റിമിനി: സ്നേഹത്തിന്റെയും പരസ്പര സൗഹൃദത്തിന്റെയും സംസ്കാരം ശക്തിപ്പെടുത്തുന്നതിനും യുവാക്കളെ നന്മയുടെ വഴിയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ലെയോ പതിനാലാമൻ പാപ്പയുടെ റിമിനി സന്ദർശനം വഴിയൊരുക്കുമെന്ന് റിമിനി രൂപതാധ്യക്ഷൻ ബിഷപ്പ് നിക്കൊളോ അൻസെൽമി.
സാൻ മരീനോ സന്ദർശനത്തിനും റിമിനി രൂപതയിലെ വിശ്വാസിസമൂഹവുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായാണ് പാപ്പാ ഓഗസ്റ്റ് 22ന് റിമിനിയിലെത്തുന്നത്. ഓഗസ്റ്റ് 21 മുതൽ 26 വരെ നടക്കുന്ന “ജനതകൾക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനത്തിലും” പാപ്പാ പങ്കെടുക്കും.44 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാപ്പാ റിമിനിയിലെത്തുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ സന്ദർശനത്തിനുണ്ട്. 1982 ഓഗസ്റ്റ് 29ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ റിമിനി സന്ദർശിച്ചിരുന്നു. അന്ന് റിമിനി തുറമുഖത്ത് അർപ്പിച്ച വിശുദ്ധ ബലിയിൽ ഏകദേശം രണ്ടുലക്ഷം വിശ്വാസികൾ പങ്കെടുത്തിരുന്നു.റിമിനി കത്തീഡ്രലിൽ നടക്കുന്ന കൂടിക്കാഴ്ചയാണ് പാപ്പയുടെ സന്ദർശനത്തിലെ പ്രധാന പരിപാടികളിലൊന്ന്. രോഗികൾ, ഭിന്നശേഷിക്കാർ, കാരിത്താസ് സംഘടനയുടെ സേവനം സ്വീകരിക്കുന്ന ദരിദ്രർ എന്നിവരുമായി പാപ്പാ നേരിട്ട് കൂടിക്കാഴ്ച നടത്തും. ഏകദേശം 650 പേരാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.സാധാരണക്കാരുടെയും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതാനുഭവങ്ങൾ നേരിട്ട് കേൾക്കാനും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പാപ്പയുടെ സന്ദർശനം അവസരമാകുമെന്ന് ബിഷപ്പ് അൻസെൽമി വ്യക്തമാക്കി. യുവതലമുറയിൽ സഹോദരസ്നേഹവും പരസ്പര കരുതലും വളർത്തുന്നതിലും സന്ദർശനം നിർണായകമാകുമെന്നാണ് പ്രതീക്ഷ.

