വെള്ളറട: 2026-ലെ വിവിധ ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി ആനപ്പാറ ഇടവകാംഗം സ്റ്റാൻലി പുത്തൻപുരയ്ക്കൽ. എറണാകുളം എൽ.കെ. ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, കേരള സംസ്ഥാന ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, എറണാകുളം കലാവേദി ഗ്രന്ഥശാല നാടക അരങ്ങ് ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്നിവിടങ്ങളിലാണ് സ്റ്റാൻലി പുരസ്കാരനേട്ടം കൈവരിച്ചത്.2026-ൽ സംവിധാനം ചെയ്ത കുമാരേട്ടൻ, പാഴ് കിനാക്കൾ എന്നീ ഹ്രസ്വചിത്രങ്ങളാണ് ഈ നേട്ടത്തിന് അർഹമായത്. കലാവേദി ഗ്രന്ഥശാല നാടക അരങ്ങ് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ പാഴ് കിനാക്കൾ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. നവംബർ ഒന്നിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കുമ്പോൾ പുരസ്കാരം ഏറ്റുവാങ്ങും.വെള്ളറട ഗവ. യു.പി.എസ്., വി.പി.എം. എച്ച്.എസ്., കല്ലുപ്പാലം എച്ച്.എസ്.സി., തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിലായാണ് സ്റ്റാൻലി വിദ്യാഭ്യാസവും ഫിലിം എഡിറ്റിംഗ് പരിശീലനവും പൂർത്തിയാക്കിയത്.
പഠനകാലം മുതൽ നാടകങ്ങളിലും തെരുവുനാടകങ്ങളിലും രചനയും അഭിനയവുമായി സജീവമായിരുന്നു.പ്രശസ്ത സംവിധായകരായ കെ. മധു, ബാലചന്ദ്രമേനോൻ എന്നിവർക്കൊപ്പം സഹസംവിധായകനായും ബാലചന്ദ്രമേനോൻ, എ.പി. ജോസഫ്, ശ്രീകുമാർ അജിത്, മുത്തു തുടങ്ങിയവരോടൊപ്പം അസോസിയേറ്റായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്ത സ്റ്റാൻലി 38 ആൽബങ്ങൾ, 24 ഷോർട്ട് ഫിലിമുകൾ, 16 തെരുവുനാടകങ്ങൾ, ആറ് നാടകങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കലാരംഗത്ത് കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തെക്കൻ സ്റ്റാർ ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റിക്കും അദ്ദേഹം തുടക്കമിട്ടു. വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ ജീവനക്കാരനാണ് സ്റ്റാൻലി പുത്തൻപുരയ്ക്കൽ.

