിക്കണമെന്ന് 2019 സെപ്റ്റംബറില്‍ ഗവണ്മെന്റ് വിജ്ഞാപനം ഇറക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ 2021-ലെ ഭേദഗതിയിലും 2025-ലെ ചട്ടങ്ങളുടെ ഭേദഗതിയിലും ടെഡ് നിബന്ധനയില്‍ ഊന്നലുണ്ട്. കൊച്ചിയിലെ ഐസിഎആര്‍-സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) സംസ്ഥാനത്തെ വിവിധ ഫിഷറീസ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഫീല്‍ഡ് സര്‍വേകളില്‍ ടെഡ് വളരെ വിജയകരമായിരുന്നുവെന്നും തുടര്‍ന്ന് ബോട്ടുതൊഴിലാളികള്ക്ക് പ്രായോഗിക പരിശീലനത്തിന് അവസരമൊരുക്കിയെന്നും പറയുന്നുണ്ട്. സമുദ്രവിഭവ കയറ്റുമതി വികസന അതോറിറ്റിയും (എംപിഇഡിഎ) നെറ്റ് വര്‍ക്ക് ഫോര്‍ ഫിഷ് ക്വാളിറ്റി മാനേജ്മെന്റ് ആന്‍ഡ് സസ്റ്റെയ്നബിള്‍ ഫിഷിങ് (നെറ്റ്ഫിഷ്) എന്ന പ്രസ്ഥാനവും ചേര്‍ന്ന് വിപുലമായ ബോധവത്കരണ പരിപാടികളും ആവിഷ്കരിക്കുകയുണ്ടായി.ടെഡ് ഘടിപ്പിച്ചുള്ള ട്രോളിങ് ഓപ്പറേഷനില്‍ ആമകളും വലിയ മത്സ്യങ്ങളും വലയില്‍ നിന്നു രക്ഷപ്പെടുന്നതോടൊപ്പം കാച്ചിന്റെ 8-10 ശതമാനം വരെ വലയ്ക്കു പുറത്തുചാടുമെന്ന ആശങ്ക ഫെഡറേഷന് ഓഫ് ഫിഷിങ് ബോട്സ് ആന്‍ഡ് ഫിഷറി ഇന്‍ഡസ്ട്രീസ് ഓഫ് കേരള പോലുള്ള സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ സമുദ്രവിഭവങ്ങളില്‍ നിന്ന് പതിനായിരം രൂപയുടെ ചരക്ക് ചോര്‍ന്നുപോകുന്നതിന്റെ നഷ്ടം തീരക്കടലിലും ഉള്‍ക്കടലിലും മത്സ്യബന്ധനം നടത്തുന്ന, ഡീസല്ച്ചെലവിനൊത്ത് മത്സ്യം കിട്ടാതെ വലയുന്ന ചെറുകിട ബോട്ടുകാര്‍ക്ക് ആരു നികത്തിക്കൊടുക്കും? സിഎംഎഫ്ആര്‍ഐ നടത്തിയ പഠന ക്രൂയിസുകളില്‍ ടെഡ് സംവിധാനത്തിലൂടെ എത്ര ആമകളെയാണ് രക്ഷിച്ചതെന്ന് പറയുന്നില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ, ആന്ധ്രപ്രദേശ് തീരങ്ങളില്‍ ഒലിവ് റിഡ്ലി ഉള്‍പ്പെടെയുള്ള ആമകളുടെ വലിയ സാന്നിധ്യമുണ്ടെങ്കിലും കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ആമകള്‍ ചില സീസണില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ശാസ്ത്രീയപഠനങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ടെഡ് വലയില്‍ നിന്നു രക്ഷപ്പെടുന്ന ആമകളുടെയും വലിയ മത്സ്യങ്ങളുടെയും കൃത്യമായ കണക്കെടുപ്പിന്, പുറത്ത് മറ്റൊരു വല കൂടി പിടിപ്പിച്ചാല്‍ അതില്‍ കാണുന്നവ എണ്ണിയെടുത്താല്‍ മതി. ടെഡ് ഇല്ലാത്ത മറ്റൊരു ബോട്ട് ഇതേ ഫിഷിങ് ഗ്രൗണ്ടില്‍ ഒരേസമയം മീന്‍ പിടിക്കുകയാണെങ്കില്‍ താരതമ്യ കണക്കുമാകും. അത്തരം വിശദമായ പഠനമൊന്നും ആരും നടത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് എംപിഇഡിഎ അമേരിക്കയില്‍ നിന്ന് ‘സൂപ്പര്‍ ഷൂട്ടര്‍’ ടെഡ് ഇറക്കുമതി ചെയ്ത് നമ്മുടെ ബോട്ടുകളില്‍ പിടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ 20 ശതമാനം വരെ കാച്ച് നഷ്ടം കണ്ടെത്തിയിരുന്നു.
