മണിപ്പുരില്‍ മൂന്നര വര്‍ഷത്തോളമായി ശമിക്കാത്ത വംശീയ സംഘര്‍ഷങ്ങള്‍ മലമേഖലയിലെ ക്രൈസ്തവ ഗോത്രവര്‍ഗക്കാരായ നാഗാ, കുക്കി-സോ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്കും ഉപരോധങ്ങളിലേക്കും വഴിതിരിയുമ്പോഴും, സംസ്ഥാനത്ത് വോട്ടര്‍പട്ടിക ‘ശുദ്ധീകരണത്തിനായുള്ള’ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സര്‍ക്കാരും സ്ഥിതിഗതികള്‍ ഭദ്രമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്നേറുകയാണ്. ഒരു വര്‍ഷത്തിനിടെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 13.37 കോടി വോട്ടര്‍മാരെ പട്ടികയില്‍ നിന്നു നീക്കം ചെയ്ത എസ്ഐആര്‍ പ്രക്രിയയില്‍ മണിപ്പുരില്‍ 60 നിയമസഭാ മണ്ഡലങ്ങളിലായി 20.93 ലക്ഷം വോട്ടര്‍മാരുണ്ടായിരുന്നത് 19.60 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് 1.32 ലക്ഷം പേര് (6.33 ശതമാനം വോട്ടര്‍മാര്‍) പുറത്തായി.
ഇംഫാല്‍ താഴ് വരയില്‍ തിങ്ങിപ്പാര്‍ക്കുന്ന, ജനസംഖ്യയില്‍ 54 ശതമാനം വരുന്ന മെയ്തെയ് ജനവിഭാഗത്തിനും ചുറ്റുമുള്ള മലനിരകളില്‍ താമസിക്കുന്ന, ജനസംഖ്യയില്‍ 15 ശതമാനം വരുന്ന കുക്കി ഗോത്രവര്‍ഗക്കാര്‍ക്കുമിടയില്‍ 2023 മേയില്‍ ആളിപ്പടര്‍ന്ന വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സായുധസംഘങ്ങളുടെ അതിരുവിട്ട കടന്നാക്രമണങ്ങള്‍ തടയുന്നതിന് സുരക്ഷാസേന അടയാളപ്പെടുത്തിയ ബഫര്‍സോണുകള്‍ യുദ്ധഭൂമിയിലെ അതിര്‍ത്തിരേഖകള്‍ പോലെ സംസ്ഥാനത്തെ വിഭജിച്ചിരിക്കെ, ചുട്ടെരിക്കപ്പെട്ട ഗ്രാമങ്ങളില്‍ നിന്നു പലായനം ചെയ്തവരും കുടിയിറക്കപ്പെട്ടവരുമായ 59,000 പേര് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളിലും താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലും നരകിക്കുകയും, കഴിഞ്ഞ ഫെബ്രുവരിയില്‍ നാഗാ ഭൂരിപക്ഷ മേഖലയായ ഉഖ്റുല്‍ ജില്ലയിലെ ലിറ്റാനില്‍ തങ്ഖുല്‍ നാഗ, കുക്കി വിഭാഗത്തില്‍പെട്ടവര്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായി വടക്കന്‍ മേഖലയിലെ നാഗാ ഗോത്രവിഭാഗങ്ങളും സായുധസംഘര്ഷങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് എസ്ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്.
