ബിഎസ്
ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയ്ക്ക് ക്ഷാമമില്ല. പക്ഷേ പ്രതിഭയെ തിരിച്ചറിയാനും അതില്‍ വിശ്വസിക്കാനും ചിലപ്പോള്‍ ക്ഷാമമുണ്ട്. സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയര്‍ അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ്. തിരുവനന്തപുരത്തെ പുല്ലുവിളയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ വേദിയിലേക്കുള്ള സഞ്ജു വിശ്വനാഥ് സാംസന്റെ വളര്‍ച്ച അസാധാരണമായിരുന്നു; ഒരു കേരളീയന്റെ പ്രതിബന്ധങ്ങള്‍ അതിജീവിച്ചുള്ള യാത്ര. ഡല്‍ഹിയിലെ ബാല്യകാല പരിശീലനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ സഞ്ജു, ജൂനിയര്‍ തലത്തിലുള്ള ആഭ്യന്തര മത്സരങ്ങളില്‍ വന്‍ റണ്‍വേട്ട നടത്തിയാണ് കഴിവ് തെളിയിച്ചത്.ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും അന്താരാഷ്ട്ര വേദിയിലും, അവസരം കിട്ടിയപ്പോഴൊക്കെ തന്റെ ബാറ്റിന്റെ കരുത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ഇന്നും പലപ്പോഴും ‘സ്ഥിരം അംഗം’ എന്നതിലുപരി ‘അടുത്ത അവസരം കിട്ടുമോ?’ എന്ന അനിശ്ചിതത്വത്തിലാണ്.ഇന്ത്യന്‍ ക്രിക്കറ്റിലെ സെലക്ഷന് രീതിയെക്കുറിച്ചുള്ള അസ്വസ്ഥപ്പെടുത്തുന്ന ഒരു ചോദ്യമാണത്? ഇതിനു മുമ്പ് അതനുഭവിച്ചവര്‍ ധാരാളം.കഴിവ് തെളിയിക്കാന്‍ എത്ര തവണ?
സഞ്ജുവിനെക്കുറിച്ചുള്ള സെലക്ടര്‍മാരില്‍ ചിലരുടെ സ്ഥിരമായ വിമര്‍ശനം ‘സ്ഥിരതയില്ല’ എന്നതാണ്. എന്നാല്‍ ഒരു ലളിതമായ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു: സ്ഥിരത തെളിയിക്കാന്‍ ടീമില്‍ സ്ഥിരമായി കളിക്കാനുള്ള അവസരം നല്‍കിയോ? ഒരു താരത്തിന് രണ്ടോ മൂന്നോ മത്സരങ്ങള്‍ നല്‍കുക. അതില്‍ ഒന്നില്‍ പരാജയപ്പെടുക, പിന്നെ ടീമിന് പുറത്താക്കുക. വീണ്ടും മാസങ്ങള്‍ക്കുശേഷം അവസരം നല്‍കുക. വീണ്ടും മികച്ച പ്രകടനം നടത്തേണ്ടിവരുക. വീണ്ടും സ്ഥാനത്തെക്കുറിച്ച് അനിശ്ചിതത്വം.ഇത് ഒരു ക്രിക്കറ്ററുടെ സ്ഥിരത പരിശോധിക്കുന്ന രീതിയാണോ? അതോ സ്ഥിരത കൈവരിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാക്കുന്ന രീതിയോ?ക്രിക്കറ്റില്‍ ഫോം ഒരു ദിവസത്തില്‍ പിറക്കുന്നതല്ല. ആത്മവിശ്വാസവും അങ്ങനെ തന്നെ. തുടര്‍ച്ചയായ അവസരങ്ങളും ടീമിന്റെ വിശ്വാസവും ഒരു ബാറ്ററുടെ സ്വാഭാവിക കളിയുടെ അടിത്തറയാണ്. എന്നാല്‍ സഞ്ജുവിന് പലപ്പോഴും ലഭിച്ചത് ഓരോ മത്സരവും ‘അവസാന പരീക്ഷ’യായിരുന്നുവെന്ന മാനസികാവസ്ഥയാണ്.അത്തരമൊരു സാഹചര്യത്തില്‍ പരാജയപ്പെടുന്നത് കുറ്റമാണെങ്കില്‍, വിജയിക്കാന്‍ ലഭിക്കുന്ന അവസരങ്ങളുടെ എണ്ണം ആരാണ് തീരുമാനിക്കുന്നത്? താരങ്ങള്‍ക്കിടയിലെ അളവുകോല്‍ ഒന്നാണോ? ഇവിടെയാണ് ഏറ്റവും അസ്വസ്ഥമാക്കുന്ന ചോദ്യം ഉയരുന്നത്.