റോം: 2027-ൽ ദക്ഷിണകൊറിയയിലെ സിയൂളിൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനത്തിന്റെ മുന്നോടിയായി വത്തിക്കാനിൽ സംഘടിപ്പിക്കുന്ന പ്രത്യേക യുവജന സംഗമത്തിൽ ലാത്സിയോ പ്രവിശ്യയിൽ നിന്നുള്ള ആറായിരത്തിലധികം യുവജനങ്ങൾ പങ്കെടുക്കും. നവംബർ 21 ശനിയാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടക്കുന്ന സംഗമത്തിൽ ലിയോ പതിനാലാമൻ പാപ്പാ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും.
ലാത്സിയോ മെത്രാൻ സമിതിയുടെ യുവജനപ്രേഷിത കമ്മീഷന്റെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. 2027-ലെ ലോക യുവജന ദിനത്തിന്റെ പ്രമേയമായ “ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാൻ 16:33) എന്ന വചനമാണ് സംഗമത്തിനും ആധാരമാകുന്നത്.രാവിലെ 8.30-ന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ രൂപതകളിൽ നിന്നുള്ള യുവജനങ്ങളുടെ കലാപരിപാടികളും സംഗീതാവതരണങ്ങളും ഉണ്ടായിരിക്കും. തുടർന്ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ രണ്ടാം തിമോത്തിയോസ് ലേഖനത്തിലെ വചനങ്ങളെ ആസ്പദമാക്കി പ്രാർത്ഥനാശുശ്രൂഷ നടക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവജനങ്ങൾ തങ്ങളുടെ വിശ്വാസാനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും.
റോമാ രൂപതയുടെ വികാരി കർദ്ദിനാൾ ബാൽദസാരെ റെയ്ന പാപ്പായെ സ്വാഗതം ചെയ്യും. തുടർന്ന് യുവജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകും. സംഗമത്തിന്റെ ഭാഗമായി മാമ്മോദീസാ വ്രതവാഗ്ദാനങ്ങൾ പുതുക്കുകയും ചെയ്യും.വിശ്വാസത്തിൽ യുവജനങ്ങളെ ഒരുമിപ്പിക്കാനും സഭയുമായുള്ള അവരുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ലോക യുവജന ദിനത്തിനായുള്ള ആത്മീയ ഒരുക്കങ്ങൾക്ക് പ്രചോദനം നൽകാനുമുള്ള അവസരമായാണ് ഈ സംഗമം ക്രമീകരിച്ചിരിക്കുന്നത്.

