ജോ മാത്യു
സ്നേഹം മനുഷ്യനെ ചേര്ത്തുപിടിക്കാനുള്ള കരുത്താണ്. എന്നാല് അതേ സ്നേഹം തെറ്റുകളെ മൂടിവയ്ക്കാനുള്ള മറയായി മാറിയാലോ? മക്കളെ സംരക്ഷിക്കാനുള്ള മാതാപിതാക്കളുടെ സ്വാഭാവികമായ ആഗ്രഹം, അവരുടെ തെറ്റുകളെ ന്യായീകരിക്കാനുള്ള അന്ധമായ പക്ഷപാതമായി പരിണമിച്ചാലോ? അപ്പോള് സ്നേഹം അതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുകയും സ്വാര്ഥതയുടെയും ധാര്മിക തകര്ച്ചയുടെയും അപകടകരമായ ഉപകരണമായി മാറുകയും ചെയ്യും. സ്നേഹത്തിനും ഉത്തരവാദിത്തത്തിനും ഇടയിലുള്ള ഈ നേര്ത്ത അതിര്വരമ്പിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന് നമ്മെ പ്രേരിപ്പിക്കുന്നതാണ് നെടുമ്പാശേരിയിലെ വാഹനാപകടദുരന്തം.
പ്രമുഖ ദക്ഷിണ കൊറിയന് സംവിധായകന് ബോങ് ജൂണ്-ഹോയുടെ ‘മദര്’ എന്ന സിനിമ മാതൃസ്നേഹത്തിന്റെ ആര്ദ്രതയ്ക്കുള്ളില് ഒളിഞ്ഞിരിക്കുന്ന സ്വാര്ഥതയുടെയും ധാര്മികമായ പ്രതിസന്ധികളുടെയും ഇരുണ്ട ലോകമാണ് തുറന്നുകാട്ടുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന അന്വേഷണകഥ എന്നതിലുപരി, സ്വന്തം മകനെ രക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹം ഒരു അമ്മയെ സത്യത്തില്നിന്നും നീതിയില്നിന്നും എത്രത്തോളം അകറ്റുമെന്നതിന്റെ അസ്വസ്ഥജനകമായ ആഖ്യാനമാണ് ആ ചിത്രം. മകനെ രക്ഷിക്കണമെന്ന ആഗ്രഹം തെറ്റല്ല; എന്നാല് അവനെ രക്ഷിക്കാന് മറ്റൊരാളുടെ നീതി ബലികഴിക്കേണ്ടിവരുമ്പോള് സ്നേഹത്തിന്റെ ധാര്മികത ചോദ്യം ചെയ്യപ്പെടുന്നു.
സിനിമയിലെ ഈ സങ്കീര്ണമായ മാനസികാവസ്ഥയെ ഓര്മിപ്പിക്കുന്നതാണ് നെടുമ്പാശേരിയില്നിന്നുള്ള ദുരന്തവാര്ത്ത. ആഡംബരക്കാറില് അമിതവേഗത്തില് പാഞ്ഞെത്തിയ യുവാവിന്റെ വാഹനമിടിച്ച് മൂന്ന് വിദ്യാര്ഥികളുടെ ജീവന് പൊലിഞ്ഞുവെന്ന വാര്ത്ത കേവലം ഒരു റോഡപകടത്തിന്റെ വിവരണമായി അവസാനിക്കേണ്ടതല്ല. അതിനപ്പുറം, നമ്മുടെ കുടുംബങ്ങളില് വളര്ന്നുവരുന്ന ചില അപകടകരമായ പ്രവണതകളെയും സമ്പത്ത് സൃഷ്ടിക്കുന്ന വ്യാജമായ അധികാരബോധത്തെയും മക്കളോടുള്ള സ്നേഹത്തിന്റെ പേരില് മാതാപിതാക്കള് മറന്നുപോകുന്ന ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ഗൗരവമേറിയ മുന്നറിയിപ്പാണ്.
റോഡില് ഒരു വാഹനം നിയന്ത്രണംവിട്ട് പാഞ്ഞടുക്കുമ്പോള് അപകടത്തിലാകുന്നത് അതിനുള്ളിലെ യാത്രക്കാര് മാത്രമല്ല. അതിന്റെ വേഗതയെയും നിയന്ത്രണമില്ലാത്ത ആവേശത്തെയും ആശ്രയിച്ച് ജീവന് പണയംവയ്ക്കേണ്ടിവരുന്നത് വഴിയിലൂടെ സഞ്ചരിക്കുന്ന അപരിചിതരായ മനുഷ്യരാണ്. അവരുടെ ജീവിതത്തിനും സ്വപ്നങ്ങള്ക്കും കുടുംബങ്ങള്ക്കും അത്രതന്നെ വിലയുണ്ടെന്ന തിരിച്ചറിവാണ് ഓരോ ഡ്രൈവറെയും നയിക്കേണ്ടത്. ആ തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്താണ് വാഹനമോടിക്കല് വ്യക്തിപരമായ വിനോദത്തില്നിന്ന് സാമൂഹികമായ ഭീഷണിയായി മാറുന്നത്.
