ശരത് വെണ്‍പാല
മുന്മൊഴി
ഇരുട്ടില്‍ വേരൂന്നുന്ന വിദ്വേഷത്തിന്റെ അദൃശ്യ കരങ്ങള്‍…പൂക്കള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന വിഷസര്‍പ്പത്തെപ്പോലെ, മധുരമുള്ള വാക്കുകളുടെയും സൗമ്യമായ ഭാവങ്ങളുടെയും മറവിലാണ് അദൃശ്യമായ വിദ്വേഷം പടരുന്നത്. വെടിയൊച്ചകള്‍ നിലച്ചാലും വാക്കുകള്‍ കൊണ്ടും വ്യാജചരിത്രങ്ങള്‍ കൊണ്ടും മനസ്സുകളില്‍ പടരുന്ന കനലുകള്‍ക്ക് തീക്ഷ്ണതയേറും.കട്ട ഭീകരവാദികളും ക്ലോസെറ്റ് ഭീകരവാദികളുംതോക്കും ബോംബുമേന്തി നിരപരാധികളുടെ രക്തം വീഴ്ത്തുന്നവരാണ് ‘കട്ട ഭീകരവാദികള്‍’ അഥവാ പ്രത്യക്ഷ തീവ്രവാദികള്‍. അവരുടെ ക്രൂരതകള്‍ക്ക് നേരിട്ടുള്ള മുഖമുണ്ട്; ലോകത്തിന് അവരെ എളുപ്പത്തില്‍ തിരിച്ചറിയാനും ചെറുക്കാനും സാധിക്കും.എന്നാല്‍, ഇതിലും അപകടകാരികളാണ് ‘ക്ലോസെറ്റ് ഭീകരവാദികള്‍’. ഇവര്‍ ആയുധമെടുക്കില്ല, മറിച്ച് ചോരയൊഴുക്കുന്ന അക്രമങ്ങള്‍ക്ക് ബുദ്ധിപരമായ ന്യായീകരണങ്ങള്‍ ചമയ്ക്കും. സമൂഹത്തില്‍ മാന്യതയുടെയും നിഷ്പക്ഷതയുടെയും മുഖമൂടിയണിഞ്ഞ്, അക്രമങ്ങളെ വെള്ളപൂശാനും ചരിത്രത്തെ വളച്ചൊടിക്കാനും ഇവര്‍ നിരന്തരം ശ്രമിക്കുന്നു. ചരിത്രത്തിന്റെ വളച്ചൊടിക്കലുകളും ന്യായീകരണങ്ങളുംപ്രത്യയശാസ്ത്രപരമായ അന്ധത മൂലം ചരിത്രത്തിലെ ക്രൂരതകളെ മഹത്വവല്‍ക്കരിക്കുന്ന വിചിത്രമായ രീതികള്‍ ലോകമെമ്പാടും കാണാം:ഇസ്രായേലില്‍ നടന്ന 2023 ഒക്ടോബര്‍ 7-ലെ ഭീകരാക്രമണത്തെ പ്രതിരോധമായി ചിത്രീകരിക്കല്‍: നിരപരാധികളായ കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്ത ഒക്ടോബര്‍ 7-ലെ ക്രൂരമായ ഭീകരാക്രമണത്തെ ‘വിമോചന പോരാട്ടം’ അല്ലെങ്കില്‍ ‘പ്രതിരോധം’ എന്ന പേരില്‍ ന്യായീകരിക്കുന്ന ആഗോള ഇരട്ടത്താപ്പ്.മലബാറിലെ 1921-ലെ വര്‍ഗീയ അക്രമങ്ങളുടെ വെള്ളപൂശല്‍: ആയിരക്കണക്കിന് നിരപരാധികള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയും സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്ത ക്രൂരമായ വര്‍ഗീയ കലാപങ്ങളെ ‘സ്വാതന്ത്ര്യ സമരം’ എന്ന് വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന ചരിത്രപരമായ കാപട്യം.ഗാന്ധിവധത്തെ ദേശസ്നേഹമാക്കല്: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത നാഥുറാം ഗോഡ്സെയുടെ ക്രൂരകൃത്യത്തെ ‘ദേശസ്നേഹം’ എന്ന് വിശേഷിപ്പിച്ച് മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്ന അധാര്‍മ്മികത.ടിയാനന്മെന് സ്ക്വയറും കമ്മ്യൂണിസ്റ്റ് ഭരണകൂട ക്രൂരതകളും: ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങള്‍ നടത്തിയ കൂട്ടക്കൊലകളെയും, ചൈനയിലെ ടിയാനന്മെന് സ്ക്വയറില്‍ സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ടാങ്കുകള്‍ കയറ്റി കൊന്നൊടുക്കിയതിനെയും വിപ്ലവത്തിന്റെ പേരിലോ ഭരണസ്ഥിരതയുടെ പേരിലോ ലഘൂകരിക്കുന്ന ഇരട്ടത്താപ്പ്.അടിയന്തരാവസ്ഥയുടെ ന്യായീകരണം: ഇന്ത്യയില്‍ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും തടവിലാക്കിയ 1975-ലെ അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെയും വികസനത്തിന്റെയും പേരില്‍ ന്യായീകരിക്കുന്ന ഭരണകൂടദാസ്യം.’