ജെയിംസ് അഗസ്റ്റിൻ
ഓണത്തിനു ആഗോളപ്രചാരണം നൽകിയ ഗാനം.ചെന്നൈ സൂപ്പർ കിങ്സ് ക്രിക്കറ്റ് ടീമിന്റെയും മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ടീമിന്റെയും സോഷ്യൽ മീഡിയ പേജുകളിൽ കയറിയ ഒരു ഓണപ്പാട്ടുണ്ട്.പുതുതലമുറയുടെ ഓണാഘോഷങ്ങളിലും റീലുകളിലും നിറഞ്ഞു നിൽക്കുന്ന ഈ ഗാനം യൂട്യൂബിൽ മാത്രം കണ്ടത് ആറുകോടി പത്തുലക്ഷം ആളുകളാണ്.
സ്പോട്ടിഫൈയുടെ വൈറൽ ഗാനങ്ങളുടെ ഇന്ത്യൻ ലിസ്റ്റിലും ഗ്ലോബൽ ലിസ്റ്റിലും ഈ ഗാനം ഇടം നേടി. ഓണത്തിന്റെ എല്ലാ ഒരുക്കങ്ങളും ആഘോഷങ്ങളും ചിത്രീകരിച്ചിട്ടുള്ള ഗാനം 2025-ൽ റിലീസ് ചെയ്ത സാഹസം എന്ന സിനിമയിലേതാണ്. ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടി വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ബിബിൻ അശോകാണ് സംഗീതം നൽകിയത്. ഫെജോ,ഹിംന ഹിലാരി,ഹിനിത ഹിലാരി എന്നിവരാണ് ഗായകർ. ഓണത്തിന്റെ താളമേളങ്ങളും റാപ്പ് സംഗീതത്തിന്റെ ചടുലതയും സമന്വയിപ്പിച്ച ഈ പാട്ടാണ് ഇപ്പോൾ നാട്ടിലും വിദേശത്തും ഓണാഘോഷങ്ങൾക്കുള്ള പ്രവേശകഗാനം.
പൂക്കളവും സാരിയും മുണ്ടും സദ്യയും വടംവലിയും പുലിക്കളിയും വള്ളംകളിയുമെല്ലാം പാട്ടിൽ കടന്നു വരുന്നുണ്ട്. ന്യൂജെൻ പാട്ടിനു വേണ്ട ചേരുവകളെല്ലാം കൂട്ടിച്ചേർത്ത പാട്ടിന്റെ ചിത്രീകരണവും മനോഹരമാണ്. കേരളത്തിന്റെ വടക്കൻ പ്രദേശം മുതൽ തെക്കു വരെയുള്ള സ്ഥലപ്പേരുകൾ ഈ പാട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഓണത്തിന്റെ മൂഡിലേക്ക് നാലു മിനിറ്റ് കൊണ്ട് കാഴ്ചക്കാരെ കൊണ്ടെത്തിക്കുന്നു ഈ പവർ പാക്ക്ഡ് ഗാനം. ഓണവുമായി ബന്ധപ്പെട്ട റീലുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഗാനവും ഇതു തന്നെയായിരിക്കാം. ഓണത്തെ ആഗോളതലത്തിൽ കൂടുതൽ പരിചയപ്പെടുത്താൻ ഈ ഗാനം കാരണമായി.പ്രവാസികളുടെ ഓണം പാട്ടിലൂടെ.

ലോകമെങ്ങുമുള്ള പ്രവാസികളുടെ ഓണാഘോഷങ്ങളുടെ നേർചിത്രമാണ് 2016-ൽ ഇറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ ‘തിരുവാവണി രാവ് മനസ്സാകെ നിലാവ്’ എന്നു തുടങ്ങുന്ന ഗാനം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയിൽ ഗൾഫിലെ മലയാളിക്കൂട്ടത്തിന്റെ ഓണാഘോഷം ചിത്രീകരിക്കുന്ന ഈ ഗാനം എഴുതിയത് മനു മൻജിത് ആണ്.ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഉണ്ണിമേനോൻ,സിതാര, മീര ശർമ എന്നിവരാണ് ഗാനം ആലപിച്ചത്.ഓണത്തിന്റെ നന്മയും സൗഹൃദങ്ങളുടെ ആഴവും പ്രവാസികളുടെ മനസ്സിലെ നാട്ടിലെ ഓണത്തെക്കുറിച്ചുള്ള ഓർമകളും ഈ ഗാനചിത്രീകരണത്തിൽ കാണാം. മരുഭൂമിയിലെ ഫ്ലാറ്റുകളിൽ ജീവിക്കുന്ന മലയാളികൾ ഒരിടത്തു കൂടി പൂക്കളമിട്ട് സദ്യയൊരുക്കുന്ന ഗാനരംഗങ്ങൾ നമ്മെ അവിടെ നിന്നും കേരളത്തിലെ നാട്ടിൻപുറങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ‘മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്’ എന്ന വരികൾ പ്രവാസികളുടെ മനസ്സിൽ നാടിന്റെ ഫ്രെയിമുകൾ കൊണ്ടുവരും.
ഈ ഗാനം ലോകമെങ്ങുമുള്ള മലയാളികളെ നാട്ടിലെ ആമ്പൽക്കുളത്തിന്റെ പടവുകളിലേക്കും പച്ചപുതച്ച വയലുകളിലേക്കും തിരിച്ചെത്തിക്കുന്നുണ്ട്. ഇത് വെറുമൊരു സിനിമാപ്പാട്ടല്ല. കേരളത്തിനു പുറത്താണെങ്കിലും മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന ഓരോ മലയാളിയുടെയും ഹൃദയത്തുടിപ്പാണ്.ഓരോ ഓണക്കാലത്തും ഈ പാട്ട് മലയാളികളുടെ മലരോണപ്പാട്ടായി എന്നും പുനർജനിച്ചുകൊണ്ടിരിക്കും. ഓണമായി എന്നറിയിക്കാൻ ഒരു പാട്ടു മാത്രം മതിയാകും.അതാണ് പാട്ടിന്റെ പവർ.