പണത്തിന്റെ ധാര്ഷ്ട്യവും നിയമത്തോടുള്ള പുച്ഛവും
മക്കള്ക്ക് തങ്ങള്ക്കു ലഭിക്കാതെപോയ സൗകര്യങ്ങള് നല്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള് ഏറെയുണ്ട്. ജീവിതത്തിലെ പ്രയാസങ്ങള് മക്കള് അനുഭവിക്കരുതെന്നും അവരുടെ ആഗ്രഹങ്ങള് സാധിച്ചുകൊടുക്കണമെന്നും അവര് ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തില് തെറ്റൊന്നുമില്ല. മക്കളുടെ സന്തോഷത്തിനായി അധ്വാനിക്കുകയും അവര്ക്കുവേണ്ടി സമ്പാദിക്കുകയും ചെയ്യുന്നത് മാതാപിതാക്കളുടെ സ്വാഭാവികമായ കടമയാണ്. എന്നാല് ആ സ്നേഹം വിവേകത്തെ മറികടക്കുമ്പോള്, ആഗ്രഹങ്ങള്ക്കു മുന്നില് അതിരുകളില്ലാതാകുമ്പോള്, സൗകര്യങ്ങള്ക്കൊപ്പം വളരേണ്ട ജീവിതബോധം എവിടെയോ നഷ്ടപ്പെടുന്നു.
പണംകൊണ്ട് വാങ്ങാനാകുന്ന വസ്തുക്കള് ഏറെയുണ്ട്. ആഡംബരക്കാറുകളും വിലപിടിപ്പുള്ള ഫോണുകളും വിദേശയാത്രകളും മികച്ച വിദ്യാഭ്യാസവും അവയില്പ്പെടുന്നു. എന്നാല് മറ്റുള്ളവരുടെ ജീവനോടുള്ള ആദരവ്, നിയമത്തോടുള്ള ബഹുമാനം, തെറ്റു ചെയ്താല് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മനസ്സ്, സ്വന്തം പ്രവൃത്തികള് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന തിരിച്ചറിവ് എന്നിവ പണംകൊണ്ട് വാങ്ങാനാവില്ല. അവ കുടുംബജീവിതത്തിലൂടെയും മാതൃകകളിലൂടെയും തിരുത്തലുകളിലൂടെയും വളര്ത്തിയെടുക്കേണ്ട മൂല്യങ്ങളാണ്.
നെടുമ്പാശേരി ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവന്നതായി പറയപ്പെടുന്ന അതിവേഗ വാഹനയാത്രയുടെ ദൃശ്യങ്ങള്, അവയെക്കുറിച്ചുള്ള മാതാപിതാക്കളുടെ അറിവ് തുടങ്ങിയ വിവരങ്ങള് ശരിയാണെങ്കില്, അവ ഒരു കുടുംബത്തിന്റെ സ്വകാര്യജീവിതത്തിലെ ചെറിയ വീഴ്ചകളായി തള്ളിക്കളയാനാവില്ല. ഇത്തരം പെരുമാറ്റങ്ങളെ ആഘോഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് അപകടകരമായ സന്ദേശമാണ് സമൂഹത്തിനു നല്കുന്നത്. നിയമലംഘനം ധീരതയാണെന്നും അമിതവേഗം കഴിവിന്റെ അടയാളമാണെന്നും ലഹരിയോടുള്ള അടുപ്പം ആധുനികതയുടെ ഭാഗമാണെന്നും യുവാക്കള് തെറ്റിദ്ധരിച്ചാല് അതിന്റെ വില നല്കേണ്ടിവരുന്നത് നിരപരാധികളായ മനുഷ്യരായിരിക്കും.
ഇവിടെ മാതാപിതാക്കളുടെ ഉത്തരവാദിത്തം വളരെ വലുതാണ്. മകന് തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നതായി കാണുമ്പോള് അവനെ തിരുത്താനുള്ള ധൈര്യം കാണിക്കണം. മകളുടെ പ്രവൃത്തികള് അപകടകരമായ ദിശയിലേക്കു നീങ്ങുമ്പോള് അവളെ തടയാനുള്ള ആര്ജവം വേണം. മക്കളുടെ ഇഷ്ടങ്ങള്ക്ക് എതിരുനില്ക്കേണ്ടിവന്നാലും അവരുടെ ദീര്ഘകാല നന്മയ്ക്കുവേണ്ടി ചിലപ്പോള് കര്ശനമായ തീരുമാനങ്ങള് എടുക്കണം. സ്നേഹത്തിന്റെ പേരില് എല്ലാ അതിരുകളും നീക്കംചെയ്യുന്നത് കരുതലല്ല; അത് ഉത്തരവാദിത്തത്തില്നിന്നുള്ള ഒളിച്ചോട്ടമാണ്.
അപകടത്തിനുശേഷം യുവാവ് തന്റെ പിതാവിന്റെ സ്വാധീനത്തില് വിശ്വാസമര്പ്പിച്ചുകൊണ്ട് സംസാരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്ട്ടുകള് ശരിയാണെങ്കില്, അതില് തെളിയുന്നത് ഒരു വ്യക്തിയുടെ ധാര്ഷ്ട്യം മാത്രമല്ല. നിയമത്തിന്റെ മുന്നില് എല്ലാവരും തുല്യരാണെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനവിശ്വാസത്തെത്തന്നെ ചോദ്യം ചെയ്യുന്ന മനോഭാവമാണത്. അധികാരവും സമ്പത്തും സ്വാധീനവുമുള്ളവര്ക്ക് നിയമത്തെ മറികടക്കാനാകുമെന്ന ധാരണ ഒരു യുവാവിന്റെ മനസ്സില് രൂപപ്പെടുന്നത് എങ്ങനെയാണ്? കുടുംബത്തില്നിന്നും ചുറ്റുപാടുകളില്നിന്നും അയാള്ക്ക് ലഭിച്ച സന്ദേശങ്ങള് എന്തൊക്കെയാണ്?
