കൊച്ചി: 26-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ ചങ്ങനാശ്ശേരി അതിരൂപതാംഗമായ അലോന നോജി ലോഗോസ് പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. നെടുങ്കുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അലോന, ആദ്യമായാണ് ബി ഗ്രൂപ്പിൽനിന്ന് ലോഗോസ് പ്രതിഭാ പട്ടം നേടുന്നത്.
സ്വർണമെഡലും 1,16,000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും അലോന സ്വന്തമാക്കി.നാലര ലക്ഷത്തിലധികം പേർ പങ്കെടുത്ത മത്സരത്തിൽനിന്ന് 600 പേരാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന മത്സരങ്ങളിലൂടെ ആറുപേർ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി. ഇവരിൽനിന്നാണ് അലോന വിജയിയായി മാറിയത്. ബധിര ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാനതല ഫൈനലിൽ എറണാകുളം-അങ്കമാലി അതിരൂപതാംഗമായ റീമ ടോംസൺ ഒന്നാം സ്ഥാനം നേടി. കുടുംബങ്ങൾക്കായുള്ള ലോഗോസ് ഫമിലിയ ക്വിസിൽ ഇരിങ്ങാലക്കുട രൂപതയിലെ പീറ്റർ, ബിൻസി പീറ്റർ, ബെനറ്റ പീറ്റർ എന്നിവരുടെ കുടുംബം ഒന്നാം സ്ഥാനത്തെത്തി. കെ.സി.ബി.സി. ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ലോഗോസ് ക്വിസ് സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി മത്സരം നടത്തിവരുന്നു. ആറു പ്രായവിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ചുള്ള ഗ്രാൻഡ് ഫിനാലെ നവംബർ 22-ന് പാലാരിവട്ടം പി.ഒ.സിയിൽ നടന്നു. ടെലിക്വിസിന് റവ. ഡോ. മരിയ മൈക്കിൾ നേതൃത്വം നൽകി.
മറ്റ് പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികൾ: എ ഗ്രൂപ്പിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ ഇമ്മാക്കുലാട ജോസ്, ബി ഗ്രൂപ്പിൽ കൊല്ലം രൂപതയിലെ ബ്രദർ മനീഷ് മാർട്ടിൻ, സി ഗ്രൂപ്പിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ സോജി ചാക്കോ, ഡി ഗ്രൂപ്പിൽ തൃശൂർ അതിരൂപതയിലെ റൂബി ജോർജ്, ഇ ഗ്രൂപ്പിൽ തൃശൂർ അതിരൂപതയിലെ ആനി ജോർജ് എന്നിവർ വിജയികളായി.ഏറ്റവും കൂടുതൽ മത്സരാർഥികളെ പങ്കെടുപ്പിച്ച രൂപതകൾക്കുള്ള പുരസ്കാരങ്ങൾ എറണാകുളം-അങ്കമാലി, പാലാ, തൃശൂർ രൂപതകൾ നേടി. ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ച ഇടവകകൾക്കുള്ള പുരസ്കാരം കുറവിലങ്ങാട്, ഓച്ചൻതുരുത്ത്, അങ്കമാലി ഇടവകകൾ സ്വന്തമാക്കി.

