ഫാ. ജോളി അല്ഫോന്സ്
(സൈന് ലാംഗ്വേജ് ഇന്റര്പ്രെറ്റര്, ഡീഫ് മിനിസ്ട്രി, കണ്ണൂര് രൂപത)
”അച്ചാ, ഞങ്ങളെ മനസ്സിലാക്കാന് ഞങ്ങളുടെ ഭാഷ അറിയുന്ന വേറെ വൈദികര് അധികം ഇല്ല. അച്ചനിലാണ് ഞങ്ങളുടെ പ്രതീക്ഷ.”
ഒരു കത്തോലിക്ക വൈദികന് ഒപ്പം ആംഗ്യ ഭാഷ വ്യാഖ്യാതാവ് എന്ന നിലയില് ഞാന് ഒരിക്കലും മറക്കാത്ത വാക്കുകളാണിത്.
ഡിപ്ലോമ ഇന് ഇന്ത്യന് സൈന് ലാഗ്വേജ് ഇന്റര് പ്രട്ടേഷന് പഠിക്കാന് തിരുവനന്തപുരം നിഷ്-ല് ചേര്ന്നിട്ട് ഏതാനും മാസങ്ങള് മാത്രമായിരുന്നു അന്ന്. സംസാര ഭാഷയില് നിന്ന് വ്യത്യസ്ഥമായി പുതിയൊരു ദൃശ്യ ഭാഷ പഠിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും, സ്വന്തം കഴിവിനെക്കുറിച്ചുള്ള സംശയങ്ങളും, ചിലപ്പോഴൊക്കെ ഈ പഠനം തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയും ആദ്യകാലങ്ങളില് മനസ്സിനെ വല്ലാതെ മദിച്ചിരുന്നു.
അങ്ങനെയിരിക്കെയാണ്, അതേ വര്ഷം ഡിസംബറില്, എന്റെ രൂപതയിലെ (കണ്ണൂര്) ഒരു ഇടവകയില് നടന്ന ക്രിസ്മസ് ആഘോഷത്തിലേക്ക് എന്നെ ക്ഷണിക്കുന്നത്. ആ ഇടവകയിലെ രണ്ട് ബധിര കുടുംബങ്ങള്ക്കായി ഇടവക വികാരി പ്രത്യേകമായി ഒരുക്കിയതായിരുന്നു ആ ക്രിസ്മസ് ആഘോഷം എന്നാല് അത് എന്റെ ജീവിതത്തിലെ വഴിതിരിവായി.
അന്ന് എനിക്ക് കുറച്ച് ആംഗ്യഭാഷ അടയാളങ്ങള് അറിയാം. പക്ഷേ ബധിര വ്യക്തികളുമായി സ്വാഭാവികമായി ആശയവിനിമയം നടത്താനുള്ള അത്രയും പരിചയം എനിക്കുണ്ടായിരുന്നില്ല. എങ്ങനെ തുടങ്ങണം, അവരുടെ ആംഗ്യങ്ങളെ എങ്ങനെ മനസ്സിലാക്കണം എന്നൊക്കെ ആലോചിച്ച് ഞാന് കുറച്ച് ആശങ്കയോടെയാണ് അവരോടൊപ്പം ഇരുന്നത്.
എന്നാല് അവര് എന്നെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. എന്റെ അടയാളങ്ങള് ശരിയല്ലെങ്കില് തിരുത്തി. അവര്ക്ക് അറിയാവുന്നത് പോലെ എന്നെ സഹായിച്ചു. ”അച്ചാ, ഞങ്ങള്ക്ക് കുമ്പസാരം ചെയ്യണം.”അപ്രതീക്ഷിതമായി ഇത് കേട്ടപ്പോള് ഞാന് കുറച്ച് പരിഭ്രമിച്ചു.
