ബിജോ സില്വേരി
ക്രൈസ്തവ വിശ്വാസം റോമന് സാമ്രാജ്യത്തിന്റെ സംശയങ്ങള്ക്കും എതിര്പ്പുകള്ക്കും പീഡനങ്ങള്ക്കും മുന്നില് സ്വയം വിശദീകരിക്കേണ്ടിവന്ന കാലമായിരുന്നു രണ്ടാം നൂറ്റാണ്ട്. യേശുക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ചവര് വിശ്വാസത്തിന്റെ പേരില് പരിഹസിക്കപ്പെടുകയും കുറ്റവാളികളായി ചിത്രീകരിക്കപ്പെടുകയും ചെയ്തപ്പോള്, ആ വിശ്വാസത്തിന്റെ സത്യവും യുക്തിയും ധാര്മികമൂല്യവും സമൂഹത്തിനു മുന്നില് അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം ആദ്യകാല സഭ ഏറ്റെടുത്തു. ഈ ദൗത്യത്തില് എഴുത്തിനെ ആയുധമാക്കിയ ചിന്തകരില് ഏറ്റവും ശ്രദ്ധേയനായിരുന്നു തെര്ത്തുല്യന് (ക്വിന്റസ് സെപ്റ്റിമിയസ് ഫ്ലോറന്സ് തെര്ത്തുല്യാനസ്).
വിശ്വാസത്തിന്റെ തീക്ഷ്ണതയും നിയമജ്ഞന്റെ യുക്തിബോധവും വാഗ്മിയുടെ ഭാഷാപാടവവും ഒരുമിച്ചുചേര്ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ക്രൈസ്തവ വിശ്വാസത്തെ എതിര്ത്തവര്ക്കു മറുപടി നല്കുക മാത്രമല്ല, വിശ്വാസത്തിന്റെ അടിസ്ഥാനസത്യങ്ങളെ സൂക്ഷ്മമായി നിര്വചിക്കാനും ദൈവശാസ്ത്രചിന്തയ്ക്ക് പുതിയ ഭാഷ നല്കാനും അദ്ദേഹം ശ്രമിച്ചു. അതുവരെ ഗ്രീക്ക് ഭാഷയില് പ്രധാനമായും വികസിച്ചിരുന്ന ക്രൈസ്തവ ദൈവശാസ്ത്രത്തിന് ലത്തീന് ഭാഷയില് ശക്തമായ ആവിഷ്കാരം നല്കിയതിലൂടെ പാശ്ചാത്യസഭയുടെ ബൗദ്ധികചരിത്രത്തില് അദ്ദേഹം പുതിയൊരു അധ്യായം തുറന്നു.
എന്നാല് തെര്ത്തുല്യന്റെ ജീവിതം സംഭാവനകളുടെ മാത്രം ചരിത്രമല്ല. സഭയുടെ വിശ്വാസത്തെ ശക്തമായി പ്രതിരോധിച്ച അതേ മനുഷ്യന്, പിന്നീട് തന്റെ കര്ക്കശമായ ആത്മീയനിലപാടുകളിലൂടെ സഭയുടെ ഔദ്യോഗിക നിലപാടുകളില്നിന്ന് അകന്നുപോയി. വിശ്വാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള അതിതീക്ഷ്ണമായ ആഗ്രഹം എങ്ങനെയാണ് സഭയുമായുള്ള സംഘര്ഷത്തിലേക്ക് നയിക്കുന്നതെന്നതിന്റെ സങ്കീര്ണമായ ഉദാഹരണം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ടുതന്നെ തര്ത്തുല്യനെ മനസ്സിലാക്കുക എന്നത് ഒരു ദൈവശാസ്ത്രജ്ഞന്റെ ജീവചരിത്രം വായിക്കുക മാത്രമല്ല; ആദ്യകാല ക്രൈസ്തവസഭയുടെ വളര്ച്ചയും അതിനുള്ളിലെ ആശയസംഘര്ഷങ്ങളും തിരിച്ചറിയുക കൂടിയാണ്.
