ജോഷൻ ജെ.എസ്
“നിങ്ങള്പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്.” (മത്തായി 28:19) എന്ന ക്രിസ്തുവിന്റെ കല്പനയാണ് സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. അതിനാൽ മിഷൻ എന്നത് സഭയുടെ പ്രവർത്തനം മാത്രമല്ല, മറിച്ച് സഭയുടെ സ്വഭാവം തന്നെയാണ്. രണ്ടാം വത്തിക്കാൻ സുനഹദോസിന്റെ Ad Gentes എന്ന രേഖ പറയുന്നതുപോലെ, “സഭ അവളുടെ സ്വഭാവത്താൽ തന്നെ മിഷനറിയാണ്.” ഈ സത്യം ഓരോ വിശ്വാസിയെയും ഓർമ്മപ്പെടുത്തുന്ന ദിനമാണ് ലോക മിഷൻ ഞായർ.ആഗോള മിഷൻ ഞായറിന്റെ ആരംഭംലോക മിഷൻ ഞായറിന്റെ ചരിത്രത്തിന് തുടക്കം കുറിക്കുന്നത് 1822-ലാണ്. വാഴ്ത്തപ്പെട്ട പോളിൻ ജാരിക്കോ Society for the Propagation of the Faith എന്ന സംഘടന സ്ഥാപിച്ചു മിഷൻ പ്രദേശങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെറിയ സംഭാവനകൾ സമാഹരിക്കുകയും ചെയ്തു. വിശ്വാസികൾക്കും സഭയുടെ മിഷൻ ദൗത്യത്തിൽ പങ്കാളികളാകാമെന്ന വലിയ തിരിച്ചറിവാണ് ഈ സംരംഭം ലോകത്തിന് നൽകിയത്.പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ1922-ൽ പീയൂസ് പതിനൊന്നാമൻ പാപ്പ ഈ മിഷൻ സംഘടനകളെ Pontifical Mission Societies എന്ന പേരിൽ സഭയുടെ ഔദ്യോഗിക മിഷൻ സംഘടനകളായി ഉയർത്തി. ഇന്ന് ലോകമെമ്പാടുമുള്ള മിഷൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നത് ഈ സംഘടനകളിലൂടെയാണ്.ലോക മിഷൻ ഞായറിന്റെ ആരംഭം 1926-ൽ പീയൂസ് പതിനൊന്നാമൻ പാപ്പ ലോകമെമ്പാടുമുള്ള എല്ലാ രൂപതകളും ഒരേ ദിവസം മിഷൻ പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കുകയും സംഭാവന സമാഹരിക്കുകയും ചെയ്യുന്നതിനായി ലോക മിഷൻ ഞായർ സ്ഥാപിച്ചു. 1927 മുതൽ ഇത് എല്ലാ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ചയ്ക്ക് മുമ്പുള്ള ഞായറാഴ്ച ആചരിച്ചുവരുന്നു.മിഷൻ : സഭാ പ്രബോധനങ്ങളിൽ 1919-ൽ ബെനഡിക്ട് പതിനഞ്ചാമൻ പാപ്പ പ്രസിദ്ധീകരിച്ച Maximum Illud എന്ന ചാക്രിക ലേഖനം മിഷനെയും മിഷൻ ഞായറിനെയും ദേശീയതയ്ക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കും അതീതമായി കാണാൻ വിശ്വാസികളോടായി ആഹ്വാനം ചെയ്തു. തുടർന്ന് Rerum Ecclessie എന്ന ലേഖനം വഴി (1926) പിയൂസ് പതിനൊന്നാമൻ പാപ്പ പ്രാദേശിക സഭകളുടെയും പ്രാദേശിക വൈദികരുടെയും വളർച്ചയ്ക്ക് പ്രാധാന്യം നൽകി.രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ Ad Gentes (1965) എന്ന രേഖ സഭയുടെ മിഷൻ ദൗത്യത്തിന് പുതിയ ദിശയും കാഴ്ചപ്പാടും നൽകി. പിന്നീട് വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ Evangelii Nuntiandi (1975) എന്ന ലേഖനം സുവിശേഷവൽക്കരണമാണ് സഭയുടെ അടിസ്ഥാന ദൗത്യമെന്ന് ഓർമ്മിപ്പിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ Redemptoris Missio (1990) എന്ന ലേഖനം “മിഷൻ ഇനിയും പൂർത്തിയായിട്ടില്ല” എന്ന് സഭയെ വീണ്ടും ഓർമ്മിപ്പിച്ചു . ഫ്രാൻസിസ് പാപ്പാ സഭയെ ” എല്ലാവരിലേക്കും എത്തിച്ചേരുന്ന സഭയാകാൻ” നിരന്തരം പ്രോത്സാഹിപ്പിച്ചു.മിഷൻ ഞായറിന്റെ ലക്ഷ്യംനമ്മുടെയൊക്കെ സാധാരണ കാഴ്ചപ്പാടിൽ മിഷൻ ഞായർ എന്നത് ഒരു സംഭാവന ശേഖരിക്കുന്ന ദിവസമായി മാത്രം ചുരുങ്ങിപ്പോകുന്നുണ്ട്. എന്നാൽ നമ്മുടെ കാഴ്ചപ്പാട് നമ്മുടേതായ ചുറ്റുവട്ടങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണെന്ന് അറിയാതെ മറന്നു പോകുകയാണ്. പ്രാർത്ഥനയിലൂടെയും ത്യാഗത്തിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വളർന്നുവരുന്ന സഭകളെയും മിഷൻ പ്രദേശങ്ങളെയും പിന്തുണയ്ക്കാനുള്ള ദിനമാണിത്. ഈ ദിവസം ശേഖരിക്കുന്ന സംഭാവനകൾ മിഷൻ രൂപതകൾ, സെമിനാരികൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ വിവിധ മേഖലകളുടെ വളർച്ചയ്ക്കായി വിനിയോഗിക്കപ്പെടുന്നു. നമ്മുടെ ചെറിയ സംഭാവന പോലും ക്രിസ്തുവിനെ അനേകരിലേക്ക് എത്തിക്കുന്ന വലിയ സഹായമായി സഭയ്ക്ക് തണലാകുന്നുണ്ട്.2026 – ശതാബ്ദി ആഘോഷം2026-ൽ കത്തോലിക്കാ സഭ ആഗോള മിഷൻ ഞായറിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. 1926-ൽ ആരംഭിച്ച ഈ ആഗോള ആചരണത്തിന്റെ നൂറാം വാർഷികമാണിത്. “One in Christ, United in Mission” (ക്രിസ്തുവിൽ ഒന്നായി, ദൗത്യത്തിൽ ഐക്യപ്പെട്ടവർ) എന്നതാണ് ഈ വർഷത്തെ മിഷൻ ഞായറിന്റെ പ്രമേയം. ക്രിസ്തുവിൽ ഒന്നായിരിക്കുന്ന സഭ, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സഹോദരസഭകളുമായി ഐക്യപ്പെട്ട് സുവിശേഷ ദൗത്യം തുടരണമെന്ന് ഈ സന്ദേശം ഓർമ്മിപ്പിക്കുന്നു. മിഷൻ ഏതാനും മിഷനറിമാരുടെ മാത്രം ഉത്തരവാദിത്വമല്ല, അതുമല്ലെങ്കിൽ വൈദികരുടെയും സന്നിത്യരുടെയും മാത്രം ഉത്തരവാദിത്വമല്ല. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനമേറ്റ ഓരോ വിശ്വാസിയുടെയും വിളിയാണെന്ന സത്യമാണ് പലപ്പോഴും ഈ തെറ്റിദ്ധാരണയിലൂടെ നാം തമസ്കരിക്കുന്നത്.