സംസ്ഥാന പൊലീസിന്റെ ആയുധപ്പുരകളില്‍ നിന്നു ശേഖരിച്ച അസോള്‍ട്ട് റൈഫിളുകളും മോര്‍ട്ടാറുകളും ലൈറ്റ് മെഷീന് ഗണ്ണുകളും മറ്റുമായി തലസ്ഥാനനഗരത്തിലും മലയോരപ്രദേശങ്ങളിലും മെയ്തെയ് അക്രമിസംഘങ്ങള്‍ കുക്കി വംശജരെ സംഘടിതമായി വേട്ടയാടുകയും വീടുകളും ദേവാലയങ്ങളും വിദ്യാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും മറ്റും കൊള്ളയടിക്കുകയും കൊള്ളിവയ്ക്കുകയും ചെയ്തപ്പോള്‍ തിരിച്ചറിയല്‍ രേഖകളും താമസരേഖകളും വ്യാപകമായി നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ ആഭ്യന്തര അഭയാര്‍ഥികളായ കുക്കികളുടെ വോട്ടവകാശവും പൗരാവകാശങ്ങളും ‘സിസ്റ്റമാറ്റിക്കായി’ റദ്ദാക്കപ്പെടുമെന്ന് കുക്കി സിവില്‍ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കരട് രേഖകളില്‍ ആദ്യം ഒഴിവാക്കപ്പെട്ട വോട്ടര്‍മാരില്‍ 64.2 ശതമാനം പേര്, എസ്ഐആറിനു മുമ്പുള്ള വോട്ടര്‍മാരില്‍ 37.8 ശതമാനം വരുന്ന പട്ടികവര്‍ഗക്കാരുടെ 19 മലമ്പ്രദേശ മണ്ഡലങ്ങളിലാണെന്നായിരുന്നു സൂചനകള്‍. പട്ടികവര്‍ഗ മണ്ഡലങ്ങളില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ആദ്യം നീക്കം ചെയ്തവരില്‍ 76.1 ശതമാനവും ‘സ്ഥലത്തില്ലാത്തവര്‍/ മാറിത്താമസിച്ചവര്’ എന്ന വിഭാഗത്തിലായിരുന്നു. അന്തിമ പട്ടികയില്‍ 34,740 പേരെ സ്ഥലത്തില്ലാത്തവരായും 72,473 പേരെ സ്ഥലംമാറിപ്പോയവരായും രേഖപ്പെടുത്തിയിരിക്കുന്നു.
ബിഹാറിലും ബംഗാളിലും എസ്ഐആര്‍ പട്ടികയില്‍ നിന്നു പേരുവെട്ടിയവര്ക്ക് റേഷനും സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് രേഖകളും മാത്രമല്ല, പൗരത്വംതന്നെയും നഷ്ടപ്പെടുമെന്ന് ബിജെപി ഭരണകൂടം ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍, എസ്ഐആറിലെ സാങ്കേതിക കുരുക്കുകളെക്കുറിച്ച് കുക്കികള്‍ക്ക് ഏറെ ഭയപ്പാടുണ്ടായിരുന്നു.
ഇതിനിടെ, മണിപ്പുരിലെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തെ തുടര്‍ന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ വിജ്ഞാപനമിറക്കി. മണിപ്പുര്‍ ഹൈക്കോടതി സ്പെഷല്‍ ബെഞ്ചിന്റെ ഇടപെടലും, സംസ്ഥാന രാഷ് ട്രീയത്തില്‍ കുക്കികളെ ഒറ്റപ്പെടുത്താനുള്ള തന്ത്രപരമായ നീക്കങ്ങളും ഇതിനു പിന്നില്‍ വായിച്ചെടുക്കാനാകും. ജനസംഖ്യാ കണക്കെടുപ്പിനു തുടക്കം കുറിച്ചുകൊണ്ട് ഹൗസ് ലിസ്റ്റിങ് ആരംഭിക്കുന്നതിനു തൊട്ടുതലേന്നാണ് നടപടികള്‍ മാറ്റിവയ്ക്കാന്‍ ഉത്തരവ് ലഭിക്കുന്നത്. സെന്‍സസ് ആരംഭിക്കുന്നതിനു മുന്‍പ്, സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പുതുക്കണമെന്ന മെയ്തെയ്കളുടെ മുറവിളിക്ക് നാഗാ ഗോത്രവര്‍ഗക്കാരില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊടുന്നനെ സെന്‍സസ് നടപടികള്‍ മരവിപ്പിക്കുന്നത്. അസമില്‍ ‘വിദേശികള്‍ക്കെതിരായ പ്രക്ഷോഭം’ കാരണം 1981-ലെ സെന്‍സസും, ജമ്മു-കശ്മീരില്‍ ആഭ്യന്തര അസ്വസ്ഥതകളും തീവ്രവാദ ഭീഷണിയും മുന്‍നിര്‍ത്തി 1991-ലെ സെന്‍സസും ഉപേക്ഷിക്കേണ്ടിവന്നിരുന്നു. മണിപ്പുരില്‍ എസ്ഐആര്‍ ‘വിജയകരമായി’ പൂര്‍ത്തിയാക്കാമെങ്കില്‍ സെന്‍സസ് നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
സെന്‍സസ് നടത്തുന്നതിനു മുന്‍പായി മണിപ്പുരില്‍ എന്‍ആര്‍സി പുതുക്കാന്‍ ഇന്ത്യാ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടുകൊണ്ട് ഈമാസം രണ്ടാം തീയതി സംസ്ഥാന നിയമസഭ മൂന്നാം വട്ടം പ്രമേയം പാസാക്കി. 2022 ഓഗസ്റ്റ് 5നും 2024 മാര്‍ച്ച് 1നും സഭ എന്ആര്സിക്കുവേണ്ടി പ്രമേയം പാസാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ് നടന്നതും എന്‍ആര്‍സി തയ്യാറാക്കിയതും 1951ല്‍ ആയതിനാല്‍ ആ വര്‍ഷത്തെ അടിസ്ഥാനമാക്കി എന്‍ആര്‍സി പുതുക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപി ഭരണകൂടം നിര്‍ദേശിക്കുന്നത്.
