മദ്യവ്യാപനത്തില്‍ പിണറായി വിജയനും സഖാക്കളും കേരളത്തില്‍ പാതിവഴിക്കാക്കിയ വിപ്ലവത്തിന്റെ വീര്യം ചോര്‍ന്നുപോകാതെ നോക്കാന്‍ യുഡിഎഫ് സര്‍ക്കാരിലും എക്സൈസ് വകുപ്പിലും ആരൊക്കെയോ ഇപ്പോഴും മത്തുപിടിച്ചുനില്പുണ്ടെന്നതിനു തെളിവാണ് തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്ത് അന്നമനട ഗ്രാമപഞ്ചായത്തില്‍ മേലഡൂരിലെ ബേക്കറിയില്‍ വില്പനയ്ക്കായി 10 ശതമാനം ആല്‍ക്കഹോള്‍ അടങ്ങുന്ന ഹോര്‍ട്ടി വൈന്‍ സംസ്ഥാനത്ത് മദ്യവിപണിയുടെ കുത്തകനിയന്ത്രണമുള്ള ഗവണ്മെന്റ് വക ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് അലോട്ട് ചെയ്ത ചരിത്ര വൈചിത്ര്യം. സാധാരണയായി ഏതാണ്ട് മൂന്നര ശതമാനം മുതല്‍ ആറു ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങുന്ന ബിയര്‍ ചുരുങ്ങിയത് 2 സ്റ്റാര്‍ ലൈസന്‍സുള്ള ഹോട്ടലുകളിലെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിലോ മറ്റു ബാറുകളിലോ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലോ മാത്രം ലഭിക്കുമ്പോള്‍, സംസ്ഥാനത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും 10 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള ബേക്കറികളിലും 15.5 ശതമാനം വരെ വീര്യമുള്ള ഹോര്‍ട്ടി വൈന്‍ ലഭ്യമാക്കുന്നതിന് പിണറായി സര്‍ക്കാര്‍ വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതിന്റെ ഗുണഫലങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഭരണമാറ്റം അറിയാത്ത മട്ടില്‍ എക്സൈസ് കമ്മിഷണറേറ്റില്‍ വിളയാട്ടം തുടരുന്നത് എക്സൈസ് മന്ത്രിയും ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും ചുമതല കൂടിയുള്ള മുഖ്യമന്ത്രിയും അറിയുന്നില്ലെന്നു വരുന്നത് വിചിത്രമാണ്.ബെവ്കോ വെയര്‍ഹൗസില്‍ നിന്ന് 750 മില്ലിലിറ്ററിന്റെ ഏഴു കെയ്സ് ഹോര്‍ട്ടി വൈന്‍ എത്തിച്ച് ബേക്കറിയില്‍ വില്പന തുടങ്ങിയ വിവരം ‘മാധ്യമങ്ങളില്‍ നിന്നറിഞ്ഞ്’ എക്സൈസ് മന്ത്രി 24 മണിക്കൂറിനകം താത്കാലികമായി അതിനുള്ള ലൈസന്‍സ് മരവിപ്പിക്കുകയും സമാനമായ നാലു പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ നിര്‍ദേശിക്കുകയും, യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ച് വീണ്ടുവിചാരമില്ലാതെ രാജ്യത്തുതന്നെ ആദ്യമായി ബേക്കറികള്‍ വഴി വീര്യം കൂടിയ ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ഉത്തരവ് നല്കാന് മുന്‍കൈ എടുത്ത അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കമ്മിഷണറെ പദവിയില്‍ നിന്നു മാറ്റുകയും ചെയ്തു. സതീശന് സര്‍ക്കാരിന്റെ അബ്കാരി നയം അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ, ഇടതുമുന്നണി ഭരണകാലത്ത് സംസ്ഥാനത്ത് മദ്യലഭ്യത വര്‍ധിപ്പിക്കാനും അഴിമതിക്കുമായി കൊണ്ടുവന്ന ‘വിപ്ലവകരമായ’ നയവ്യതിയാനങ്ങളും നിയമഭേദഗതികളും ചട്ടങ്ങളും സമഗ്രമായി പുനരവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകത ഹോര്‍ട്ടി വൈന്‍ ഇടപാടിലൂടെ കൂടുതല്‍ വ്യക്തമാവുകയാണ്.