കാര്ത്തേജില്നിന്ന് ക്രൈസ്തവചിന്തയുടെ
ലോകത്തേക്ക്
വടക്കേ ആഫ്രിക്കയിലെ കാര്ത്തേജില് സി.ഇ. 155 – 160 കാലഘട്ടത്തില് ജനിച്ചുവെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അന്ന് കാര്ത്തേജ് റോമന് സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിലൊന്നും വിദ്യാഭ്യാസത്തിന്റെയും വ്യാപാരത്തിന്റെയും സാംസ്കാരികജീവിതത്തിന്റെയും കേന്ദ്രവുമായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള് പരിമിതമാണ്. റോമന് ഭരണസംവിധാനത്തില് സേവനമനുഷ്ഠിച്ചിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകനായിരുന്നുവെന്ന് ചില പുരാതന ജീവചരിത്രസ്രോതസ്സുകള് സൂചിപ്പിക്കുന്നു. എന്നാല് അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചോ കുടുംബജീവിതത്തെക്കുറിച്ചോ വിശദമായ രേഖകള് ലഭ്യമല്ല.
ചെറുപ്പത്തില്ത്തന്നെ ലത്തീന്, ഗ്രീക്ക് ഭാഷകളില് നല്ല പരിജ്ഞാനം നേടിയിരുന്ന അദ്ദേഹം സാഹിത്യം, തത്ത്വചിന്ത, വാഗ്മിത്വം, നിയമം എന്നിവയില് പ്രാവീണ്യം നേടിയിരിക്കാമെന്ന് അദ്ദേഹത്തിന്റെ രചനകള് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും റോമന് നിയമവ്യവസ്ഥയെയും കോടതികളിലെ വാദപ്രതിവാദരീതികളെയും കുറിച്ചുള്ള അറിവ് അദ്ദേഹത്തിന്റെ കൃതികളില് പ്രകടമാണ്. നിയമപരമായ പദപ്രയോഗങ്ങളും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള വാദങ്ങളും എതിരാളിയുടെ വാദത്തിലെ വൈരുധ്യങ്ങള് ചൂണ്ടിക്കാട്ടുന്ന ശൈലിയും അദ്ദേഹത്തിന്റെ എഴുത്തിന് പ്രത്യേക ശക്തി നല്കി.
ക്രൈസ്തവവിശ്വാസത്തിലേക്കുള്ള പരിവര്ത്തനം
തെര്ത്തുല്യന്റെ ജീവിതത്തിലെ ഏറ്റവും നിര്ണായകമായ വഴിത്തിരിവായിരുന്നു ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മതപരിവര്ത്തനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള് ലഭ്യമല്ല. മധ്യവയസ്സുവരെ അദ്ദേഹം പുറജാതീയ മതാന്തരീക്ഷത്തിലാണ് ജീവിച്ചിരുന്നതെന്നും സി.ഇ. 197-ഓടെ ക്രൈസ്തവനായിരുന്നുവെന്നും പുരാതന സ്രോതസ്സുകള് സൂചിപ്പിക്കുന്നു. ആദ്യകാല ക്രൈസ്തവരുടെ ധാര്മികജീവിതം, പീഡനങ്ങള്ക്കു മുന്നില് അവര് പ്രകടിപ്പിച്ച ധീരത, മരണത്തെപ്പോലും ഭയപ്പെടാത്ത വിശ്വാസസ്ഥൈര്യം എന്നിവ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാമെന്ന് അദ്ദേഹത്തിന്റെ രചനകളില്നിന്ന് മനസ്സിലാക്കാം.
അക്കാലത്ത് ക്രൈസ്തവര് റോമന് സമൂഹത്തില് പലതരത്തിലുള്ള സംശയങ്ങള്ക്കും ആരോപണങ്ങള്ക്കും വിധേയരായിരുന്നു. പരമ്പരാഗത ദൈവങ്ങളെ ആരാധിക്കാന് വിസമ്മതിച്ചതും ചക്രവര്ത്തിയുടെ ദൈവികതയെ അംഗീകരിക്കാതിരുന്നതും അവരുടെ വിശ്വാസത്തെ സംശയത്തോടെ കാണാന് കാരണമായി. ചില പ്രദേശങ്ങളില് അവര് നിയമനടപടികള്ക്കും പീഡനങ്ങള്ക്കും ഇരയായി.
ഇത്തരം സാഹചര്യത്തില് ക്രൈസ്തവവിശ്വാസം സ്വീകരിക്കുക എന്നത് ഒരു മതപരമായ തിരഞ്ഞെടുപ്പു മാത്രമായിരുന്നില്ല; സാമൂഹികമായ എതിര്പ്പുകളെയും ചിലപ്പോള് ജീവന് നഷ്ടപ്പെടാനുള്ള സാധ്യതയെയും നേരിടാനുള്ള തീരുമാനവുമായിരുന്നു.