മ്യാന്മറില് നിന്നുള്ള കുക്കി-സോമി വംശജരുടെ അനധികൃത കുടിയേറ്റം, കുക്കി മേഖലയിലെ ജനസംഖ്യാ വര്‍ധന, വനമേഖലയില്‍ കുക്കി ഗ്രാമങ്ങളുടെ വികസനം, ഭൂമി കൈയേറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് കുക്കി ഗോത്രവര്‍ഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും ലഹരിമരുന്ന് കടത്തുന്ന ഭീകരവാദികളെന്നും വനംകൊള്ളക്കാരെന്നും പരസ്യമായി ആക്ഷേപിച്ച് 2023-ലെ അക്രമസംഭവങ്ങള്‍ക്കുള്ള പ്രകോപനം സൃഷ്ടിച്ചത്. മെയ്തെയ് അക്രമിസംഘങ്ങളെ സംരക്ഷിക്കുന്നതില്‍ ബിരേന്‍ സിങ്ങിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതായി ആരോപിക്കപ്പെടുന്ന രണ്ടു മണിക്കൂറും 36 മിനിറ്റും ദൈര്‍ഘ്യമുള്ള ഓഡിയോ റെക്കോര്‍ഡിംഗിന്റെ ഫോറന്‍സിക് പരിശോധന നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ജനസംഖ്യാ കണക്കെടുപ്പ് ആദ്യം നടത്തിയാല്‍, പൗരത്വ പരിശോധന കൂടാതെ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയും തലയെണ്ണി പുതിയ ഡെമോഗ്രാഫിക് ഡാറ്റയില്‍ ഉള്‍പ്പെടുത്താനാകുമെന്നും ആ കണക്കുകളുടെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയത്തിലും ജനപ്രാതിനിധ്യത്തിലും കുക്കി ഗോത്രവര്‍ഗക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനാകുമെന്നുമാണ് ഭരണപക്ഷത്തെ മെയ്തെയ്കളും അവരുമായി പുതിയ രാഷ് ട്രീയ മുന്നേറ്റത്തില്‍ പങ്കുചേരുന്ന നാഗാ ഗോത്രവിഭാഗക്കാരും പ്രചരിപ്പിക്കുന്നത്. എന്നാല്‍, 1901 മുതല്‍ 2011 വരെയുള്ള സെന്‍സസ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തെ കുക്കി വിഭാഗത്തിന്റെ ജനസംഖ്യാ അനുപാതത്തില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് വ്യക്തമാണ്.
2021ല്‍ മ്യാന്മറിലെ സൈനിക അട്ടിമറിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ചിന് സംസ്ഥാനത്തുനിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ജനങ്ങളില്‍ മണിപ്പുരിലെ കുക്കി-സോമി വിഭാഗങ്ങളുമായി വംശീയമായും, കുടുംബപരമായും ബന്ധമുള്ളവരും ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി 2023-ല്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി സംസ്ഥാനത്ത് നാലു ജില്ലകളിലായി 2,480 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ആഭ്യന്തര മന്ത്രി ഇക്കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്, സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയ 24,475 അനധികൃത കുടിയേറ്റക്കാരില്‍ 14,992 പേരെ നയതന്ത്ര നടപടികളിലൂടെ മ്യാന്മറിലേക്കു തിരിച്ചയച്ചുവെന്നും അവശേഷിക്കുന്നവരെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക ക്യാംപുകളില്‍ പാര്‍പ്പിച്ച് ഘട്ടംഘട്ടമായി തിരിച്ചയക്കും എന്നുമാണ്. അപ്പോള്‍, അടുത്തകാലത്ത് മ്യാന്മറില് നിന്നു വന്നവരുടെ കാര്യമല്ല എന്‍ആര്‍സി സമ്മര്‍ദത്തിനു പിന്നിലുള്ളത്.