സംസ്ഥാനത്ത് ചില സീസണില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴവര്‍ഗങ്ങള്‍ വിപണി ലഭിക്കാതെ കേടുവന്ന് നശിച്ചുപോകുന്ന സാഹചര്യമാണ് കാര്‍ഷികോത്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നമായ ഹോര്‍ട്ടി വൈന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള കാരണമായി ഇടതുസര്‍ക്കാര്‍ എടുത്തുകാട്ടിയത്. പ്രതിവര്‍ഷം 10,000 ടണ്‍ കശുമാങ്ങ സംസ്ഥാനത്ത് വെറുതെ നശിച്ചുപോകുന്നുവെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചത്. കശുമാങ്ങ, പൈനാപ്പിള്‍, പാളയംകോടന് പഴം, മാങ്ങ എന്നിവയില്‍ നിന്ന് 12.4% മുതല്‍ 14.5% വരെ ആല്‍ക്കഹോള്‍ അടങ്ങുന്ന ഹോര്‍ട്ടി വൈന്‍ ‘നിള’ എന്ന ബ്രാന്‍ഡില്‍ ഉത്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റ് പദ്ധതി തയാറാക്കിയിരുന്നു. ചക്ക, തേങ്ങാവെള്ളം, ജാതിക്കാത്തൊണ്ട്, ഞാവല്‍പ്പഴം (ജാമുന്) എന്നിവയില്‍ നിന്ന് ഫെര്‍മെന്റേഷനിലൂടെ വൈന്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും അവര്‍ വികസിപ്പിച്ചിട്ടുണ്ട്.സ്പിരിറ്റ് ഉപയോഗിക്കാതെ, പഴങ്ങളുടെ സ്വാഭാവികമായ പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ ഹോര്‍ട്ടി വൈന്‍ നിര്‍മിക്കുന്നതിന് സംസ്ഥാനത്ത് നാലു യൂണിറ്റുകള്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്നാണ് വിവരം. കാസര്‍കോട്ട് മലയോരഗ്രാമമായ ഭീമനടിയില്‍ സെബാസ്റ്റിയന് പി. അഗസ്റ്റിന് എന്ന കര്ഷകന് തന്റെ 15 ഏക്കര്‍ കൃഷിയിടത്തില്‍ കരിക്ക് വൈന്‍ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് 2007ല്‍ അതിന് പേറ്റന്റ് എടുത്തതാണ്. 2024ല്‍ അതിന് ലൈസന്‍സും കിട്ടി. കരിക്കിനു പുറമെ ചക്ക, മാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിങ്ങനെ 25 ശതമാനത്തോളം മറ്റു പഴവര്‍ഗങ്ങളും ചേര്‍ത്താണ് ഈ ഹോര്‍ട്ടി വൈന്‍ നിര്‍മാണം. ആയിരം ഇളംതേങ്ങയില് നിന്ന് 250 ലിറ്റര്‍ വൈന്‍ നിര്‍മിക്കാനാകും. 12.5 മുതല്‍ 15 ശതമാനം വരെ വീര്യമുള്ള ഹോര്‍ട്ടി വൈന്‍ ഉത്പാദിപ്പിക്കാന്‍ 28 ദിവസത്തെ ഫെര്മെന്റേഷന് വേണം.ഭക്ഷ്യധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്നതിന് ചെറുകിട വൈനറി റൂള്‍സ് 2022 ഒക് ടോബറില്‍ പിണറായി സര്‍ക്കാര്‍ പാസാക്കിയതാണ്. 