വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കത്തോലിക്ക ബൈബിൾ അസോസിയേഷന്റെ (CBA) പ്രസിഡന്റായി പ്രമുഖ ദൈവശാസ്ത്ര പണ്ഡിതയും ബൈബിൾ ഗവേഷകയുമായ ഏമി-ജിൽ ലെവിൻ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഒമ്പത് പതിറ്റാണ്ടിലേറെ നീളുന്ന ചരിത്രത്തിൽ ആദ്യമായാണ് ഒരു യഹൂദ വംശജ ഈ സ്ഥാനത്തെത്തുന്നത്. അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിലാണ് ലെവിന്റെ തിരഞ്ഞെടുപ്പ് നടന്നത്.
1988 മുതൽ CBA-യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലെവിൻ പുതിയ നിയമ പഠനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിളിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ നിയമം പഠിപ്പിച്ച ആദ്യ യഹൂദ വനിതയെന്ന പ്രത്യേകതയും അവർക്കുണ്ട്.കത്തോലിക്കാ സഭയുടെ നേരിട്ടുള്ള ഭരണപരമായ നിയന്ത്രണത്തിലല്ല CBA പ്രവർത്തിക്കുന്നത്. എന്നാൽ അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിക്ക് ബൈബിൾ പരിഭാഷ, ബൈബിൾ പഠനം, മതബോധനം തുടങ്ങിയ മേഖലകളിൽ വിദഗ്ധ ഉപദേശം നൽകുന്ന പ്രധാന സ്ഥാപനമാണിത്.പുതിയ ചുമതല വലിയൊരു അംഗീകാരമായാണ് കാണുന്നതെന്ന് ലെവിൻ പറഞ്ഞു. ചരിത്രപരമായ കൃത്യതയോടെയും വിവിധ സമൂഹങ്ങൾക്ക് പ്രചോദനം നൽകുന്ന രീതിയിലും ബൈബിളിനെ സമീപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പഠനങ്ങളുമായി തന്റെ നിലപാടുകൾക്ക് പൊരുത്തമുണ്ടെന്നും ലെവിൻ കൂട്ടിച്ചേർത്തു.ഓർത്തഡോക്സ് യഹൂദ കുടുംബത്തിൽ വളർന്ന ലെവിൻ, ക്രിസ്ത്യൻ-യഹൂദ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലും സജീവമാണ്. ചെറുപ്പത്തിൽ നേരിട്ട അനുഭവങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിക്കാൻ പ്രചോദനമായതെന്ന് അവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സ്നേഹത്തിന്റെ സന്ദേശമായ സുവിശേഷം വിദ്വേഷത്തിനുള്ള ആയുധമായി ഉപയോഗിക്കപ്പെടരുതെന്ന ചിന്തയാണ് പുതിയ നിയമ പഠനത്തിലേക്ക് തന്നെ നയിച്ചതെന്നും ലെവിൻ പറഞ്ഞു.

