കൊച്ചി: സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി നിർമിച്ച 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി. നിർമാണം പൂർത്തിയാക്കിയ രണ്ട് വീടുകളുടെ താക്കോൽദാനം ഓഗസ്റ്റ് 30ന് നടക്കും.
കെസിയ ഹോപ് സെന്ററും ഔവർ ലേഡീസ് വിദ്യാലയത്തിലെ റിട്ടയേർഡ് അധ്യാപകരുടെ സംഘടനയായ എവർഗ്രീൻ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം. ഡയാന സിൽവസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ലിസി ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു.പൂർവവിദ്യാർഥിനിക്കായി 40 അധ്യാപകർ പെൻഷൻ തുകയിൽനിന്ന് സംഭാവന നൽകിയാണ് സർക്കാർ സഹായത്തോടെ ആരംഭിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. ഭവനരഹിതർക്ക് സുരക്ഷിതമായ വീടൊരുക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി മുന്നോട്ടുപോകുകയാണ്.
എല്ലാ മാസവും ആയിരം പേർ ആയിരം രൂപ വീതം സംഭാവന നൽകിയാൽ ഓരോ മാസവും ഒരു വീട് വീതം നിർമിച്ചു നൽകാൻ സാധിക്കുമെന്ന് സിസ്റ്റർ ലിസി ചക്കാലയ്ക്കൽ പറഞ്ഞു.ഹൗസ് ചലഞ്ച് കോ-ഓർഡിനേറ്റർ ലില്ലി പോൾ, എവർഗ്രീൻ ഗ്രൂപ്പ് ഭാരവാഹികളായ ജസീന്ത സേവ്യർ, മറിയാമ്മ ജോർജ്, ഫിലോമിന ഫിലൻ, ബ്രിജിറ്റ് ഗ്ലിസേറിയ, ആശ മോൾ ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.ഓഗസ്റ്റ് 30ന് കൈമാറുന്ന രണ്ട് വീടുകളുടെ നിർമാണത്തിന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലാണ് സാമ്പത്തിക സഹായം നൽകിയത്.