2024 ജനുവരിയില്‍ ഇതു സംബന്ധിച്ച് വിദേശമദ്യ ചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, ഷോപ്പിങ് മാള്‍, 100 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള ബേക്കറികള്‍ എന്നിവിടങ്ങളില്‍ ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് അനുമതി നല്‍കാനായിരുന്നു തീരുമാനം. 2025 സെപ്റ്റംബറില്‍, ബേക്കറികളുടെ സ്ഥലവിസ്തീര്‍ണം 10 ചതുരശ്ര മീറ്ററായി (107.639 ചതുരശ്ര അടി) കുറച്ചുകൊണ്ട് ചട്ടം ഭേദഗതി ചെയ്തതിലൂടെ നാട്ടിലെ ഒട്ടുമിക്ക ബേക്കറികള്‍ക്കും 15.5% വീര്യമുള്ള വൈന്‍ വില്പനയ്ക്ക് അര്‍ഹത ഉറപ്പായി. 10,000 രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീ. ലൈസന്‍സ് എടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് വില്പനയുടെ 20% കമ്മിഷന് ലഭിക്കുമെന്നാണ് വ്യവസ്ഥ. ഇന്ത്യന്‍ നിര്‍മിത വൈനിന് സമാനമായി 86 ശതമാനം നികുതി ഹോര്‍ട്ടി വൈനിനും ചുമത്താനുള്ള നികുതിഘടനയുടെ ബില്ല് 2025 ഒക് ടോബറില്‍ ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തിനിടെയാണ് സംസ്ഥാന നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ചതും ചര്‍ച്ച കൂടാതെ പാസാക്കിയതും. സഹകരണ സംഘങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ ആല്‍ക്കഹോള്‍ ഉള്ള ഹോര്‍ട്ടി മദ്യം നിര്‍മിക്കാനും വില്‍ക്കാനും ഇടതുമുന്നണി ഗവണ്മെന്റ് അനുമതി നല്‍കിയിരുന്നു. കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത വിപണിയോടോ ഹോര്‍ട്ടി വൈന്‍ എന്ന ഉത്പന്നത്തോടോ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല, എന്നാല്‍ വീര്യം കൂടിയ വൈന്‍ ബേക്കറികളിലൂടെ സുലഭമാക്കുന്നതാണ് പ്രശ്നമെന്ന് എക്സൈസ് മന്ത്രി എം. ലിജു പറയുന്നു. ബെവ്കോ മദ്യവില്പനശാലകളിലൂടെ ഇത് വില്‍ക്കാവുന്നതാണ്. വാഴപ്പഴം, ഈന്തപ്പഴം, പൈനാപ്പിള്‍ എന്നിവയില്‍ നിന്നുള്ള ഹോര്‍ട്ടി വൈന്‍ ആണ് ബെവ്കോ വില്‍ക്കുന്നത്. ബനാന, പൈനാപ്പിള്‍ ഹോര്‍ട്ടി വൈനിന് 750 എംഎലിന് 580 രൂപയാണ് വില. ഇതില്‍ 258 രൂപ നികുതിയാണ്. ഈന്തപ്പഴം ഹോര്‍ട്ടി വൈനിന് വില 690 രൂപയാണ്.കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സാധാരണക്കാര്‍ പതിവായി എത്തുന്ന ബേക്കറികളില്‍ ആകര്‍ഷകമായ ഫ്രൂട്ട് ഫ്ളേവറുകളില്‍ ആല്‍ക്കഹോള്‍ അളവ് കൂടിയ വൈന്‍ വില്പനയ്ക്കു വയ്ക്കുന്നത് മദ്യവ്യാപനത്തിന്റെ സാധ്യതകള്‍ വികസിപ്പിക്കാനുള്ള ആസൂത്രിതമായ വിപണനതന്ത്രം തന്നെയാണ്. 