കോട്ടയം: സീറോ-മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ മുൻകൂർ അനുമതിയോടെ, കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ തിരഞ്ഞെടുത്തു.
ത്രോയിന രൂപതയുടെ സ്ഥാനിക മെത്രാൻ (ടൈറ്റുലർ ബിഷപ്പ്) എന്ന സ്ഥാനവും അദ്ദേഹത്തിന് നൽകി.1962 ജനുവരി 13ന് കേരളത്തിലെ പയ്യാവൂരിൽ ജനിച്ച ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയത്തെ സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിലാണ് പൗരോഹിത്യ പരിശീലനം ആരംഭിച്ചത്. മംഗലാപുരത്തെ സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം 1989 ഏപ്രിൽ 13ന് വൈദികനായി അഭിഷിക്തനായി.വൈദിക ശുശ്രൂഷയുടെ ഭാഗമായി ഇടവക വികാരി, മെത്രാന്റെ സെക്രട്ടറി, ചാൻസലർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ സഭാ ഉപദേഷ്ടാവായും പ്രവർത്തിച്ചു.2025 മുതൽ കോട്ടയം അതിരൂപതയുടെ പ്രോ-പ്രോട്ടോസിൻസെല്ലൂസ് എന്ന നിലയിൽ സേവനം ചെയ്തുവരികയായിരുന്നു. ഈ ദൗത്യനിർവഹണത്തിനിടെയാണ് കോട്ടയം ക്നാനായ അതിരൂപതയുടെ സഹായ മെത്രാനെന്ന പുതിയ ഉത്തരവാദിത്വത്തിലേക്ക് ഫാ. തോമസ് ആനിമൂട്ടിൽ നിയോഗിക്കപ്പെടുന്നത്.