ഫോമിലല്ലാത്ത പല താരങ്ങള്‍ക്കും ടീമില്‍ തുടരാനും താളം വീണ്ടെടുക്കാനും ദീര്‍ഘകാല അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോശം ഫോമിനെ ‘താല്‍ക്കാലിക ഘട്ടം’ എന്ന് കണ്ട് അവരില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ അതേ ക്ഷമ കാണാനായില്ല. ഒരു താരത്തിന് വിജയിക്കാനും പരാജയപ്പെടാനുമുള്ള അവകാശം നല്കുന്നുവെങ്കില്, ആ അവകാശം എല്ലാവര്ക്കും ഒരുപോലെ നല്കേണ്ടതല്ലേ?ദേശീയ ടീമിലെ സ്ഥാനം ഒരു എഴുത്ത് പരീക്ഷാഹാളിലെ ബെഞ്ചല്ല. ഇന്ന് ഇരുത്തി നാളെ വിളിച്ച് മറ്റന്നാള്‍ വീണ്ടും പുറത്താക്കുന്ന രീതിയില്‍ ഒരു ക്രിക്കറ്ററുടെ കഴിവ് അളക്കാനാവില്ല.സഞ്ജുവിന്റെ പ്രശ്നം അവസരങ്ങളുടെ എണ്ണം മാത്രമല്ല; അവസരങ്ങളുടെ സ്വഭാവം കൂടിയാണ്്. ചിലര്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പിച്ച് പ്രകടനം നടത്താനുള്ള സമയം ലഭിക്കുമ്പോള്‍, സഞ്ജുവിന് പലപ്പോഴും ആദ്യം തന്നെ സ്ഥാനം തെളിയിക്കേണ്ടിവന്നു. ഈ വ്യത്യാസം തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
സംശയമില്ലാത്ത പ്രതിഭസഞ്ജുവിന്റെ കഴിവിനെക്കുറിച്ച് ഇനി ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. കേരളത്തിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നുയര്‍ന്ന അദ്ദേഹം വിജയ് ഹസാരെ ട്രോഫിയില്‍ പുറത്താകാതെ നേടിയ 212 റണ്‍സിലൂടെ തന്റെ ബാറ്റിംഗ് ശേഷി തെളിയിച്ചു. രഞ്ജിയിലും വിജയ് ഹസാരെയിലും നായകനായും ബാറ്ററായും തിളങ്ങി. ഐപിഎല്ലില്‍ 2013 മുതല്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച സഞ്ജു പിന്നീട് രാജസ്ഥാന് റോയല്‍സിന്റെ നായകനായി. 2022-ല്‍ ടീമിനെ ഫൈനലിലെത്തിച്ചു. സെഞ്ചുറികളും അര്‍ധസെഞ്ചുറികളും നേടി. പല മത്സരങ്ങളിലും ടീമിന്റെ വിധി മാറ്റിമറിച്ചു. രാജസ്ഥാനായി ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റന്‍ എന്ന ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന് വോണിന്റെ റെക്കോര്‍ഡ് മറികടന്നു. ഐപിഎല്ലില്‍ 5000-ത്തിലധികം റണ്‍സും നിരവധി അര്‍ധസെഞ്ചുറികളും സെഞ്ചുറികളും നേടി ഉയര്‍ന്ന റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചു.2015-ല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും, കൃത്യമായ അവസരങ്ങളുടെ അഭാവം കാരണം ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തില്‍ നേടിയ മികച്ച സെഞ്ചുറി, അന്താരാഷ്ട്ര ടി20-യില്‍ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രനേട്ടമെന്നിവ സഞ്ജുവിന്റെ പൊന്‍തൂവലുകളാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ കിരീടം നേടിയത്.അതായത് പ്രശ്നം ‘സഞ്ജുവിന് കഴിവുണ്ടോ?’ എന്നതല്ല. ആ കഴിവില്‍ എത്രത്തോളം വിശ്വാസമുണ്ട് എന്നതാണ്.ഒരു മികച്ച ബാറ്ററെ ഇന്ത്യന്‍ ടീമിന് നഷ്ടപ്പെടുന്നത് വ്യക്തിഗത നഷ്ടമല്ല. ഒരു ടീമിന്റെ സാധ്യതകളെയാണ് അത് കുറയ്ക്കുന്നത്.വിക്കറ്റ് കീപ്പറായി മികവ് പുലര്‍ത്തുന്നതിനൊപ്പം വേഗത്തില്‍ റണ്‍സ് കണ്ടെത്താനും മത്സരത്തിന്റെ ഗതി മാറ്റാനും സഞ്ജുവിന് കഴിയും. പരമ്പരാഗതമായ രീതിയില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചില പന്തുകളില്‍ തന്നെ കളിയുടെ താളം മാറ്റാനുള്ള കഴിവുണ്ട്. അത്തരം താരങ്ങള്‍ അപൂര്‍വമാണ്.അതുകൊണ്ടുതന്നെ സഞ്ജുവിനെക്കുറിച്ചുള്ള ചര്‍ച്ച ‘അദ്ദേഹത്തെ ടീമില്‍ എടുക്കണോ വേണ്ടയോ’ എന്നതില്‍ ഒതുങ്ങരുത്. അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കണം എന്നതാണ് ചോദ്യം. ഒരു റോളില്‍ ഉറപ്പിച്ച്, തുടര്‍ച്ചയായ അവസരങ്ങള്‍ നല്കി, പ്രകടനം വിലയിരുത്തിയശേഷമേ അദ്ദേഹത്തിന്റെ യഥാര്‍ഥ ശേഷി അളക്കാനാകൂ.സമയം ഇനിയും കൈവിട്ടിട്ടില്ല. 30 വയസ്സ് പിന്നിട്ടുവെന്നത് സഞ്ജുവിനെ സംബന്ധിച്ച് കരിയറിന്റെ അവസാനഘട്ടത്തിന്റെ സൂചനയല്ല. മറിച്ച്, അനുഭവവും പക്വതയും സ്വാഭാവിക പ്രതിഭയും ഒരുമിക്കുന്ന ഘട്ടമാണിത്. എന്നാല്‍ ക്രിക്കറ്റില്‍ സമയത്തിന് ഒരു ക്രൂരതയുണ്ട്. പ്രതിഭയ്ക്ക് കാത്തിരിക്കാം; കരിയറിന് കഴിയില്ല.അതിനാല്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനും സെലക്ടര്‍മാര്‍ക്കും മുന്നിലുള്ള ചോദ്യം ഇനി സഞ്ജുവിന് അവസരം നല്‍കണോ എന്നതല്ല. അവസരം നല്കുമ്പോള് അത് എത്രത്തോളം വിശ്വാസത്തോടെ നല്കുന്നു എന്നതാണ്. ഒരു മത്സരം. ഒരു പരാജയം. ഒരു പുറത്താക്കല്‍. ഇങ്ങനെ ഒരു പ്രതിഭയുടെ കരിയര്‍ അളക്കാന്‍ കഴിയില്ല.ഒരു താരത്തെ വിലയിരുത്തണമെങ്കില്‍ അദ്ദേഹത്തിന് തന്റെ സ്വാഭാവിക കളി പുറത്തെടുക്കാനുള്ള അവസരം നല്‍കണം. പരാജയപ്പെട്ടാല്‍ തിരുത്താനുള്ള സമയം നല്‍കണം. വിജയിച്ചാല്‍ അടുത്ത മത്സരത്തിലും അതേ വിശ്വാസം നല്‍കണം.
അല്ലാത്തപക്ഷം സെലക്ഷന് എന്നത് കഴിവ് കണ്ടെത്തുന്ന പ്രക്രിയയല്ല; കഴിവിനെ നിരന്തരം സംശയിക്കുന്ന പ്രക്രിയയായി മാറും. സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതുവരെ ചെയ്ത ഏറ്റവും വലിയ പിഴവ് ഒരുപക്ഷേ അദ്ദേഹത്തെ ടീമില്‍ എടുക്കാതിരുന്നതല്ല; എടുത്തപ്പോഴും പൂര്‍ണമായി വിശ്വസിക്കാതിരുന്നതായിരിക്കാം.സഞ്ജുവിനെ മറ്റൊരു ‘നഷ്ടപ്പെട്ട പ്രതിഭ’യായി ചരിത്രത്തിന്റെ അടിക്കുറിപ്പില്‍ ഒതുക്കണോ? അതോ, വര്‍ഷങ്ങളായി വാതിലിന് പുറത്തുനിന്നിരുന്ന ആ പ്രതിഭയ്ക്ക് ഒരിക്കല്‍ വാതില്‍ പൂര്‍ണമായി തുറന്ന് കൊടുക്കണോ?ഉത്തരം സഞ്ജുവിന്റെ ബാറ്റിലല്ല. അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മനസ്സിലാണ്.