23 വയസ് തികയാത്തവര്‍ക്ക് ഹോര്‍ട്ടി വൈന്‍ വില്‍ക്കുകയില്ലെന്നും പൊതുഅവധി ദിനങ്ങളില്‍ വില്പന നടത്തുകയില്ലെന്നും സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങിയാണ് പെര്‍മിറ്റും കെജിഎസ്ടിയും അനുവദിച്ചതെന്ന് മേലഡൂരിലെ ബേക്കറി ഉടമ വെളിപ്പെടുത്തി. ബേക്കറിയില്‍ ഇരുന്ന് ഹോര്‍ട്ടി വൈന്‍ കഴിക്കാന്‍ അനുമതിയില്ല.ഇടതുമുന്നണി ഭരണത്തില്‍ പാസാക്കിയ വിദേശമദ്യ ചട്ട ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് കേരളത്തിലെ ഒരു ബേക്കറിക്ക് ലൈസന്‍സ് ലഭിച്ചത് സതീശന് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ, കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് എന്നതാണ് ശ്രദ്ധേയം. പുതിയ എക്സൈസ് കമ്മിഷണര്‍ സ്ഥാനമേറ്റ് രണ്ടാം ദിവസമാണ് അബ്കാരി വിഭാഗത്തിന്റെ ഡപ്യൂട്ടി കമ്മിഷണര്‍ ഹോര്‍ട്ടി വൈന്‍ ലൈസന്‍സ് ഫയല്‍ തന്ത്രപൂര്‍വം നീക്കിയതത്രെ. ഒറ്റനോട്ടത്തില്‍, സാങ്കേതികമായി ചട്ടലംഘനമെന്നു പറയാനാവില്ല. എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുന്ന പരിഷ്കാരമാണ് ബേക്കറികള്‍ വഴിയുള്ള മദ്യവിപണനം.ബാറുകളുടെയും മദ്യവില്പനശാലകളുടെയും എണ്ണം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനുള്ള ധീരമായ തീരുമാനത്തില്‍ ഉറച്ചുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അപഖ്യാതിയുടെയും വ്യാജപ്രചാരണങ്ങളുടെയും കുടിലതന്ത്രങ്ങളും കലാപസമാനമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങിയ ഇടതുമുന്നണി 2016ല്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 28ല്‍ നിന്ന് 880 ആയി പെരുകി. സംസ്ഥാനത്ത് ടൂറിസം മേഖലകളായി വിജ്ഞാപനം ചെയ്ത പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും 74 ഡെസ്റ്റിനേഷനുകളില്‍ ടൂറിസ്റ്റുകള്‍ക്കായി വൈനും ബിയറും ഉള്‍പ്പെടെയുള്ള വിദേശമദ്യം പാതിരാത്രി വരെ ലഭ്യമാക്കുന്നതിന് പുതിയ ബാറുകള്‍ അനുവദിച്ചു. പിണറായിയുടെ തുടര്‍ഭരണത്തിന്റെ അന്ത്യഘട്ടത്തില്‍, സംസ്ഥാനത്തെ എല്ലാ ബാറുകളും ബിയര്‍ പാര്‍ലറുകളും രാവിലെ 10 മുതല്‍ അര്‍ധരാത്രി വരെ തുറന്നുപ്രവര്‍ത്തിക്കുന്നതിന് അനുവദിച്ചു. 5 സ്റ്റാര്‍ ക്ലാസിഫിക്കേനും അതിനു മുകളിലുമുള്ള ഹോട്ടലുകളിലെ എഫ്എല്‍3 ലൈസന്‍സുള്ള ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്നു വരെ തുറന്നിരിക്കാനും വകുപ്പുണ്ടായി – ഇതിന് വര്‍ഷത്തില്‍ അഞ്ചു ലക്ഷം രൂപ അടച്ചാല്‍ മതി! മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സസ്, എക്സിബിഷന്‍സ് (മൈസ്) ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡിങ് എന്നിവയെ മുന്‍നിര്‍ത്തിയായിരുന്നു ഇത്രകണ്ട് ഇളവുകള്‍.