കേരളസഭയും മിഷൻ പ്രവർത്തനങ്ങളുംവിശ്വാസത്തിന്റെ സമ്പന്നമായ പാരമ്പര്യമുള്ള കേരളസഭ തുടക്കം മുതൽ തന്നെ മിഷൻ ചൈതന്യത്തിൽ മുന്നിട്ടുനിന്നിട്ടുണ്ട്. കേരളത്തിൽ ലഭിച്ച വിശ്വാസത്തിന്റെ അനുഗ്രഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വം കേരളസഭ ഏറ്റെടുത്തു. വൈദികരുടെയും സന്യാസിനികളുടെയും അല്മായ വിശ്വാസികളുടെയും സേവനത്തിലൂടെ കേരളസഭയുടെ മിഷൻ സാക്ഷ്യം ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു.കേരളത്തിൽ നിന്നുള്ള മിഷനറിമാർകേരളത്തിൽ നിന്നുള്ള അനേകം വൈദികരും സന്യാസിനികളും ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ സുവിശേഷ സേവനം നിർവഹിക്കുന്നു. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിൽ അവർ ദൈവവചനം പ്രഘോഷിക്കുന്നതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലും വലിയ സംഭാവനകൾ നൽകുന്നു. സ്വന്തം നാടും സംസ്കാരവും വിട്ട് അന്യജനതകൾക്കിടയിൽ സേവനം ചെയ്യുന്ന ഇവർ കേരളസഭയുടെ മിഷൻ മുഖമാണ്.സഭയുടെ മിഷൻ വെല്ലുവിളികൾഇന്നത്തെ ലോകത്തിൽ മിഷൻ പ്രവർത്തനം പുതിയ വെല്ലുവിളികളെ നേരിടുകയാണ്. മതനിരപേക്ഷത, വിശ്വാസത്തിലെ കുറവ്, സാമൂഹിക അസമത്വങ്ങൾ, കുടിയേറ്റം, യുദ്ധങ്ങളും സംഘർഷങ്ങളും എന്നിവ സുവിശേഷ പ്രഘോഷണത്തിന് പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഈ വെല്ലുവിളികൾക്കിടയിലും സ്നേഹത്തിലൂടെയും സേവനത്തിലൂടെയും സത്യത്തിന്റെ സാക്ഷികളാകാൻ സഭ വിളിക്കപ്പെടുന്നു.ഡിജിറ്റൽ മിഷൻസാങ്കേതികവിദ്യയുടെ വളർച്ച മിഷൻ പ്രവർത്തനങ്ങൾക്ക് പുതിയ വാതിലുകൾ തുറന്നിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവ വഴി സുവിശേഷ സന്ദേശം ലോകത്തിന്റെ ഏതു ഭാഗത്തേക്കും എത്തിക്കാം. എന്നാൽ ഡിജിറ്റൽ മിഷൻ വെറും വിവരപ്രചാരണമല്ല; ക്രിസ്തുവിന്റെ സ്നേഹവും പ്രത്യാശയും ഡിജിറ്റൽ ലോകത്തിൽ സാക്ഷ്യപ്പെടുത്തുകയാണ് അതിന്റെ ലക്ഷ്യം.യുവജനങ്ങളും മിഷനുംസഭയുടെ ഭാവി യുവജനങ്ങളിലാണ്. യുവജനങ്ങൾ തങ്ങളുടെ കഴിവുകളും വിശ്വാസവും സാങ്കേതിക പരിജ്ഞാനവും ഉപയോഗിച്ച് പുതിയ മിഷൻ മേഖലകളിലേക്ക് കടന്നുവരണം. സമൂഹത്തിലെ ദരിദ്രരോടും അകറ്റപ്പെട്ടവരോടും കരുണ കാണിക്കുകയും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാക്ഷികളാകുകയും ചെയ്യുന്നത് യുവജനങ്ങളുടെ പ്രത്യേക ദൗത്യമാണ്.ഉപസംഹാരംലോക മിഷൻ ഞായറിന്റെ ശതാബ്ദി നമ്മെ ഓർമ്മിപ്പിക്കുന്നത് മിഷൻ ഒരു പ്രത്യേക ദിവസത്തെ ആചരണം മാത്രമല്ല, ഓരോ ക്രൈസ്തവന്റെയും ജീവിതവിളിയാണെന്നാണ്. “ക്രിസ്തുവിൽ ഒന്നായി, ദൗത്യത്തിൽ ഐക്യപ്പെട്ടവർ” എന്ന സന്ദേശത്തോടെ, പ്രാർത്ഥനയിലൂടെയും സേവനത്തിലൂടെയും സാക്ഷ്യജീവിതത്തിലൂടെയും ലോകത്തിന് ക്രിസ്തുവിന്റെ സ്നേഹം പകരാൻ നമുക്കും പങ്കാളികളാകാം.

