ഓണത്തിന് മലയാളത്തിലെ കാസെറ്റ് നിർമാണ കമ്പനികളെല്ലാം മത്സരിച്ചു ഉത്സവഗാനങ്ങളുടെ ആൽബങ്ങൾ പുറത്തിറക്കുന്ന കാലം. രഞ്ജിനി കസറ്റ്സിന്റെ ഉത്സവഗാനപരമ്പരയിലെ ഏഴാമത്തെ ആൽബം ‘ഓണവില്ല്’ റിലീസ് ചെയ്തു.ഷിബു ചക്രവർത്തിയുടെ വരികളും ബേണി-ഇഗ്നേഷ്യസ് സഹോദരന്മാരുടെ സംഗീതവും.എം.ജി.ശ്രീകുമാറും സുജാതയുമാണ് പാടിയിരിക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾ കൂടാതെ നാടൻപാട്ടുകളുടെ വരികളെടുത്തു ഈണം നൽകിയും ആൽബത്തിൽ ചേർത്തിരുന്നു.
അങ്ങനെ ചേർത്ത പാട്ടാണ് ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ’ എന്നു തുടങ്ങുന്ന ഗാനം. ആ വർഷത്തെ ഓണത്തിനു വിപണിയിലെത്തിയ മുപ്പതോളം കസെറ്റുകളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും വില്പന നടന്നതും ഓണവില്ല് എന്ന കാസെറ്റ് ആയിരുന്നു.ഓണം കടന്നുപോയി. പാട്ടുകൾ കേൾക്കാനിടയായ പ്രിയദർശൻ 1994-ൽ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലേക്ക് ബേണി -ഇഗ്നേഷ്യസ് സഹോദരന്മാരെ ക്ഷണിക്കുകയായിരുന്നു.ഓണവില്ല് എന്ന കസെറ്റിൽ ഉണ്ടായിരുന്ന ‘കാതിൽ പൂവിന്റെ നീലക്കല്ലിന്റെ നാണം നീ ചൂടും നേരത്ത്’എന്നു തുടങ്ങുന്ന ഗാനവും തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ മാറ്റങ്ങൾ വരുത്തി ചേർത്തിട്ടുണ്ട്. ഷിബു ചക്രവർത്തി എഴുതിയ ‘കാതിൽ പൂവിന്റെ’ എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരി ‘കള്ളിപ്പൂങ്കുയിലേ കന്നിതേൻമൊഴിയേ’ എന്നു മാറ്റിയെഴുതി. തേന്മാവിൻകൊമ്പത്ത് സിനിമയുടെ പാട്ടുകൾ റെക്കോർഡ് ചെയ്തത് വിസ്മയകരമായ ഓർമകളാണ് ഇന്നും ഇരുവർക്കും നല്കുന്നത്. മുപ്പതിലതിലകം വയലിനിസ്റ്റുകൾ, അറുപതു സംഗീതോപകരണങ്ങൾ, റെക്കോർഡ് ചെയ്യുന്നത് ‘ഷോലെ’ പോലുള്ള മെഗാ സിനിമകൾക്ക് പാട്ടുകൾ ആലേഖനം ചെയ്ത ദീപൻ ചാറ്റർജിയും. ആദ്യം റെക്കോർഡ് ചെയ്തത് ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ’ എന്ന പാട്ടായിരുന്നു. അതിവിപുലമായ ഓർക്കസ്ട്രയുടെ അകമ്പടിയോടെ റെക്കോർഡ് ചെയ്ത ആ പാട്ടിനു ശേഷം വെറും നാലു സംഗീതോപകരണങ്ങൾ മാത്രം വായിച്ചു ശുഭ എന്ന ഗായിക പാടിയ ‘നിലാപ്പൊങ്കലായേലോ’ എന്ന ഗാനം വരുന്നു. പ്രിയദർശൻ ആ രംഗത്തിന്റെ വാങ്മയചിത്രം സംഗീതസംവിധായകർക്കു നൽകിയിരുന്നു. നാൽപ്പത് കാളവണ്ടികൾ വരിവരിയായി പോകുന്നു. മങ്ങിയ വെളിച്ചം,കാളവണ്ടികളിൽ റാന്തൽ വിളക്കുകൾ തൂക്കിയിട്ടിരിക്കുന്നു. കാളകൾ ഒരേ താളത്തോടെ മുന്നോട്ടു പോകുന്നു. കാളകളുടെ താളത്തിനൊപ്പം ലയിക്കുന്നൊരു പാട്ടു വേണം. അങ്ങനെ ‘നിലാപ്പൊങ്കലായേലോ’ എന്ന ഗാനം പിറവിയെടുത്തു. തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് കാളവണ്ടികളുടെ നിരയാർന്ന യാത്രയും കൂടെ ഈ പാട്ടും.പിന്നീട് പ്രിയദർശന്റെ ചന്ദ്രലേഖ എന്ന സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങളും മെഗാഹിറ്റായിരുന്നു. ‘താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ’ എന്ന പാട്ട് ആദ്യം കേൾക്കുന്നത് ചന്ദ്രലേഖയുടെ സംവിധായകൻ പ്രിയദർശനും നിർമ്മാതാവ് ഫാസിലും ഒരുമിച്ചിരുന്നാണ്. ആദ്യകേൾവിയിൽ തന്നെ ഇരുവർക്കും ആ പാട്ട് ഇഷ്ടമായി. തുടർന്ന് വെട്ടം,മാനത്തെ കൊട്ടാരം,ട്വന്റി 20, ആകാശഗംഗ,പ്രിയം,മയിൽപ്പീലിക്കാവ്,രഥോത്സവം,കല്യാണരാമൻ,പുലിവാൽക്കല്യാണം,ചെസ്സ്,കാര്യസ്ഥൻ,മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി അനേകം സിനിമകൾക്ക് ഇവർ സംഗീതം നൽകി.മയിൽപ്പീലിക്കാവ് എന്ന സിനിമയിലെ ‘മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ’എന്ന ഗാനം മലയാളത്തിലെ ഏറ്റവും മികച്ച യുഗ്മഗാനങ്ങളിലൊന്നാണ്. എസ്. രമേശൻ നായർ എഴുതിയ ഈ ഗാനം യേശുദാസും ചിത്രയും ചേർന്നാണ് ആലപിച്ചത്. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന സിനിമയിലെ ‘ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ’ എന്ന ഗാനത്തിന് ഈണം നൽകിയ ബേണി-ഇഗ്നേഷ്യസ് തന്നെയാണു ഈ സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കിയത്. 2010-ലെ കാര്യസ്ഥൻ എന്ന സിനിമയ്ക്കു വേണ്ടി കൈതപ്രം എഴുതിയ ഒരു ഗാനം സംഗീതസംവിധായകൻ ഇഗ്നേഷ്യസിന്റെ മകൻ സുബിൻ ഇഗ്നേഷ്യസാണ് പാടിയത്.’മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം’ എന്ന പാട്ട് സുബിനും ഡെൽസിയും ചേർന്നാണ് പാടിയത്.പുത്തൻവീട്ടിൽ ജോൺ-ത്രേസ്യാമ്മ ദമ്പതികളുടെ മക്കളായി എറണാകുളത്ത് കലൂരിൽ ജനിച്ചു വളർന്ന ഇരുവരുടെയും തുടക്കം ദേവാലയസംഗീതത്തിൽ നിന്നായിരുന്നു. നാടകനടനും ഗായകനുമായിരുന്ന പിതാവ് ജോണിന്റെ കലാപാരമ്പര്യം ജന്മനാ കൈവന്നിരുന്നതിനാൽ കുട്ടിക്കാലത്തു തന്നെ രണ്ടുപേരും വേദികളിൽ പാടിത്തുടങ്ങി.