റാഡിക്കല്‍ വൈബുകള്‍’കല, സിനിമ, സാഹിത്യം, സംഗീതം തുടങ്ങിയ ജനപ്രിയ മാധ്യമങ്ങളിലൂടെ തീവ്ര ആശയങ്ങളോ അപരവിദ്വേഷമോ പരോക്ഷമായി പ്രചരിപ്പിക്കുന്നതിനെയാണ് ‘കലകളിലൂടെയുള്ള തീവ്രവാദം’ എന്ന് വിളിക്കുന്നത്. ന്യൂജെന്‍ ഭാഷയില്‍ ഇത് ‘റാഡിക്കല്‍ വൈബ്’ ആണ്. നേരിട്ടുള്ള അക്രമത്തേക്കാള്‍ ആഴത്തില്‍ മനുഷ്യരുടെ ഉപബോധമനസ്സിനെ സ്വാധീനിക്കാനും മാറ്റാനുമുള്ള ശേഷി കലാരൂപങ്ങള്ക്കുള്ളതിനാല്, ഇത് വളരെ അപകടകരമായ ഒരു പ്രവണതയാണ്.പ്രൊപ്പഗാണ്ട സിനിമകളും പരമ്പരകളും: ചരിത്രസംഭവങ്ങളെ വളച്ചൊടിച്ച് ഒരു പ്രത്യേക വിഭാഗത്തെ പൂര്‍ണ്ണമായും വില്ലന്മാരായോ രാജ്യദ്രോഹികളായോ ചിത്രീകരിച്ച് വിദ്വേഷം സാധാരണവല്‍ക്കരിക്കുന്നു.സംഗീതവും റാപ്പ് ട്രാക്കുകളും: വിദ്വേഷം, അക്രമം, വിഭാഗീയത എന്നിവയെ മഹത്വവല്‍ക്കരിക്കുന്ന വരികളിലൂടെ യുവാക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു.സാഹിത്യവും കവിതകളും: മനോഹരമായ ഭാഷയില്‍ പൊതിഞ്ഞ് തീവ്രദേശീയതയോ മതമൗലികവാദമോ കുത്തിവെക്കുന്നു.പോപ്പ് കള്‍ച്ചറും മീമുകളും: തമാശയുടെയും ട്രോളുകളുടെയും രൂപത്തില്‍ വിദ്വേഷപരമായ ആശയങ്ങള്‍ ലളിതമായി പ്രചരിപ്പിച്ച് എതിര്‍വിഭാഗത്തെ അപമാനിക്കുന്നു.ഇതിലൂടെയൊക്കെയും സൂക്ഷ്മമായ മസ്തിഷ്കപ്രക്ഷാളനമാണ് നടക്കുന്നത്; പ്രേക്ഷകര്‍ അറിയാതെ തന്നെ അവരുടെ ചിന്തകളില്‍ വിഭാഗീയതയും ഭയവും സൃഷ്ടിക്കപ്പെടുന്നു. തുടര്‍ന്ന് ‘സാധാരണവല്‍ക്കരണം’ എന്ന പ്രതിഭാസം ഉണ്ടാകുന്നു. വിദ്വേഷവും അക്രമവും സ്വാഭാവികമായ ഒന്നാണെന്ന പൊതുബോധം നിര്മ്മിച്ചെടുക്കപ്പെടുന്നു. ഇതിന്റെ അന്തിമഫലമായി സമൂഹത്തില്‍ ധ്രുവീകരണം സംഭവിക്കുകയും, പരസ്പരവിശ്വാസം തകര്‍ന്ന് മനുഷ്യരെ ‘നമ്മള് ് െഅവര്‍’ എന്ന രീതിയില്‍ വിഭജിക്കുകയും ചെയ്യുന്നു.ഒരു താക്കീത്പേനയും ശബ്ദവും ഉപയോഗിച്ച് ഇത്തരം ന്യായീകരണങ്ങള്‍ പടച്ചുവിടുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക; ചരിത്രം നല്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്:ഏകാധിപത്യവും തീവ്രവാദവും ഒരിക്കല്‍ അധികാരം ഉറപ്പിച്ചു കഴിഞ്ഞാല്‍, അവര്‍ ആദ്യം നിശ്ശബ്ദരാക്കുന്നത് തങ്ങളെ അധികാരത്തിലെത്താന്‍ സഹായിച്ച എഴുത്തുകാരെയും കലാകാരന്മാരെയുമായിരിക്കും.അഫ്ഗാനിസ്ഥാനിലും ചൈനയിലും സോവിയറ്റ് യൂണിയനിലും ഇതാണ് സംഭവിച്ചത്. സ്വതന്ത്രചിന്തയെ ഭയക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്ക് കലയും സാഹിത്യവും വെറും ഉപകരണങ്ങള്‍ മാത്രമാണ്. ആവശ്യം കഴിഞ്ഞാല്‍ ആ തൂലികകള്‍ പിഴുതെറിയപ്പെടും. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുക; കാരണം എല്ലാ ഭീകരവാദികള്‍ക്കും ആവശ്യം കഴിഞ്ഞാല്‍ ‘ഹരമായിരുന്നത്’ പിന്നീട് ‘ഹറാമാകും’.
പിന്മൊഴി
വെളിച്ചം കെട്ടുപോകുമ്പോള്‍ മാത്രമല്ല, ഇരുട്ടിനെ വെളിച്ചമെന്ന് വിശ്വസിപ്പിക്കുമ്പോഴാണ് മനുഷ്യന് വഴിയറിയാതെ വീഴുന്നത്. ഭീകരവാദത്തെയും അക്രമങ്ങളെയും ഫാസിസത്തെയും ഏത് വേഷത്തില്‍ വന്നാലും തുറന്നുകാട്ടാന്‍ കഴിയുന്നിടത്താണ് കലയുടെയും മനസ്സാക്ഷിയുടെയും യഥാര്‍ത്ഥ വിജയം കുടികൊള്ളുന്നത്.————