ഇവയ്ക്ക് ഉത്തരം കണ്ടെത്താതെ ഇത്തരം ദുരന്തങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണുന്നതുകൊണ്ട് പ്രയോജനമില്ല.
ആഡംബരക്കാറിന്റെ ചക്രങ്ങള്ക്കടിയില്
തകര്ന്നത് മൂന്ന് ജീവിതങ്ങള് മാത്രമല്ല
വയനാട് മടക്കിമലയിലെ ‘സന്തോഷ് ഭവനില്’ നിന്നുള്ള ദേവികയുടെ വിയോഗം ഈ ദുരന്തത്തിന്റെ മാനുഷികമായ ആഴം നമ്മെ ബോധ്യപ്പെടുത്തുന്നു. സന്തോഷിന്റെ മൂത്തമകളായ ദേവിക, പഠനത്തില് മികവു തെളിയിച്ച, സ്വന്തം കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്താന് അധ്വാനിച്ചുവന്ന യുവതിയായിരുന്നു. എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയം അവളുടെ കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവുകളായിരുന്നു. കൊച്ചിയില് ഏവിയേഷന് കോഴ്സ് പഠിക്കുന്നതിനൊപ്പം പാര്ട്ട്ടൈം ജോലിയും ചെയ്തിരുന്ന അവള്ക്ക് വിദ്യാഭ്യാസം എന്നത് ഒരു ബിരുദം നേടാനുള്ള മാര്ഗം മാത്രമായിരുന്നില്ല; കുടുംബത്തിന്റെ സാമ്പത്തികപ്രയാസങ്ങള് മറികടക്കാനും മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുമുള്ള വഴിയായിരുന്നു.
ഒരു സാധാരണ കുടുംബത്തിലെ മക്കള്ക്ക് ഉന്നതവിദ്യാഭ്യാസം നേടുക എന്നത് പലപ്പോഴും വലിയൊരു സാമ്പത്തിക പോരാട്ടമാണ്. ഫീസും താമസച്ചെലവും യാത്രയും പഠനസാമഗ്രികളും എല്ലാം ചേര്ന്നുവരുമ്പോള് ഓരോ രൂപയ്ക്കും കണക്കുവയ്ക്കേണ്ടിവരും. ആ സാഹചര്യത്തില് പഠനത്തോടൊപ്പം ജോലി ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. വിശ്രമിക്കേണ്ട സമയങ്ങളില് അധ്വാനിച്ചും ക്ഷീണം മറച്ചുവച്ചും മുന്നോട്ടുപോകുന്ന അനേകം വിദ്യാര്ഥികളുടെ പ്രതിനിധിയായിരുന്നു ദേവികയെപ്പോലുള്ളവര്.
അവളുടെ അധ്വാനത്തില് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളുണ്ടായിരുന്നു. മകളുടെ പഠനം പൂര്ത്തിയാകുന്നതും അവള്ക്ക് നല്ലൊരു ജോലി ലഭിക്കുന്നതും കുടുംബത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുന്നതും കാത്തിരുന്ന മാതാപിതാക്കളുടെ സ്വപ്നങ്ങളുണ്ടായിരുന്നു. മൂത്തമകളെന്ന നിലയില് കുടുംബത്തോടുള്ള ഉത്തരവാദിത്തവും സ്വന്തം ഭാവിയെക്കുറിച്ചുള്ള ആഗ്രഹങ്ങളും അവള് ഒരുമിച്ചു ചുമന്നിരിക്കാം.
ഒരു നിമിഷത്തെ അശ്രദ്ധയോ നിയമലംഘനമോ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുകയറുമ്പോള് എത്ര വലിയ ദുരന്തമാണ് സംഭവിക്കുന്നതെന്ന് ഇത്തരം മരണങ്ങള് നമ്മെ ഓര്മിപ്പിക്കുന്നു. ദേവികയുടെ ജീവിതം അവസാനിച്ചു എന്നതിലുപരി, അവള്ക്കായി കാത്തിരുന്ന അനേകം സാധ്യതകളാണ് ഇല്ലാതായത്. അവള്ക്കു നേടാമായിരുന്ന ജോലി, അവള്ക്കു കൈവരിക്കാമായിരുന്ന നേട്ടങ്ങള്, കുടുംബത്തിനായി ചെയ്യാമായിരുന്ന കാര്യങ്ങള്, അവള്ക്കു സ്വന്തമാക്കാമായിരുന്ന സന്തോഷങ്ങള് ഇവയെല്ലാം ഇനി സങ്കല്പ്പങ്ങളില് മാത്രമേ നിലനില്ക്കൂ.