മുഖ്യമന്ത്രി സതീശന് കഴിഞ്ഞ ജൂണില്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് നിര്‍ദേശങ്ങളില്‍, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഏതാണ്ട് പകുതിയായി കുറയ്ക്കുമെന്ന പ്രഖ്യാപനം ക്രൈസ്തവ സഭകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും മാത്രമല്ല, ഒട്ടും പ്രതീക്ഷിക്കാത്ത തോതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഭരണമുന്നണിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടവരുത്തുകയുണ്ടായി. കേരളത്തില്‍ വില്‍ക്കുന്ന വിസ്കി, ബ്രാണ്ടി, റം, വൊഡ്ക തുടങ്ങിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തില്‍ ആല്‍ക്കഹോളിന്റെ അളവ് സാധാരണ നിലയില്‍ 42.8% എബിവിയും (ആല്‍ക്കഹോള്‍ ബൈ വോള്യം) ശരാശരി നികുതി നിരക്ക് 252 ശതമാനവുമാണ്. അര ശതമാനം മുതല്‍ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 175 ശതമാനവും നികുതി സ്ലാബ് ആണ് സതീശന് നിശ്ചയിച്ചത്. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ള മദ്യവില്പന എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2022-2023 മദ്യനയത്തില്‍ അംഗീകരിച്ചിരുന്നതാണ്. അതില്‍ നികുതി ഘടനയുടെ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല.ആല്കോപോപ്സ്, കൂളേഴ്സ് എന്നും മറ്റും അറിയപ്പെടുന്ന വീര്യം കുറഞ്ഞ ലഹരിപാനീയങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെ കുറഞ്ഞ നിരക്കില്‍ അവ സംസ്ഥാനത്ത് ലഭ്യമാകുമെന്നും യുവജനങ്ങളും സാധാരണക്കാരും വലിയ തോതില്‍ ഇത്തരം പാനീയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഇടയുണ്ടെന്നും മദ്യപാനശീലത്തിലേക്കുള്ള ആദ്യചുവടുവയ്പായി ഇതു മാറുമെന്നുമാണ് പരക്കെയുള്ള ആശങ്ക. നാലു ശതമാനം മുതല്‍ 4.8% വരെ എഥില്‍ ആല്‍ക്കഹോള്‍ അടങ്ങുന്ന ബക്കാര്‍ഡി പ്ലസ് ഓറഞ്ച്, ക്രാന്‍ബറി എന്നിവ 275 എംഎല് കുപ്പിക്ക് ബെംഗളൂരുവില്‍ 115 രൂപയാണ് വില. ബക്കാര്‍ഡി ബ്രീസര്‍ ജമെയ്ക്കന്‍ പാഷന്, ഓറഞ്ച്, ബ്ലാക്ബെറി, ക്രാന്‍ബെറി എന്നിവയ്ക്ക് 130 രൂപയാകും. ബക്കാര്‍ഡി പ്രീമിയം ലെമണേഡിന് 185 രൂപയും. ബക്കാര്‍ഡി പ്ലസില്‍ 8 ശതമാനം ആല്‍ക്കഹോളുണ്ട്. കര്‍ണാടകയിലെ വന്‍കിട മദ്യകമ്പനികള്‍ക്കു വേണ്ടിയാണ് മുഖ്യമന്ത്രി സതീശന് നികുതി ഇളവ് പ്രഖ്യാപിക്കുന്നതെന്ന ആരോപണം പ്രതിപക്ഷ നേതാവ് പിണറായി വിജയനും അദ്ദേഹത്തിന്റെ കീഴില്‍ എക്സൈസ് മന്ത്രിമാരായിരുന്ന എം.വി. ഗോവിന്ദനും എം.