സെന്‍സസ് നടപടികളിലൂടെ സ്ഥിരീകരിക്കപ്പെട്ട ജനസംഖ്യാ കണക്കുകള്‍ പുറത്തുവന്നാല്‍ കുക്കികളുടെ ജനസംഖ്യാ വിസ്ഫോടനം സംബന്ധിച്ച കെട്ടുകഥകള്‍ തറപറ്റുമെന്ന് കുക്കി-സോ കൗണ്‍സില്‍ പറയുന്നു. അസമില്‍ സമാധാന കരാറിന്റെ ഭാഗമായാണ് എന്‍ആര്‍സി പുതുക്കിയത്. 1,600 കോടി രൂപ ചെലവില്‍ നടത്തിയ അസം എന്‍ആര്‍സി വന്‍ പരാജയമാണെന്ന് തിരിച്ചറിഞ്ഞിട്ടും എന്തിനാണ് അത് മണിപ്പുരില്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്? പൗരത്വ പരിശോധനയ്ക്ക് അപേക്ഷിച്ച 3.3 കോടി ആളുകളില്‍ 19.06 ലക്ഷം പേരാണ് ‘രാജ്യമില്ലാത്തവരായി’ വിദേശികളുടെ ട്രൈബ്യൂണലുകളില്‍ നീണ്ട നിയമപോരാട്ടങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. മണിപ്പുരില്‍ എന്‍ആര്‍സി പുതുക്കലിന് 1951 അടിസ്ഥാനവര്‍ഷമായി നിശ്ചയിക്കുന്നതിനെയും കുക്കി വിഭാഗം ശക്തമായി എതിര്‍ക്കുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ വിദൂര മലയോര മേഖലകളിലെ പല കുക്കി ഗ്രാമങ്ങളിലും എത്തിപ്പെടാന്‍ പ്രയാസമായിരുന്നതിനാല്‍ അവിടെയുള്ളവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. അതിനാല്‍, വലിയൊരു വിഭാഗത്തിന്റെ പൗരത്വ അവകാശങ്ങള്‍ അനിശ്ചിതത്വത്തിലാകാനുള്ള സാധ്യതകള്‍ ഏറെയാണ്.
ദേശീയതലത്തില്‍ എന്‍ആര്‍സി വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുമായി അഭിപ്രായവ്യത്യാസം നിലനിര്‍ത്തുമ്പോഴും മണിപ്പുരില്‍ അനുരഞ്ജനത്തിനായി എന്‍ആര്‍സിയെ പിന്തുണയ്ക്കണമെന്ന പ്രാദേശിക വികാരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ഉള്‍പ്പെടെയുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഭരണകക്ഷിയുടെ പ്രമേയത്തെ പിന്താങ്ങുകയാണുണ്ടായത്.
സമഗ്രമായ എന്‍ആര്‍സി പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ സെന്‍സസ്, ഡിലിമിറ്റേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും യഥാര്‍ഥ പൗരന്മാരെ വേര്‍തിരിച്ചറിയുന്നതിനായി ‘ഫോറിനേഴ്സ് ട്രൈബ്യൂണല്‍’ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്നര്‍ മണിപ്പുരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്സഭാ എംപി ബിമോല്‍ അക്കോയിജാം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്കി.
കുക്കികളുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സ്വത്വം, പൗരത്വം, ഭൂമിയിലുള്ള അവകാശം എന്നിവയെ സംബന്ധിച്ച കാഴ്ചപ്പാടുകളിലും ആഖ്യാനങ്ങളിലുമാണ് അടിസ്ഥാനപരമായ അന്തരം നിലനില്‍ക്കുന്നത്. അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി തങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുകൊണ്ട്, ഇംഫാലിലെ മെയ്തെയ് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്നു വിമുക്തമായ പ്രത്യേക ഭരണസംവിധാനം – നിയമസഭ ഉള്‍പ്പെടുന്ന കേന്ദ്രഭരണപ്രദേശം – തങ്ങള്‍ക്കായി അനുവദിക്കണമെന്നാണ് കുക്കി ജനതയുടെ ആവശ്യം.