അപകടത്തില് ജീവന് നഷ്ടപ്പെട്ട മറ്റു വിദ്യാര്ഥികള്ക്കും ഇത്തരത്തില് പറയപ്പെടാതെപോയ ഒരു ജീവിതകഥയുണ്ടാകും. അവരുടെ കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഭാവിപദ്ധതികളും ആ നിമിഷത്തില് തകര്ന്നുവീണിട്ടുണ്ടാകും. ഒരു മരണത്തെ കണക്കിലെ ഒരു സംഖ്യയായി കാണാന് ഭരണസംവിധാനങ്ങള്ക്കും വാര്ത്താമാധ്യമങ്ങള്ക്കും ചിലപ്പോള് എളുപ്പമായേക്കാം. എന്നാല് ആ സംഖ്യയ്ക്കു പിന്നില് ഒരു പേരുണ്ട്, ഒരു വീടുണ്ട്, കാത്തിരിക്കുന്ന മാതാപിതാക്കളുണ്ട്, സഹോദരങ്ങളുണ്ട്, പൂര്ത്തിയാകാത്ത സ്വപ്നങ്ങളുണ്ട്. ദുരന്തത്തിന്റെ യഥാര്ഥ വലുപ്പം തിരിച്ചറിയാന് ഈ മനുഷ്യജീവിതങ്ങളിലേക്ക് നോക്കണം.
നഷ്ടപരിഹാരത്തിന് അപ്പുറമുള്ള നീതി
സമ്പന്നര്ക്കും സാധാരണക്കാര്ക്കും ഒരേ നിയമം ബാധകമാണെന്ന വിശ്വാസം ജനാധിപത്യത്തിന്റെ അടിത്തറയാണ്. എന്നാല് പണവും സ്വാധീനവുമുള്ളവര്ക്ക് നിയമനടപടികളില്നിന്ന് രക്ഷപ്പെടാനാകുമെന്ന സംശയം ജനങ്ങളില് വളരുമ്പോള്, നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ദുര്ബലമാകുന്നു. കുറ്റകൃത്യങ്ങള് ചെയ്തവര്ക്കെതിരെ നടപടി സ്വീകരിക്കുന്നതില് സാമ്പത്തികനിലയോ കുടുംബപശ്ചാത്തലമോ പരിഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിയമസംവിധാനത്തിന്റെ കടമയാണ്.
ദുരന്തത്തിനിരയായ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കേണ്ടിവരാം. എന്നാല് നഷ്ടപരിഹാരം മാത്രം നീതിക്ക് പകരമാകില്ല. നഷ്ടപ്പെട്ട ജീവന് തിരികെ നല്കാന് ഒരു തുകയ്ക്കും കഴിയില്ല. മകളുടെ ശബ്ദം ഒരിക്കല്ക്കൂടി കേള്ക്കാനോ മകന്റെ മുഖം വീണ്ടും കാണാനോ മാതാപിതാക്കള്ക്ക് ലഭിക്കാത്ത അവസരത്തിന് പകരമായി ഒരു ചെക്കും എഴുതിക്കൊടുക്കാനാവില്ല. പണം ചില സാമ്പത്തികപ്രയാസങ്ങള് പരിഹരിച്ചേക്കാം; പക്ഷേ പ്രിയപ്പെട്ടവരുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവില്ല.
അതുകൊണ്ടുതന്നെ, ഇത്തരം കേസുകളില് വേഗത്തിലുള്ളതും സുതാര്യവുമായ അന്വേഷണവും തെളിവുകളുടെ ശാസ്ത്രീയമായ പരിശോധനയും നിയമാനുസൃതമായ നടപടികളും നിര്ണായകമാണ്. അപകടസമയത്തെ വേഗം, മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്ന കാര്യം, വാഹനമോടിച്ചയാളുടെ പ്രായവും ലൈസന്സുമായി ബന്ധപ്പെട്ട നിയമാനുസൃതതയും, അപകടത്തിലേക്കു നയിച്ച സാഹചര്യങ്ങളുംഎല്ലാം തെളിവുകളുടെ അടിസ്ഥാനത്തില് പരിശോധിക്കപ്പെടണം. കുറ്റം തെളിയിക്കപ്പെട്ടാല് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും വേണം.
എന്നാല് ശിക്ഷയുടെ ആവശ്യകത ചൂണ്ടിക്കാട്ടുമ്പോള്തന്നെ നീതിയുടെ മറ്റൊരു അടിസ്ഥാനതത്ത്വം മറക്കരുത്: ആരോപണങ്ങളും തെളിയിക്കപ്പെട്ട കുറ്റങ്ങളും തമ്മില് വ്യത്യാസമുണ്ട്. പൊതുജനരോഷം എത്ര ശക്തമായാലും അന്വേഷണം പൂര്ത്തിയാക്കി തെളിവുകളുടെ അടിസ്ഥാനത്തില് കുറ്റം സ്ഥാപിക്കപ്പെടണം. നിയമത്തിന്റെ വിശ്വാസ്യത നിലനില്ക്കുന്നത് വികാരത്തിന്റെ തീവ്രതയിലല്ല, നീതിപൂര്വമായ നടപടികളിലാണ്.
നീതിയെന്നത് കുറ്റക്കാരനെ ശിക്ഷിക്കുക മാത്രമല്ല; ഇനിയൊരു കുടുംബത്തിനും സമാനമായ ദുരന്തം നേരിടേണ്ടിവരാതിരിക്കാനുള്ള സാമൂഹികവും നിയമപരവുമായ സംവിധാനങ്ങള് ഉറപ്പാക്കുകകൂടിയാണ്.
