ലൂയിസ് തണ്ണിക്കോട്ട്
ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളത്തെ ലോകം അഭിമാനപൂര്‍വം വിശേഷിപ്പിക്കാറുള്ളത്. മതവും ജാതിയും വംശവും പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി, എല്ലാവര്ക്കും മനഃസമാധാനത്തോടെ ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമായാണ് കേരളം തിളങ്ങി നില്‍ക്കുന്നത്. ഈ കേരളത്തിലാണ് പാലക്കാട് ചിറ്റൂര്‍ മീനാക്ഷിപുരത്ത് മാനസികാസ്വാസ്ഥ്യത്താല് അലഞ്ഞുതിരിഞ്ഞു നടന്ന ഒരു നാല്പതു വയസ്സുകാരന് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 60 ഓളം മുറിവുകളുമായി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. രാത്രിയില്‍ നെടുമ്പാറ ടൗണില്‍ യുവാവിനെ കണ്ട സംഘം ഓലമടല് കൊണ്ട് അടിച്ചോടിച്ച് വസ്ത്രം ബലമായി അഴിപ്പിച്ചു. അര കിലോമീറ്ററോളം ജീവനും കൊണ്ടോടിയ ആ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പിടികൂടുകയും മദ്യപിച്ചിരുന്ന പ്രതികള്‍ മരത്തിന്റെ കൊമ്പാടിച്ച് അടിമുടി അടിക്കുകയും ചെയ്തു. കുടിക്കാന്‍ വെള്ളം ചോദിച്ച യുവാവിന് കള്ള് കൊടുക്കുക മാത്രമല്ല, ജനനേന്ദ്രിയത്തിലും അടിച്ചു പരിക്കേല്‍പ്പിച്ചു. പിറ്റേന്ന് ഡാം പരിസരത്ത് യുവാവ് മരിച്ചു കിടന്നതാണ് കണ്ടത്. ഏഴു പേരേ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രബുദ്ധ കേരളത്തില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മറ്റൊരു രക്തസാക്ഷി.കേരളീയരായ നാം അവകാശപ്പെടുന്ന സംസ്കാരത്തിന്റെയും മാനവികതയുടെയും തലപ്പൊക്കം വെറും വീമ്പ് പറച്ചില് ആണെന്ന് ചൂണ്ടി പറയാന്‍ ആള്‍ക്കൂട്ട ക്രൂരതയാല്‍ കൊല്ലപ്പെട്ട ഒരാള്‍ കൂടി ഉണ്ടായിരിക്കുന്നു. കൊല്ലപ്പെട്ടവരുടെ പേര് മാത്രമേ മാറുന്നുള്ളൂ. 2018 ഫെബ്രുവരി 22ന് വിശപ്പിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഒരു പിടി അന്നമെടുത്തതിന് കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവിന് മധുവെന്നും, പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ പോക്കറ്റടി ആരോപിച്ച് അടിച്ചു കൊന്ന യുവാവിനെ രഘുവെന്നും, മോഷ്ടാവെന്ന് സംശയിച്ചു കൊലപ്പെടുത്തിയ വാളയാര്‍ അട്ടപ്പളത്ത് ഛത്തിസ്ഗഡുകാരനായ തൊഴിലാളിയെ രാംനാരായണനെന്നും, പ്രസവിച്ചു കിടന്ന ഭാര്യയെയും കടിഞ്ഞൂല്‍ കണ്മണിയെയും കാണാന്‍ വയനാട് കല്‍പ്പറ്റ പാറവയില് കോളനിയില്‍ നിന്ന്, കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ എത്തി, മോഷ്ടാവെന്നു മുദ്രകുത്തപ്പെട്ട്, മര്‍ദ്ദിച്ച് അവശനാക്കി ഒടുവില്‍, ഒരു മരക്കൊമ്പില്‍ തൂങ്ങിയാടിയ വ്യക്തിയെ വിശ്വനാഥനെന്നും, കൊണ്ടോട്ടിയില്‍ കിഴിശ്ശേരിയില്‍ മോഷണക്കുറ്റമാരോപിച്ച് മണിക്കൂറുകളോളം കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശിയ്ക്ക് രാജേഷ് മാഞ്ചിയ എന്നും പേര്. പേരുകള്‍ മാറിമാറി വരുന്നു എന്നു മാത്രം. ആള്‍ക്കൂട്ട ക്രൂരതയ്ക്ക് ഒരേ സ്വഭാവം തന്നെ. മുകളിലെടുത്തെഴുതിയ പേരുകള്‍ക്കെല്ലാം ഒരുപോലെ സാമ്യതയുണ്ട്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും ദരിദ്രവുമായ പശ്ചാത്തലങ്ങളില്‍ നിന്നുള്ള മനുഷ്യരാണ് കൊല്ലപ്പെട്ടവരെല്ലാം. അവര്‍ വിശക്കുന്നവരാണ്, തലചായ്ക്കാന്‍ ഇടമില്ലാത്തവരാണ്, ആദിവാസിയോ ദളിതനോ ആണ്, സംസാരശേഷി ഇല്ലാത്തവരാണ്, മാനസികാസ്വാസ്ഥ്യം ഉള്ളവരാണ്, ചോദിക്കാന്‍ ആളും അര്‍ത്ഥവും അധികാരവും ഇല്ലാത്തവരാണ്, അതുകൊണ്ട് പറഞ്ഞു വന്ന കാരണങ്ങള്‍ കൊണ്ട് ഇവരെല്ലാം കൊല്ലപ്പെടേണ്ടവരെന്നാകാം പ്രബുദ്ധ കേരളം സാക്ഷ്യപ്പെടുത്തുന്നത്!ആള്‍ക്കൂട്ട ക്രൂരതയുടെ കൊലപാതകങ്ങള്‍, പരിഷ്കൃത സമൂഹമെന്ന നിലയില്‍ പ്രബുദ്ധ കേരളത്തിന് നാണക്കേട് തന്നെയാണ്. ഇത്തരത്തില്‍പ്പെട്ട അക്രമണങ്ങള്‍ക്ക് മുതിരാന്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് ധൈര്യമുണ്ടാകുക എന്നതില്‍ സംസ്കാരിക കേരളം ലജ്ജിച്ചു തലതാഴ്ത്തണം….! പുരോഗമനപരവും ആരോഗ്യകരവുമായ സാമൂഹിക സാഹചര്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമായി നാം എന്നും കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍ മാനവികതയുടെ മൂല്യമറിയാത്തവര്‍ സമൂഹത്തില്‍ ഇപ്പോഴും ഉണ്ടെന്ന് നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ആള്‍ക്കൂട്ടത്തിന്റെ ഇത്തരം അനീതി നിറഞ്ഞ അധമവാഴ്ചകള്.ഈ പ്രാകൃതത്വത്തിന്റെ വേര് മുറിച്ചു മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. ആള്‍ക്കൂട്ടം നല്കുന്ന അമിതാധികാരബോധത്തിന്റെ ബലത്തില്‍ പിടിക്കപ്പെടില്ലെന്ന ധാരണയില്‍ ഇനിയും ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചു കൂടാ. ഒപ്പം, ആള്‍ക്കൂട്ട ആക്രമണത്തില്‍ അടിക്കാനായി കൈയുയര്‍ത്തുന്നവര്‍ മാത്രമല്ല, അത് കണ്ടു നില്‍ക്കുന്നവരും, ആ കാഴ്ച കണ്ടില്ലെന്ന് നടിക്കുന്നവരും എല്ലാം ആ കൃത്യത്തിന് കൂട്ടുത്തരവാദികള്‍ തന്നെയെന്ന ബോധ്യവും നമുക്കുണ്ടാവണം.എസ് ഐ ആറിന്റെ പേരിലെ കൂട്ട ഒഴിവാക്കല്ഒരു വശത്ത് ആള്‍ക്കൂട്ടമായി രൂപപ്പെട്ട കൂട്ടം, വ്യക്തികളെ അകാരണമായി കൊല ചെയ്യുമ്പോള്‍, മറുവശത്ത് ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ രൂപപ്പെട്ട വ്യക്തികള്‍ ആള്‍ക്കൂട്ടത്തെ കൊല ചെയ്യുന്നതും നമ്മുടെ നാട്ടില്‍ തന്നെ. പറഞ്ഞുവന്നത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ഇന്ത്യയിലെ എസ് ഐ ആര് പരിഷ്കരണത്തെ കുറിച്ചാണ് . ഈ, എസ് ഐ ആര് പരിഷ്കരണം മൂലം ഏതാണ്ട് 13 കോടിയിലധികം മനുഷ്യര്‍ക്കാണ് തങ്ങളുടെ രാജകീയ അവകാശമായ വോട്ട് നഷ്ടമായിരിക്കുന്നത്. 13 കോടിയില്‍ 2.8 കോടി മരിച്ചവരും 6.3 കോടി വീട് മാറിയവരും മൂന്നു കോടി സ്ഥലത്തില്ലാത്തവരും ആണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ അടിസ്ഥാനമാക്കി ബിജെപി വിശദീകരിക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ പ്രത്യക്ഷത്തില്‍ അസത്യം ആണെന്ന് തെളിയിക്കുന്ന കാരണങ്ങളാണ് രാഹുല്‍ഗാന്ധിയും സിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൂട്ടായ്മ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. സ്ഥലത്തില്ലാത്തവരില് രാജ്യത്തിന് പുറത്തുള്ളവരെ ഒഴിവാക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇന്ത്യക്ക് അകത്ത് താമസം മാറ്റിയവരെ പുതിയ മേല്‍വിലാസത്തില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക തന്നെ വേണ്ടേ ?നിഷ്പക്ഷമായി നിലകൊള്ളേണ്ട ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയും സ്ഥാപനവും അതിന്റെ തലപ്പത്തിരിക്കുന്നവരും കൃത്യമായി ഒരു പക്ഷത്തേക്ക് ചായുന്നു എന്ന ബോധ്യവും എസ് ഐ ആര് വിഷയത്തില്‍ കൂടുതല്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
2023 ലെ സുപ്രീംകോടതി വിധിപ്രകാരം, പ്രധാനമന്ത്രി – സുപ്രീം കോടതി ചീഫ് ജസ്റ്റിസ് – പ്രതിപക്ഷ നേതാവ് – എന്നിവരുടെ പാനലാണ് ഇലക്ഷന് കമ്മീഷനെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഈ പാനലില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കികൊണ്ട് പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തി.
പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന മറ്റൊരു മന്ത്രിക്ക് പാനലില്‍ ഇടം കൊടുത്തു.(ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.) തത്വത്തില്‍ മുന്നംഗ പാനലില്‍ ഭരണകക്ഷിക്ക് മുന്‍തൂക്കം ലഭിക്കുകയും പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം അപ്രസക്തമാവുകയും, ആരെ കമ്മീഷന് അംഗങ്ങളാക്കണമെന്ന് ഭരണകക്ഷിക്ക് തീരുമാനിക്കാന്‍ കഴിയുന്ന സ്ഥിതിയും സംജാതമായി. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് പത്തു മാസത്തിനുള്ളില്‍ പതിനാലു തവണ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ എസ് ഐ ആര് വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി എന്ന വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ് പത്രം പുറത്തുവിടുന്നത്. അതിനോടൊപ്പം 13 കോടി മനുഷ്യര്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയവും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടും എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ …… ജന്തര്‍ മന്ദിറില്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷന് ഗ്യാനേഷ് കുമാറിന്റെ രാജിക്കായ്, രാഷ്ട്രീയപാര്‍ട്ടികളും സിജെപി യുവതകളും കുതിച്ചൊഴുകി. ഈ കുറിപ്പെഴുതുമ്പോള്‍ ‘ജന്തര്‍ മന്ദിറിലെ സമര ഭൂമിക്ക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ‘ സിജെപി നേതാക്കള്‍ ജയിലിലും സമരമുഖത്തും ആണ്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നവംബര്‍ രണ്ടാം തിയതിക്കായി കാത്തിരിക്കുന്നു.ഈ സന്ദര്‍ഭത്തില്‍ നാം ചേര്‍ത്തുവച്ച് വായിക്കേണ്ടത് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വാക്കുകള്‍ തന്നെയാവണം. ‘രാജ്യത്തെ തെരഞ്ഞെടുപ്പ് എന്നത് വെറും ഒരു ചടങ്ങ് അല്ല, മറിച്ച് അത് ജനങ്ങളുടെ പരമാധികാരം രേഖപ്പെടുത്തുന്ന പവിത്രമായ ഒരു പ്രക്രിയയാണ്.
