ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പഞ്ചസാര ഉപഭോഗത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമുള്ള രാജ്യത്തെ വിപണി ഇന്ന് അസാധാരണമായ പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ രാജ്യത്ത് പഞ്ചസാര വിലയില്‍ 40 ശതമാനം വര്‍ധനയാണുണ്ടായത്. പഞ്ചസാര കയറ്റുമതി നിരോധിച്ചു. പത്തു വര്‍ഷത്തിനിടെ ആദ്യമായി, 100 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കി അടിയന്തരമായി 10 ലക്ഷം ടണ്‍ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കയാണ്. തെക്കന്‍ കര്‍ണാടക, മഹാരാഷ് ട്രയിലെ കോലാപൂര്‍ തുടങ്ങിയ പ്രധാന വിപണികളില്‍ പഞ്ചസാര വില റെക്കോര്‍ഡ് ഭേദിച്ച് ക്വിന്റലിന് 6,450 രൂപ കടന്നു. രാജ്യത്ത് ചില്ലറവില്പന വില ഒരുമാസത്തിനിടെ കിലോയ്ക്ക് 20 രൂപ ഉയര്‍ന്നതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം കണക്കാക്കുമ്പോള്‍, കേരളത്തില്‍ ഓണവിപണിയില്‍ പഞ്ചസാരയ്ക്ക് 77 രൂപ വരെയായിട്ടുണ്ട്.കാലാവസ്ഥാ വ്യതിയാനം മൂലം കരിമ്പുകൃഷിക്കുണ്ടായ നാശം, പ്രതീക്ഷിച്ചതിലും കുറഞ്ഞ ആഭ്യന്തര ഉത്പാദനം, ഉത്സവ സീസണിന് മുന്നോടിയായുള്ള വര്‍ധിച്ച ആവശ്യം, വ്യവസായ മേഖലയിലെ ചില വിഭാഗങ്ങള്‍ നടത്തുന്ന ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും എന്നിവയെല്ലാം വിലക്കയറ്റത്തിന് കാരണമായെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ വൈകിയതിനെത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെ കരിമ്പുകൃഷിയിടങ്ങള്‍ അതിവൃഷ്ടിയുടെ വന്‍ കെടുതികളിലായി. വെള്ളക്കെട്ട് കരിമ്പിന്റെ വളര്‍ച്ചയെയും തണ്ടുകളിലെ സുക്രോസ് (പഞ്ചസാര) ശേഖരണത്തെയും ബാധിച്ചു. ഉത്തര്‍പ്രദേശിലും മറ്റും ചുവപ്പ് ചീയല്‍ (റെഡ് റോട്ട്) കുമിള്‍രോഗവും തളിര്തുരപ്പന് കീടവും (ടോപ് ഷൂട്ട് ബോറര്‍) വിളയിലും കരിമ്പിന്റെ ഗുണനിലവാരത്തിലും കനത്ത ആഘാതം സൃഷ്ടിച്ചു.
കരിമ്പിന്റെ വിളവെടുപ്പും ക്രഷിങ്ങും പഞ്ചസാര ഉത്പാദനവുമായി ബന്ധപ്പെട്ട ഒക് ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍, 343 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദനമാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് 306 ലക്ഷം ടണ്ണായി ഇത് പുനര്‍നിര്‍ണയിക്കപ്പെട്ടു. 