ബി രാജേഷും ഉന്നയിച്ചിരുന്നു. ബക്കാര്‍ഡി ഇന്ത്യ കമ്പനിയുമായി ഇക്കൂട്ടര്‍ പലവട്ടം വിലപേശല്‍ നടത്തിയിരുന്നു എന്ന് അവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിഘടന നിര്‍ണയിക്കുക മാത്രമാണ് ചെയ്യുന്നത്, ഈ പ്രത്യേക ഇനത്തിന്റെ വില്പനയ്ക്ക് അനുമതി നല്കുന്നു എന്ന് ഇതിന് അര്‍ഥമില്ല എന്നും മറ്റും മുഖ്യമന്ത്രി ന്യായവാദം നിരത്തുകയുണ്ടായി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കൂ എന്ന് എക്സൈസ് മന്ത്രി സാക്ഷ്യപ്പെടുത്തുന്നു. ഭരണമുന്നണിയില്‍ നിന്നുതന്നെ ഇത്രത്തോളം എതിര്‍പ്പുണ്ടായിട്ടും ധനകാര്യ ബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി സ്ലാബ് അതേപടി മുഖ്യമന്ത്രി ഉള്‍പ്പെടുത്തുകയും അത് നിയമസഭ പാസാക്കുകയും ചെയ്തുവെന്ന് ഓര്‍ക്കുക.വീര്യംകൂടിയ മദ്യത്തോടുള്ള മലയാളികളുടെ ആഭിമുഖ്യത്തില്‍ മാറ്റം വരുത്തുന്നതിന്, വീര്യം കുറഞ്ഞതും ആരോഗ്യത്തിന് അത്രകണ്ട് ഹാനികരമല്ലാത്തതുമായ ലഹരിപാനീയങ്ങള്‍ സഹായകമാകുമെന്നും ഒരു വാദമുണ്ട്.ലഹരി മാഫിയകള്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഓപ്പറേഷന് തൂഫാന്: ദ് നാര്‍ക്കോ ഹണ്ട്’ കേരളത്തിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയതെങ്ങനെയെന്ന് നാം കണ്ടതാണ്. ഇതിനിടെ വീര്യം കുറഞ്ഞ മദ്യവും ഹോര്‍ട്ടി വൈനും പെട്ടിക്കടകളില്‍ വരെ സുലഭമാകുന്ന അവസ്ഥ കേരളത്തിലുണ്ടായാല്‍ അതില്പരം ദുരന്തവൈരുധ്യം എന്താകും!നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍, അമിതവേഗത്തില്‍ പറന്ന മിനി കൂപ്പര്‍ കാര്‍, സ്കൂട്ടറിനു പിന്നില്‍ ഇടിച്ച് രണ്ട് യുവതികളും ഒരു യുവാവും മരിക്കാന്‍ ഇടയായ അപകടത്തില്‍, കാര്‍ ഓടിച്ചിരുന്ന പത്തൊമ്പതുകാരനും കൂട്ടുകാരും രാത്രി 9.30നും 1.30നും ഇടയില്‍ മൂന്നു ബാറുകളില്‍ കയറി മദ്യപിച്ചിരുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നടുക്കവും രോഷവും മദ്യനയരൂപീകരണത്തില് ഏതെങ്കിലും തരത്തില്‍ പ്രതിഫലിക്കുമോ?
Trending
- ‘ആള്‍ക്കൂട്ടം കൊല്ലുന്ന, ആള്‍ക്കൂട്ടത്തെ കൊല്ലുന്ന, മരണങ്ങള് കണ്ടുനില്ക്കുന്ന ദൈവമക്കളും…!’
- ഹോര്‍ട്ടി വൈനില്‍ ചീര്ക്കുന്നതാര്?
- വിവാഹവും കുടുംബവും സംരക്ഷിക്കേണ്ടത് ഇന്നത്തെ ലോകത്തിന്റെ അടിയന്തര ഉത്തരവാദിത്വം: ലെയോ പതിനാലാമൻ പാപ്പ
- പാലിയേറ്റീവ് പരിചരണ ഗവേഷണത്തിന് മലയാളി വൈദികന് സ്വർണമെഡൽ
- ലെയോ പതിനാലാമൻ പാപ്പായ്ക്ക് തുടർ ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർമാർ
- തൂയ്യം ഫെറോന ബൈബിൾ കലോത്സവം നടത്തി
- കെസിബിസി വിമൻസ് കമ്മീഷൻ ദ്വിദിന നേതൃത്വ പരിശീലന സംഗമം സംഘടിപ്പിച്ചു
- സമുദായ വളർച്ചയുടെ ആഗോള ചാലകശക്തി കത്തോലിക്ക കോൺഗ്രസ്: ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

