ബൊഗോട്ട: ക്രൈസ്തവ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനത്തിന് വേദിയായി കൊളംബിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സാന്റിയാഗോ ഡി കാലി സർവകലാശാലയിലെ അരീന യുഎസ്സി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് നിയുക്ത പ്രസിഡന്റ് ആബെലാർഡോ ഡി ലാ എസ്പ്രിയല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തിൽ ദൈവത്തിനും ക്രിസ്തുവിനും നന്ദി അർപ്പിച്ചുകൊണ്ടാണ് ഡി ലാ എസ്പ്രിയല്ല സംസാരിച്ചത്. “തന്റെ മേലുള്ള ദൈവികമായ കടാക്ഷം ഒരിക്കലും പിൻവലിക്കാത്തതിന്” ക്രിസ്തുവിനോട് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.ചടങ്ങിന്റെ വേദിയിൽ ഫാത്തിമ മാതാവിന്റെ രൂപവും സ്ഥാപിച്ചിരുന്നു. ഇരുകരങ്ങളും ഉയർത്തി “Viva Cristo Rey!” (ക്രിസ്തുരാജാവ് നീണാൾ വാഴട്ടെ) എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചത്.
പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സത്യപ്രതിജ്ഞയ്ക്കും ഔദ്യോഗിക നടപടികൾക്കും ശേഷം സംയുക്ത സ്തുതിഗീതവും പ്രാർത്ഥനയും നടന്നു. കൊളംബിയൻ ഗായിക മെയ്യയുടെ ‘ഹല്ലേലൂയ്യ’ എന്ന ഗാനത്തോടെയാണ് ചടങ്ങിന് തുടക്കമായത്.രാഷ്ട്രീയ അധികാരമേറ്റെടുക്കൽ ചടങ്ങിനൊപ്പം ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യവും പ്രകടമായതോടെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധേയമായി.

