ഡോ. ജസ്റ്റിൻ ജോർജ്
103 പുതിയ മലയാളം ഫോണ്ടുകളുമായാണ് കേരളം ഇത്തവണ ചിങ്ങമാസത്തിലേക്ക് കാലൂന്നിയത്. കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ഈ ഫോണ്ടുകള്‍. സൗജന്യമായാണ് ഈ ഫോണ്ടുകള്‍ അവര്‍ നല്കിയതെന്നതും ശ്രദ്ധേയം. ഓരോ ഫോണ്ടിനും വ്യത്യസ്തമായ പേരുകളുമിട്ടിരിക്കുന്നു. മലയാള ഭാഷയ്ക്കുള്ള തങ്ങളുടെ സംഭാവനയാണിതെന്നാണ് ഈ യുവാക്കള്‍ പറയുന്നത്. തികച്ചും സന്തോഷകരമായ ഒരു പ്രയത്നം. എഴുത്തും വായനയും ഭാഷയുമെല്ലാം അത്യാസന്ന നിലയിലാണെന്ന പലരുടേയും വിലാപങ്ങള്ക്കിടെ പുതിയ തലമുറയുടെ ഈ സംഭാവന നമുക്ക് കൈനീട്ടി സ്വീകരിക്കാം.മലയും നാടും ചേര്‍ന്ന ഭാഷമലയാളത്തിന്റെ ചരിത്രം ഒരു ദിവസം തുടങ്ങുന്നതല്ല. ഒരു വ്യക്തിയുടെ സൃഷ്ടിയുമല്ല. ദ്രാവിഡ ഭാഷാകുടുംബത്തിന്റെ ദീര്‍ഘമായ പരിണാമപ്രക്രിയയിലാണ് മലയാളം രൂപപ്പെട്ടത്. പഴയ തമിഴുമായുള്ള ആഴത്തിലുള്ള ബന്ധത്തില്‍നിന്ന് പ്രാദേശിക ഭാഷാവ്യത്യാസങ്ങളിലൂടെയും സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെയും മലയാളം സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തി.’മലയാളം’ എന്ന പേര് പോലും ആദ്യം ഒരു ഭാഷയെക്കാള്‍ ഭൂമിയെയാണ് സൂചിപ്പിച്ചിരുന്നത്. മലനിരകളുടെയും നാടിന്റെയും ഭൂമിശാസ്ത്രത്തില്‍നിന്ന് ഒരു ജനതയുടെ ഭാഷയുടെ പേരിലേക്കുള്ള പരിണാമമായിരുന്നു അത്.വാഴപ്പള്ളി ശാസനം പോലുള്ള പ്രാചീന രേഖകളില്‍ മലയാളത്തിന്റെ ആദ്യകാല രൂപങ്ങള്‍ തെളിഞ്ഞുകാണുന്നു. ‘രാമചരിതം’ മലയാളത്തിലെ ആദ്യകാല സാഹിത്യസാക്ഷ്യങ്ങളില് പ്രധാനപ്പെട്ടതാണ്. പിന്നീട് മണിപ്രവാളവും പാട്ടുപാരമ്പര്യവും സംസ്കൃത സ്വാധീനവും നാടോടി ഭാഷയും ചേര്‍ന്ന് മലയാളത്തിന്റെ സാഹിത്യലോകം വികസിച്ചു.അതിനുശേഷം എഴുത്തച്ഛന് വന്നു.എഴുത്തച്ഛനും മലയാളത്തിന്റെ പൊതുശബ്ദവുംതുഞ്ചത്ത് എഴുത്തച്ഛന് മലയാളത്തെ സൃഷ്ടിച്ചില്ല. എന്നാല്‍ മലയാളത്തിന് ഒരു ശക്തമായ സാഹിത്യശബ്ദം നല്കുന്നതില് അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ആധ്യാത്മികതയും ജനഭാഷയും സാഹിത്യഭാഷയും ഒരുമിച്ചുചേര്‍ന്ന അദ്ദേഹത്തിന്റെ കൃതികള്‍ മലയാളത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഭാഷയെ ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ എത്തിക്കുന്നതില്‍ എഴുത്തച്ഛന്റെ പാരമ്പര്യം വലിയ പങ്കുവഹിച്ചു. പക്ഷേ മലയാളത്തിന്റെ ആധുനിക രൂപത്തിലേക്കുള്ള യാത്രയില്‍ മറ്റൊരു വിപ്ലവം വരാനുണ്ടായിരുന്നു. അച്ചടിയുടെ വിപ്ലവം.