പി.ജെ.ഇഗ്നേഷ്യസ് വൈദികനാകാൻ വേണ്ടി പുന്നുരുന്നിയിലെ കപ്പൂച്ചിൻ ആശ്രമത്തിൽ ചേർന്നത് ദേവാലയസംഗീതത്തിൽ മികച്ച പരിശീലനം നേടാൻ സഹായിച്ചു. സെമിനാരി ജീവിതം ഇടയ്ക്കു വച്ചു അവസാനിച്ചു എങ്കിലും അവിടെ നിന്നും ലഭിച്ച സംഗീതം ഇന്നും കൂടെയുണ്ട്. കപ്പൂച്ചിൻ വൈദികനും ഗായകനും അധ്യാപകനുമായിരുന്ന ഫാ.മെൻഡസ് നൽകിയ ശിക്ഷണമാണ് തന്നെ വഴി നടത്തിയതെന്ന് ഇഗ്നേഷ്യസ് പറയുന്നു. സെമിനാരിയിൽ നിന്നും വീട്ടിലേക്കു തിരിച്ചു പോകുമ്പോൾ സമ്മാനമായി ലഭിച്ച ബുൾ ബുൾ തരംഗ് എന്ന തന്ത്രിവാദ്യത്തിലാണ് അനിയൻ ബേണി ആദ്യമായി ശ്രുതി മീട്ടിയത്. ചേട്ടൻ വീട്ടിൽ ഇല്ലാത്ത നേരത്ത് ബുൾബുൾ വായിച്ചു പരിശീലിച്ചിരുന്ന ബേണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ചേട്ടൻ ഇഗ്നേഷ്യസ് തന്നെ അനിയന്റെ ആദ്യ ഗുരുവായി മാറി. സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ വരാപ്പുഴ അതിരൂപതയിലെ കലൂർ സെന്റ്.ഫ്രാൻസിസ് ദേവാലയത്തിൽ ഗായകസംഘത്തിൽ ഇരുവരും അംങ്ങളായി. ബേണി ഹാർമോണിയവും ഇഗ്നേഷ്യസ് ഗിറ്റാറും അന്ന് ദേവാലയ ഗായകസംഘത്തിൽ വായിച്ചിരുന്നു. ദേവാലയ ഗായകസംഘത്തിന്റെ പ്രതിവാരപരിശീലനം ഇരുവരുടെയും വളർച്ചയിൽ നിർണായകമായി. കുട്ടിക്കാലത്തു തുടങ്ങിയ സംഗീതാലാപനം ഇന്നും ഇരുവരും തുടരുന്നു..ഇപ്പോൾ മക്കളും കൂടെ പാടുന്നു എന്ന സവിശേഷതയുമുണ്ട്. ബേണി കുറച്ചുകാലം കലാഭവന്റെ ബാലഗായകസംഘത്തിലെ അംഗമായി ചേർന്നു. അവിടെ വച്ചാണ് പ്രഗത്ഭ വയലിനിസ്റ്റ് റെക്സ് മാസ്റ്ററുടെ ശിക്ഷണം ലഭിക്കുന്നത്. ബേണിക്ക് പതിനൊന്നു വയസ്സുള്ളപ്പോളാണ് കലാഭവനിൽ നടന്ന അഖിലകേരള ലളിതഗാന മത്സരത്തിൽ പങ്കെടുക്കാൻ ചേട്ടൻ ഇഗ്നേഷ്യസ് കൊണ്ടുപോകുന്നത്. മത്സരത്തിന് ജഡ്ജ് ആയി വന്നിട്ടുള്ളത് ഗായകൻ യേശുദാസും മറ്റു രണ്ടു പേരും. സമ്മാനം നല്കാൻ എത്തിയിട്ടുള്ളത് അന്നത്തെ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയും. അവിടെ നിന്നും ആ പതിനൊന്നുകാരൻ ബേണി ഒന്നാം സമ്മാനവുമായാണ് മടങ്ങിയത്.തുടർന്ന് വരാപ്പുഴ അതിരൂപതയുടെ കലാമാധ്യമകേന്ദ്രമായ സി.എ.സി. ആരംഭിച്ചപ്പോൾ ബേണി അവിടെ വിദ്യാർത്ഥിയായും അധ്യാപകനായും പ്രശോഭിച്ചു. റെക്സ് മാസ്റ്ററിൽ നിന്നാണ് വെസ്റ്റേൺ നോട്സ് എഴുതാൻ പഠിച്ചത്. പിന്നീട് ജോബ് & ജോർജ് സഖ്യത്തിന്റെയും ജെറി അമൽദേവിന്റെയും അസിസ്റ്റന്റ് ആയും പ്രവർത്തിച്ചു.