അഡിസ് അബാബ: എത്യോപ്യയിലെ ഒറോമിയ മേഖലയിൽ ക്രൈസ്തവർക്കുനേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ 60 ലേറെ പേർ കൊല്ലപ്പെട്ടതായി എത്യോപ്യൻ ഓർത്തഡോക്സ് സഭ അറിയിച്ചു. ഷിർക്ക ജില്ലയുടെ വിവിധ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധി വീടുകൾ കത്തിച്ചാമ്പലായി.
കൊല്ലപ്പെട്ടവരിൽ 75 വയസ്സുള്ള പിതാവും ഉൾപ്പെടുന്നുവെന്ന് ഒരു പ്രദേശവാസി ബിബിസിയോട് പറഞ്ഞു. നാലു ഭാഗത്തുനിന്നും അക്രമികൾ വളഞ്ഞെത്തിയതായും ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ കൂട്ടക്കൊലയെന്നാണ് സഭാ അധികൃതർ വിശേഷിപ്പിച്ചത്. സുരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ആക്രമണം തടയാനായില്ലെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി കുടുംബങ്ങൾ പ്രദേശത്തുനിന്ന് പലായനം ചെയ്തു. ആക്രമണത്തിനു പിന്നിൽ ഒറോമോ ലിബറേഷൻ ആർമി (ഒഎൽഎ) ഉൾപ്പെടുന്ന പുതുതായി രൂപീകരിച്ച വിമത സഖ്യമായ അലയൻസ് ഫോർ സർവൈവൽ ആണെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ ആരോപിച്ചു.
എന്നാൽ, ഒഎൽഎ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. സമാനമായ മുൻ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ സമീപകാലത്ത് വർധിച്ചുവരുന്നതായി എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ സഭയുടെ വിശുദ്ധ സിനഡ് പ്രസ്താവനയിൽ ആശങ്ക രേഖപ്പെടുത്തി. പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഇത്തരം അക്രമങ്ങൾ തകർക്കുന്നതായും അധികാരികൾക്ക് പലതവണ സുരക്ഷാ ആശങ്കകൾ അറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും സഭ ചൂണ്ടിക്കാട്ടി. 2026 ജൂലൈയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ നാലു വർഷത്തിനിടെ ഈ മേഖലയിൽ നടന്ന ആക്രമണങ്ങളിൽ 458 പേർ കൊല്ലപ്പെട്ടതായി എത്യോപ്യൻ മനുഷ്യാവകാശ കൗൺസിൽ അറിയിച്ചു. എത്യോപ്യൻ ഓർത്തഡോക്സ് സഭാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള മതപരമായ ആക്രമണങ്ങൾ ആവർത്തിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സിവിലിയന്മാർക്കും മതസ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് നേരത്തേ ആരോപിച്ചിരുന്നു. അതേസമയം, ഒറോമോ ജനതയുടെ അവകാശങ്ങൾക്കായി പോരാടുന്നതായി അവകാശപ്പെടുന്ന ഒഎൽഎ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