കേരളതീരത്ത് ഏറ്റവും കൂടുതല്‍ ആമകള്‍ കുടുങ്ങുന്നത് ഗില്‍നെറ്റ് വലകളിലാണെന്ന് ചില കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ട്രോളിങ് വലയില്‍ 12 ശതമാനമാണെങ്കില്‍ ഗില്‍നെറ്റ് വലയില്‍ അകപ്പെടുന്നത് 85 ശതമാനമാണത്രെ. ചെമ്മീന്‍ ബോട്ടുകളില്‍ മാത്രം ആമ സംരക്ഷണം മതി എന്നു പറയുന്നതില്‍ എന്താണ് ന്യായം?ഓരോ ബോട്ടും 10-12 തരം വലകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ എല്ലാ വലകളിലും ടെഡ് ഘടിപ്പിക്കുന്നതും മത്സ്യബന്ധനത്തിനിടയില്‍ വലയില്‍ അത് മാറ്റിപിടിപ്പിക്കുന്നതും ബുദ്ധിമുട്ടാകുമെന്ന് ബോട്ടുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടെഡ് ഉണ്ടെങ്കില്‍ കടല്‍ച്ചൊറിയും (ജെല്ലിഫിഷ്) കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും വലയുടെ ഉള്ളറയിലേക്കു കടക്കുകയില്ലെന്നും കാച്ച് കൂടുതല്‍ വൃത്തിയുള്ളതാവുമെന്നും വല വലിക്കുന്നതിലെ ഡീസല്‍ച്ചെലവ് കുറയുമെന്നും പ്രോത്സാഹനത്തിന്റെ ഭാഗമായി പറയുന്നുണ്ട്.അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള കടല്ചെമ്മീന് ഇറക്കുമതി വിലക്കിയതിനെ തുടര്‍ന്ന് കേരളത്തിലെ ചെമ്മീന്‍ കയറ്റുമതിക്കാര്‍ക്ക് പ്രതിവര്‍ഷം 800 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എംപിഇഡിഎ വിലയിരുത്തുന്നത്. അഖിലേന്ത്യാതലത്തില്‍ വാര്‍ഷിക കയറ്റുമതി നഷ്ടം 2,500 കോടി രൂപയാണ്. അമേരിക്കയിലെ പ്രധാന വിപണി അടഞ്ഞതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനിലേക്കും ജപ്പാനിലേക്കും ചൈനയിലേക്കും ചെമ്മീന്‍ കയറ്റി അയക്കാന്‍ ശ്രമിച്ചപ്പോള്‍ വിദേശ വിപണി വില ഡോളറിന് 9.87 ആയിരുന്നത് 5.68 ഡോളറായി ഇടിഞ്ഞു. ആഭ്യന്തര വിപണിയില്‍ ചെമ്മീന്‍ വില കിലോയ്ക്ക് 170 രൂപയായിരുന്നത് 70 രൂപ വരെയായി കുറയുകയും ചെയ്തു. സംസ്ഥാനത്ത് ചെമ്മീന്‍ കയറ്റുമതി സംസ്കരണശാലകള്‍ കനത്ത പ്രതിസന്ധിയാണ് നേരിട്ടത്. സംസ്ഥാനത്തെ സമുദ്രവിഭവ കയറ്റുമതിയില്‍ 6,941.36 കോടി രൂപയുടെ ഇടിവുണ്ടായതായി സ്റ്റേറ്റ് ഇക്കണോമിക് റിവ്യൂവില്‍ പറയുന്നു. യുഎസ് വിപണി തിരിച്ചുപിടിക്കാന്‍ ടെഡ് സര്ട്ടിഫിക്കേഷന് അനിവാര്യമാണ്. എന്നാല്‍ കേരളതീരത്തു മാത്രമായി