ലഹരിയും അമിതവേഗവും
അപകടകരമായ കൂട്ടുകെട്ട്
യുവാക്കള്ക്കിടയില് അമിതവേഗത്തിലുള്ള വാഹനയാത്ര ഒരു സാഹസിക വിനോദമായി അവതരിപ്പിക്കപ്പെടുന്ന പ്രവണത ആശങ്കാജനകമാണ്. വാഹനത്തിന്റെ വേഗതയും വിലയും അതിന്റെ ഉടമയുടെ വ്യക്തിപ്രഭാവത്തിന്റെ അടയാളങ്ങളായി മാറുമ്പോള്, റോഡ് ഒരു പൊതുസ്ഥലമാണെന്ന ബോധം നഷ്ടപ്പെടുന്നു. അവിടെ ഓരോരുത്തര്ക്കും തുല്യമായ അവകാശമുണ്ടെന്ന തിരിച്ചറിവിനു പകരം, കൂടുതല് ശക്തിയുള്ള വാഹനത്തിനും കൂടുതല് പണമുള്ള വ്യക്തിക്കും കൂടുതല് സ്വാതന്ത്ര്യമുണ്ടെന്ന തെറ്റായ ധാരണ വളരുന്നു.
വാഹനം എത്ര വിലപിടിപ്പുള്ളതാണെങ്കിലും അതിന്റെ വേഗത മനുഷ്യന്റെ ശരീരത്തിന്റെ സഹനശേഷിയെ മറികടക്കില്ല. അപകടമുണ്ടായാല് സുരക്ഷാസംവിധാനങ്ങള്ക്കുപോലും പരിമിതികളുണ്ട്. ഉയര്ന്ന വേഗതയില് സഞ്ചരിക്കുന്ന വാഹനം പെട്ടെന്നു നിയന്ത്രിക്കാനോ മുന്നിലെ തടസ്സം ഒഴിവാക്കാനോ കഴിയാതെവരാം. മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുള്ള ഡ്രൈവിങ് ഈ അപകടസാധ്യത കൂടുതല് വര്ധിപ്പിക്കുന്നു. പ്രതികരണശേഷിയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും ബാധിക്കുന്ന സാഹചര്യത്തില് വാഹനമോടിക്കുന്നത് സ്വന്തം ജീവനെ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു.
ഇത്തരം പെരുമാറ്റങ്ങളെ സോഷ്യല് മീഡിയയില് ആഘോഷിക്കുന്നതും അപകടകരമാണ്. അമിതവേഗത്തിലുള്ള യാത്രയുടെ ദൃശ്യങ്ങള് ആവേശകരമായ സാഹസികതയായി അവതരിപ്പിക്കപ്പെടുമ്പോള് അതിന്റെ പിന്നിലുള്ള അപകടസാധ്യത പലപ്പോഴും മറയ്ക്കപ്പെടുന്നു. ലൈക്കുകളും പങ്കുവയ്ക്കലുകളും അംഗീകാരവും നേടാനുള്ള മത്സരത്തില് യഥാര്ഥ ജീവിതത്തിന്റെ വില മറന്നുപോകുന്നു. ഡിജിറ്റല് ലോകത്ത് ഏതാനും നിമിഷങ്ങള്ക്കുള്ളില് ലഭിക്കുന്ന പ്രശസ്തിക്കായി യഥാര്ഥ ലോകത്ത് മറ്റൊരാളുടെ ജീവിതം അപകടത്തിലാക്കുന്നത് എത്ര വലിയ വിരോധാഭാസമാണ്!
മാതാപിതാക്കള് ഇത്തരം പ്രവണതകളെ തിരിച്ചറിയണം. മക്കളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള് നിരീക്ഷിക്കുന്നതുകൊണ്ടുമാത്രം ഉത്തരവാദിത്തം അവസാനിക്കുന്നില്ല. അവര് എന്തിനെയാണ് വീരത്വമായി കാണുന്നത്, ഏതു പെരുമാറ്റത്തെയാണ് വിജയമായി കരുതുന്നത്, സുഹൃത്തുക്കളുടെ മുന്നില് സ്വയം തെളിയിക്കാന് എന്താണ് ചെയ്യുന്നത് എന്നിങ്ങനെ അവരുടെ മൂല്യബോധത്തെ സ്വാധീനിക്കുന്ന കാര്യങ്ങളെക്കുറിച്ചും മാതാപിതാക്കള് സംസാരിക്കണം.
നിയന്ത്രണം മാത്രം പോരാ; തിരിച്ചറിവും വളരണം. ഭയപ്പെടുത്തുന്നതുകൊണ്ടുമാത്രം കുട്ടികള് ഉത്തരവാദിത്തമുള്ളവരാകില്ല. സ്വന്തം പ്രവൃത്തികളുടെ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാനും മറ്റുള്ളവരുടെ അവകാശങ്ങളെ ആദരിക്കാനും പഠിക്കുമ്പോഴാണ് യഥാര്ഥ പക്വത കൈവരുന്നത്.
അന്ധമായ വാത്സല്യമല്ല, തിരുത്താനുള്ള
ധൈര്യമാണ് മാതൃസ്നേഹം
മക്കളോടുള്ള സ്നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോള് മാതാപിതാക്കള് നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം അവരുടെ തെറ്റുകളോടുള്ള സമീപനമാണ്. മകന് തെറ്റു ചെയ്താല് അവനെ സംരക്ഷിക്കണമെന്ന തോന്നല് സ്വാഭാവികമാണ്. മകള് ഒരു പ്രതിസന്ധിയില് അകപ്പെട്ടാല് അവളെ ചേര്ത്തുപിടിക്കണമെന്ന ആഗ്രഹവും സ്വാഭാവികമാണ്. എന്നാല് സംരക്ഷണത്തിനും തെറ്റിനെ ന്യായീകരിക്കുന്നതിനും ഇടയില് വലിയ വ്യത്യാസമുണ്ട്.
