ജെയിംസ് അഗസ്റ്റിൻ
ഉയിര്പ്പുകാലത്തിനു മുന്നോടിയായി വിശ്വാസികള്‍ ദേവാലയങ്ങളിലും പരിസരങ്ങളിലും നടത്തുന്ന പരിഹാരപ്രദക്ഷിണമായ കുരിശിന്റെ വഴിക്കായി അനേകം ‘കുരിശിന്റെ വഴികള്‍’ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ പല ദേവാലയങ്ങളിലും ഫാ. ആബേല്‍ എഴുതിയ പ്രാര്‍ഥനയും പാട്ടുകളുമാണ് കുരിശിന്റെ വഴി നടത്തുന്നതിനായി സ്വീകരിച്ചിട്ടുള്ളത്.
‘കുരിശിൽ മരിച്ചവനേ
കുരിശാലെ വിജയം വരിച്ചവനേ
മിഴിനീരൊഴുക്കിയങ്ങേ
കുരിശിന്റെ വഴിയേ വരുന്നു ഞങ്ങൾ ‘
എന്നാരംഭിക്കുന്ന കുരിശിന്റെ വഴിയാണ് കൂടുതൽ പള്ളികളിലും പിന്തുടരുന്നത് . ഫാ.ആബേലിനു ഈ ഗാനങ്ങൾ എഴുതാൻ പ്രചോദനമായതും വഴിതെളിച്ചതുമായൊരു നാടകഗാനമുണ്ട് . നാടകഗാനത്തിൽ നിന്നും കടമെടുത്തതാണ് ഈണവും ഗാനങ്ങളുടെ രചനാഘടനയും . വർഷങ്ങളായി നാം ഇതിലെ പാട്ടുകൾ പാടുന്നെണ്ടെങ്കിലും ഈ പാട്ടുകൾക്ക് വഴിയൊരുക്കിയ നാടകഗാനത്തെക്കുറിച്ചും ഉറവിടഗാനത്തിന്റെ സൃഷ്ടാക്കളെക്കുറിച്ചും അധികമാർക്കും അറിയില്ല എന്നതാണു സത്യം.
1963ൽ കൊല്ലം കാളിദാസ നാടക കേന്ദ്രം അവതരിപ്പിച്ച ‘കാക്കപ്പൊന്ന് ‘ എന്ന നാടകത്തിനു വേണ്ടി ഒ. എൻ. വി. കുറുപ്പ് എഴുതി ദേവരാജൻ മാസ്റ്റർ ഈണം നൽകിയ ഗാനമാണ് കുരിശിന്റെ വഴിയിലെ 16 ഗാനങ്ങൾക്കും പ്രചോദനവും മാതൃകയും ആയത്.
നാടകഗാനത്തിന്റെ വരികൾ –
കുരിശു ചുമന്നവനേ
നിൻവഴി തിരയുന്നു ഞങ്ങൾ
കരുണ നിറഞ്ഞവനെ
നിൻകഴൽ തിരയുന്നു ഞങ്ങൾ
മുൾമുടി ചൂടിയ തിരുവുടലേ
കനിവിൻ പാൽക്കടലേ
നി്ൻ കഴൽ തേടി
നിൻ വഴി തേടി
അണയുന്നു ഞങ്ങൾ
രക്തം ഉണങ്ങിയ നിൻപാദമുദ്രകൾ
കാണുന്നു മുന്നിൽ ഞങ്ങൾ
കാൽവരി നീട്ടിയ നിറകതിരേ
കനിയില്ലേ ഇവരിൽ
നിൻകാൽ കഴുകാൻ ദുഖിതർ ഞങ്ങടെ
മിഴിനീരുണ്ടല്ലോ
നിൻതിരുനാമം നിത്യം വാഴ്ത്തി
പാടാം ഹല്ലേലൂയാ .
എ. പി. കോമളയും സംഘവുമാണ് ഗാനം ആലപിച്ചത്.
സിനിമാഗാനത്തേക്കാൾ അക്കാലത്തു പ്രശസ്തമായിരുന്ന ‘മാനത്തെ മഴവില്ലിനേഴു നിറം’ എന്നു തുടങ്ങുന്ന ഗാനവും ഇതേ നാടകത്തിലേയാണ് .
(ആലാപനം : സി. ഓ. ആന്റോ & പി. ലീല )
1960കളിൽ പ്രഗത്ഭ നാടകസംഘങ്ങളുടെ ഗാനങ്ങൾ ഗ്രാമഫോൺ റെക്കോർഡിൽ പ്രകാശനം ചെയ്യുന്ന പതിവുണ്ടായിരുന്നു . പണ്ടത്തെ ‘കോളാമ്പി’യുള്ള ഗ്രാമഫോൺ പ്ലെയറുകളിൽ ഉപയോഗിക്കാവുന്ന കറുത്ത റെക്കോർഡിൽ ഇരുവശത്തുമായി രണ്ടു പാട്ടുകളാണ് ഉണ്ടാവുക . ഒരു പാട്ടു പാടിക്കഴിയുമ്പോൾ റെക്കോർഡ് പ്ലെയറിനു വീണ്ടും കീ കൊടുത്തു റെക്കോർഡ് എടുത്തു മറിച്ചു വച്ചാൽ അടുത്ത പാട്ടു കേൾക്കാം.
ഇന്ന് ഒരു ഫോണിൽ പോലും ആയിരക്കണക്കിന് പാട്ടുകൾ ശേഖരിച്ചു വക്കുന്ന , ഇന്റർനെറ്റു കണക്ഷൻ മാത്രമുണ്ടെങ്കിൽ ലോകസംഗീതം മുഴുവൻ ആസ്വദിക്കുന്ന പുതുതലമുറയ്ക്ക് ഒരു പാട്ടു കേൾക്കാൻ വേണ്ടി മുൻതലമുറ എത്ര കഷ്ടപ്പെട്ടിരുന്നു എന്നു ചിന്തിക്കാൻ പോലും കഴിയില്ല.
കത്തോലിക്കാ സഭയുമായി ഒരു ബന്ധവുമില്ലാതിരുന്ന ഒ .എൻ .വി.യും ദേവരാജനും ചേർന്നൊരുക്കിയ ഒരു ഗാനം കുരിശിന്റെ വഴിയിലെ ഗാനങ്ങൾക്ക് മാർഗ്ഗദീപമാകുകയായിരുന്നു .