തെര്ത്തുല്യന് വിശ്വാസം സ്വീകരിച്ചതോടെ അതിനെക്കുറിച്ചുള്ള തന്റെ സമീപനം പൂര്ണമായി മാറി. ക്രൈസ്തവരെക്കുറിച്ച് സമൂഹത്തില് നിലനിന്നിരുന്ന തെറ്റിദ്ധാരണകള്ക്ക് മറുപടി നല്കാനും ക്രൈസ്തവജീവിതത്തിന്റെ ധാര്മികമഹത്വം വ്യക്തമാക്കാനും അദ്ദേഹം എഴുത്തിലൂടെ രംഗത്തിറങ്ങി. കാര്ത്തേജിലെ സഭയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്ത്തിച്ചുവെന്നും പുരോഹിതനായിരുന്നുവെന്നും സഭാചരിത്രപരമ്പരയില് കരുതപ്പെടുന്നു. എന്നാല് അദ്ദേഹത്തിന്റെ പൗരോഹിത്യപദവിയുടെ കൃത്യമായ കാലവും സാഹചര്യവും സംബന്ധിച്ച് ചരിത്രകാരന്മാര്ക്കിടയില് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
ക്രൈസ്തവര്ക്കുവേണ്ടി ഉയര്ന്ന ശബ്ദം
തെര്ത്തുല്യന്റെ കാലത്തെ ക്രൈസ്തവര് നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന്, അവരുടെ വിശ്വാസത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങളായിരുന്നു. ക്രൈസ്തവര് രഹസ്യമായി കുറ്റകൃത്യങ്ങള് ചെയ്യുന്നു, സമൂഹത്തിന്റെ സമാധാനം തകര്ക്കുന്നു, പരമ്പരാഗത മതത്തെ നിരാകരിക്കുന്നതിനാല് ദൈവകോപത്തിന് കാരണമാകുന്നു തുടങ്ങിയ ആരോപണങ്ങള് പ്രചരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ അപ്പോളോഗെറ്റികസ് എന്ന കൃതി രൂപപ്പെട്ടത്. ഈ ഗ്രന്ഥം റോമന് ഭരണാധികാരികളോടും നീതിന്യായസംവിധാനത്തോടും ക്രൈസ്തവരുടെ ഭാഗത്തുനിന്ന് ഉന്നയിച്ച ശക്തമായ വാദമാണ്. ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരില് മാത്രം ശിക്ഷിക്കുന്നത് നീതിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനവാദം. ഒരാള് കുറ്റം ചെയ്തിട്ടുണ്ടെങ്കില് അതിന് തെളിവുണ്ടാകണം. കേട്ടുകേള്വികളുടെയും ജനക്കൂട്ടത്തിന്റെ മുന്വിധികളുടെയും അടിസ്ഥാനത്തില് ഒരാളെ കുറ്റക്കാരനാക്കാനാവില്ല. ക്രൈസ്തവരെക്കുറിച്ചുള്ള ആരോപണങ്ങള് പരിശോധിക്കുമ്പോള് ഈ നീതിന്യായതത്ത്വങ്ങള് പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ക്രൈസ്തവര് ചക്രവര്ത്തിയുടെ ശത്രുക്കളല്ലെന്നും അവര് ഭരണാധികാരികള്ക്കുവേണ്ടി പ്രാര്ഥിക്കുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു. ക്രൈസ്തവരുടെ കൂട്ടായ്മയില് ദരിദ്രര്ക്കും രോഗികള്ക്കും സഹായം നല്കുന്ന രീതിയും പരസ്പരസ്നേഹവും അദ്ദേഹം എടുത്തുകാട്ടി.
ക്രൈസ്തവരെക്കുറിച്ച് സമൂഹം അദ്ഭുതത്തോടെ പറഞ്ഞതായി അദ്ദേഹം രേഖപ്പെടുത്തിയ ഒരു പ്രസിദ്ധമായ വാചകമുണ്ട്: ”നോക്കൂ, ഇവര് പരസ്പരം എത്രമാത്രം സ്നേഹിക്കുന്നു!” ആദ്യകാല സഭയുടെ കൂട്ടായ്മാജീവിതത്തെ പ്രതിനിധീകരിക്കുന്ന ഈ ആശയം പിന്നീട് ക്രൈസ്തവസാഹിത്യത്തില് ഏറെ ഉദ്ധരിക്കപ്പെട്ടു.
