ഡോ. ഗ്രിഗറി പോള്‍ കെ. ജെ.(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചീഫ് മാനേജര്‍)
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടും ശ്രദ്ധേയമായ ഒരു വളര്‍ച്ചാ കണക്ക് രേഖപ്പെടുത്തിയിരിക്കുകയാണ്. 2026 – 27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.8 ശതമാനമാണ് എന്ന കണക്ക് ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളില് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഇപ്പോഴും ശ്രദ്ധേയമാണെന്നതിന് തെളിവാണ്. എന്നാല്‍ ഒരു ശതമാനക്കണക്ക് മാത്രം നോക്കി സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം വിലയിരുത്താനാകുമോ എന്ന ചോദ്യം അതോടൊപ്പം ഉയരുന്നു.
ജിഡിപി വളര്‍ച്ചയുടെ കണക്ക് ഒരു സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനത്തെ അളക്കുന്നു. എന്നാല്‍ ആ വളര്‍ച്ച എവിടെ നിന്നാണ് വന്നത്? അതിന്റെ ഗുണനിലവാരം എന്താണ്? നിക്ഷേപവും തൊഴിലും വരുമാനവും അതിനൊപ്പം വളരുന്നുണ്ടോ? സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ അതിന്റെ പ്രതിഫലനം എത്രമാത്രമാണ്? ഇവയാണ് കൂടുതല്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍. അതുകൊണ്ടുതന്നെ, 7.8 ശതമാനത്തെ ഒരു നേട്ടമായി അംഗീകരിക്കുമ്പോഴും, അതിനെ വിമര്‍ശനാത്മകമായി വായിക്കേണ്ടതുണ്ട്.
പുതിയ ജിഡിപി പരമ്പരയും 7.8 ശതമാനവും
ഇന്ത്യയുടെ ദേശീയ വരുമാന കണക്കുകളില്‍ പുതിയ അടിസ്ഥാനവര്‍ഷമായി 2022 – 23 സ്വീകരിച്ചിരിക്കുന്നു. മുന്‍പ് 2004-05, 2011 – 12 എന്നീ അടിസ്ഥാന വര്‍ഷങ്ങളില്‍ നിന്നും പുതിയ അടിസ്ഥാനവര്‍ഷവും പുതുക്കിയ ഡാറ്റയും രീതിശാസ്ത്രപരമായ മാറ്റങ്ങളും ഏഉജ കണക്കുകളില്‍ സ്വാഭാവികമായും മാറ്റങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ പഴയ പരമ്പരയിലെ കണക്കുകളുമായി പുതിയ കണക്കുകളെ നേരിട്ട് താരതമ്യം ചെയ്യുമ്പോള്‍ ജാഗ്രത ആവശ്യമാണ്.
സ്ഥിതിവിവരക്കണക്ക്, പദ്ധതി നിര്‍വ്വഹണ മന്ത്രാലയത്തിന്റെ (Ministry of Statistics and Programme Implementation-MoSPI) പുതിയ ദേശീയ അക്കൗണ്ട് പരമ്പരയില്‍ 2026 – 27 ആദ്യ പാദത്തിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.8 ശതമാനമാണ്. ഈ കണക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ശക്തമായ തുടര്‍ച്ചയുണ്ടെന്ന് സൂചിപ്പിക്കുന്നു.
എന്നാല്‍ ജിഡിപി വളര്‍ച്ചയുടെ വേഗം മാത്രം നോക്കുന്നത് അപൂര്‍ണ്ണമായ ചിത്രമാണ്. വളര്‍ച്ചയുടെ ഘടനയും അതിന്റെ വ്യാപ്തിയും പരിശോധിക്കേണ്ടതുണ്ട്.
