വത്തിക്കാൻ സിറ്റി: മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും. പാപ്പയുടെ വസ്ത്രധാരണത്തിലെ ലാളിത്യവും തനതായ അമേരിക്കൻ ശൈലിയുമാണ് പട്ടികയിൽ ഇടം നേടാൻ പ്രധാന കാരണമായത്.
ഇതോടെ മികച്ച വസ്ത്രധാരണ ശൈലിയുള്ളവരുടെ പട്ടികയിൽ രണ്ടാം തവണയാണ് ലെയോ പാപ്പ ഇടം നേടുന്നത്. 2025 ഡിസംബറിൽ ‘വോഗ്’ മാസിക പ്രസിദ്ധീകരിച്ച മികച്ച വസ്ത്രധാരണം നടത്തുന്ന 55 വ്യക്തികളുടെ പട്ടികയിലും പാപ്പ ഉൾപ്പെട്ടിരുന്നു.പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോഴേ ലെയോ 14-ാമന്റെ വസ്ത്രധാരണ ശൈലി ശ്രദ്ധ നേടിയിരുന്നു. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് ഒഴിവാക്കിയിരുന്ന ചില പരമ്പരാഗത പാപ്പൽ വസ്ത്രങ്ങൾ അദ്ദേഹം വീണ്ടും ഉപയോഗിച്ചതും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു.ലെയോ പാപ്പയുടെ സ്വാഭാവികമായ അമേരിക്കൻ ശൈലിയാണ് തന്നെ ആകർഷിച്ചതെന്ന് ഫാഷൻ ലേഖകനായ ജോസ് ക്രിയാലെസ് ഉൻസുവെറ്റ പറഞ്ഞു. പാപ്പയുടെ ഔദ്യോഗിക വേഷങ്ങളിലും പരമ്പരാഗത പാപ്പൽ വസ്ത്രങ്ങളിലുമുള്ള ഈ വ്യത്യസ്തമായ ശൈലിയാണ് ഫാഷൻ ലോകത്തും ശ്രദ്ധ നേടുന്നത്.