തെരഞ്ഞെടുപ്പും വോട്ടവകാശവും കേവലം ഒരു രാഷ്ട്രീയ നാടകവും അല്ല ‘ അതുകൊണ്ടുതന്നെ വോട്ടര്‍പട്ടികയിലെ ഓരോ പൗരന്റെയും പേര് അവന്റെ അവകാശമാണ്. ആ പേര് നീതീകരണമില്ലാതെ വെട്ടി മാറ്റുക എന്നത് ഭരണകൂടം നടത്തുന്ന കടുത്ത അധാര്‍മികതയാണ്. അവിടെ വ്യക്തിയുടെ ജീവനെടുക്കുന്ന മരണത്തേക്കാള്‍ ആപല്കരമായ ഒന്ന്, അത് ഓരോ പൗരന്റെയും പൗരത്വത്തിന് ഏല്ക്കുന്ന അപമൃത്യുവാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്നുള്ള പുറത്താക്കലും ഒരുതരത്തില്‍ പൗരന്റെ മരണം തന്നെ.ഉപജീവനത്തിനായി നാടുവിടുന്ന ഇന്ത്യന്‍ തൊഴിലാളികളെ സംബന്ധിച്ച്, അവര്‍ ഈ രാജ്യത്ത് പരിഗണിക്കപ്പെടുന്ന ഒരു പൗരനാണ് എന്ന് തെളിയിക്കാന്‍ ഭരണകൂടം നല്‍കിയിട്ടുള്ള ഒരു ഒരു രേഖ പലപ്പോഴും അവരുടെ വോട്ടര്‍ കാര്‍ഡാണ്. സംസ്ഥാനങ്ങള്‍ക്ക് അപ്പുറം ഉപജീവന തൊഴിലില്‍ ഏര്‍പ്പെട്ട കുടിയേറ്റ തൊഴിലാളിയുടെ പേര്, സ്ഥലംമാറിയവര്‍ എന്ന പേരില്‍ വെട്ടി മാറ്റപ്പെടുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് ഒരു വോട്ട് മാത്രമല്ല ഒരു ജീവിതവും സ്വത്വവും തന്നെയാണ്. ഇങ്ങനെ വെട്ടി മാറ്റപ്പെട്ടവര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു എന്നത് ഡല്‍ഹിയിലെ ചേരികളും ബംഗാളും ഉദാഹരണങ്ങളില്‍ ചിലതുമാത്രം. അതുകൊണ്ടാണ് ‘വോട്ട് മോഷണം’ എന്നത് ഒരു പ്രയോഗം എന്നതിനപ്പുറം മനുഷ്യത്വത്തിന്റെ കണിക ഇല്ലാത്ത ഒരു രാഷ്ട്രീയ പ്രശ്നമായി മാറുന്നത്.ഈ സാഹചര്യത്തിലാണ് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനു ശേഷം എസ് ഐ ആറില്‍ ഉയര്‍ന്നുവരുന്ന പല സംശയങ്ങളും ജനാധിപത്യത്തിന്റെ മരണത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉളവാക്കുന്നത്. അര്‍ഹതയുള്ള ഒരു പൗരന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുമ്പോള്‍, പുറത്താക്കപ്പെടുന്ന വ്യക്തിയുടെ പൗരത്വത്തിന്റെ മരണം സംഭവിക്കുന്നു.തങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ പുറത്താക്കണം എന്ന അപര വിദ്വേഷ ചിന്തയുള്ളവര്‍, തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ കാവല്‍ക്കാരാകുന്നു എന്നതും എസ് ഐ ആര് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.പറഞ്ഞവസാനിപ്പിക്കുന്നത്, ആള്‍ക്കൂട്ട കൊലയില്‍ മുഴുവനായും, എസ് ഐ ആറില്‍ ബഹുഭൂരിപക്ഷവും ‘രക്തസാക്ഷികള്‍’ ആകുന്നത് സമൂഹത്തിലെ പാര്ശ്വവല്ക്കരിക്കപ്പെട്ടവരും ശബ്ദമില്ലാത്തവരും അടിച്ചമര്‍ത്തപ്പെട്ടവരുമാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നമ്മുടെ പ്രതിഷേധസ്വരം പലപ്പോഴും നേര്‍ത്തതു തന്നെയാണ്.