കലാഭവനിൽ ആബേലച്ചനോടൊപ്പവും കെ.കെ. ആന്റണി മാസ്റ്ററോടൊപ്പവും പ്രവർത്തിച്ചു.എറണാകുളം സെന്റ്.മേരീസ് ബസിലിക്കയിൽ ഗായകസംഘത്തിൽ പ്രവർത്തിച്ചിരുന്ന കാലത്താണ് ഫാ.വർഗ്ഗീസ് മണവാളൻ മുൻകൈ എടുത്ത് ഇറക്കിയ സമാഹാരത്തിൽ ബേണിയുടെയും ഇഗ്നേഷ്യസിന്റെയും ആദ്യ പാട്ടുകൾ വരുന്നത്. 1986-ൽ വിശുദ്ധ പോപ്പ് ജോണ് പോൾ രണ്ടാമൻ കളമശ്ശേരിയിൽ അർപ്പിച്ച ദിവ്യബലിയിൽ ഒരു ഗാനത്തിന് സംഗീതം നല്കാൻ ബേണി-ഇഗ്നേഷ്യസ് സഹോദരന്മാർക്കു ഭാഗ്യം ലഭിച്ചു. ‘ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ’ എന്ന ഗാനം എഴുതിയത് ഫാ. ജോസഫ് മനക്കിലായിരുന്നു. പോപ്പ് ജോൺ പോൾ ഭാരതം സന്ദർശിക്കുന്നതിന്റെ ഭാഗമായി യേശുദാസിന്റെ തരംഗിണി മ്യൂസിക്സ് റിലീസ് ചെയ്ത ശാന്തിഗീതങ്ങൾ എന്ന ആൽബത്തിന് സംഗീതം നൽകാനുള്ള നിയോഗവും ബേണി -ഇഗ്നേഷ്യസ് സഖ്യത്തിനായിരുന്നു.ഫാ. കാപ്പിസ്റ്റൻ ലോപ്പസ് എറണാകുളത്തു സി.എ.സി. യുടെ നേതൃത്വത്തിൽ അവതരിപ്പിച്ച അമ്മമരം, ഐ ബിലീവ് എന്നീ മെഗാ സൈറ്റ് & സൗണ്ട് ഷോകളിലെ പാട്ടുകൾക്ക് സംഗീതം നൽകിയതും ee സഖ്യമായിരുന്നു.രഞ്ജിനി,നിസരി,തരംഗിണി തുടങ്ങി അന്ന് മലയാളത്തിൽ കസെറ്റ് നിർമാണം നടത്തിയിരുന്ന എല്ലാവർക്കും വേണ്ടി പാട്ടുകൾ ഇവർ ഒരുക്കിയിട്ടുണ്ട്. യേശുദാസിന്റെ രണ്ടു വർഷത്തെ ഓണപ്പാട്ടുകൾക്ക് ബേണി -ഇഗ്നേഷ്യസ് സംഗീതം നൽകിയിട്ടുണ്ട്.പുഷ്പോത്സവം,ആവണിപ്പൊൻപുലരി എന്നിവയാണ് ആ ആൽബങ്ങൾ.ഈ ആൽബങ്ങളിലെ പാട്ടുകൾ ഇന്നും ഓണം വരുമ്പോൾ മലയാളികൾ ഓർക്കുന്നവയാണ്.’അകലെ ഓണം പുലരുമ്പോൾ ആവണിപ്പൂവും വിരിയുമ്പോൾ അരിയകിനാവേ കൊതിയാകുന്നു ചിറകു തരാമോ പോയി മടങ്ങാൻ ഒന്നെൻ കുഞ്ഞിൻ പൂക്കളം കാണാൻ’എന്ന ഗാനം പ്രവാസികളുടെ നഷ്ടപെടുന്ന ഓണത്തിന്റെ രേഖാചിത്രമാണ്.’നാടുകാണിച്ചുരം കേറി വന്ന കാറ്റേ നാടോടിപ്പാട്ടിന്റെ ശീലു മൂളൂ നല്ലോണം പിറക്കുമ്പോൾ നാലുകെട്ടിന്നുൾത്തടത്തിൽ എല്ലാരും പാടണ പാട്ടു പാട് നീ പഴയോണപ്പാട്ടിനി ഒന്നു മൂളൂ’എന്ന പാട്ടും ഓണത്തിന്റെ ‘വൈബ്’ പകരുന്ന പാട്ടാണ്.ദേവാലയസംഗീതത്തിൽ തുടങ്ങി മലയാളികൾക്ക് എന്നും ഓർക്കുന്ന ഈണങ്ങൾ നൽകിയ ബേണിയും ഇഗ്നേഷ്യസും ഇന്നും സംഗീതയാത്ര തുടരുകയാണ്.