സ്ഥിര മൂലധന രൂപീകരണം അഥവാ സ്ഥിരമൂലധന നിക്ഷേപം (Gross Fixed Capital Formation -GFCF) – നിക്ഷേപത്തിന്റെ ശക്തമായ സൂചന

ഈ പശ്ചാത്തലത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന സൂചനകള്‍ നല്കുന്ന ഒരു കണക്കാണ് സ്ഥിര മൂലധന രൂപീകരണം (ജിഎഫ്സിഎഫ്) 2026 – 27 ആദ്യ പാദത്തില്‍ ഏകദേശം 11.9 ശതമാനം വളര്‍ന്നതും ജിഡിപിയിലെ അതിന്റെ വിഹിതം ഏകദേശം 34.3 ശതമാനം ആയതും. സ്ഥിര മൂലധന രൂപീകരണം (ജിഎഫ്സിഎഫ്) എന്നത് യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, കെട്ടിടങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ സ്ഥിര മൂലധന ആസ്തികളിലേക്കുള്ള നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ ഏഎഇഎലെ ശക്തമായ വളര്‍ച്ച സമ്പദ്വ്യവസ്ഥയുടെ ഭാവി ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്ന നിക്ഷേപം നടക്കുന്നു എന്നതിന് അനുകൂലമായ സൂചനയാണ്.
ഇവിടെ പ്രത്യേക ശ്രദ്ധ പതിയേണ്ട ഒരു കാര്യം, ജിഎഫ്സിഎഫ് 11.9 ശതമാനം വളര്‍ന്നു എന്നത് വളര്‍ച്ചാനിരക്കാണ്; ജിഡിപിയിലെ ജിഎഫ്സിഎഫ് വിഹിതം 34.3 ശതമാനം എന്നത് സമ്പദ്വ്യവസ്ഥയിലെ നിക്ഷേപത്തിന്റെ വലുപ്പം കാണിക്കുന്ന അനുപാതമാണ്. രണ്ടും ഒരേ അര്‍ത്ഥമുള്ള കണക്കുകളല്ല എന്നു സാരം.
എങ്കിലും 34.3 ശതമാനം എന്ന ഉയര്‍ന്ന നിക്ഷേപ വിഹിതം ഇന്ത്യയുടെ വളര്‍ച്ചയില്‍ മൂലധന രൂപീകരണത്തിന് ലഭിക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. നിക്ഷേപം തുടര്‍ന്നും ഉല്‍പ്പാദനക്ഷമതയും തൊഴില്‍സാധ്യതകളും വര്‍ധിപ്പിക്കുന്ന രീതിയില്‍ മുന്നേറുകയാണെങ്കില്‍, ഇപ്പോഴത്തെ ജിഡിപി വളര്‍ച്ച കൂടുതല്‍ സുസ്ഥിരമായ വളര്‍ച്ചയായി മാറാന്‍ കഴിയും.

സര്‍ക്കാര്‍ നിക്ഷേപത്തില്‍ നിന്ന്
സ്വകാര്യ നിക്ഷേപത്തിലേക്ക്
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ മൂലധനച്ചെലവിന് വലിയ പ്രാധാന്യമുണ്ട്. റോഡുകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, നഗര അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ പൊതുനിക്ഷേപം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു.
എന്നാല്‍ ദീര്‍ഘകാലം ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിക്ഷേപം മാത്രം മതിയാകില്ല. സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപം കൂടുതല്‍ ശക്തമാകണം.
സ്വകാര്യ നിക്ഷേപം വര്‍ധിക്കുമ്പോള്‍ ഉല്‍പ്പാദനശേഷി ഉയരും; പുതിയ സംരംഭങ്ങള്‍ ഉണ്ടാകും, തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും, ബാങ്ക് വായ്പയ്ക്കുള്ള ആവശ്യം കൂടും. അതുവഴി സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഒരു വ്യാപക ചക്രം (Economic Cycle) രൂപപ്പെടും. അതിനാല്‍ ഏഎഇഎയുടെ ശക്തമായ വളര്‍ച്ചയെ സ്വാഗതം ചെയ്യേണ്ടതുണ്ടെങ്കിലും, അതില്‍ സ്വകാര്യ നിക്ഷേപത്തിന്റെ പങ്ക് എത്രമാത്രമാണ്, നിക്ഷേപം ഏതു മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, അതിന്റെ തൊഴില്‍സൃഷ്ടി ശേഷി എത്രമാത്രമാണ് തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കേണ്ടതാണ്.
