കൊല്ലം: ചരിത്രവസ്തുതകളുടെ പിൻബലത്തിൽ സത്യസന്ധവും കാലാതിവർത്തിയുമായ ചരിത്രരചന നടത്താൻ ചരിത്രകാരന്മാർ ശ്രദ്ധിക്കണമെന്ന് കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി ആഹ്വാനം ചെയ്തു. തിരുസഭയുടെ മഹത്തായ പാരമ്പര്യത്തിലും ചരിത്രത്തിലും വിശ്വാസികൾ അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യയിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയുടെ ചരിത്രം വിശുദ്ധ തോമസ് അപ്പോസ്തലന്റെ പ്രേഷിതപ്രവർത്തന പാരമ്പര്യത്തിലും പ്രഥമ മെത്രാനും രക്തസാക്ഷിയുമായ ബിഷപ്പ് ജോർദാനൂസ് കത്തലാനിയുടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലും വേരൂന്നിയതാണ്. വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ നടന്ന വെട്ടിക്കൊലപാതകം, തരിസാപ്പള്ളി ശാസനങ്ങൾ, അവിഭക്ത കൊല്ലം രൂപതയുടെ ശില്പിയായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗറിന്റെ പ്രവർത്തനങ്ങൾ, ആദ്യ തദ്ദേശീയ മെത്രാനായ ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസിന്റെ സംഭാവനകൾ എന്നിവ അഭിമാനത്തോടെ സ്മരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏഴു നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന കൊല്ലം രൂപതയുടെ സമകാലിക ചരിത്രം സത്യസന്ധമായി രേഖപ്പെടുത്താൻ കെ.എൽ.സി.എച്ച്.എ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലം രൂപത ഹെറിറ്റേജ് കമ്മീഷന്റെ പ്രതിനിധി സമ്മേളനവും കൊല്ലം രൂപതാ യൂണിറ്റ് രൂപീകരണയോഗവും കത്തലാനി സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.ഫാ. റൊമാൻസ് ആന്റണി അധ്യക്ഷത വഹിച്ചു. കെ.എൽ.സി.എച്ച്.എ സംസ്ഥാന പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.ബി.സി ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഡോ. ജോൺ ബോസ്കോ ഇമ്മാനുവൽ, ഡോ. ഗ്രിഗറി പോൾ, മാർഷൽ ഫ്രാങ്ക്, അലക്സ് മുതുകുളം, ഇഗ്നേഷ്യസ് തോമസ്, ബേബി തദേവൂസ് ക്രൂസ്, നെൽസൺ എട്ടുരുത്തിൽ, പി. ദേവദാസ്, പ്രസന്ന എന്നിവർ പ്രസംഗിച്ചു.