എന്നാല്‍ എസ് ഐ ആറിന്റെ ഇരകള്‍ക്കു വേണ്ടിയാണ് ഡല്‍ഹിയിലെ ‘വോട്ട് ചോരി സമരം. ‘ചിന്തനീയമായത്, ആള്‍ക്കൂട്ട കൊലപാതകങ്ങളായാലും, പ്രത്യേകമായി ഡല്‍ഹി സമരത്തില്‍ ആയാലും, റീത്തുകള്‍ക്ക് അതീതമായിട്ടെങ്കിലും ഇന്ത്യയിലെ ക്രൈസ്തവരുടെ പങ്കാളിത്തം എസ്ഐആര്‍ പ്രതിഷേധത്തില്‍ തീരെ കാണുന്നില്ല.200 ഓളം എംപിമാരും 20- ഓളം പാര്‍ട്ടികളും, -യുവത നയിക്കുന്ന സിജെപിയും’ ഗ്യാനേഷ്കുമാര്‍ രാജിവെക്കണം ‘ എന്ന സമര ചരടില്‍ ഒത്തുചേരുമ്പോഴാണ് ഈ ശൂന്യത. കേരളത്തിലും കേന്ദ്രത്തിലും ചില പത്രപ്രസ്താവനകള്‍ ഒഴിച്ച് എസ് ഐ ആര് സമരഭൂവില്‍ ക്രൈസ്തവ ശിഷ്യരുടെ പങ്കാളിത്തം ഇല്ല തന്നെ.സത്യത്തില്‍ എസ് ഐ ആര് പരിഷ്കരണം കുറ്റമറ്റ രീതിയില്‍ രാജ്യത്ത് നടക്കേണ്ടത് തന്നെയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിട്ട് ഒട്ടും സുതാര്യതയും നീതിയും ഇല്ലാതെ നടത്തിയ ഈ ക്രമീകരണം എതിര്‍ക്കപ്പെടേണ്ടത് തന്നെ. അങ്ങനെ വരുമ്പോള്‍ നീതിക്കുവേണ്ടിയുള്ള എസ് ഐ ആര് സമരത്തില്‍ നിന്നും ക്രിസ്തു ശിഷ്യര്‍ക്ക് മാറിനില്ക്കാന് കഴിയുമോ?സാക്ഷാല്‍ യേശുതമ്പുരാന്‍ ഈ ഭൂമിയിലേക്ക് വന്നത് തന്നെ, ‘ ദരിദ്രരെ സുവിശേഷം അറിയിക്കാനും ….. ബന്ധിതക്ക് മോചനം നല്‍കാനും ….. അന്ധര്‍ക്ക് കാഴ്ച ഉണ്ടാകാനും …… അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നേടാനും …. കര്ത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാനുമായിരുന്നല്ലോ….'(ലൂക്ക:4-17/21) അങ്ങനെ വരുമ്പോള്‍ അനീതിക്കെതിരെ നീതിക്കുവേണ്ടിയുള്ള ഈ സമരഭൂമിയില്‍ ക്രിസ്തു ശിഷ്യരുടെ പങ്കാളിത്തം ഉണ്ടാവേണ്ടത് തന്നെയല്ലേ? കാരണം, വോട്ട് വെട്ടി മാറ്റുക എന്നാല്‍, ഒരു പൗരന്റെ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുക തന്നെയാണ്. അതുവഴി അവനെ ബന്ധിതനാക്കുന്ന ഒരുതരം അടിമത്വവും.അങ്ങനെ വരുമ്പോള്‍ ക്രിസ്തു ശിഷ്യര്‍ക്ക് നോക്കി നില്ക്കാനാവില്ലല്ലോ? ഗലീലിയനെ പോലെ ബന്ധിതര്‍ക്ക് മോചനത്തിനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യത്തിനായി പോരാടുക എന്നതും ഈ നാളുകളില്‍ ക്രിസ്തു ശിഷ്യരുടെ കടമ തന്നെയല്ലേ? അവിടെ ക്രിസ്തുവിനെപ്പോലെ നമ്മളും ചുറ്റി സഞ്ചരിക്കേണ്ടേ? പകരം പ്രസ്താവനകള്‍ മാത്രം മതിയാകുമോ. ഇല്ല ,കാരണം ‘അവനില്‍ വസിക്കുന്നു എന്നു പറയുന്നവന് അവന് നടന്ന അതേ വഴിയിലൂടെ തന്നെ നടക്കേണ്ടിയിരിക്കുന്നു. (1 യോഹ:2/6) സത്യത്തില്‍ ഡല്‍ഹിയിലെ അനീതിക്കെതിരെ, നീതീക്കായുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് , റീത്തുകള്‍ക്ക് അതീതമായ് സഭകളോ, സംഘടനകളെങ്കിലുമോ ഒരിക്കലെങ്കിലും തെരുവില്‍ ഇറങ്ങുക എന്നത് ഓരോ ക്രിസ്തു ശിഷ്യന്റെയും കടമ തന്നെയല്ലേ?
മറുമൊഴി :- ‘ഞാന്‍ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അല്ല. ഞാന്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആണ്. ഞാന്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ഭാഗവും അല്ല ‘ തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണകൂടത്തിനു കീഴിലുള്ള ഒരു ഏജന്‍സി അല്ലെന്നും, മലയാളികളുടെ എക്കാലത്തെയും അഭിമാനമായ മുന്‍മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, ടി .എന്‍ ശേഷന്റെ വാക്കുകള്‍.