മക്കള് തെറ്റു ചെയ്താല് അവരെ കൈവിടാതെ കൂടെ നില്ക്കണം. അതോടൊപ്പം അവര് ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന് സഹായിക്കുകയും വേണം. നിയമപരമായ നടപടികളെ നേരിടാന് അവരെ പ്രാപ്തരാക്കണം. തെറ്റിന്റെ ഇരകളുടെ വേദന മനസ്സിലാക്കാനും സ്വന്തം പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആത്മാര്ഥമായി ചിന്തിക്കാനും പ്രേരിപ്പിക്കണം. മക്കള്ക്ക് എപ്പോഴും രക്ഷാകവചമാകുക എന്നതല്ല മാതാപിതാക്കളുടെ കടമ; അവര്ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം പകര്ന്നുനല്കുക എന്നതാണ്.
ഒരു കുട്ടിയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള് അയാള്ക്ക് സന്തോഷം നല്കുന്നുണ്ടാകാം. എന്നാല് നിരാശയെ നേരിടാനും പരാജയത്തെ അംഗീകരിക്കാനും സ്വന്തം തെറ്റുകള് തിരുത്താനും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാനും പഠിപ്പിക്കാത്തപക്ഷം ആ വളര്ത്തല് അപൂര്ണമാണ്. ജീവിതത്തില് എല്ലാം തനിക്കു ലഭിക്കണമെന്ന ചിന്തയോടെ വളരുന്ന ഒരാള്ക്ക് മറ്റൊരാളുടെ അവകാശം തന്റെ ആഗ്രഹത്തിനു മുന്നില് എത്രത്തോളം പ്രധാനമാണെന്ന് തിരിച്ചറിയാന് പ്രയാസമുണ്ടാകും.
മാതൃസ്നേഹവും പിതൃവാത്സല്യവും മക്കളുടെ തെറ്റുകളെ മൂടിവയ്ക്കാനുള്ള പുതപ്പുകളാകരുത്. തെറ്റുകളുടെ മുന്നില് അവരെ നിര്ത്തി, അതിന്റെ ഗൗരവം ബോധ്യപ്പെടുത്തി, തിരുത്തലിന്റെ വഴിയിലേക്ക് നയിക്കുന്ന കരുത്താകണം അവ. ചിലപ്പോള് സ്നേഹത്തിന്റെ ഏറ്റവും കഠിനമായ രൂപം ‘ഇല്ല’ എന്നു പറയുന്നതായിരിക്കും. ചിലപ്പോള് മകന്റെ ആഗ്രഹത്തിന് എതിരുനില്ക്കുന്നതായിരിക്കും. ചിലപ്പോള് അവന് ചെയ്ത തെറ്റിന് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന് അനുവദിക്കുന്നതായിരിക്കും.
കാരണം, സ്വന്തം മക്കളെ സ്നേഹിക്കുന്നതുപോലെതന്നെ മറ്റുള്ളവരുടെ മക്കളുടെ ജീവനും വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്നിടത്താണ് മാതാപിതാക്കളുടെ സ്നേഹം യഥാര്ഥത്തില് മാനുഷികമാകുന്നത്.
സമ്പത്ത് വളരുമ്പോള് മൂല്യങ്ങള് ചുരുങ്ങരുത്
സാമ്പത്തികമായി മുന്നേറുന്നത് തെറ്റല്ല. അധ്വാനിച്ചും സംരംഭങ്ങള് വളര്ത്തിയും സമ്പാദിച്ചും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നത് സമൂഹത്തിന്റെ പുരോഗതിയുടെ ഭാഗമാണ്. എന്നാല് സമ്പത്ത് മനുഷ്യനെ മറ്റുള്ളവരില്നിന്ന് ഉയര്ത്തിനിര്ത്തുന്ന അധികാരമായി കാണാന് തുടങ്ങുമ്പോഴാണ് പ്രശ്നം. പണംകൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും സ്വാധീനമുള്ളവര്ക്ക് എല്ലാ പ്രതിസന്ധികളില്നിന്നും രക്ഷപ്പെടാമെന്നും കരുതുന്ന മനോഭാവം സമൂഹത്തില് വളരുമ്പോള്, നീതിയും സമത്വവും കേവലം വാക്കുകളായി ചുരുങ്ങുന്നു.
വാഹനത്തിന്റെ വില ഒരാളുടെ മാനുഷികമൂല്യം നിര്ണയിക്കുന്നില്ല. അയാളുടെ കുടുംബത്തിന്റെ സാമ്പത്തികശേഷി മറ്റുള്ളവരുടെ ജീവനെക്കാള് അയാള്ക്ക് ഉയര്ന്ന അവകാശം നല്കുന്നുമില്ല. റോഡിലൂടെ നടന്നുപോകുന്ന തൊഴിലാളിക്കും ബസില് യാത്ര ചെയ്യുന്ന വിദ്യാര്ഥിക്കും ഇരുചക്രവാഹനത്തില് സഞ്ചരിക്കുന്ന സാധാരണക്കാരനും ആഡംബരക്കാറിലെ യാത്രക്കാരനുള്ള അതേ ജീവിക്കാനുള്ള അവകാശമുണ്ട്.
