വടക്കുകിഴക്കന്‍ മേഖലയിലെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ ബിജെപി കൂട്ടുകക്ഷി ഭരണകൂടങ്ങളുടെയും രാജ്യത്തെ ക്രൈസ്തവ സമൂഹങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും കേരള, തമിഴ്നാട് നിയമസഭകളുടെയും മറ്റും ശക്തമായ എതിര്‍പ്പുകള്‍ക്കും രാജ്യാന്തര നയതന്ത്രതലങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ, വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തില്‍ നിന്ന് തന്ത്രപരമായ ഒരു പിന്മാറ്റം അവസാന നിമിഷം സംഭവിച്ചു: ബില്ല് 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടാന്‍ തീരുമാനിച്ചു. താത്കാലിക ആശ്വാസമാണിത്. മൂന്നു മാസം കഴിഞ്ഞ്, ശൈത്യകാല സമ്മേളനത്തില്‍ ജെപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
തൃണമൂല്‍ കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന, ശരദ് പവാറിന്റെ എന്‍സിപി, ആം ആദ്മി പാര്‍ട്ടി എന്നിവയില്‍ നിന്ന് കൂറുമാറ്റിച്ചെടുത്ത വിമതവിഭാഗങ്ങളുടെയും കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന ഡിഎംകെയുടെയും, അകാലിദള്‍ പോലുള്ള മറ്റു ചെറുകക്ഷികളുടെയും പിന്തുണയോടെ പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി നിയമം പാസാക്കാനുള്ള മൂന്നില്‍ രണ്ടു ഭൂരിപക്ഷം തികയ്ക്കാനുള്ള ബദ്ധപ്പാടിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി മോദിക്കും ലോക്സഭയിലോ രാജ്യസഭയിലോ ഹാജരാകാന്‍ പറ്റാത്ത രാഷ് ട്രീയ സാഹചര്യങ്ങള്‍ ഡല്‍ഹിയിലെ യുവജന പ്രക്ഷോഭത്തോടെ ഉരുത്തിരിഞ്ഞ വേളയിലും എഫ്സിആര്‍എ ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന ആഖ്യാനം ശക്തമായിരുന്നു. പ്രതിപക്ഷ ബഹളത്തില്‍ കലങ്ങിമറിഞ്ഞ വര്‍ഷകാല സമ്മേളനത്തിന്റെ അന്ത്യഘട്ടത്തില്‍, ചര്‍ച്ചയ്ക്കും ചില വിട്ടുവീഴ്ചകള്‍ക്കും തയാറാണെന്ന് അമിത് ഷാ പ്രതിപക്ഷത്തോടു പറഞ്ഞത് എഫ്സിആര്‍എ ബില്ലിന്റെ കാര്യത്തില്‍ തീര്പ്പുണ്ടാകാനായിരുന്നു.
ഇതിനിടെ, വിനാശകരമായ തീരശോഷണവും പാരിസ്ഥിതിക, സാമൂഹിക ആഘാതവും തീരദേശ ജനതയുടെ അതിജീവന പ്രശ്നങ്ങളും ഉന്നയിച്ച് 2022-ല്‍ മത്സ്യത്തൊഴിലാളി സമൂഹം വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പിന്റെ തുറമുഖ പദ്ധതിക്കെതിരെ നടത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിലെ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട രണ്ട് സാമൂഹിക സേവന പ്രസ്ഥാനങ്ങളുടെ എഫ്സിആര്‍എ രജിസ്ട്രേഷന് പുതുക്കിനല്‍കാതെ റദ്ദാക്കിയത് പുനഃസ്ഥാപിക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് എഫ്സിആര്‍എ ബില്ല് ജെപിസിക്കു വിടുന്നതിനു മുന്നോടിയായി വരുന്നത്, മോദി സര്‍ക്കാര്‍ അദാനിയെ സംരക്ഷിക്കാനും ന്യൂനപക്ഷ സമൂഹങ്ങളെ വേട്ടയാടാനും എഫ്സിആര്‍എ ചട്ടങ്ങളെ എങ്ങനെയെല്ലാം ആയുധമാക്കുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ട് സംവാദത്തിനു തീക്ഷ്ണതയേറ്റുന്നു.
