കൊച്ചി: വഖഫ് ബോർഡിലെ ഒഴിവുകൾ നികത്തുന്നതിനുള്ള കോടതി നിർദേശം സമ്പൂർണ പുനഃസംഘടനയ്ക്കുള്ള അനുമതിയായി കാണാനാകില്ലെന്ന് നിലവിലെ ബോർഡംഗങ്ങൾ ഹൈക്കോടതിയിൽ. ബോർഡിലെ രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകൾ നികത്താത്തതും ഷിയ, ബോറ, അഗഖാനി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകാത്തതും ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേയാണ് അംഗങ്ങൾ നിലപാട് വ്യക്തമാക്കിയത്.
കോടതി ഉത്തരവിന്റെ പേരിൽ ബോർഡ് പൂർണമായി പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ നീക്കം നിയമവിരുദ്ധമാണെന്നാണ് അംഗങ്ങളുടെ വാദം. നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ മാത്രമാണ് മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാനാകുകയെന്നും അവർ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടി. ബോർഡിന്റെ പ്രവർത്തനം സംബന്ധിച്ച സർക്കാരിന്റെയും മറ്റു കക്ഷികളുടെയും വാദങ്ങളും ഉറപ്പുകളും രേഖപ്പെടുത്തുക മാത്രമാണ് കോടതി ചെയ്തതെന്നും ബെഞ്ച് വ്യക്തമാക്കി.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കോടതി നിരീക്ഷിച്ചു. വിശദീകരണം ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ച ഹൈക്കോടതി ഹർജികൾ ഈ മാസം 28ന് വീണ്ടും പരിഗണിക്കും.