മിഷണറിമാര്‍ എത്തിയപ്പോള്കേരളത്തിന്റെ ഭാഷാചരിത്രത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ സംഭാവന പറയാതെ മലയാളത്തിന്റെ ആധുനിക ചരിത്രം പൂര്‍ത്തിയാക്കാനാവില്ല. അവര്‍ മലയാളം സൃഷ്ടിച്ചവരല്ല. അതിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടായിരുന്നു. എന്നാല്‍ മലയാളത്തെ അച്ചടി, നിഘണ്ടു, വ്യാകരണം, പാഠപുസ്തകം, വിവര്‍ത്തനം, പത്രപ്രവര്‍ത്തനം, അടിസ്ഥാന വിദ്യാഭ്യാസം തുടങ്ങിയ ആധുനിക വിജ്ഞാനമേഖലകളിലേക്ക് വേഗത്തില്‍ കൊണ്ടുവരുന്നതില്‍ അവരുടെ പങ്ക് ചരിത്രപരമാണ്.19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കോട്ടയത്തെ മിഷന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബെഞ്ചമിന്‍ ബെയ്ലി സ്ഥാപിച്ച അച്ചടിശാല മലയാളത്തിന്റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായി.അച്ചടിയന്ത്രം വെറും പുസ്തകം അച്ചടിക്കുന്ന യന്ത്രമായിരുന്നില്ല. അത് ഒരു ഭാഷയെ പല പകര്‍പ്പുകളായി ജനങ്ങളിലേക്ക് എത്തിക്കുന്ന മന്ത്രമായിരുന്നു. ഒരാളുടെ കൈയെഴുത്ത് മറ്റൊരാളുടെ കൈയില്‍ എത്തുന്നതിന് പകരം ഒരേ പുസ്തകം നൂറുകണക്കിന് ആളുകളുടെ കൈകളിലെത്തി. അറിവിന് വേഗം കിട്ടി. വാക്കുകള്‍ക്ക് സ്ഥിരത ലഭിച്ചു. വായനയ്ക്ക് പുതിയൊരു പൊതുസ്ഥലം രൂപപ്പെട്ടു. ബെഞ്ചമിന്‍ ബെയ്ലി മലയാളം-ഇംഗ്ലീഷ് നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങള്‍, പാഠപുസ്തകങ്ങള്‍, മതഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഭാഷയുടെ ആധുനിക പ്രയോഗത്തെ ശക്തിപ്പെടുത്തി. അദ്ദേഹവുമായി ബന്ധപ്പെട്ട സി.എം.എസ്. പ്രസ്സിന്റെ പ്രവര്‍ത്തനം മലയാള അച്ചടിയുടെ ചരിത്രത്തിലെ പ്രധാന അധ്യായമായി മാറി.അച്ചടിയിലൂടെ മലയാളം പുസ്തകത്തിന്റെ ഭാഷ മാത്രമല്ല, പൊതുജ്ഞാനത്തിന്റെ ഭാഷ കൂടിയായി മാറുകയായിരുന്നു.
