അമ്മാൻ: ക്രൈസ്തവരുടെ ശവസംസ്കാരച്ചടങ്ങിനിടെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിലുണ്ടായ വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ സിറിയയിൽ വ്യോമാക്രമണം നടത്തി ജോർദാൻ. സിറിയയിലെ ഭീകരസംഘടനകളെയാണ് ലക്ഷ്യമിട്ടതെന്ന് ജോർദാൻ സൈന്യം അറിയിച്ചു.തെക്കൻ സിറിയയിലെ ദറാ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ തിങ്കളാഴ്ച നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും വയോധികനും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി സിറിയൻ അധികൃതർ അറിയിച്ചു.
എന്നാൽ, ആക്രമണത്തിൽ നിരവധി ഭീകരരെ വധിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി ജോർദാൻ അവകാശപ്പെട്ടു.കഴിഞ്ഞ വെള്ളിയാഴ്ച കാരക്കിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ ശവസംസ്കാരച്ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സഹോദരന്മാരെയും അവരുടെ സഹോദരിയുടെ ഭർത്താവിനെയും ജോർദാൻ സുരക്ഷാസേന അറസ്റ്റ് ചെയ്തു. പ്രതികൾ ജോർദാൻ പൗരന്മാരാണെന്ന് ആഭ്യന്തരമന്ത്രി മസെൻ അൽ-ഫറായ അറിയിച്ചു.അതേസമയം, ജോർദാന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏക യാത്രാ-വാണിജ്യ അതിർത്തി കവാടമായ നസീബിലൂടെയുള്ള ഗതാഗതം സിറിയ നിർത്തിവച്ചു. ആക്രമണത്തെക്കുറിച്ച് ജോർദാൻ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് സിറിയ വ്യക്തമാക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായും ജോർദാൻ അധികൃതരുമായി നേരിട്ടുള്ള ആശയവിനിമയം തുടരുന്നതായും സിറിയൻ അധികൃതർ അറിയിച്ചു.

