കൊച്ചി:28 വർഷം മുമ്പ് ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ വിജനതയിൽനിന്ന് ജീവിതത്തിന്റെ വഴിയിലേക്ക് എടുത്തുയർത്തപ്പെട്ട അഞ്ചുവയസുകാരൻ ഇന്ന് ക്രിസ്തുവിന്റെ പുരോഹിതനായി. അന്ന് അണ്ണാമലൈ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാലനാണ് ഇന്ന് ഫാ. വിവേക് മാർട്ടിൻ. ഝാൻസി രൂപതയ്ക്കുവേണ്ടി വൈദികനായ അദ്ദേഹം ഓഗസ്റ്റ് 24ന് വരാപ്പുഴ അതിരൂപതയിലെ തുണ്ടത്തിൽകടവ് ഇൻഫന്റ് ജീസസ് ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.
മാതാപിതാക്കളെക്കുറിച്ചുള്ള ഓർമകളോ അവരുടെ സ്നേഹമോ ഇല്ലാതിരുന്ന ബാല്യത്തിൽ വിവേകിന്റെ ജീവിതത്തിലേക്ക് ദൈവപരിപാലനത്തിന്റെ പ്രതീകമായി കടന്നുവന്നത് ജീസസ് യൂത്ത് പ്രവർത്തകനായ റെക്സി ഡിക്രൂസാണ്. “എനിക്ക് പഠിക്കണം” എന്ന ബാലന്റെ ആഗ്രഹം തിരിച്ചറിഞ്ഞ റെക്സിയും സുഹൃത്തുക്കളും നിയമപരമായ നടപടികളിലൂടെ അവനെ സംരക്ഷണത്തിലേക്ക് കൊണ്ടുവന്നു.
തെരുവിൽ അവസാനിക്കുമായിരുന്ന ഒരു ബാല്യത്തിന് പിന്നീട് സ്നേഹവും വിദ്യാഭ്യാസവും കുടുംബാന്തരീക്ഷവും ലഭിച്ചു. റെക്സിയുടെ സുഹൃത്തുക്കളായ പാട്രിക്, ജോസി, രാജേഷ്, ടോണി എന്നിവർ ചേർന്നാണ് ഇത്തരത്തിലുള്ള കുട്ടികൾക്ക് വീടുകളിലും സ്വന്തം മക്കളോടൊപ്പവും സംരക്ഷണം ഒരുക്കിയത്. പാട്രിക്-മനു ദമ്പതികളുടെ കുടുംബത്തോടൊപ്പമാണ് വിവേക് വർഷങ്ങളോളം വളർന്നത്. കൊച്ചി സെന്റ് ലൂയിസ് സ്കൂളിൽ എട്ടാം ക്ലാസ്സുവരെയും പത്താം ക്ലാസ്സ് വരെ പച്ചാളം സ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനത്തിലും നേതൃത്വത്തിലും മികവ് തെളിയിച്ച വിവേക് പത്താം ക്ലാസിൽ സ്കൂൾ ലീഡറായും പ്രവർത്തിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം വൈദികനാകണമെന്ന ആഗ്രഹം അദ്ദേഹം റെക്സിയോട് പങ്കുവെച്ചു. പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് പിന്നാലെ ആ ആഗ്രഹം വീണ്ടും ആവർത്തിച്ചതോടെ ഫാ.വിൻസെന്റ് വരിയത്ത് അച്ഛന്റെ അടുത്ത് കൊണ്ടുപോവുകയും അച്ഛൻ മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്തു.
ഝാൻസി രൂപതയിലെ ഫാ. പയസ് പെരേരയുടെ സഹായത്തോടെ ഝാൻസി രൂപതയുടെ സെമിനാരിയിലേക്കുള്ള വഴിയാണ് തുറന്നത്.സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ആലുവയിലെ സ്നേഹതീരത്തിൽ സേവനം ചെയ്ത കാലവും വിവേകിന്റെ ജീവിതത്തിലെ നിർണായക അനുഭവമായി. കമില്ല്യൻ വൈദികരുടെ നേതൃത്വത്തിൽ എച്ച്ഐവി ബാധിതർക്കായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ആംബുലൻസ് ഡ്രൈവറായും ശുശ്രൂഷകനായും സേവനം ചെയ്ത അദ്ദേഹം കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആഴം നേരിട്ട് അനുഭവിച്ചു.
ഓഗസ്റ്റ് 16ന് ഝാൻസി ബിഷപ് ബിൽഫ്രഡ് മോറസിൽനിന്നാണ് ഫാ. വിവേക് വൈദികപട്ടം സ്വീകരിച്ചത്. വർഷങ്ങൾക്കു മുമ്പ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കരുണയുടെ കരങ്ങളിലേക്ക് എത്തിയ ബാലൻ ഇന്ന് അനേകർക്ക് പ്രത്യാശ പകരുന്ന പുരോഹിതനായി മാറിയിരിക്കുകയാണ്. വിവേകിന്റെ ജീവിതം ഒരാളുടെ കാരുണ്യപ്രവർത്തനത്തിന്റെ ഫലം മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട ഒരു ബാലന്റെ സ്വപ്നങ്ങൾക്ക് സ്നേഹവും അവസരവും ലഭിച്ചാൽ അവ എത്ര ഉയരങ്ങളിലെത്താമെന്നതിന്റെ സാക്ഷ്യം കൂടിയാണ്. റെക്സി ഡിക്രൂസിന്റെ സംരക്ഷണത്തിൽ വളർന്ന രണ്ടുപേർ ഇതിനകം വൈദികരായപ്പോൾ, രണ്ടുപേർ കൂടി ഇപ്പോൾ സെമിനാരി പരിശീലനത്തിലാണ്.