20 ലക്ഷം ടണ്‍ കയറ്റുമതി ക്വോട്ട അനുവദിച്ചിരുന്നെങ്കിലും രാജ്യാന്തര വിലനിലവാരം അനുകൂലമല്ലാതിരുന്നതിനാല്‍ എട്ടു ലക്ഷം ടണ്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. ഇതിനിടെ ആഭ്യന്തര ഉത്പാദനം 279 ലക്ഷം ടണ്ണായിരിക്കുമെന്ന മില്ലുകളിലെ കണക്കുകള്‍ പുറത്തുവന്നതോടെ, കഴിഞ്ഞ മേയ് 13ന് കേന്ദ്ര സര്‍ക്കാര്‍ 2026 സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചു. പരമ്പരാഗത മധുരപലഹാരങ്ങള്‍ക്കും മറ്റും വന്‍ ഡിമാന്‍ഡ് ഉണ്ടാകുന്ന ഗണേശ ചതുര്‍ത്ഥി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷവേളകള്‍ വരാനിരിക്കെ, രാജ്യത്ത് പഞ്ചസാരയുടെ സ്റ്റോക്ക് പുതിയ വിപണന വര്‍ഷാരംഭത്തില്‍ 35 ലക്ഷം ടണ്ണിനു താഴെയായി ചുരുങ്ങുമെന്നു കണ്ടാണ് ഒക് ടോബറിലേക്ക് 10 ലക്ഷം ടണ്‍ അസംസ്കൃത പഞ്ചസാര ഇറക്കുമതിക്ക് അനുമതി നല്‍കുന്നത്. കഴിഞ്ഞ ഒന്പതുവര്ഷത്തിനിടെ രാജ്യത്തെ പഞ്ചസാരയുടെ കരുതല്‍ ശേഖരം ഇത്രയും കുറയുന്ന സാഹചര്യമുണ്ടായിട്ടില്ല. തായ്ലന്ഡില് നിന്ന് പഞ്ചസാര ഇറക്കുമതിക്ക് സാധ്യത കുറവായതിനാല്‍ ബ്രസീലില്‍ നിന്നുവേണം കപ്പല്‍ എത്താന്‍. ഇതിന് സാധാരണഗതിയില്‍ 40-45 ദിവസമെടുക്കും. അപ്പോഴേക്കും കരിമ്പ് ക്രഷിങ് സീസണ് ആരംഭിച്ച് നവംബര്‍ മധ്യത്തോടെ കൂടുതല്‍ ചരക്ക് വിപണിയില്‍ എത്തും.ഭക്ഷ്യശൃംഖലയില്‍ നിന്ന് പഞ്ചസാരയും ധാന്യങ്ങളും മോദി സര്‍ക്കാര്‍ ‘എഥനോള്‍ ബ്ലെന്‍ഡിങ്’ പദ്ധതിയില്‍ ഇന്ധന വിപണിയിലേക്ക് തിരിച്ചുവിടുന്നതാണ് പഞ്ചസാര ക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിതെളിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ചില സാമ്പത്തികശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും വ്യാപാരി വ്യവസായി സംഘടനകളും ‘ഇ-20’ പെട്രോള്‍ സങ്കലന പദ്ധതിയുടെ ‘ഇരകളായ’ കോടിക്കണക്കിന് വാഹന ഉടമകളും ആരോപിക്കുന്നു. ഈ സീസണില്‍ 30 ലക്ഷം ടണ്‍ പഞ്ചസാരയാണ് എഥനോള്‍ ഉത്പാദനത്തിനായി മില്ലുകള്‍ വിനിയോഗിച്ചത്. ഇന്ത്യയുടെ മൊത്തം പഞ്ചസാര ഉത്പാദനശേഷിയുടെ 10 ശതമാനത്തോളം വരുന്ന കരിമ്പ് ഉത്പന്നം ക്രിസ്റ്റല്‍ പഞ്ചസാരയാക്കുന്നതിനു പകരം എഥനോള്‍ ആക്കി മാറ്റി. പെട്രോളുമായി കലര്‍ത്തുന്നതിന് പകരം ആ 30 ലക്ഷം ടണ്‍ പഞ്ചസാര ഉത്പന്നം ഭക്ഷ്യശൃംഖലയില്‍ തന്നെ നിലനിര്‍ത്തിയിരുന്നെങ്കില്‍, രാജ്യത്തെ ഭക്ഷ്യയോഗ്യമായ പഞ്ചസാരയുടെ ശേഖരം അനായാസം 65 ലക്ഷം ടണ്ണിലധികം ആകുമായിരുന്നു.