തെര്ത്തുല്യന്റെ പ്രതിരോധം മതപരമായ പ്രചാരണത്തില് മാത്രം ഒതുങ്ങിയില്ല. ഭരണകൂടത്തിന്റെ അധികാരം, നീതിന്യായത്തിന്റെ മാനദണ്ഡങ്ങള്, മതസ്വാതന്ത്ര്യം, സാമൂഹികമുന്വിധികള് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും അതില് ഉയര്ന്നു. പില്ക്കാലത്ത് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്ച്ചകളില് അദ്ദേഹത്തിന്റെ ചില വാദങ്ങള് വീണ്ടും പ്രസക്തമായി.
ലത്തീന് ക്രൈസ്തവ
ദൈവശാസ്ത്രത്തിന്റെ പിതാവ്
തെര്ത്തുല്യന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ക്രൈസ്തവ ദൈവശാസ്ത്രത്തിന് ലത്തീന് ഭാഷയില് ശക്തമായ സാഹിത്യരൂപവും ആശയപരമായ അടിത്തറയും നല്കിയതായിരുന്നു.
ആദ്യകാല ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ വലിയൊരു ഭാഗം ഗ്രീക്ക് ഭാഷയിലാണ് വികസിച്ചിരുന്നത്. യേശുക്രിസ്തുവിന്റെ സ്വഭാവം, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം, രക്ഷ, പാപം, പുനരുത്ഥാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സഭയില് ഗൗരവമായ ചര്ച്ചകള് നടന്നിരുന്നു. ഈ ആശയങ്ങളെ ലത്തീന് ഭാഷയില് കൃത്യതയോടെ അവതരിപ്പിക്കാന് തെര്ത്തുല്യന് നടത്തിയ ശ്രമങ്ങള് പാശ്ചാത്യ ദൈവശാസ്ത്രത്തിന്റെ വളര്ച്ചയില് നിര്ണായകമായി.
അദ്ദേഹം ലത്തീന് ഭാഷയിലെ ക്രൈസ്തവസാഹിത്യത്തിന്റെ ആദ്യകാലത്തെ ഏറ്റവും സ്വാധീനശക്തിയുള്ള എഴുത്തുകാരില് ഒരാളായിരുന്നു. വിശ്വാസത്തെ വിശദീകരിക്കാന് പുതിയ പദപ്രയോഗങ്ങള് രൂപപ്പെടുത്തുകയും നിലവിലുള്ള പദങ്ങള്ക്ക് ദൈവശാസ്ത്രപരമായ അര്ഥവ്യാപ്തി നല്കുകയും ചെയ്തു.
പ്രത്യേകിച്ചും ത്രിത്വദൈവത്തെക്കുറിച്ചുള്ള ചര്ച്ചകളില് അദ്ദേഹത്തിന്റെ ഭാഷാപരമായ സംഭാവന ശ്രദ്ധേയമാണ്. പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നിവരെക്കുറിച്ചുള്ള ക്രൈസ്തവവിശ്വാസം വിശദീകരിക്കുമ്പോള് പെഴ്സോണ, സബ്സ്റ്റാനിയ തുടങ്ങിയ ലത്തീന് പദങ്ങള് അദ്ദേഹം പ്രയോഗിച്ചു. ഇവയുടെ പില്ക്കാല ദൈവശാസ്ത്രപരമായ വികാസം അദ്ദേഹത്തിന്റെ കാലത്തെ ഉപയോഗവുമായി എല്ലായിടത്തും പൂര്ണമായി തുല്യമല്ലെങ്കിലും, ത്രിത്വത്തെക്കുറിച്ചുള്ള ലത്തീന് ചിന്തയുടെ രൂപീകരണത്തില് അദ്ദേഹത്തിന്റെ രചനകള് പ്രധാനപ്പെട്ട പങ്കുവഹിച്ചു.
ഇതുകൊണ്ടാണ് അദ്ദേഹത്തെ ലത്തീന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്നത്. ഈ വിശേഷണം അദ്ദേഹമാണ് എല്ലാ ആശയങ്ങളും ആദ്യമായി കണ്ടെത്തിയതെന്ന അര്ഥത്തിലല്ല; ക്രൈസ്തവവിശ്വാസത്തെ ലത്തീന് ഭാഷയില് വ്യവസ്ഥാപിതമായി അവതരിപ്പിക്കുകയും പാശ്ചാത്യ ദൈവശാസ്ത്രത്തിന് ദീര്ഘകാലം നിലനിന്ന ഒരു പദസമ്പത്ത് നല്കുകയും ചെയ്തുവെന്ന അര്ഥത്തിലാണ്.
വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധം
തെര്ത്തുല്യനെക്കുറിച്ച് സംസാരിക്കുമ്പോള് പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒരു ചോദ്യം വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്. അദ്ദേഹത്തിന്റെ ചില രചനകളില് ഗ്രീക്ക് തത്ത്വചിന്തയോടും ക്രൈസ്തവവിശ്വാസവുമായി പൊരുത്തപ്പെടാത്ത ദാര്ശനിക സങ്കല്പ്പങ്ങളോടും ശക്തമായ വിമര്ശനം കാണാം.
ക്രൈസ്തവവിശ്വാസത്തെ പുറംലോകത്തിന്റെ തത്ത്വചിന്താ ചട്ടക്കൂടുകള്ക്കുള്ളില് ഒതുക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം സംശയത്തോടെ കണ്ടു. വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവിക വെളിപാടാണെന്നും മനുഷ്യന്റെ ബുദ്ധിക്ക് എല്ലാം പൂര്ണമായി വിശദീകരിക്കാനാവില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അക്കാലത്ത് ചില മതചിന്തകര് ബൈബിളിലെ വചനങ്ങള്ക്ക് സഭയുടെ വിശ്വാസപാരമ്പര്യത്തില്നിന്ന് വ്യത്യസ്തമായ വ്യാഖ്യാനങ്ങള് നല്കി. പ്രത്യേകിച്ച് ജ്ഞാനവാദം എന്നറിയപ്പെടുന്ന വിവിധ ചിന്താധാരകള് സൃഷ്ടി, യേശുക്രിസ്തുവിന്റെ സ്വഭാവം, രക്ഷ, മനുഷ്യാത്മാവ് തുടങ്ങിയ വിഷയങ്ങളില് സഭയുടെ വിശ്വാസത്തില്നിന്ന് വ്യത്യസ്തമായ നിലപാടുകള് സ്വീകരിച്ചു.
തെര്ത്തുല്യന്റെ വാദം, വിശുദ്ധഗ്രന്ഥത്തെ വ്യാഖ്യാനിക്കുമ്പോള് അതിന്റെ അപ്പസ്തോലിക പശ്ചാത്തലവും സഭകളിലൂടെ കൈമാറപ്പെട്ട വിശ്വാസപാരമ്പര്യവും പരിഗണിക്കണമെന്നതായിരുന്നു. ക്രിസ്തുവിന്റെ അപ്പസ്തോലന്മാര് സ്ഥാപിച്ച സഭകളുടെ വിശ്വാസം, അവയുടെ തുടര്ച്ച, പരസ്പര ഐക്യം എന്നിവയ്ക്ക് അദ്ദേഹം വലിയ പ്രാധാന്യം നല്കി.
തെര്ത്തുല്യന്റെ രചനകള് വിശ്വാസപ്രതിരോധം, ദൈവശാസ്ത്രം, ധാര്മികജീവിതം, സഭാനിയമങ്ങള്, കൂദാശകള് തുടങ്ങിയ വിവിധ വിഷയങ്ങളെ ഉള്ക്കൊള്ളുന്നു.
ക്രൈസ്തവധാര്മികതയും ജീവിതശുദ്ധിയും
തെര്ത്തുല്യന്റെ എഴുത്തുകളില് വിശ്വാസത്തിന്റെ സൈദ്ധാന്തികവശം മാത്രമല്ല, ക്രൈസ്തവജീവിതത്തിന്റെ പ്രായോഗികവശവും പ്രധാനമാണ്. ഒരു വ്യക്തി ക്രൈസ്തവനാണെന്ന് അവകാശപ്പെടുന്നത് ആരാധനയിലോ വിശ്വാസപ്രഖ്യാപനത്തിലോ മാത്രം പ്രകടമാകേണ്ടതല്ല; ജീവിതശൈലിയിലും പെരുമാറ്റത്തിലും അത് പ്രതിഫലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
വിനോദപ്രകടനങ്ങള്, വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട തൊഴില്രീതികള്, ആഡംബരജീവിതം, വിവാഹബന്ധങ്ങള്, ഉപവാസം, പ്രാര്ഥന, അനുതാപം തുടങ്ങിയ വിഷയങ്ങളില് അദ്ദേഹം എഴുതിയിട്ടുണ്ട്. ചില കാര്യങ്ങളില് അദ്ദേഹത്തിന്റെ നിലപാടുകള് അത്യന്തം കര്ക്കശമായിരുന്നു. അക്കാലത്തെ റോമന് സമൂഹത്തിന്റെ പല വിനോദങ്ങളെയും ആചാരങ്ങളെയും അദ്ദേഹം ക്രൈസ്തവവിശ്വാസത്തിന് അനുയോജ്യമല്ലാത്തവയായി കണ്ടു. മനുഷ്യന്റെ ധാര്മികവളര്ച്ച ഒരു ദിവസത്തെ നേട്ടമല്ലെന്നും വിശ്വാസം ജീവിതത്തെ നിരന്തരം പരിശോധിക്കാനുള്ള ആഹ്വാനമാണെന്നും അദ്ദേഹത്തിന്റെ രചനകള് ഓര്മിപ്പിക്കുന്നു.