മലയാളത്തിന് സ്വന്തം സംസ്ഥാനമുണ്ടായി. ഭാഷയും ഭരണവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി. മലയാളം ഔദ്യോഗിക ഭാഷയായി. വിദ്യാഭ്യാസത്തിലും ഭരണത്തിലും മാധ്യമങ്ങളിലും സാഹിത്യത്തിലും മലയാളം കൂടുതല്‍ വ്യാപിച്ചു. 2013-ല്‍ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതും അതിന്റെ ദീര്‍ഘമായ ചരിത്രപരമായ വളര്‍ച്ചയുടെ ഒരു അംഗീകാരമായിരുന്നു. പക്ഷേ അതേ കാലത്ത് മറ്റൊരു ഭാഷ നിശ്ശബ്ദമായി മലയാളിയുടെ ജീവിതത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ കടന്നുവരികയായിരുന്നു. ഇംഗ്ലീഷ്. യൂറോപ്യന്‍ ശക്തികള്‍ കടല്‍ കടന്നെങ്കിലും അവര്‍ നട്ടുവച്ച ഭാഷ സാവധാനം മലയാളിയുടെ ജീവിതത്തിലേക്കു പ്രവേശിച്ചു.സ്കൂള്‍ ബെഞ്ചില്‍ തുടങ്ങുന്ന തളര്ച്ചഒരു ഭാഷയുടെ ഭാവി സാഹിത്യ അക്കാദമിയുടെ ഓഫീസിലല്ല തീരുമാനിക്കപ്പെടുന്നത്. സ്കൂള്‍ ക്ലാസ് മുറിയിലാണ്. അവിടെ ഇരിക്കുന്ന കുട്ടിയാണ് നാളത്തെ വായനക്കാരന്, എഴുത്തുകാരന്. അവന് ഏത് ഭാഷയില്‍ ശാസ്ത്രം പഠിക്കുന്നു? ഏത് ഭാഷയില്‍ സ്വപ്നം കാണുന്നു? ഏത് ഭാഷയിലാണ് ഒരു സങ്കീര്‍ണമായ ആശയം വിശദീകരിക്കാന്‍ അവന് കഴിയുന്നത്? ഇവയാണ് ഒരു ഭാഷയുടെ ഭാവിയെ നിര്‍ണയിക്കുന്ന ചോദ്യങ്ങള്‍.കേരളത്തില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വളര്‍ച്ചയും കേന്ദ്ര സിലബസ് സ്ഥാപനങ്ങളുടെ വ്യാപനവും ഭാഷയുടെ സാമൂഹിക ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. ഇംഗ്ലീഷ് പഠിക്കേണ്ടതില്ല എന്നല്ല അതിന്റെ അര്‍ത്ഥം.ഇംഗ്ലീഷ് ലോകത്തിലേക്കുള്ള ജനാലയാണ്. പക്ഷേ ജനാല തുറക്കാന്‍ വേണ്ടി സ്വന്തം വീട് പൊളിക്കേണ്ടതില്ലല്ലോ. ഇംഗ്ലീഷില്‍ ലോകത്തെ പഠിക്കുകയും മലയാളത്തില്‍ സ്വന്തം ലോകത്തെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരു തലമുറയാണ് കേരളത്തിന് ആവശ്യം.പക്ഷേ മലയാളം, പുസ്തകങ്ങളില്‍ പൂത്തുലയുന്നു. ഇവിടെയാണ് കഥ വീണ്ടും മാറുന്നത്. മലയാളത്തില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു. പുതിയ എഴുത്തുകാര്‍. പുതിയ പ്രസാധകര്. പുതിയ വിഷയങ്ങള്‍. പുതിയ വായനരീതികള്.ഇന്ന് മലയാളത്തില്‍ നോവലും കവിതയും മാത്രമല്ല, പരിസ്ഥിതി, ആരോഗ്യം, ശാസ്ത്രം, ചരിത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, യാത്ര, മനഃശാസ്ത്രം, സിനിമ, കായികം തുടങ്ങിയ മേഖലകളിലും പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു.ഇത് ഭാഷയുടെ ആരോഗ്യത്തിന്റെ വലിയ അടയാളമാണ്. ഒരു ഭാഷയുടെ ശക്തി അതിലെ കവിതകളുടെ എണ്ണത്തില്‍ മാത്രം അളക്കാനാവില്ല. പുതിയ അറിവുകളെ സ്വന്തം വാക്കുകളാക്കി മാറ്റാനുള്ള ശേഷിയിലാണ് ഭാഷയുടെ യഥാര്‍ത്ഥ ശക്തി.മലയാളത്തിന്റെ പുതിയ എഴുത്തുവേഗംഒരു വര്‍ഷത്തിനുള്ളില്‍ 25 പുസ്തകങ്ങള്‍ രചിച്ച (2025 – 2026)കാവല്ലൂര്‍ മുരളീധരനെപ്പോലുള്ള എഴുത്തുകാരുടെ പ്രവര്‍ത്തനം ഈ പുതിയ എഴുത്തുസംസ്കാരത്തിന്റെ ഒരു ഉദാഹരണമാണ്. ഒരു എഴുത്തുകാരന് തുടര്‍ച്ചയായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു എന്നത് വ്യക്തിപരമായ നേട്ടം മാത്രമല്ല. മലയാളത്തില്‍ എഴുതാനുള്ള ഇടം ഇപ്പോഴും വലുതാണെന്നതിന്റെ സൂചന കൂടിയാണ്.പുതിയ പ്രസാധകര് രംഗത്തെത്തുന്നു. ചെറിയ പ്രസാധനശാലകള്‍ പോലും സാഹിത്യത്തിന് ഇടം നല്കുന്നു. ഡിജിറ്റല്‍ പ്രസിദ്ധീകരണങ്ങള്‍ എഴുത്തിന് പുതിയ വഴികള്‍ തുറക്കുന്നു. സാമൂഹികമാധ്യമങ്ങള്‍ മലയാളത്തിലെ പുതിയ എഴുത്തുകാരെ വായനക്കാരുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. അച്ചടിച്ച പുസ്തകത്തോടൊപ്പം ഇ-പുസ്തകവും ഓഡിയോബുക്കും ഡിജിറ്റല്‍ ആര്‍ക്കൈവുകളും മലയാളത്തിന്റെ ഭാവിയുടെ ഭാഗമാകുന്നു.
