വത്തിക്കാൻ സിറ്റി : വിശുദ്ധ കുമ്പസാരം യേശുക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കും യഥാർഥ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയ്ക്കും വഴിയൊരുക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പാ. വിശ്വാസം, വിശുദ്ധി, ദൈവവിളി, കുമ്പസാരം തുടങ്ങിയ വിഷയങ്ങളിൽ യുവജനങ്ങളുമായി നടത്തിയ സംവാദത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.ലാത്സിയോ മെത്രാൻ സമിതിയുടെ യുവജനപ്രേഷിത കമ്മീഷന്റെ ആഭിമുഖ്യത്തിൽ നവംബർ 21-ന് വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ സംഘടിപ്പിച്ച യുവജനസംഗമത്തിൽ ലാത്സിയോ പ്രവിശ്യയിൽ നിന്നുള്ള ആറായിരത്തിലധികം യുവജനങ്ങൾ പങ്കെടുത്തു.
യുവജനങ്ങൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി.ക്രൈസ്തവ വിശ്വാസം കേവലം ഒരു ആശയമോ തത്ത്വചിന്തയോ അല്ലെന്നും യേശുക്രിസ്തുവുമായുള്ള സൗഹൃദബന്ധമാണെന്നും പാപ്പാ വിശദീകരിച്ചു. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ നേരിടാൻ ഈ ബന്ധം വെളിച്ചം പകരുന്നു. സുവിശേഷം വായിച്ചും യേശുവിന്റെ സ്നേഹം തിരിച്ചറിഞ്ഞും സഹോദരങ്ങളോടൊപ്പം വിശ്വാസജീവിതം നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.വിശുദ്ധി എന്നത് മറ്റുള്ളവരുമായി മത്സരിച്ച് നേടിയെടുക്കേണ്ട ഒന്നല്ലെന്ന് യുവജനങ്ങളുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി പാപ്പാ പറഞ്ഞു. യേശുവിനെ അനുഗമിക്കുന്നതിലൂടെ ഓരോരുത്തരും ദൈവം ആഗ്രഹിക്കുന്ന വ്യക്തികളായി വളരുകയാണ് ചെയ്യുന്നത്.
സമ്മർദങ്ങളിലൂടെയല്ല, ക്രിസ്തുവുമായുള്ള ബന്ധത്തിലൂടെയാണ് വിശുദ്ധി പക്വത പ്രാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദൈവവിളി തിരിച്ചറിയാൻ കർത്താവുമായുള്ള നിരന്തര സംഭാഷണം അനിവാര്യമാണെന്ന് പാപ്പാ ഓർമിപ്പിച്ചു. ഓരോ ദിവസത്തെയും അനുഭവങ്ങളും തീരുമാനങ്ങളും ദൈവവുമായി പങ്കുവയ്ക്കുന്നതിലൂടെ അവിടുത്തെ ഹിതം തിരിച്ചറിയാൻ സാധിക്കും. വിശ്വസ്തമായ ജീവിതതിരഞ്ഞെടുപ്പുകൾ നടത്താൻ സഭ യുവജനങ്ങളെ പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കർത്താവുമായുള്ള ആഴത്തിലുള്ള ബന്ധത്തിൽനിന്നാണ് വിശ്വാസം ജനിക്കുന്നതെന്നും അത് വിശ്വാസസമൂഹത്തിൽ പൂർത്തീകരിക്കപ്പെടുന്നതെന്നും പാപ്പാ വ്യക്തമാക്കി. ഇതിന് ഏറ്റവും വലിയ അവസരമാണ് വിശുദ്ധ കുർബാന. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവരെ സഹോദരീസഹോദരന്മാരായി കാണാനും സ്നേഹിക്കാനും നാം പഠിക്കുന്നുവെന്നും പാപ്പാ ഓർമിപ്പിച്ചു.