കാരണം ഞാന് അപ്പോള് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആംഗ്യഭാഷയില് കുമ്പസാരം കൊടുക്കുവാള് ആവശ്യമായ ഭാഷാ പ്രാവീണ്യം എനിക്ക് ഉണ്ടോ എന്ന് ഞാന് സംശയിച്ചു. ഒരു വൈദികനെന്ന നിലയില് അവരുടെ മനസ്സിലുള്ള കാര്യങ്ങള് ശരിയായി മനസ്സിലാക്കാനും അവരോട് ശരിയായി പ്രതികരിക്കാനും കഴിയുമോ എന്ന ആശങ്കയും എനിക്ക് ഉണ്ടായി.
എങ്കിലും ഞാന് അവരെ കുമ്പസാരിപ്പിക്കാന് ഇരുന്നു. അഞ്ച് പേര്; പ്രശാന്ത്- ഭാര്യ ഡെല്മി, മകന് ഡിവിന്. പിന്നെ ജോളിയും ഭാര്യയും കുമ്പസാരം നടത്തി. എന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ അനുഭവം ആയിരുന്നു അത്.
കുമ്പസാരത്തിനുശേഷം ഞാന് അവരോട് എന്റെ പ്രയാസങ്ങള് തുറന്ന് പറഞ്ഞു. ആംഗ്യഭാഷ പഠിക്കാന് എനിക്ക് എത്ര ബുദ്ധിമുട്ടുണ്ടെന്നും. ചില സമയങ്ങളില് ഈ പഠനം നിര്ത്തിയാലോ എന്ന് പോലും ചിന്തിക്കുന്നുണ്ടെന്നും പറഞ്ഞു.
അപ്പോള് അവര് എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ്:
”അച്ചാ, ഞങ്ങളെ മനസ്സിലാക്കാന് ഞങ്ങളുടെ ഭാഷ അറിയുന്ന വേറെ വൈദികര് അധികം ഇല്ല.” പിന്നെ അവര് പറഞ്ഞു:
” അച്ചന് ഞങ്ങളുടെ ഭാഷ പഠിക്കാന് താല്പര്യം കാണിച്ചതില് ഞങ്ങള്ക്ക് സന്തോഷമാണ്.”
അവസാനം അവര് പറഞ്ഞ ഒരു വാക്ക് എന്റെ മനസ്സില് കൂടുതല് ആഴത്തില് പതിഞ്ഞു:
”അച്ചനിലാണ് ഞങ്ങളുടെ പ്രതീക്ഷ.”
അന്ന് എനിക്ക് മനസ്സിലായി ഞാന് പഠിച്ചുകൊണ്ടിരുന്നത് ഒരു ഭാഷ മാത്രമല്ല. അത് അനേകം ബധിര സഹോദരങ്ങളെ സഹായിക്കാനുള്ള മാര്ഗ്ഗം കൂടിയാണ് എന്ന്. അന്ന് പഠനം ഉപേക്ഷിക്കണമെന്ന എന്റെ ചിന്തയ്ക്ക് ഒരു മാറ്റം വന്നു. ഇന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്, എന്റെ ജീവിത യാത്രയില് ആ ക്രിസ്മസ് ആഘോഷത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. കാരണം അന്ന് ഞാന് ബധിരരായ അവരെ സഹായിക്കാനാണ് പോയതെന്ന് കരുതിയിരുന്നു. എന്നാല് യഥാര്ത്ഥത്തില്, അന്ന് അവര് എന്നെ ആണ് മുന്പോട്ട് പോകുവാന് സഹായിച്ചത്. ആംഗ്യഭാഷാ വ്യാഖ്യാതാവായ ഒരു വൈദികന് വേണം എന്ന അവരുടെ ആവശ്യം എന്റെ ഈ തിരഞ്ഞെടുപ്പിന്റെ സാധ്യതയെ കൂടുതല് വ്യക്തമായി എനിക്ക് കാണിച്ചുതന്നു.
എന്റെ ഈ അനുഭവം എന്നെ പഠിപ്പിച്ചത് ഇതാണ്: ചിലപ്പോള് ഒരു വലിയ ശുശ്രൂഷ ആരംഭിക്കുന്നത് ഒരു ചെറിയ കണ്ടു മുട്ടലില് നിന്നാണ്.

