വത്തിക്കാന്‍ സിറ്റി: നൈറ്റ്സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റ് പാട്രിക് കെല്ലിയെ അല്മായര്ക്കും കുടുംബങ്ങള്‍ക്കും ജീവനുമായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയിലെ അംഗമായി ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയായ ലെയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു.
കത്തോലിക്ക വിശ്വാസത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ സേവനങ്ങളിലൂടെ സഭയെയും സമൂഹത്തെയും പിന്തുണയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക സാഹോദര്യ സംഘടനകളിലൊന്നാണ് നൈറ്റ്സ് ഓഫ് കൊളംബസ്.അമേരിക്കന്‍ നാവികസേനയില്‍ 24 വര്‍ഷത്തെ സേവനപരിചയമുള്ള പാട്രിക് കെല്ലി, നൈറ്റ്സ് ഓഫ് കൊളംബസിന്റെ പരമോന്നത നേതൃത്വത്തിലെത്തുന്നതിന് മുമ്പ് വിവിധ ഫെഡറല്‍ സ്ഥാപനങ്ങളില്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കന്‍ ഭരണകൂടത്തോടും വിവിധ രാജ്യങ്ങളോടും പരിശുദ്ധ സിംഹാസനത്തോടും ബന്ധം സ്ഥാപിക്കുന്നതില്‍ കെല്ലി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നയതന്ത്ര രംഗത്തെയും മതസ്വാതന്ത്ര്യ മേഖലയിലെയും ദീര്‍ഘകാല അനുഭവസമ്പത്താണ് പുതിയ വത്തിക്കാന്‍ ദൗത്യത്തിന് അദ്ദേഹത്തെ അനുയോജ്യനാക്കുന്നത്.സഭയും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കുടുംബം, ജീവന്, അല്മായരുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും കെല്ലിയുടെ പുതിയ ഉത്തരവാദിത്വം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

