വത്തിക്കാൻ സിറ്റി: ദരിദ്രരോടും സമൂഹത്തിന്റെ അരികുവത്കരിക്കപ്പെട്ടവരോടുമുള്ള കരുതൽ പങ്കുവച്ച് 1300 ഓളം പേരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. പാവങ്ങൾക്കായുള്ള ആഗോള ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ ഞായറാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണ് പ്രത്യേക ഭക്ഷണവിരുന്ന് സംഘടിപ്പിച്ചത്.
റോമിലെ ഇരുപതിലധികം ജീവകാരുണ്യ സംഘടനകൾ, ഇടവകകൾ, വിവിധ കൂട്ടായ്മകൾ എന്നിവയുടെ സഹായം ലഭിക്കുന്നവരാണ് വിരുന്നിൽ പങ്കെടുത്തത്. പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങളാണ് അതിഥികൾക്കായി ഒരുക്കിയത്. ഇറ്റാലിയൻ റെഡ് ക്രോസിലെ സന്നദ്ധപ്രവർത്തകർ ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും ചെയ്തു. പരിപാടിക്ക് നേതൃത്വം നൽകിയ സംഘാടകർക്കും സന്നദ്ധപ്രവർത്തകർക്കും ജീവകാരുണ്യ സംഘടനകൾക്കും ഭക്ഷണത്തിന് മുമ്പ് പാപ്പ നന്ദി അറിയിച്ചു. ദരിദ്രരോടുള്ള സഭയുടെ കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായി ഈ ഒത്തുചേരൽ മാറി.
2017 മുതൽ വത്തിക്കാനിൽ നടത്തിവരുന്ന വാർഷിക ഭക്ഷണവിരുന്ന് പാപ്പയുടെ ലാറ്റിനമേരിക്കൻ അപ്പസ്തോലിക സന്ദർശനത്തെ തുടർന്നാണ് ഇത്തവണ ഒരാഴ്ചത്തേക്ക് മാറ്റിവച്ചത്. പാവങ്ങൾക്കായുള്ള പത്താമത് ആഗോള ദിനാചരണത്തിന്റെ ഭാഗമായി നവംബർ 15-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രത്യേക ദിവ്യബലിയും നടന്നിരുന്നു. ലെയോ പാപ്പയുടെ പ്രതിനിധിയായി ജീവകാരുണ്യ വിഭാഗം പ്രിഫെക്റ്റ് ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനാണ് ദിവ്യബലി അർപ്പിച്ചത്. തുടർന്ന് 1500 ദരിദ്രർക്ക് ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു.