ഈ ലളിതമായ സത്യം മറക്കുന്നിടത്താണ് പണത്തിന്റെ ഹുങ്ക് മനുഷ്യത്തത്തെ കീഴടക്കുന്നത്. നിയമം ദുര്ബലര്ക്കു മാത്രം ബാധകമാണെന്നും സമ്പന്നര്ക്ക് അതിനെ മറികടക്കാമെന്നും തോന്നുന്ന ഒരു സമൂഹത്തില് സുരക്ഷിതമായി ജീവിക്കുക എന്നത് സാധാരണക്കാര്ക്ക് കൂടുതല് പ്രയാസകരമാകും. അതുകൊണ്ടാണ് നെടുമ്പാശേരി പോലുള്ള ദുരന്തങ്ങള് ഒരു കുടുംബത്തിന്റെ ദുഃഖത്തില് ഒതുങ്ങാതെ പൊതുസമൂഹത്തിന്റെ ചര്ച്ചയായി മാറേണ്ടത്.
ഇത്തരം സംഭവങ്ങളില് ഉത്തരവാദിത്തം വ്യക്തികള്ക്കു മാത്രമല്ല. റോഡ് സുരക്ഷാ നിയമങ്ങള് കര്ശനമായി നടപ്പാക്കേണ്ടതുണ്ട്. മദ്യപിച്ചും ലഹരിവസ്തുക്കള് ഉപയോഗിച്ചും വാഹനമോടിക്കുന്നവര്ക്കെതിരെ ഫലപ്രദമായ പരിശോധനകളും നടപടികളും വേണം. അമിതവേഗം തടയാനുള്ള നിരീക്ഷണസംവിധാനങ്ങള് കാര്യക്ഷമമാക്കണം. പ്രായപൂര്ത്തിയാകാത്തവര്ക്ക് വാഹനങ്ങള് കൈമാറുന്നതും നിയമാനുസൃതമല്ലാത്ത ഡ്രൈവിങ് അനുവദിക്കുന്നതും തടയണം. യുവാക്കള്ക്കിടയില് റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം സ്കൂള്തലത്തില്ത്തന്നെ ശക്തിപ്പെടുത്തുകയും വേണം.
അതോടൊപ്പം, അപകടങ്ങളില് പരിക്കേല്ക്കുന്നവര്ക്കു സമയബന്ധിതമായ ചികിത്സ ലഭ്യമാക്കുന്ന സംവിധാനങ്ങളും അപകടബാധിത കുടുംബങ്ങള്ക്ക് ആവശ്യമായ പിന്തുണയും ഉറപ്പാക്കണം. ദുരന്തത്തിനു ശേഷം കുറ്റക്കാരെ കണ്ടെത്തുന്നതു മാത്രമല്ല, ദുരന്തം സംഭവിക്കാതിരിക്കാനുള്ള മുന്കരുതലുകള് സ്വീകരിക്കുന്നതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
നമുക്ക് നഷ്ടമാകുന്നത് ഒരു തലമുറയുടെ
സുരക്ഷിതത്വബോധം കൂടിയാണ്
ഓരോ വാഹനാപകടത്തിന്റെയും വാര്ത്ത വായിക്കുമ്പോള് നാം കുറച്ചുനേരം ദുഃഖിക്കുന്നു. സാമൂഹികമാധ്യമങ്ങളില് പ്രതിഷേധിക്കുന്നു. കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു. പിന്നീട് മറ്റൊരു വാര്ത്തയിലേക്ക് കടക്കുന്നു. എന്നാല് ദുരന്തങ്ങളുടെ ആവര്ത്തനം നമ്മെ പഠിപ്പിക്കേണ്ടത് അതിലും വലിയൊരു പാഠമാണ്: വ്യക്തികളുടെ ഉത്തരവാദിത്തമില്ലായ്മയെ സമൂഹം സാധാരണവല്ക്കരിച്ചാല് അതിന്റെ വില എല്ലാവരും നല്കേണ്ടിവരും.
കുടുംബം കുട്ടികളുടെ ആദ്യത്തെ വിദ്യാലയമാണ്. അവിടെ അവര് പണം സമ്പാദിക്കുന്നതിന്റെ പ്രാധാന്യം മാത്രമല്ല, പണംകൊണ്ട് നേടാനാവാത്ത മൂല്യങ്ങളുടെ മഹത്വവും പഠിക്കണം. വിജയിക്കാന് മത്സരിക്കേണ്ടതുണ്ടെങ്കിലും മറ്റൊരാളെ തകര്ത്തുകൊണ്ടല്ല വിജയിക്കേണ്ടതെന്ന് മനസ്സിലാക്കണം. സ്വന്തം അവകാശങ്ങള് സംരക്ഷിക്കുന്നതുപോലെ മറ്റുള്ളവരുടെ അവകാശങ്ങളെയും ആദരിക്കണമെന്നും പഠിക്കണം. തെറ്റുകള് സംഭവിക്കാം; എന്നാല് അവയെ അംഗീകരിക്കുകയും തിരുത്തുകയും ചെയ്യുന്നതിലാണ് മനുഷ്യന്റെ മഹത്വമെന്നും ബോധ്യപ്പെടണം.
