വത്തിക്കാൻ: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്തതിനു പിന്നാലെ ലെയോ പതിനാലാമൻ പാപ്പാ പ്രതീക്ഷിച്ച രീതിയിൽ ആരോഗ്യനില വീണ്ടെടുക്കുന്നതായി വത്തിക്കാൻ. ഒക്ടോബർ 13-ന് റോമിലെ പോളിക്ലിനിക് ജെമെല്ലി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിശോധനാഫലങ്ങൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒക്ടോബർ 14-ന് നടത്തിയ രക്തപരിശോധനയിലും നെഞ്ചിന്റെ എക്സ്റേ പരിശോധനയിലും ശസ്ത്രക്രിയാനന്തര ആരോഗ്യനില സാധാരണ രീതിയിൽ പുരോഗമിക്കുന്നതിന്റെ സൂചനകളാണ് ലഭിച്ചത്. ശസ്ത്രക്രിയയുടെ സ്വഭാവത്തിന് അനുസൃതമായി പരിശോധനാഫലങ്ങൾ സാധാരണ നിലയിലാണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. പാപ്പാ ശ്വസനസംബന്ധിയായ ഫിസിയോതെറാപ്പി ആരംഭിച്ചതായും ആശുപത്രി മുറിയിൽ നടക്കാൻ തുടങ്ങിയതായും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ച പാപ്പാ സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ഡോക്ടർമാരായ ലൂയിജി കർബോണെയും പ്രൊഫ. സ്തേഫനോ മർഗരിത്തോറയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാപ്പായുടെ ആരോഗ്യനില സംബന്ധിച്ച പുതിയ അറിയിപ്പ് വത്തിക്കാൻ പുറത്തുവിട്ടത്.