സംസ്ഥാനത്തെ 32 കത്തോലിക്കാ രൂപതകളുടെ കീഴിലുള്ള സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെയും, രാജ്യത്തെ കത്തോലിക്കാ സഭയുടെ സാമൂഹിക വികസന, മാനവിക സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ദൗത്യങ്ങളുടെയും മറ്റും ഏകോപനത്തിനായി, കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ കീഴിലുള്ള നീതിക്കും സമാധാനത്തിനും വികസനത്തിനുമായുള്ള കമ്മിഷന്റെ മേല്‍നോട്ടത്തില്‍ കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കേരളത്തിലെ ദരിദ്ര കുടുംബങ്ങളെ സഹായിക്കുന്നതിന് 1965-ല്‍ കാനഡയില്‍ കെമിസ്ട്രി പ്രഫസറായിരുന്ന എറണാകുളം അതിരൂപതാ വൈദികന് മോണ്‍. അഗസ്റ്റിന് കണ്ടത്തില്‍ തുടക്കം കുറിച്ച, ഇപ്പോള്‍ ഇന്ത്യയിലുടനീളം 75,000 കുടുംബങ്ങളിലേക്കും 42,000 സാമൂഹിക കൂട്ടായ്മകളിലേക്കും സഹായമെത്തിച്ചുകൊണ്ട് കാഞ്ഞൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ എന്നീ എന്‍ജിഒകളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
ഇരു സംഘടനകളും 1985 മുതല്‍ എഫ്സിആര്‍എ രജിസ്ട്രേഷന് പ്രകാരം പ്രവര്‍ത്തിച്ചുവരുന്നതാണ്. വിദേശസംഭാവന സ്വീകരിക്കുന്നതിലോ വിനിയോഗിക്കുന്നതിലോ ഹര്‍ജിക്കാര്‍ എന്തെങ്കിലും നിയമലംഘനമോ ദുരുപയോഗമോ നടത്തിയതായി കാണുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകളില്‍ പറയുന്ന 29 സംഘടനകളുടെ പട്ടികയില്‍ ഈ രണ്ട് എന്‍ജിഒകളും ഉള്‍പ്പെടുന്നില്ല. വിഴിഞ്ഞം സമരക്കാര്‍ക്ക് വിദേശ ഫണ്ട് നല്‍കിയെന്ന ആരോപണത്തിന് തെളിവില്ല, സംഘടനയില്‍ നിന്ന് സമരക്കാര്‍ക്ക് പണം അയച്ചതിന് സാമ്പത്തിക രേഖയുമില്ല.
സേവ് എ ഫാമിലി പ്ലാന്‍ തിരുവനന്തപുരം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് (ടിഎസ്എസ്എസ്) കൈമാറിയ ഫണ്ട് വിഴിഞ്ഞം സമരവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റ് രണ്ട് സംഘടനകള്‍ക്ക് ലഭ്യമാക്കിയെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടത്. വയോധികരായ വിധവകളുടെയും നിര്‍ധന കുടുംബങ്ങളുടെയും ക്ഷേമത്തിനും തൊഴില്‍പരിശീലനത്തിനും ഭവനപദ്ധതികള്ക്കുമായി 2020 സെപ്റ്റംബര്‍ വരെ സേവ് എ ഫാമിലി പ്ലാനില്‍ നിന്ന് ടിഎസ്എസ്എസിന് സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. അത് കൃത്യമായി ചെലവഴിച്ചതിന്റെ ഓഡിറ്റ് ചെയ്ത കണക്കുണ്ട്.
ഏതൊരു വികസന പദ്ധതിയും പ്രദേശവാസികളില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്; സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിഷേധക്കാര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍പ്പോലും അത് പൊതുതാല്പര്യത്തിന് എതിരായി വിനിയോഗിച്ചതായി കരുതാനാകില്ല. ജീവകാരുണ്യസംഘടനകളുടെ എഫ്സിആര്‍എ രജിസ്ട്രേഷന് പുതുക്കാനുള്ള അപേക്ഷ നിരസിച്ചത് നിയമവിരുദ്ധമായാണ്. ഇത് നീതിനിഷേധമാണ്.