കുട്ടികള്ക്ക് വിലപിടിപ്പുള്ള വാഹനങ്ങള് വാങ്ങിനല്കാന് കഴിയുന്ന മാതാപിതാക്കള്, അതിന്റെ താക്കോല് കൈമാറുന്നതിനുമുമ്പ് ഉത്തരവാദിത്തത്തിന്റെ അര്ഥവും പഠിപ്പിക്കണം. വേഗതയുടെ ആവേശത്തിനപ്പുറം ജീവന്റെ മൂല്യം കാണാന് അവരെ പരിശീലിപ്പിക്കണം. മറ്റുള്ളവരുടെ ജീവന് സ്വന്തം സന്തോഷത്തിന്റെ വിലയായി മാറരുതെന്ന് ബോധ്യപ്പെടുത്തണം.
നഷ്ടപ്പെട്ട ആ ജീവനുകള്ക്കു പകരം നല്കാന് ആര്ക്കാണ് കഴിയുക? മരിച്ചുപോയ വിദ്യാര്ഥികളുടെ മാതാപിതാക്കളുടെ കണ്ണീരിന് എന്തു വിലയിടാനാകും? കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന അവരുടെ പൂര്ത്തിയാകാത്ത സ്വപ്നങ്ങള് ഏതു നഷ്ടപരിഹാരത്തുകകൊണ്ട് തിരിച്ചുകൊണ്ടുവരാനാകും?
പണത്തിന് വീടുകള് വാങ്ങാനാകും; എന്നാല് നഷ്ടപ്പെട്ട മക്കളുടെ സാന്നിധ്യം വാങ്ങാനാവില്ല. വിലപിടിപ്പുള്ള വാഹനങ്ങള് സ്വന്തമാക്കാനാകും; എന്നാല് ഒരിക്കല് തകര്ന്നുപോയ ജീവിതത്തെ പഴയതുപോലെ പുനഃസ്ഥാപിക്കാനാവില്ല. സ്വാധീനം ഉപയോഗിച്ച് പ്രതിസന്ധികളെ നേരിടാന് ശ്രമിക്കാനാകും; എന്നാല് മറ്റൊരാളുടെ മരണത്തിന്റെ ധാര്മികഭാരം അതുകൊണ്ടുമാത്രം ഇല്ലാതാകില്ല.
അതുകൊണ്ടാണ് നെടുമ്പാശേരി ദുരന്തത്തെ ഒരു വാഹനാപകടത്തിന്റെ വാര്ത്തയായി മാത്രം വായിച്ചുതള്ളാനാവാത്തത്. സമ്പത്തിന്റെ അഹങ്കാരം, ലഹരിയോടുള്ള അശ്രദ്ധ, നിയമത്തോടുള്ള പുച്ഛം, മക്കളുടെ തെറ്റുകളെ ന്യായീകരിക്കുന്ന അന്ധമായ വാത്സല്യം ഇവയെല്ലാം ചേര്ന്ന് സമൂഹത്തെ എത്ര അപകടകരമായ അവസ്ഥയിലേക്ക് നയിക്കാമെന്നതിന്റെ മുന്നറിയിപ്പാണത്.
ബോങ് ജൂണ്-ഹോയുടെ മദര് ഓര്മിപ്പിക്കുന്നതുപോലെ, ഒരാളെ സ്നേഹിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള് ചെയ്യുന്നതെല്ലാം ശരിയാകുന്നില്ല. സ്വന്തം മകനെ രക്ഷിക്കാനുള്ള ആഗ്രഹം നീതിയെ നിഷേധിക്കാനുള്ള അവകാശം നല്കുന്നില്ല. മക്കളെ സംരക്ഷിക്കേണ്ട മാതാപിതാക്കളുടെ കടമ മറ്റുള്ളവരുടെ മക്കളുടെ ജീവനെ അവഗണിക്കാനുള്ള അനുമതിയുമല്ല.
മക്കള്ക്കു സമ്പത്തും സൗകര്യങ്ങളും പകര്ന്നുനല്കുന്നതിനൊപ്പം മനുഷ്യത്വവും ആത്മനിയന്ത്രണവും സാമൂഹിക ഉത്തരവാദിത്തവും പകര്ന്നുനല്കുക. തെറ്റു ചെയ്താല് രക്ഷപ്പെടാനുള്ള വഴിയല്ല, തെറ്റു ചെയ്യാതിരിക്കാനുള്ള വിവേകമാണ് അവര്ക്ക് നല്കേണ്ടത്. പണത്തിന്റെ ശക്തിയില് വിശ്വസിക്കുന്നവരല്ല, സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന് ധൈര്യമുള്ളവരായി അവരെ വളര്ത്തുക. കാരണം, ഒരു സമൂഹത്തിന്റെ യഥാര്ഥ സമ്പത്ത് അതിലെ ആഡംബരക്കാറുകളോ ഉയര്ന്ന കെട്ടിടങ്ങളോ ബാങ്ക് നിക്ഷേപങ്ങളോ അല്ല. അതിലെ മനുഷ്യര്ക്ക് സുരക്ഷിതമായി ജീവിക്കാനും സ്വന്തം സ്വപ്നങ്ങളുമായി മുന്നോട്ടുപോകാനും കഴിയുന്ന സാഹചര്യമാണത്.
ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങള് ആവര്ത്തിക്കാതിരിക്കട്ടെ. മറ്റൊരു കുടുംബത്തിനും സ്വന്തം മക്കളുടെ പൂര്ത്തിയാകാത്ത സ്വപ്നങ്ങളെ ഓര്ത്ത് ജീവിതകാലം മുഴുവന് കരയേണ്ടിവരാതിരിക്കട്ടെ.