താളിയോലയില്‍ നിന്ന് കൃത്രിമബുദ്ധിയിലേക്ക്മലയാളം ഒരിക്കലും ഒരേ രൂപത്തില്‍ നിന്നിട്ടില്ല. താളിയോലയില്‍ നിന്ന് അച്ചടിയിലേക്ക് മാറി. അച്ചടിയില്‍ നിന്ന് പത്രത്തിലേക്ക്.പത്രത്തില്‍ നിന്ന് റേഡിയോയിലേക്ക്. റേഡിയോയില്‍ നിന്ന് ടെലിവിഷനിലേക്ക്. ടെലിവിഷനില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക്. ഇന്ന് മൊബൈല്‍ സ്ക്രീനിലും കൃത്രിമബുദ്ധിയുടെ (എഐ) ലോകത്തുമെത്തിയിരിക്കുന്നു. ഓരോ പുതിയ സാങ്കേതികവിദ്യയും വന്നപ്പോള്‍ ഭാഷകളുടെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നു. പല പ്രാദേശിക ഭാഷകളും അത്യാസന്ന നിലയിലായി. പക്ഷേ മലയാളം ഓരോ തവണയും പുതിയ ഇടം കണ്ടെത്തി. അതിനാല്‍ ഡിജിറ്റല്‍ കാലം മലയാളത്തിന്റെ ശത്രുവല്ല. മലയാളത്തിന് ലഭിച്ച ഏറ്റവും വലിയ പുതിയ വേദികളിലൊന്നാണ് അത്.എങ്കിലും ആയിരക്കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതുകൊണ്ട് മാത്രം മലയാളം സുരക്ഷിതമാണെന്ന് കരുതാനാവില്ല. അവയില്‍ എത്ര പുസ്തകങ്ങള്‍ വായിക്കപ്പെടുന്നു? എത്ര പുസ്തകങ്ങള്‍ അടുത്ത തലമുറയിലെത്തുന്നു? സ്കൂള്‍ വിദ്യാര്‍ഥികള്‍ എത്ര മലയാളം പുസ്തകങ്ങള്‍ വായിക്കുന്നു? ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും മലയാളത്തില്‍ എത്ര പുതിയ അറിവുകള്‍ സൃഷ്ടിക്കപ്പെടുന്നു? മലയാളത്തില്‍ എഴുതപ്പെട്ട എത്ര പുസ്തകങ്ങള്‍ ലോകത്തിലെ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നു? ഇവയാണ് ഇനി ചോദിക്കേണ്ട ചോദ്യങ്ങള്‍.പ്രസിദ്ധീകരണത്തിന്റെ എണ്ണം ഭാഷയുടെ ചലനത്തെ കാണിക്കുന്നുവെങ്കിലും വായനയുടെ ആഴമാണ് അതിന്റെ ആരോഗ്യത്തെ കാണിക്കുന്നത്.അതിനാല്‍ മലയാളത്തിന്റെ ഭാവിയിലെ ഏറ്റവും വലിയ പോരാട്ടം ഇംഗ്ലീഷിനോടല്ല. മലയാളം ഉപയോഗിക്കാതിരിക്കുന്ന മലയാളിയോടു തന്നെയാണ്. ഇംഗ്ലീഷ് പഠിക്കണം, പക്ഷേ മലയാളം മറക്കരുത്. ലോകത്തെ അറിയാന്‍ ഇംഗ്ലീഷ് അനിവാര്യമാണ്.സ്വന്തം മണ്ണിനെ അറിയാന്‍ മലയാളം വേണമെന്നതും അനിവാര്യത തന്നെ. ശാസ്ത്രം പഠിക്കാന്‍ ഇംഗ്ലീഷ് ഉപകാരപ്പെടാം.