ഒരു വര്‍ഷം നീണ്ട രാഷ്ട്രപതി ഭരണത്തിനു ശേഷം, കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിങ്ങിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ പുനഃസ്ഥാപിക്കപ്പെട്ടുവെങ്കിലും വംശീയ സംഘര്‍ഷങ്ങള്‍ പുതിയ മേഖലകളിലേക്ക് പടരുകയാണുണ്ടായത്. ഉഖ്റുല്‍ ജില്ലയിലുണ്ടായ ചെറിയൊരു വാക്കുതര്‍ക്കത്തില്‍ നിന്നാണ് നാഗാ, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള നിലവിലെ അക്രമങ്ങള്‍ ആരംഭിച്ചത്. പ്രശ്നപരിഹാരത്തിന് കോഹിമയില്‍ സന്ധിസംഭാഷണം നയിച്ച കാങ്പോക്പിയിലെ കുക്കി സമൂഹത്തില്‍ നിന്നുള്ള മൂന്ന് ബാപ്റ്റിസ്റ്റ് പാസ്റ്റര്‍മാര്‍ ഏതാനും ദിവസങ്ങള്‍ക്കകം കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. നാഗാ, കുക്കി സായുധ ഗ്രൂപ്പുകള്‍ ഗ്രാമങ്ങളിലെ വീടുകള്‍ക്ക് തീവെക്കുകയും ആളുകളെ ബന്ദികളാക്കുകയും ദേശീയപാതകള്‍ ഉപരോധിക്കുകയും ചെയ്തു.
കാങ്പോക്പിയിലെ ലെയ്ലോണ്‍ വൈഫെയ് ഗ്രാമത്തിലെ ആറ് ലിയങ്ഗമയ് നാഗാ പൗരരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതി കുക്കി നാഷണല്‍ ഫ്രണ്ട് സായുധ സംഘത്തിന്റെ ചെയര്‍മാനും കുക്കി വിഭാഗത്തിലെ ഉപമുഖ്യമന്ത്രി നേംചാ കിപ്ഗെന്റെ ഭര്‍ത്താവുമാണെന്ന് ആരോപണം ഉന്നയിക്കുന്നത് നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി ലോസി ദിഖോയാണ്. കുക്കി പക്ഷത്തെ ഉപമുഖ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാഗാ ഉപമുഖ്യമന്ത്രി എട്ട് നാഗാ എംഎല്‍എമാരോടൊപ്പം നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭ ബഹിഷ്കരിച്ചു.
തങ്ങള്‍ക്ക് പ്രത്യേക ഭരണസംവിധാനം അനുവദിക്കുന്നതു വരെ സംസ്ഥാന നിയമസഭ ബഹിഷ്കരിക്കാന്‍ കുക്കി എംഎല്‍എമാര്‍ക്ക് വിപ്പ് നല്കിയിട്ടുണ്ടായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം ആദ്യമായി രണ്ട് കുക്കി എംഎല്‍എമാര്‍ – കുക്കി പീപ്പിള്‍സ് അലയന്‍സ് പാര്‍ട്ടിയിലെ വനിതാ അംഗവും ഒരു സ്വതന്ത്രനും – ഇംഫാലില്‍ സംസ്ഥാന നിയമസഭാ സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കാനെത്തിയത് കുക്കി സമൂഹത്തില്‍ നിന്നുള്ള വിമര്‍ശനത്തിന് ഇടയാക്കി.
വംശീയ സംഘര്‍ഷത്തിന്റെ മൂന്നു വര്‍ഷം പിന്നിട്ടിട്ടും, അക്രമങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് പോലും കോടതിയില്‍ തീര്‍പ്പായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച അന്വേഷണ കമ്മീഷന് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞുവന്നവരില്‍ 731 പേര് മരണമടഞ്ഞിട്ടുണ്ട്. മതിയായ പോഷകാഹാരവും ചികിത്സയും കിട്ടാതെയാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത്രയൊക്കെയായിട്ടും പ്രധാനമന്ത്രി മോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ മണിപ്പുരിലേക്കു തിരിഞ്ഞുനോക്കാത്തതെന്തെന്ന് പ്രതിപക്ഷം പോലും ചോദിക്കാതായിട്ടുണ്ട്.
മണിപ്പുരിലെ സ്ഥിതിഗതികള്‍ ഇങ്ങനെ തുടരണമെന്ന് ആഗ്രഹിക്കുന്ന ‘നിക്ഷിപ്ത താല്പര്യക്കാര്’ ആരാണ്? ഹെറോയിന്‍, ഓപിയം, മെത്താംഫെറ്റമിന്‍, കെറ്റാമിന്‍ തുടങ്ങിയ ലഹരിമരുന്നു കടത്തിന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇടനാഴികളിലൊന്നായ തെക്കുകിഴക്കന്‍ ഏഷ്യയിലെ മ്യാന്മര്, തായ്ലന്ഡ്, ലാവോസ് എന്നിവ ഉള്‍പ്പെടുന്ന ‘ഗോള്‍ഡന്‍ ട്രയാംഗിള്‍’ അതിര്‍ത്തിയിലാണ് മണിപ്പുര്‍ സ്ഥിതി ചെയ്യുന്നത് എന്നതാവുമോ ഇതിനൊരു ക്ലൂ?