ട്രോളിങ് ബോട്ടുകളില്‍ ടെഡ് നിര്‍ബന്ധമാക്കിയാല്‍ അമേരിക്ക ഇന്ത്യന്‍ ചെമ്മീന്‍ ഇറക്കുമതി നയത്തില്‍ മാറ്റംവരുത്തുമെന്ന് എന്താണ് ഉറപ്പ്? റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം പിഴച്ചുങ്കം ചുമത്താനുള്ള പുതിയ നിയമം യുഎസ് പാസാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ‘പീഠഭൂമിയില്‍ ചെന്നുറച്ച’ അവസ്ഥയിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് തന്നെ പറയുന്നു.കേന്ദ്ര ബജറ്റില്‍ നിര്‍മല സീതാരാമന് കേരളത്തിനും ഒഡിഷയ്ക്കും കര്‍ണാടകയ്ക്കും കടലാമ ടൂറിസം ട്രെയില്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പരിഹസിച്ചവര്‍, ടെഡ് സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് കടലാമ സംരക്ഷണത്തിന്റെ കാര്യം പുനര്‍വിചിന്തനം ചെയ്യേണ്ടതാണ്. കേരളത്തില്‍ ടര്‍ട്ടില്‍ ട്രെയില്‍ ടൂറിസം സാധ്യതാപഠനം നടത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ തീരത്ത് 10,193 ഒലിവ് റിഡ്ലി കടലാമകള്‍ മുട്ടയിടാനെത്തിയതായി വനം വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. മലപ്പുറത്ത് 7,289 എണ്ണവും കോഴക്കോട് 1,421 എണ്ണവും എത്തി. 2024-25 വര്‍ഷത്തില്‍ സംസ്ഥാനത്ത് 21 തീരപ്രദേശങ്ങളിലായി 355 മുട്ടയിടല്‍ കേന്ദ്രങ്ങളാണ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട്, തിരുവത്ര, എടക്കാഴിയൂര്, അകലാട്, മന്നലംകുന്ന്, പപ്പാലി കടപ്പുറം എന്നിവ ഉള്‍പ്പെടുന്ന 16 കിലോമീറ്റര്‍ ഭാഗത്തായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് കടലാമകളുടെ മുട്ടയിടല്കേന്ദ്രങ്ങളില് 75 ശതമാനവും.യുഎസ് എന്‍ഒഎഎയുടെ ടെഡ് സര്‍ട്ടിഫിക്കേഷനു സമാനമായി, ഇന്ത്യയിലെ ആഗോളപ്രശസ്തമായ സമുദ്ര മത്സ്യഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ഫിഷറീസ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെടുന്ന ‘ഭാരത് ബ്രാന്‍ഡിങ്’ സംവിധാനത്തിലൂടെ ഇന്ത്യയുടെ സമുദ്രവിഭവ കയറ്റുമതിയുടെ ഗുണനിലവാരവും പരിസ്ഥിതിസംരക്ഷണത്തിന്റെയും സംസ്കരണപ്രക്രിയയുടെയും രാജ്യാന്തര മാനദണ്ഡങ്ങളും സാക്ഷ്യപ്പെടുത്താനാവില്ലേ? ചൈനയ്ക്ക് അത്തരം സംവിധാനമുണ്ട്. കടലാമ സംരക്ഷണ നയത്തിന്റെ ഭാഗമായ ടെഡ് വലയെക്കാള്‍ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതാണ് വനാമി ചെമ്മീന്‍ ഫാമുകള്‍ ഉള്‍പ്പെടെയുള്ള അക്വാകള്‍ച്ചര്‍ മേഖലയിലേക്കുള്ള തീറ്റയ്ക്കായി ഫിഷ്മീല്‍ ഫാക്ടറികളിലേക്ക് കേരളതീരത്തുനിന്ന് നിയമവിരുദ്ധമായി