ഈ ഓണക്കാലത്തും ഇവർ സംഗീതം നൽകിയ ഓണപ്പാട്ടുകൾ മലയാളികൾ കേൾക്കുകയാണ്.ഓണവില്ലിൽ നിന്നും തേന്മാവിൻകൊമ്പിലേക്കുള്ള ഉയർച്ചയിലും ഇവർ പറയുന്നു.’എല്ലാത്തിനും ഞങ്ങളെ പ്രാപ്തരാക്കിയത് ദേവാലയഗായകസംഘത്തിലെ പങ്കാളിത്തവും ദൈവത്തിന്റ കരുണയും മാത്രം.’പ്രശസ്ത സിനിമാഗാനങ്ങൾ കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ (തേന്മാവിൻ കൊമ്പത്ത്)താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ (ചന്ദ്രലേഖ)അമ്മൂമ്മക്കിളി വായാടി (ചന്ദ്രലേഖ)പുതുമഴയായ് വന്നൂ നീ (ആകാശഗംഗ)പൂനിലാമഴ പെയ്തിറങ്ങിയ(മാനത്തെ കൊട്ടാരം)മയിലായ് പറന്നു വാ (മയിൽപ്പീലിക്കാവ്)ഒരു കാതിലോല ഞാൻ (വെട്ടം)ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം (കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ)കഥയിലെ രാജകുമാരനും (കല്യാണരാമൻ)പൊന്നിട്ട പെട്ടകം (പ്രണയ നിലാവ് )സ്നേഹസ്വരൂപനാം നാഥാ (പ്രിയം)മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ (വെട്ടം) തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ (രഥോത്സവം)വെള്ളാരം കിളികൾ (മംഗല്യസൂത്രം)കട്ടുറുമ്പിനു കല്യാണം (പ്രിയം)ചന്തം കാളിന്ദീ (ചെസ്സ്)മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം (കാര്യസ്ഥൻ)മിന്നാമിനുങ്ങിൻ വെട്ടം (ശൃംഗാരവേലൻ)സങ്കീർത്തനം നിലാവ് പോലെ (ഗിഫ്റ്റ് ഓഫ് ഗോഡ്)പ്രശസ്തമായ ഭക്തിഗാനങ്ങൾ ഈ ജീവിതം ഒരു തീർത്ഥാടനം ഏഴു തിരിയിട്ട വിളക്കാണെൻ ഹൃദയം ദിവ്യകാരുണ്യമേ ബലിവേദിയിൽ ഞാനും എനിക്കുള്ളതെല്ലാം ദൂരെ നിൻ തൂമുഖം കാണ്മൂ ഞാൻ ദിവ്യകാരുണ്യത്തിൽ യേശുവും ഞാനും ആഹ്ലാദചിത്തരായ് സങ്കീർത്തനങ്ങളാൽ ഈ യാത്രയിൽ വഴി കാട്ടുവാൻ തെളിയൂ ദൈവസ്നേഹം ഓർത്തിടുകിൽ എന്തൊരത്ഭുതം പാപവിമോചകനേശു തിരുഹൃദയത്തണലിൽ വിരിയും ഉണരൂ ഭാരതമേ ഉണരൂ കേരളമേ ഈ ലോകം ഒരു നല്ല കുടുംബം ദൈവമേ എന്നെ നിൻ സമാധാനത്തിൻ ശ്രീയേശുകീർത്തനങ്ങൾ പാടാൻ വരൂ ഓ യേശുവേ ഓ സ്നേഹമേ സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും ഈ എളിയവർ തൻ കാഴ്ച എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ സൃഷ്ടികളെ സ്തുതി പാടുവിൻ മാനുഷാ നീ ലോകമഖിലം നേടിയെന്നാലും ഈ ഭൂമിയിൽ എന്നെ നീ ഇത്രമേൽ സ്നേഹിപ്പാൻ.