എഥനോളിനായി മില്ലുകള്‍ വലിയ തോതില്‍ പഞ്ചസാര വിഹിതം വഴിമാറ്റുന്നു എന്ന വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുന്നു. എഥനോള്‍ ഉത്പാദനത്തിനായി മാറ്റിവെച്ച പഞ്ചസാരയുടെ വിഹിതം നാലു വര്‍ഷം മുന്‍പ് 12 ശതമാനമായിരുന്നത് ഇപ്പോള്‍ 9 ശതമാനത്തോളമായി കുറഞ്ഞിട്ടുണ്ടെന്നും രാജ്യത്തെ എഥനോള്‍ ഉത്പാദനത്തിന്റെ നാലില്‍ മൂന്നു ഭാഗത്തോളവും ഇപ്പോള്‍ ധാന്യങ്ങളില്‍ നിന്നാണ്, പ്രത്യേകിച്ച് ചോളത്തില്‍ നിന്നാണ്, ലഭിക്കുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എങ്കിലും, പഞ്ചസാരയുടെ മൊത്തത്തിലുള്ള ലഭ്യതയും ഉപയോഗവും തമ്മിലുള്ള സന്തുലിതാവസ്ഥയില്‍ എഥനോളിന് യാതൊരു പങ്കുമില്ലെന്ന് പറയാനാവില്ല.ദേശീയ ജൈവ ഇന്ധന നയത്തിന്റെ ഭാഗമായി, 2022-ല്‍ നിശ്ചയിച്ചിരുന്നതിലും നേരത്തെ, ‘ഒരു ലിറ്റര്‍ പെട്രോളില്‍ 10 ശതമാനം എഥനോള്‍ മിശ്രണം (ഇ-10)’ എന്ന ലക്ഷ്യം കൈവരിച്ചതിനെത്തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ 2030-ല്‍ നടപ്പാക്കേണ്ടിയിരുന്ന ’20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ (ഇ-20)’ പദ്ധതി അഞ്ചുവര്‍ഷം മുമ്പോട്ടാക്കിയത്. 2026 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ ഇ-20 ഇന്ധനം നിര്‍ബന്ധിതമായി. ഇന്ന് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഓരോ ലിറ്റര്‍ പെട്രോളിലും 20 ശതമാനവും എഥനോള്‍ ആണ് – പഞ്ചസാരയോ അന്നജമോ ഫെര്‍മെന്റ് ചെയ്ത് ഉണ്ടാക്കുന്ന ഒരുതരം ആല്‍ക്കഹോള്‍. കരിമ്പുനീരില്‍ നിന്ന് റമ്മോ ധാന്യങ്ങളില്‍ നിന്ന് വിസ്കിയോ ഉണ്ടാക്കുന്ന അതേ രാസപ്രക്രിയ തന്നെ. 20 ശതമാനം എഥനോള്‍ ബ്ലെന്‍ഡ് ചെയ്ത ഇന്ധനമാണ് ‘ഇ-20.’പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, എഥനോള്‍ ബ്ലെന്‍ഡ് ചെയ്ത പെട്രോളിലൂടെ ഇന്ത്യയ്ക്ക് 316 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ഒഴിവാക്കി അത്രയും ജൈവ മിശ്രിതം ഉപയോഗിക്കാനായി. ഇതിലൂടെ 1.97 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചു. എഥനോള്‍ പരിസ്ഥിതിക്ക് അനുയോജ്യമാണ്. ഫോസില്‍ ഇന്ധനം കത്തിക്കുമ്പോഴുണ്ടാകുന്നതിനെക്കാള് കുറഞ്ഞ അളവില്‍ മാത്രമേ എഥനോള്‍ കത്തിക്കുമ്പോള്‍ ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുള്ളൂ. ഏതാണ്ട് 952 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് ഉദ്വമനം കുറയ്ക്കാന്‍ ഇത് സഹായകമായിട്ടുണ്ടത്രെ. കാര്‍ഷിക ഉത്പന്നങ്ങളെ ഊര്‍ജമാക്കി മാറ്റുകയും, അതുവഴി കര്‍ഷകരെ രാജ്യത്തെ ഏറ്റവും വലുതും സുസ്ഥിരവുമായ ഉപഭോഗ വിപണികളിലൊന്നായ ഇന്ധന വിപണിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതിയിലൂടെ 1.66 ലക്ഷം കോടിയിലധികം രൂപ നേരിട്ട് കര്‍ഷകര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.2025-26 എഥനോള്‍ സപ്ലൈ വര്‍ഷത്തേക്കായി, 49,577 കോടി രൂപ ചെലവില്‍ 705.43 കോടി ലിറ്റര്‍ എഥനോള്‍ ഇന്ത്യയിലെ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ സംഭരിച്ചതായി ജൂലൈയില്‍ സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, എഥനോള്‍ സംഭരിക്കുന്നതിനായി ഈ കമ്പനികള്‍ 1.72 ലക്ഷം കോടി രൂപയിലധികം ചെലവഴിച്ചു. പ്രതിവര്‍ഷം 16 ബില്യണ്‍ ലിറ്റര്‍ വരെ ഉത്പാദനശേഷിയുള്ള 501 എഥനോള്‍ ഡിസ്റ്റിലറികള്‍ ഇന്ത്യയിലുണ്ട്. 2025-ഓടെ 60 ലക്ഷം ടണ്‍ വരെ പഞ്ചസാര എഥനോള്‍ ഉത്പാദനത്തിനായി തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ആകെ സംഭരിക്കുന്ന എഥനോളില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും കരിമ്പില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളില്‍ നിന്നാകണം ഉത്പാദിപ്പിക്കേണ്ടതെന്ന് പഞ്ചസാര വ്യവസായ മേഖല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2025 നവംബര്‍ മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവില്‍ പെട്രോളില്‍ കലര്‍ത്താനായി എണ്ണ വിപണന കമ്പനികള്‍ക്ക് വിതരണം ചെയ്ത 810.67 കോടി ലിറ്റര്‍ എഥനോളില്‍, 259.24 കോടി ലിറ്റര്‍ (32%) കരിമ്പുനീര്/സിറപ്പ്, ബി-ഹെവി മൊളാസസ്, സി-ഹെവി മൊളാസസ് എന്നിങ്ങനെ കരിമ്പ് അടിസ്ഥാനമാക്കിയുള്ള അസംസ്കൃത വസ്തുക്കളില്‍ നിന്ന് ഉത്പാദിപ്പിച്ചതാണ്. ബാക്കിയുള്ള 551.43 കോടി ലിറ്റര്‍ എഥനോള്‍ (68 ശതമാനം) ധാന്യം അടിസ്ഥാനമാക്കിയുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുന്ന ഡിസ്റ്റിലറികളില്‍ നിന്നാണ്: ചോളം (288 കോടി), ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ അരി (207.1 കോടി), കേടുപാടുകള്‍ സംഭവിച്ച ധാന്യങ്ങള്‍ (56.33 കോടി). കര്‍ഷകരില്‍ നിന്ന് എഫ്സിഐ കിലോയ്ക്ക് 44 രൂപ നിരക്കില്‍ സംഭരിക്കുന്ന അരി 23 രൂപ നിരക്കിലാണ് എഥനോള്‍ ഡിസ്റ്റിലറികള്‍ക്ക് വില്‍ക്കുന്നത്.എഥനോള്‍ ഉത്പാദനത്തിനായി കരിമ്പ് അല്ലെങ്കില്‍ ചോളം കൃഷി ചെയ്യാന്‍ കൂടുതല്‍ ഭൂമി ഉപയോഗിക്കുമ്പോള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ കൃഷിഭൂമിയാണ് കുറയുന്നത്. ചോളം എഥനോള്‍ ഉത്പാദനത്തിനായി മാറ്റുമ്പോള്‍ കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും വേണ്ടത്ര ചോളം ലഭ്യമല്ലാതാകുന്നു. തീറ്റയുടെ വിലയും മുട്ടയുടെയും പാലിന്റെയും വിലയും വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു. കൃഷിരീതി മാറുമ്പോള്‍ ഭൂജലത്തിന്റെ ഉപയോഗത്തിലും മാറ്റമുണ്ടാകും. ഇതിനെല്ലാം പ്രത്യാഘാതങ്ങളുണ്ടാകും.