കണ്ണൂർ: കണ്ണൂർ രൂപതയുടെ ഭരണനേതൃത്വത്തിൽ മാറ്റം. വികാരി ജനറാളായി ഡോ. ജോയി പൈനാടത്തിനെയും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി ഫാ. രാജൻ ഫൗസ്തോയെയും ബിഷപ് ഡോ. അലക്സ് വടക്കുംതല നിയമിച്ചു.
പഴയങ്ങാടി തിരുഹൃദയ ദേവാലയ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോ. ജോയി പൈനാടത്ത്, ദൈവദാസൻ ഫാ. ലീനസ് മരിയ സുക്കോളിന്റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായും മംഗലാപുരം സെന്റ് ജോസഫ് മേജർ സെമിനാരിയിലെ ബൈബിൾ പ്രഫസറായും പ്രവർത്തിക്കുന്നു. 1994 ഏപ്രിൽ 11ന് കോഴിക്കോട് ബിഷപ് ഡോ. മാക്സ്വെൽ നൊറോണയിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വയനാട് ചുണ്ടേൽ ഇടവകാംഗങ്ങളായ വർഗീസ്–ത്രേസ്യ ദമ്പതികളുടെ മകനാണ്. മുൻ പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത് സഹോദരനാണ്.
പുതിയ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ഫാ. രാജൻ ഫൗസ്തോ കണ്ണൂർ കാവുഞ്ചാൽ ഇടവകാംഗമാണ്. നിലവിൽ പിലാത്തറ സെന്റ് ജോസഫ്സ് കോളജ് മാനേജരായി സേവനം ചെയ്യുന്നു. 2002 ഏപ്രിൽ 2ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വിജയൻ–ഓമന ദമ്പതികളുടെ മകനാണ്.രൂപതയുടെ ഭരണപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾക്ക് പുതിയ നിയമനങ്ങൾ കൂടുതൽ ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