ബാങ്കിംഗ് മേഖലയും വായ്പാ-നിക്ഷേപ അനുപാതവും (Credit-Deposit Ratio -CD Ratio)
സാമ്പത്തിക വളര്‍ച്ചയുടെ മറ്റൊരു പ്രധാന സൂചകം ബാങ്കിംഗ് മേഖലയാണ്. ബാങ്കുകളില്‍ നിക്ഷേപമായി എത്തുന്ന പണത്തിന്റെ എത്ര ഭാഗം വായ്പയായി സമ്പദ്വ്യവസ്ഥയിലേക്ക് തിരിച്ചെത്തുന്നു എന്നത് Credit-Deposit Ratio(CD Ratio) വഴി മനസ്സിലാക്കാം. വായ്പാ വിതരണം വര്‍ധിക്കുന്നത് ബിസിനസ്, വ്യവസായം, ഭവനനിര്‍മാണം, ഉപഭോഗം തുടങ്ങിയ മേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ വായ്പാ വളര്‍ച്ച ആരോഗ്യകരമായ സാമ്പത്തിക പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതായിരിക്കണം. ഉല്‍പ്പാദനക്ഷമമായ നിക്ഷേപങ്ങളിലേക്കുള്ള വായ്പയും അനാവശ്യമായ ഉപഭോഗ വായ്പയും തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്.
അതുകൊണ്ട് ബാങ്കിംഗ് മേഖലയുടെ കണക്കുകള്‍ ജിഡിപി വളര്‍ച്ചയുമായി ചേര്‍ത്തു വായിക്കുമ്പോഴാണ് സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചലനാത്മകത കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുക.
വളര്‍ച്ചയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണ്?
ഏഉജ വളര്‍ച്ചയുടെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ വിതരണപരമായ ഫലമാണ് (Distributional effect). ഒരു രാജ്യത്തിന്റെ ഏഉജ 7.8 ശതമാനം വളര്‍ന്നാലും, അതിന്റെ നേട്ടം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഒരേ അളവില്‍ എത്തണമെന്നില്ല. തൊഴില്‍ ലഭ്യത, യഥാര്‍ത്ഥ വേതനം, കുടുംബങ്ങളുടെ ഉപഭോഗശേഷി, ചെറുകിട സംരംഭങ്ങളുടെ സ്ഥിതി, കൃഷിമേഖലയുടെ വരുമാനം തുടങ്ങിയവയും പരിശോധിക്കണം.
വളര്‍ച്ചയുടെ ഒരു പ്രധാന ലക്ഷ്യം ഉല്‍പ്പാദനം വര്‍ധിപ്പിക്കുക മാത്രമല്ല; ഉല്‍പ്പാദനത്തിന്റെ നേട്ടം വരുമാനമായും തൊഴില്‍ അവസരങ്ങളായും ജീവിതനിലവാരമായും ജനങ്ങളിലെത്തിക്കുക എന്നതു കൂടിയാണ്.
ഇന്ത്യയുടെ വലിയ യുവജനസംഖ്യയെ കണക്കിലെടുക്കുമ്പോള്‍ തൊഴില്സൃഷ്ടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നിക്ഷേപം വര്‍ധിക്കുകയും ഏഉജ വളരുകയും ചെയ്തിട്ടും മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍ വളര്‍ച്ചയുടെ സാമൂഹിക സ്വീകാര്യത (Social acceptance) കുറയാം.
