ദുബായ്: കുടിയേറ്റക്കാരുടെ ജീവിതാനുഭവങ്ങളും ബൈബിൾ വചനങ്ങളും ഉൾക്കൊള്ളിച്ച ‘മൈഗ്രേഷൻ ബൈബിളിന്റെ’ കത്തോലിക്കാ പതിപ്പ് ദുബായിലെ സെന്റ് മേരീസ് ദേവാലയത്തിൽ പ്രകാശനം ചെയ്തു. നവംബർ 17ന് നടന്ന ചടങ്ങിൽ ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി പുസ്തകം പ്രകാശനം ചെയ്തു.പൂർണമായ ബൈബിൾ പാഠത്തോടൊപ്പം സ്വന്തം നാടും വീടും ഉപേക്ഷിച്ച് വിവിധ രാജ്യങ്ങളിൽ കഴിയുന്ന കുടിയേറ്റക്കാരുടെ ജീവിതാനുഭവങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം നാടുവിട്ട് അന്യദേശങ്ങളിൽ കഴിയുന്നവർക്കും അവരെ സ്വീകരിക്കുന്ന സമൂഹങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ബൈബിൾ തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ഇടവകകളിലൊന്നായ സെന്റ് മേരീസ് ദേവാലയം പുസ്തകത്തിന്റെ പ്രകാശനത്തിന് അനുയോജ്യമായ വേദിയാണെന്ന് ബിഷപ്പ് പൗലോ മാർട്ടിനെല്ലി പറഞ്ഞു. വിവിധ ഭാഷകളും പാരമ്പര്യങ്ങളും പിന്തുടരുന്ന കുടിയേറ്റക്കാർ ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക് വികാരിയത്തിൽ ഒരേ കത്തോലിക്കാ വിശ്വാസത്തിൽ ഒന്നുചേരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവം തന്റെ ജനത്തോടൊപ്പം തുടർന്നും എഴുതിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ ഭാഗമായാണ് ഓരോ കുടിയേറ്റക്കാരനും സ്വന്തം ജീവിതയാത്രയെ കാണേണ്ടതെന്ന് ബിഷപ്പ് പറഞ്ഞു. പ്രത്യേകിച്ച് നിരന്തരം യാത്ര ചെയ്യുന്നവർക്ക് ദൈവവചനം വഴികാട്ടിയും യാത്രാസഹചാരിയുമാണെന്നും പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം കുറിച്ചു.