പിടിച്ച് അയല്‍സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്ന വളര്‍ച്ചയെത്താത്ത ചെറുമീന്‍ കൊള്ളയുടെ പ്രശ്നമെന്ന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി യൂണിയനുകളും ഫിഷിങ് മേഖലയിലെ ഉപജീവന സുരക്ഷിതത്വം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ആളുകളും എടുത്തുകാട്ടുന്നു. നിരോധിക്കപ്പെട്ട ഡബിള്‍ നെറ്റ് ഉപയോഗിച്ചും പെയര്‍ ട്രോളിങ്ങിലൂടെയും രാത്രി നിയമവിരുദ്ധ തീവ്രപ്രകാശസംവിധാനം ഉപയോഗിച്ചും മറ്റും ടണ്‍ കണക്കിന് ചെറുമീനുകളെ പിടിച്ച് സംസ്ഥാനത്തിനു പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നു. കടലില്‍ നിന്നു പിടിക്കുന്ന 58 ഇനം മീനുകളുടെ കുറഞ്ഞ വലുപ്പം (മിനിമം ലീഗല്‍ സൈസ്) നിശ്ചയിച്ചിട്ടുള്ളതാണ്: ചാളയ്ക്ക് 10 സെന്റിമീറ്ററും കിളിമീന്‍ 12 സെന്റിമീറ്ററും അയലയ്ക്ക് 14 സെന്റിമീറ്ററും നീളമില്ലെങ്കില്‍ പിടിക്കുന്നത് നിയമവിരുദ്ധമാണ്. ചെറുമീനുകളുമായി കരയ്ക്കെത്തുന്ന മത്സ്യബന്ധന യാനങ്ങള്‍ പിടിച്ചെടുക്കാനും രണ്ടര ലക്ഷം രൂപ വരെ പിഴയിടാനും വകുപ്പുണ്ട്. കേരളത്തില്‍ 14 ഫിഷ്മീല്‍ ഫാക്ടറികളുണ്ട്, കര്‍ണാടകയില്‍ 60-ലേറെയും. കേന്ദ്ര സര്‍ക്കാര്‍ ഫിഷ് ഫാമിങ്ങിനും അക്വാകള്‍ച്ചറിനും എല്ലാവിധ പ്രോത്സാഹനവും നല്കുന്ന സാഹചര്യത്തില്‍ മീന്‍തീറ്റ ഫാക്ടറികള്‍ വിവിധ സംസ്ഥാനങ്ങളില്‍ പെരുകിക്കൊണ്ടിരിക്കയാണ്. ചെറുമീനുകളില്ലെങ്കില് ഈ മേഖലയ്ക്ക് നിലനില്പില്ല. പ്രജനനത്തിനായുള്ള വളര്‍ച്ചയെത്താത്ത മത്സ്യക്കൂട്ടങ്ങളെ ഒന്നടങ്കം കോരിക്കൊണ്ടുപോയാല് മത്സ്യസമ്പത്തിന്റെ വളര്‍ച്ചയും ഭക്ഷ്യസുരക്ഷയും അവതാളത്തിലാകുമെന്ന തിരിച്ചറിവ് തീരദേശത്തെ ജനങ്ങള്ക്കെങ്കിലുമുണ്ടാകണം.മണ്‍സൂണ്‍ കാലത്തെ ട്രോളിങ് നിരോധനവും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമപദ്ധതിയും ഉള്‍പ്പെടെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട നയങ്ങളും കേരള മറൈന്‍ ഫിഷിങ് റെഗുലേഷന് നിയമം, കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ നിയമം, കേരള ഫിഷ് പ്രോക്യുര്‍മെന്റ്, മാര്‍ക്കറ്റിങ് ആന്‍ഡ് മെയിന്റനന്‍സ് ഓഫ് ക്വാളിറ്റി നിയമം എന്നിവയും സമഗ്രമായി പരിഷ്കരിക്കുന്നതിന് ഫിഷറീസ് വകുപ്പ് സബ് കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനം, മാരികള്‍ച്ചര്‍, കടല്‍ ഖനനം തുടങ്ങി മോദി സര്‍ക്കാരിന്റെ നയങ്ങളുമായി ചേര്‍ന്നുപോകുന്ന നിയമ പരിഷ്കാരങ്ങളാകുമോ കേരളത്തിലെ മത്സ്യമേഖലയെ കാത്തിരിക്കുന്നത്?

