തിരുവനന്തപുരം: അന്താരാഷ്ട്ര കപ്പൽ ഗതാഗത രംഗത്ത് നിർണായക സാന്നിധ്യമാകാൻ വിഴിഞ്ഞം തുറമുഖത്തെ സജ്ജമാക്കുന്നതിനായി ഫുജൈറ മാതൃകയിൽ ഔട്ടർ തുറമുഖം വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ. കേരളത്തെ ആഗോള സമുദ്രവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച മിഷൻ സമുദ്രയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിലുള്ള പഴയ തുറമുഖത്തെ സർവീസ് ഹാർബറായി വികസിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി യാഥാർഥ്യമാക്കുക. അന്താരാഷ്ട്ര കപ്പൽച്ചാലിന് സമീപമുള്ള വിഴിഞ്ഞത്തിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് ഇന്ധനം നിറയ്ക്കൽ, അറ്റകുറ്റപ്പണികൾ, എൻജിനീയറിങ് സേവനങ്ങൾ, സ്പെയർ പാർട്സ് വിതരണം, ജീവനക്കാരുടെ മാറ്റം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും.വലിയ ബോട്ടുകൾക്കും ചെറുകപ്പലുകൾക്കും അടുക്കാൻ കഴിയുന്ന വിധത്തിൽ പഴയ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. പദ്ധതിക്കായി നാവികസേനയുടെ സഹകരണവും തേടാനാണ് സർക്കാർ ആലോചിക്കുന്നത്.
നിലവിൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള സമഗ്ര കപ്പൽ സേവനങ്ങൾ ലഭ്യമാക്കുന്ന തുറമുഖമില്ലെന്നാണ് വിലയിരുത്തൽ.കൂടുതൽ ഭൂമി ഏറ്റെടുക്കാതെ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ സാധ്യതകൾ വിലയിരുത്തുന്നതിനായി ഏജൻസിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.മിഷൻ സമുദ്രയുടെ ആദ്യഘട്ടത്തിൽ മാരിടൈം ബോർഡിന്റെ കീഴിലുള്ള വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.