മൂന്നു മാസത്തിനകം അപേക്ഷയില്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ എഫ്സിആര്‍എ ഡിവിഷനോട് കോടതി നിര്‍ദേശിച്ചു. പുതിയ ഉത്തരവ് വരുന്നതുവരെ ഹര്‍ജിക്കാരുടെ എഫ്സിആര്‍എ സര്‍ട്ടിഫിക്കറ്റിന് സാധുത ഉണ്ടായിരിക്കും. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനു മുന്‍പ് സേവ് എ ഫാമിലി പ്ലാന്‍ എഫ്സിആര്‍എ അക്കൗണ്ടിലുണ്ടായിരുന്ന 16.72 കോടി രൂപ ഉപയോഗിക്കുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഗോവ അതിരൂപതയിലെ 140 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഗോവ ഡയോസിസന്‍ സൊസൈറ്റി ഓഫ് എഡ്യുക്കേഷന്‍, സഭയുടെ മാധ്യമ വിഭാഗമായ ഡയോസിസന്‍ സൊസൈറ്റി ഓഫ് സോഷ്യല്‍ കമ്യൂണിക്കേഷന്‍ മീഡിയ എന്നീ സംഘടനകളുടെ എഫ്സിആര്‍എ ലൈസന്‍സുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയ നടപടി ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് താല്‍ക്കാലികമായി മരവിപ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വിദേശ സംഭാവനയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഈ രണ്ട് സംഘടനകളുടെയും ലൈസന്‍സുകള്‍ റദ്ദാക്കിയത്. ഈ കാലയളവില്‍ ഇരു സംഘടനകളും ‘സമൂഹത്തിന്റെ നന്മയ്ക്കായി തങ്ങള്‍ തിരഞ്ഞെടുത്ത മേഖലയില്‍’ പ്രവര്‍ത്തനം തുടര്‍ന്നു എന്ന് കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
എഫ്സിആര്‍എ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകളെയും കഴിഞ്ഞ ജൂണ്‍ 22-ന് കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്ത എഫ്സിആര്‍എ ചട്ടഭേദഗതികളെയും കുറിച്ചുള്ള ആശങ്കകള്‍ അറിയിക്കാനായി അമിത് ഷായെ കണ്ട രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരുടെ സമിതി പ്രതിനിധിസംഘത്തോടും ഇതര ക്രൈസ്തവ സമൂഹങ്ങളുടെ ദേശീയ സംഘടനാ നേതാക്കളോടും, മേഘാലയയിലെ ബിജെപി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയും കത്തോലിക്കാ വിശ്വാസിയുമായ കോണ്‍റാഡ് സാങ്മ, നാഗാലാന്‍ഡില്‍ എന്‍ഡിഎ സഖ്യത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി നിഫീറിയോ, മിസോറമില്‍ എന്‍ഡിഎയെ ചെറുത്തുനില്ക്കുന്ന സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി ലാല്‍ദുഹോമ എന്നിവരോടും അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്, പ്രസ്തുത