പക്ഷേ ആ ശാസ്ത്രം സ്വന്തം സമൂഹത്തിന് വിശദീകരിക്കാന്‍ മലയാളവും വേണം. ഒരു കര്‍ഷകനോട് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പറയുമ്പോള്‍, ഒരു രോഗിയോട് ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഒരു കുട്ടിയോട് ശാസ്ത്രത്തിന്റെ അദ്ഭുതങ്ങള്‍ വിശദീകരിക്കുമ്പോള്‍ അവിടെ ഭാഷ വെറും ആശയവിനിമയമല്ല, അത് അറിവിന്റെ ജനാധിപത്യമാണ്.പേരിനപ്പുറംകേരളം എന്ന പേര് ഔദ്യോഗിക രേഖകളില്‍ ഉറപ്പിക്കപ്പെടുമ്പോള്‍ അത് ഒരു അക്ഷരത്തിന്റെ വിജയം മാത്രമാകരുത്. ‘കേരളം’ എന്ന് എഴുതുകയും മലയാളത്തില്‍ ചിന്തിക്കാതിരിക്കുകയും ചെയ്താല്‍ പേരുമാറ്റം ഒരു ഔപചാരികതയായി ചുരുങ്ങും. പേരിനൊപ്പം ഭാഷയും വളരണം. സ്കൂളില്‍ വളരണം. വീട്ടില്‍ വളരണം. സര്‍വകലാശാലകളില്‍ വളരണം. കോടതിയില്‍ വളരണം. ശാസ്ത്രശാലയില് വളരണം. സാങ്കേതികവിദ്യയില്‍ വളരണം. പുസ്തകത്തില്‍ വളരണം. മൊബൈല്‍ സ്ക്രീനില്‍ വളരണം. കൃത്രിമബുദ്ധിയുടെ കാലത്തും വളരണം. കാരണം ഭാഷയെ സംരക്ഷിക്കേണ്ടത് മ്യൂസിയത്തില്‍ വെച്ചല്ല. ജീവിതത്തില്‍ ഉപയോഗിച്ചാണ്.മലയാളത്തിന്റെ ചരിത്രം നമ്മോട് പറയുന്നത് അതിജീവനത്തിന്റെ കഥയാണ്. താളിയോലയില്‍ നിന്ന് അച്ചടിയിലേക്ക് മലയാളത്തെ കൊണ്ടുവന്നവര്‍ ഉണ്ടായിരുന്നു. അച്ചടി ഉപയോഗിച്ച് ജനത്തെ അറിവിലേക്കും വിജ്ഞാനത്തിലേക്കും നവോത്ഥാനത്തിലേക്കും സാഹിത്യത്തിലേക്കും സാമൂഹികചിന്തയിലേക്കും ഭാഷയെ നയിച്ചവര്‍ ഉണ്ടായിരുന്നു.ഇന്ന് അതേ ഭാഷയെ ഡിജിറ്റല്‍ ലോകത്തിലേക്കും കൃത്രിമബുദ്ധിയുടെ കാലത്തിലേക്കും കൊണ്ടുപോകേണ്ടത് നമ്മുടെ തലമുറയാണ്.മിഷണറിമാര്‍ മലയാളത്തിന്റെ അച്ചടിയുഗത്തിന് നല്കിയ സംഭാവന ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും മലയാളത്തിന്റെ സാമൂഹികവ്യാപനത്തിന് നല്കിയ സംഭാവനകളും അതേ ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ ആ ചരിത്രം അവിടെ അവസാനിക്കുന്നില്ല.ഓരോ തലമുറയും മലയാളത്തെ വീണ്ടും സൃഷ്ടിക്കുകയാണ്. കേരളം സ്വന്തം പേരിലേക്ക് മടങ്ങുമ്പോള്‍ അതോടൊപ്പം മലയാളവും സ്വന്തം ജീവിതത്തിലേക്ക് മടങ്ങണം. കാരണം പേരില്‍ കേരളം മാത്രം പോരാ. ശ്വാസത്തില്‍ മലയാളവും വേണം.