ഹോര്‍മുസ് കടലിടുക്കിലെയും ചെങ്കടലിലെയും സംഘര്‍ഷം നിലനില്‍ക്കെ, രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുകയും 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നത് വഴി ആഭ്യന്തര ചെലവ് കുറയുകയും ചെയ്തിട്ടും എന്തുകൊണ്ട് ഇവിടെ പെട്രോള്‍ വില കുറയുന്നില്ല എന്ന ചോദ്യം ഉയരുമ്പോള്‍, ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളര്‍ ആണെന്നിരിക്കെ ഇ-20 ഉത്പാദനച്ചെലവ് സാധാരണ പെട്രോളിനെക്കാള്‍ ഉയര്‍ന്നതാണെന്നും, ക്രൂഡ് ഓയില്‍ വില ബാരലിന് 120-130 ഡോളറായി ഉയര്‍ന്നാലേ ഇ-20 നിരക്ക് ആനുപാതികമായി കുറയുകയുള്ളൂവെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതികരണം.2023 ഏപ്രില്‍ മാസത്തിനു ശേഷം ഉത്പാദിപ്പിക്കപ്പെട്ട, ‘ഇലക്ട്രോണിക് ഫ്യുവല്‍ ഇന്ജക്ഷന്’ സംവിധാനമുള്ള വാഹനങ്ങള്‍ക്ക് ഇണങ്ങിയതാണ് ഇ-20 ഇന്ധനം എന്നു പറയുന്നു. എന്നാല്‍ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 77 ശതമാനം വരുന്ന 21 കോടി ടൂവീലറുകള്‍ക്കും 3.8 കോടി കാറുകള്‍ക്കും എഥനോള്‍ പലതരത്തിലും ഹാനികരമാണെന്ന ആശങ്ക നിലനില്ക്കുന്നു. കാര്‍ബ്യൂറേറ്റര്‍ സംവിധാനമുള്ള പഴയ വാഹനങ്ങളുടെ എന്‍ജിനും റബര്‍ ഹോസുകളും സീലുകളും ഗാസ്കറ്റുകളും തകരാറിലാകുന്നു, ചില പാര്‍ട്സുകളുടെ തേയ്മാനം വേഗത്തിലാകുന്നുവെന്നാണ് പരാതി. ശുദ്ധമായ പെട്രോളിനെക്കാള്‍ 36 ശതമാനം കുറഞ്ഞ ഊര്‍ജമേ എഥനോളില്‍ അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍ ഇ-20 മൈലേജില്‍ ഏഴു ശതമാനത്തിലധികം കുറവുണ്ടാകുമെന്ന് ഊര്‍ജ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നുണ്ട്. പെട്രോളിന്റെ കലോറിഫിക് മൂല്യം 46.4 മെഗാജൂള്‍/കിലോഗ്രാം ആണെങ്കില്‍, എത്തനോളിന്റേത് 29.7 എംജെ/കെജി മാത്രമാണ്. 10 ലിറ്റര്‍ ശുദ്ധമായ പെട്രോള്‍ ഉപയോഗിച്ച് സഞ്ചരിക്കാവുന്ന ദൂരം തന്നെ ഇ-20 ഉപയോഗിച്ച് സഞ്ചരിക്കാന്‍, ഏകദേശം 8 ശതമാനം അധികം ഇന്ധനം നിറയ്ക്കേണ്ടിവരും.’