ബില്ല് ന്യൂനപക്ഷങ്ങളെയോ ക്രൈസ്തവ മിഷന് പ്രവര്‍ത്തനങ്ങളെയോ ലക്ഷ്യംവയ്ക്കുന്നതല്ല എന്നാണ്. രാജ്യത്ത് എത്തുന്ന മൊത്തം വിദേശ സംഭാവനയുടെ 15 ശതമാനത്തില്‍ താഴെയാണ് ക്രൈസ്തവ എന്‍ജിഒകളുടെ വിഹിതമെന്നും, കഴിഞ്ഞ വര്‍ഷം ലഭിച്ച 17,000 കോടി രൂപയില്‍ 3,000 കോടി മാത്രമാണ് ക്രിസ്ത്യന്‍ സംഘടനകളുടെ എഫ്സിആര്‍എ പങ്കെന്നും അമിത് ഷാ വിശദീകരിക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ അവതരിപ്പിച്ച എഫ്സിആര്‍എ ബില്ല് കേരളത്തില്‍ ബിജെപിയുടെ ‘ക്രിസ്റ്റ്യന്‍ ഔട്ട്റീച്ച്’ പദ്ധതി തകര്‍ത്ത് വലിയ രാഷ് ട്രീയ തിരിച്ചടിക്ക് ഇടയാക്കിയതാണ്. ഈ ബില്ലിലെ ഏറ്റവും അപകടകാരിയായ വ്യവസ്ഥകളിലൊന്ന്, ഒരു സംഘടനയുടെ എഫ്സിആര്‍എ രജിസ്ട്രേഷന് റദ്ദാക്കപ്പെടുകയോ, പുതുക്കാതിരിക്കുകയോ, അത് സ്വമേധയാ ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍, ഭാഗികമായി പോലും വിദേശ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ ആസ്തികള്‍ ഏറ്റെടുക്കാന്‍ ഒരു ‘നിയുക്ത അധികാരിയെ’ (ഡെസിഗ്നേറ്റഡ് അതോറിറ്റി) നിയമിക്കും എന്നതാണ്. സിവില്‍ കോടതിയുടെ അധികാരമാണ് ഈ അതോറിറ്റിക്കുള്ളത്. കണ്ടുകെട്ടുന്ന സ്വത്തുക്കള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ മറ്റേതെങ്കിലും സ്ഥാപനത്തിനോ കൈമാറാനോ വില്‍ക്കാനോ വകുപ്പുണ്ട്. ഇപ്പോള്‍ പൂര്‍ണമായും സ്വദേശി ഫണ്ടുമായി പ്രവര്‍ത്തിക്കുന്ന സ്കൂളും കോളജും യൂണിവേഴ്സിറ്റിയും മെഡിക്കല്‍ കോളജും ആശുപത്രിയും കമ്യൂണിറ്റി സെന്ററും ആരാധനാലയങ്ങളും വസ്തുവകകളുമെല്ലാം മുന്‍കാല വിദേശ ഫണ്ടിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് കൈവശപ്പെടുത്താനാകും.
മോദി ഭരണത്തില്‍ എഫ്സിആര്‍എ ലൈസന്‍സുകളുടെ എണ്ണത്തില്‍ 64 ശതമാനം ഇടിവുണ്ടായി. രാജ്യത്ത് 2014-15 വര്‍ഷത്തില്‍ 40,000 എഫ്സിആര്‍എ ലൈസന്‍സുള്ള സംഘടനകള്‍ ഉണ്ടായിരുന്നു. 2026 ജൂലൈ 15-ലെ കണക്കുകള്‍ പ്രകാരം സജീവമായി നിലനില്‍ക്കുന്നത് 14,449 എന്‍ജിഒകളാണ്. മൊത്തത്തില്‍ റദ്ദാക്കപ്പെട്ട എഫ്സിആര്‍എ രജിസ്ട്രേഷന് 22,498; കാലാവധി കഴിഞ്ഞതായി കരുതപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ 15,212. കേരളത്തില്‍ 2017-2021 കാലയളവില്‍ 178 എഫ്സിആര്‍എ രജിസ്ട്രേഷന് റദ്ദാക്കപ്പെട്ടു.