ഉപഭോഗവും ആഭ്യന്തര ആവശ്യവും (Consumption and Domestic requirement)
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ശക്തികളിലൊന്ന് വലിയ ആഭ്യന്തര വിപണിയാണ്. ജനങ്ങളുടെ ഉപഭോഗം ശക്തമായാല്‍ ഉല്‍പ്പാദനം വര്‍ധിക്കും; ഉല്‍പ്പാദനം വര്‍ധിക്കുമ്പോള്‍ നിക്ഷേപവും തൊഴിലും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, ഉപഭോഗ വളര്‍ച്ച എല്ലാ വരുമാനവിഭാഗങ്ങളിലും ഒരുപോലെ സംഭവിക്കുന്നുണ്ടോ എന്നതും പരിശോധിക്കണം. ഉയര്‍ന്ന വരുമാനമുള്ള വിഭാഗങ്ങളുടെ ഉപഭോഗം മാത്രം ശക്തമാകുകയും താഴ്ന്ന-ഇടത്തരം വരുമാന വിഭാഗങ്ങളുടെ വാങ്ങല്‍ശേഷി ദുര്‍ബലമാവുകയും ചെയ്താല്‍ വളര്‍ച്ചയുടെ അടിത്തറ അത്ര ശക്തമായിരിക്കില്ല.
അതിനാല്‍ ഏഉജയോടൊപ്പം ആളോഹരി വരുമാനം (per capita income),ഗാര്‍ഹിക ഉപഭോഗം (household consumption), തൊഴില്‍ (employment), കൂലി (wages) തുടങ്ങിയ സൂചകങ്ങളും നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്.
ആര്‍ബിയും സാമ്പത്തിക സ്ഥിരതയും (Financial stability)
വളര്‍ച്ചയും വിലസ്ഥിരതയും തമ്മില്‍ ശരിയായ സന്തുലനം നിലനിര്‍ത്തുക എന്നത് കേന്ദ്രബാങ്കിന്റെ പ്രധാന ഉത്തരവാദിത്വമാണ്. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ധനനയവും പണപ്പെരുപ്പ നിയന്ത്രണവും തമ്മില്‍ സൂക്ഷ്മമായ സമതുലനം ആവശ്യമാണ്. വായ്പാ ലഭ്യത മെച്ചപ്പെടുകയും പലിശനിരക്കുകള്‍ സാമ്പത്തിക പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നത് നിക്ഷേപത്തിന് സഹായകരമാണ്. എന്നാല്‍ അതോടൊപ്പം പണപ്പെരുപ്പ സമ്മര്‍ദ്ദം (Inflationary pressure) ഉയര്‍ന്നാല്‍ യഥാര്‍ത്ഥ വരുമാനത്തെയും ഉപഭോഗത്തെയും അത് ബാധിക്കും. അതുകൊണ്ട് ശക്തമായ ജിഡിപി വളര്‍ച്ച നിലനിര്‍ത്തുമ്പോഴും വിലസ്ഥിരതയും സാമ്പത്തിക സ്ഥിരതയും സംരക്ഷിക്കേണ്ടത് നിര്‍ണായകമാണ്.
7.8 ശതമാനം അഭിമാനിക്കേണ്ട കണക്കോ, കൂടുതല്‍ പരിശോധിക്കേണ്ട സൂചനയോ?
ഉത്തരം രണ്ടുമാണ്. 7.8 ശതമാനം വളര്‍ച്ച ഇന്ത്യയുടെ സാമ്പത്തിക ശേഷിയുടെ ശക്തമായ തെളിവാണ്. നിക്ഷേപം ഉയരുന്നു, അടിസ്ഥാനസൗകര്യ വികസനം തുടരുന്നു, സേവനമേഖലയും വ്യവസായ പ്രവര്‍ത്തനങ്ങളും പിന്തുണ നല്കുന്നുഇവയെല്ലാം പോസിറ്റീവ് സൂചനകളാണ്.