സഭയുമായുള്ള അകല്ച്ചയും
ചരിത്രത്തിന്റെ വിലയിരുത്തലും
തര്ത്തുല്യന്റെ ജീവിതത്തിലെ ഈ ഘട്ടം അദ്ദേഹത്തിന്റെ പാരമ്പര്യത്തെ വിലയിരുത്തുമ്പോള് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ക്രൈസ്തവവിശ്വാസത്തിന്റെ പ്രതിരോധത്തിനായി തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ച അദ്ദേഹം, പിന്നീട് സഭയുടെ ചില നിലപാടുകളെ ശക്തമായി വിമര്ശിച്ചു.
ഇതില്നിന്ന് ഉയരുന്ന ചോദ്യം, വിശ്വാസത്തോടുള്ള തീക്ഷ്ണതയും സഭയോടുള്ള കൂട്ടായ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. വിശ്വാസത്തിന്റെ വിശുദ്ധി സംരക്ഷിക്കണമെന്ന ആഗ്രഹം പ്രധാനമാണ്. എന്നാല് ആ സംരക്ഷണം മനുഷ്യന്റെ ദൗര്ബല്യങ്ങള്ക്കും അനുതാപത്തിനും ദൈവകരുണയ്ക്കും ഇടം നിഷേധിക്കുന്ന കര്ക്കശതയായി മാറുമ്പോള് എന്തു സംഭവിക്കും?
തെര്ത്തുല്യന്റെ ജീവിതം ഈ ചോദ്യത്തെ ഗൗരവത്തോടെ മുന്നോട്ടുവയ്ക്കുന്നു. അദ്ദേഹത്തിന്റെ പില്ക്കാല നിലപാടുകള് സഭയുടെ ഔദ്യോഗിക പഠനങ്ങളുമായി എല്ലായിടത്തും പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളെയും കത്തോലിക്കാ വിശ്വാസത്തിന്റെ അംഗീകൃത പ്രബോധനങ്ങളായി കാണാനാവില്ല. അതേസമയം, സഭയില്നിന്നുള്ള അദ്ദേഹത്തിന്റെ അകല്ച്ച അദ്ദേഹത്തിന്റെ ആദ്യകാല രചനകളുടെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ മൂല്യം ഇല്ലാതാക്കുന്നുമില്ല.
പില്ക്കാല സഭാപിതാക്കന്മാരില് വിശുദ്ധ സിപ്രിയന് അദ്ദേഹത്തിന്റെ രചനകളില്നിന്ന് ഏറെ സ്വാധീനം ഉള്ക്കൊണ്ടു. വിശുദ്ധ അഗസ്റ്റിനും പാശ്ചാത്യ ദൈവശാസ്ത്രത്തിന്റെ വളര്ച്ചയും തെര്ത്തുല്യന് രൂപപ്പെടുത്തിയ ലത്തീന് ക്രൈസ്തവചിന്തയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
തെര്ത്തുല്യനുമായി ബന്ധപ്പെട്ട ഒരു ചെറിയ കൂട്ടം അനുയായികള് പിന്നീട് നിലനിന്നിരുന്നുവെങ്കിലും, വിശുദ്ധ അഗസ്റ്റിന്റെ കാലത്ത് അവര് സഭയുമായി വീണ്ടും ഐക്യത്തിലായതായി പുരാതന സഭാചരിത്രം രേഖപ്പെടുത്തുന്നു.

