കൊച്ചി: മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ. ആഗോള മത്സ്യബന്ധന ദിനത്തോടനുബന്ധിച്ച് കേരളത്തിന്റെ നീല സമ്പദ്വ്യവസ്ഥയും സുസ്ഥിര സമുദ്രവികസനവും എന്ന വിഷയത്തിൽ കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ), കുഫോസുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗവും തീരദേശ ജനതയുടെ ഉപജീവനസുരക്ഷയും ഏറെ പ്രധാനപ്പെട്ടതാണ്. മത്സ്യത്തൊഴിലാളികളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിൽ ‘കടൽ’ ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ചു. കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ ദീപക് ജോയ്, മറ്റ് ജനപ്രതിനിധികൾ, കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളിൽ, ‘കടൽ’ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടർ ഫാ. ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.മൂന്ന് സമാന്തര വേദികളിലായി ആറ് ശിൽപശാലകൾ നടന്നു. മത്സ്യമേഖലയിലെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങളും വിഷയാവതരണങ്ങളും നടത്തി.
ഡോ. കെ. സുനിൽ മുഹമ്മദ്, പ്രൊഫ. എം.കെ. സജീവൻ, ഡോ. ജോസ് കെ. കിഴക്കൂടൻ, ചാൾസ് ജോർജ്, ഡോ. എൻ.കെ. ശശിധരൻപിള്ള, ഡോ. ജോർജ് കെ. നൈനാൻ തുടങ്ങി നിരവധി വിദഗ്ധർ വിവിധ സെഷനുകളിൽ പങ്കെടുത്തു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ അധ്യക്ഷത വഹിച്ചു. ‘കടൽ’ വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറി, സെക്രട്ടറി ടി.എ. ഡാൽഫിൻ എന്നിവർ പ്രസംഗിച്ചു.