അതേസമയം, ഒരു പാദത്തിലെ ജിഡിപി വളര്‍ച്ചയെ മാത്രം അടിസ്ഥാനമാക്കി ദീര്‍ഘകാല സാമ്പത്തിക ആരോഗ്യത്തെ വിലയിരുത്തുന്നത് ശരിയല്ല. വളര്‍ച്ചയുടെ തുടര്‍ച്ച, നിക്ഷേപത്തിന്റെ ഗുണനിലവാരം, സ്വകാര്യ നിക്ഷേപം, തൊഴില്‍സൃഷ്ടി, കുടുംബങ്ങളുടെ വാങ്ങല്‍ശേഷി, കൃഷി-ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ സ്ഥിതി എന്നിവയും അതിനൊപ്പം പരിശോധിക്കണം.
പ്രത്യേകിച്ച് ഏഎഇഎലെ ശക്തമായ വളര്‍ച്ച ശ്രദ്ധേയമാണ്. 34.3 ശതമാനം എന്ന ജിഎഫ്സിഎഫ് വിഹിതം ഇന്ത്യയുടെ വളര്‍ച്ചയില്‍ നിക്ഷേപത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. എന്നാല്‍ ഈ നിക്ഷേപം ഭാവിയില്‍ എത്രമാത്രം ഉല്‍പ്പാദനക്ഷമതയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു എന്നതാണ് യഥാര്‍ത്ഥ പരീക്ഷണം.
ഉപസംഹാരം
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ചിത്രം ഇന്ന് ഒരേസമയം പ്രതീക്ഷയും ഉത്തരവാദിത്വവും മുന്നോട്ടുവയ്ക്കുന്നതാണ്. 7.8 ശതമാനം ജിഡിപി വളര്‍ച്ച ഒരു നല്ല വാര്‍ത്തയാണ്; എന്നാല്‍ അത് അവസാന ലക്ഷ്യമല്ല. വളര്‍ച്ചയുടെ വേഗത്തോടൊപ്പം അതിന്റെ ഗുണനിലവാരവും വ്യാപ്തിയും സാമൂഹിക ഫലവും വിലയിരുത്തേണ്ടതുണ്ട്.
ജിഎഫ്സിഎഫിലെ ശക്തമായ വളര്‍ച്ചയും ഉയര്‍ന്ന നിക്ഷേപ വിഹിതവും ഇന്ത്യയുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്കുന്നു. അതിനെ സ്വകാര്യ നിക്ഷേപം, ഉല്‍പ്പാദനക്ഷമത, തൊഴില്‍സൃഷ്ടി, ജനങ്ങളുടെ വരുമാനവര്‍ധന എന്നിവയുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ വളര്‍ച്ച കൂടുതല്‍ സുസ്ഥിരമായ സാമ്പത്തിക മുന്നേറ്റമായി മാറുകയുള്ളൂ.
അതിനാല്‍ ഇന്നത്തെ 7.8 ശതമാനത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം നാളത്തെ ചോദ്യവും കൂടുതല്‍ പ്രസക്തമാണ്.
ജിഡിപി എത്ര വളര്‍ന്നു എന്നതോടൊപ്പം, ആ വളര്‍ച്ച എത്രമാത്രം സുസ്ഥിരമാണ്, എത്രമാത്രം ഉള്‍ക്കൊള്ളുന്നതാണ്, അതിന്റെ നേട്ടം എത്രമാത്രം ജനങ്ങളിലെത്തുന്നു എന്നീ ചോദ്യങ്ങളുടെ ഉത്തരവും ചേര്‍ന്നുള്ള ഒരു സാമ്പത്തിക കണക്കാണ് രാജ്യത്തിന്റെ സാമ്പത്തിക നിലയെ വെളിപ്പെടുത്തുന്ന യഥാര്‍ഥ വസ്തുത.