ഓരോ എഫ്സിആര്‍എ സംഘടനയും വിദ്യാഭ്യാസം, സാംസ്കാരികം, സാമ്പത്തികം, സാമൂഹികം, പരിസ്ഥിതി തുടങ്ങിയ അംഗീകൃത പ്രവര്‍ത്തന മേഖലയും, വിദേശ ഫണ്ട് ഉപയോഗിക്കുന്ന സംസ്ഥാനം ഏതെന്നും വ്യക്തമാക്കണമെന്ന് പുതിയ ചട്ടഭേദഗതിയില്‍ പറയുന്നുണ്ട്. ഓരോ സംസ്ഥാനത്തിനും ഓരോ വിഭാഗത്തിനും പ്രത്യേക രജിസ്ട്രേഷന് വേണം. ആരാധനാലയങ്ങളുടെ നിര്‍മാണം, മതവിദ്യാഭ്യാസം, ഭക്തിഗാനങ്ങള്‍, ധാര്‍മിക പ്രബോധനം, പ്രഭാഷണങ്ങള്‍, സത്സംഗങ്ങള്‍, ധ്യാന ക്യാമ്പുകള്‍ എന്നിങ്ങനെ മതപരമായ 16 തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. അതേസമയം മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് (പ്രോസിലിറ്റൈസേഷന്) കര്‍ശനമായ വിലക്കുണ്ട്. കൃത്യമായ നിര്‍വചനം ഇല്ലാത്തതിനാല്‍ ഈ പദം സംഘപരിവാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ എന്ന് പ്രധാനമന്ത്രി മോദി 2025-ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വിശേഷിപ്പിച്ച ആര്‍എസ്എസ് നൂറു വര്‍ഷമായി രാജ്യത്ത് രജിസ്ട്രേഷനൊന്നുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് പ്രചാരകനായിരുന്ന മോദി ഡല്‍ഹിയില്‍ അധികാരമേല്‍ക്കുമ്പോള്‍ പ്രസ്ഥാനത്തിന് രാജ്യത്ത് 44,000 ശാഖകളുണ്ടായിരുന്നു; ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അത് ഇരട്ടിയായതായി – 88,000 ശാഖകള്‍ – ആര്‍എസ്എസ് അവകാശപ്പെട്ടു. രാജ്യത്ത് ചില സംഘടനകള്‍ക്ക് ഓഡിറ്റിങ് ആവശ്യമില്ല, ദാതാക്കളുടെ പട്ടിക കാണിക്കേണ്ടതില്ല, ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതുമില്ല. 38 വിദേശ രാജ്യങ്ങളിലായി ആര്‍എസ്എസുമായി ബന്ധമുള്ള 2,502 വ്യത്യസ്ത സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസിലെ 107 സംഘ് അഫിലിയേഷനുള്ള സംഘടനകളില്‍ നിന്നും യുകെയിലെ 26 സംഘടനകളില്‍ നിന്നും വരുന്ന ഫണ്ടിന് എഫ്സിആര്‍എ ചട്ടങ്ങള്‍ ബാധകമാണോ? ഇന്ത്യയില്‍ സംഘപരിവാറുമായി ബന്ധപ്പെട്ട 2,240 സംഘടനകളുണ്ട്, ഇവയില്‍ ബജ്റംഗ് ദള്‍ അടക്കം 693 എണ്ണം രജിസ്റ്റര്‍ ചെയ്യാത്തവയാണ്.
പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് (പിഎം കെയേര്‍സ്) ഫണ്ടിന്റെ കണക്കും ഡാറ്റയും വിവരാവകാശ നിയമം, പാര്‍ലമെന്ററി പരിശോധന, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് എന്നിവയുടെ പരിധിക്ക് പുറത്താണ്. 2024-25 വര്‍ഷത്തെ പുറത്തുവന്ന കണക്കുപ്രകാരം ഈ ഫണ്ടില്‍ 8,452 കോടി രൂപയുണ്ടായിരുന്നു. ചെലവഴിച്ചത് 88 ലക്ഷം മാത്രമാണ്. കോവിഡ്-19 മഹാമാരി മൂലം അനാഥരായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 20,000 രൂപ വീതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സര്‍ക്കാര്‍ കണ്ടെത്തിയ 3,383 കുട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ വീതിച്ചുനല്കുന്നത് 2,596 രൂപ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഫണ്ടിന്റെ ഏകദേശം 93 ശതമാനവും സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരിക്കയാണത്രെ!
വിദേശ ഫണ്ടിങ്ങിലെ സുതാര്യത ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ബാധകമെന്ന് സംശയം പ്രകടിപ്പിക്കുന്നവരെ ബിജെപിയുടെ പുതിയ ഐടി സെല്‍ ‘ദിമാഗി നക്സല്‍’ ചാപ്പ കുത്താന്‍ സാധ്യത തെളിയുന്നുണ്ട്.