ഫ്ളെക്സ്-ഫ്യൂവല്‍’ വാഹനങ്ങള്‍ക്കായി ഇ-85 ഇന്ധനം വിതരണം ചെയ്യുന്നതിന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ 48 ഔട്ട്ലെറ്റുകള് ജൂണ്‍ മാസത്തില്‍ ആരംഭിക്കുകയും, ഇ-85, ഇ-100 ഇന്ധനങ്ങളില്‍ ഓടുന്ന ഫ്ളെക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം കരട് വിജ്ഞാപനം ഇറക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, മതിയായ പഠനങ്ങളോ വിലയിരുത്തലുകളോ കൂടാതെ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങളിലേക്ക് മാറുന്നതിനെതിരെ രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ മുന്നറിയിപ്പ് നല്‍കിയത് വലിയൊരു രാഷ്ട്രീയ വെളിപാടാണ്. പഴയ വാഹനങ്ങള്‍ക്കായി കുറഞ്ഞ അളവില്‍ എഥനോള്‍ അടങ്ങിയ ‘ഇ-10’ ബ്ലെന്‍ഡ് വീണ്ടും ലഭ്യമാക്കണമെന്നാണ് അദ്ദേഹം സമര്‍ഥിച്ചത്.
ഡല്‍ഹി ജന്തര്‍ മന്തറില്‍ മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയവൈകല്യങ്ങള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ യുവജന പ്രക്ഷോഭത്തിനു പിന്നാലെ ഇ-20 പെട്രോളിനെതിരെ പാര്‍ലമെന്റ് മാര്‍ച്ചും ബന്ദും അടക്കമുള്ള ബഹുജന പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങിയിരുന്നു. ഇതിനിടെ, കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപ്പാക്കുന്ന എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ നയത്തിന്റെ ‘ഉപജ്ഞാതാവും അതിന്റെ പ്രധാന ഗുണഭോക്താവും’ താനാണെന്ന രീതിയില്‍ തെറ്റായി ചിത്രീകരിക്കാനും തന്റെ രാഷ് ട്രീയ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനുമായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോകളും ഡീപ്ഫേക്ക് ഉള്ളടക്കവും പ്രചരിപ്പിക്കുന്നതിനെതിരെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മെറ്റാ പ്ലാറ്റ്ഫോംസ്, എക്സ് കോര്‍പ്, ഗൂഗിള്‍ എന്നിവയ്ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തത് ഭരണപക്ഷത്തെ ചില കുത്തിതിരിപ്പുകളോടുള്ള മുറുമുറുപ്പായിരുന്നോ?പഞ്ചസാര വിപണിയിലെ കോളിളക്കങ്ങളുമായി ബന്ധപ്പെട്ട്, ബിജെപി ഭരിക്കുന്ന ബിഹാറിലെ ഗ്രാമവികസന വകുപ്പിന്റെയും വിവര-പൊതുസമ്പര്‍ക്ക വകുപ്പിന്റെയും ചുമതലയുള്ള ജനതാദള്‍ (യുണൈറ്റഡ്) സഖ്യകക്ഷി മന്ത്രി ശ്രാവണ്‍ കുമാര്‍ നളന്ദയില്‍ നടത്തിയ പ്രതികരണം മോദിയുടെ ചില ക്ലാസിക് യുക്തികളെ പോലെ അവിസ്മരണീയമാണ്: ”എല്ലാവര്ക്കും പ്രമേഹരോഗമുള്ളതുകൊണ്ട് പഞ്ചസാരയുടെ വിലക്കയറ്റം വലിയൊരു വിഷയമാകുന്നില്ല. ആരാണിപ്പോള്‍ മധുരം കഴിക്കുന്നത്!”ബിഹാറിലെ ബിജെപിക്കാരനായ കൃഷിമന്ത്രി വിജയ് കുമാര്‍ സിന്‍ഹ മധുരം പങ്കുവച്ചത് ഇങ്ങനെയാണ്: ”പഞ്ചസാരയുടെ വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ എനിക്ക് വ്യക്തിപരമായി സന്തോഷമേയുള്ളൂ.”