————————————-
പ്രത്യേക ബോക്സാക്കി കൊടുക്കണം
എന്താണ് ജിഡിപി
ലളിതമായി പറഞ്ഞാല്‍, ഒരു നിശ്ചിത കാലയളവില്‍ (സാധാരണയായി ഒരു വര്‍ഷത്തിലോ അല്ലെങ്കില്‍ മൂന്ന് മാസം അടങ്ങുന്ന ഒരു പാദത്തിലോ) ഒരു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ വിപണി മൂല്യമാണ് ജിഡിപി (ഏൃീ ൈഉീാലേെശര ജൃീറൗര േ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം).
ഒരു രാജ്യം സാമ്പത്തികമായി എത്രത്തോളം വളരുന്നു അല്ലെങ്കില്‍ തളരുന്നു എന്ന് അളക്കാനുള്ള പ്രധാന അളവുകോലാണിത്.
ഉദാഹരണത്തിന്, ഒരു വര്‍ഷം രാജ്യത്ത് ഉല്‍പ്പാദിപ്പിച്ച നെല്ല്, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, നിര്‍മ്മിച്ച വീടുകള്‍ (സാധനങ്ങള്‍) എന്നിവയുടെയും; അതോടൊപ്പം അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഐ.ടി ജീവനക്കാര്‍, ഗതാഗത തൊഴിലാളികള്‍ എന്നിവര്‍ നല്കിയ സേവനങ്ങളുടെയും ആകെ മൂല്യമാണ് ജിഡിപി.
ജിഡിപി വളര്‍ച്ചാനിരക്ക് 7.8 ശതമാനം എന്ന് പറയുമ്പോള്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആകെ ഉല്‍പ്പാദനത്തിലും സാമ്പത്തിക ഇടപാടുകളിലും 7.8 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി എന്നാണ് അര്‍ത്ഥമാക്കുന്നത്.
എന്താണ് ജിഎഫ്സിഎഫ്
യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, കെട്ടിടങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ സ്ഥിര മൂലധന ആസ്തികളിലേക്ക് നടത്തുന്ന നിക്ഷേപമാണിത്. ലളിതമായി പറഞ്ഞാല്‍ രാജ്യത്തിന്റെ ഭാവി ഉല്‍പ്പാദനശേഷി കൂട്ടാനായുള്ള ‘ഭാവി നിക്ഷേപം’.
ഇവിടെ പ്രത്യേക ശ്രദ്ധ പതിയേണ്ട കാര്യം, ജിഎഫ്സിഎഫ് 11.9 ശതമാനം വളര്‍ന്നു എന്നത് വളര്‍ച്ചാനിരക്കാണ്; ജിഡിപിയിലെ ജിഎഫ്സിഎഫ് വിഹിതം 34.3 ശതമാനം എന്നത് സമ്പദ് വ്യവസ്ഥയിലെ നിക്ഷേപത്തിന്റെ വലുപ്പം കാണിക്കുന്ന അനുപാതമാണ്. രണ്ടും ഒരേ അര്‍ത്ഥമുള്ള കണക്കുകളല്ല എന്ന് സാരം.
34.3 ശതമാനം എന്ന ഉയര്‍ന്ന നിക്ഷേപ വിഹിതം ഇന്ത്യയുടെ വളര്‍ച്ചയില്‍ മൂലധന രൂപീകരണത്തിന് ലഭിക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. നിക്ഷേപം തുടര്‍ന്നും ഉല്‍പ്പാദനക്ഷമതയും തൊഴില്‍സാധ്യതകളും വര്‍ധിപ്പിക്കുന്ന രീതിയില്‍ മുന്നേറുകയാണെങ്കില്‍, ഇപ്പോഴത്തെ ജിഡിപി വളര്‍ച്ച കൂടുതല്‍ സുസ്ഥിരമായ വളര്‍ച്ചയായി മാറാന്‍ കഴിയും.

