ഒഡെസ: ഉക്രൈനിലെ തുറമുഖ നഗരമായ ഒഡെസയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കത്തോലിക്കാ കത്തീഡ്രലിനും രൂപതാ കാര്യാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
നവംബർ 18-ന് നടന്ന ആക്രമണത്തിൽ അസംപ്ഷൻ ഓഫ് ദ ബ്ലെസ്ഡ് വിർജിൻ മേരി കത്തീഡ്രലിന്റെ മുൻഭാഗത്തിനും സമീപത്തെ രൂപതാ ഭരണകാര്യാലയങ്ങൾക്കുമാണ് നാശനഷ്ടമുണ്ടായത്. ഒഡെസ നഗരത്തിനു നേരെയുണ്ടായ മൂന്ന് ആക്രമണപരമ്പരകളുടെ ഭാഗമായിരുന്നു മിസൈൽ ആക്രമണം. സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കത്തീഡ്രലിനും രൂപതാ കാര്യാലയങ്ങൾക്കും ഇടയിലുള്ള ഒരു റെസ്റ്റോറന്റിൽനിന്ന് പരിക്കേറ്റ സ്ത്രീയെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചതായി വൈദികൻ അറിയിച്ചു.
തെരുവിൽ ആക്രമണത്തിനിരയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കത്തീഡ്രലിനും രൂപതാ കാര്യാലയങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും സഭാ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തെത്തുടർന്ന് കത്തീഡ്രലിനു സമീപം അടിയന്തര രക്ഷാപ്രവർത്തനങ്ങളും നടത്തിയതായി സഭാവൃത്തങ്ങൾ അറിയിച്ചു.

