പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യവും വന്യജീവി ആവാസവ്യവസ്ഥകളും ഭൂപ്രകൃതിയും സംരക്ഷിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കേരളത്തില്‍ പരിസ്ഥിതി ലോല മേഖലയായി (ഇക്കൊളോജിക്കലി സെന്‍സിറ്റീവ് ഏരിയ – ഇഎസ്എ) പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളുടെ ഏഴാമത്തെ കരട് വിജ്ഞാപനത്തിന്മേല് പരാതിയും തിരുത്തലും ഭേദഗതിയും സമര്‍പ്പിക്കാനുള്ള സമയപരിധി പൂര്‍ത്തിയാകുമ്പോഴും മലനാടും ലക്ഷക്കണക്കിന് മലയോര കര്‍ഷകരും കനത്ത ആശങ്കയിലും അരക്ഷിതാവസ്ഥയിലും അനിശ്ചിതത്വത്തിലും ഉഴലുകയാണ്.
ആധിയും ഉല്‍ക്കണ്ഠയും വേണ്ട, ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് ആവശ്യമായ വിവരങ്ങളും ഭൂരേഖാ ഭൂപടങ്ങളും സംസ്ഥാന പരിസ്ഥിതി വകുപ്പ് കൃത്യമായി തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തില്‍ നിന്ന് നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുമായി ഒരുവട്ടം കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും സംസ്ഥാനത്തിന്റെ അന്തിമ ശുപാര്‍ശകള്‍ സമര്‍പ്പിച്ചതിനു ശേഷം ഉന്നതതലത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന് ഇക്കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തെ തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി. 12 വര്‍ഷം മുന്‍പ്, 2014 മാര്‍ച്ചില്‍ അവതരിപ്പിച്ച ആദ്യ കരട് വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയ അടിസ്ഥാന വിവരങ്ങള്‍ തന്നെയാണ് കഴിഞ്ഞ ജൂലൈയില്‍ കൊണ്ടുവന്ന ഏഴാമത്തെ കരട് വിജ്ഞാപനത്തിലും കേന്ദ്ര മന്ത്രാലയം ആവര്ത്തിച്ചുകാണുന്നത്. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സമര്പ്പിച്ചുവന്ന പുതുക്കിയ രേഖകളും നിവേദനങ്ങളും അവര്‍ പാടേ അവഗണിച്ചെങ്കില്‍, ഇത്തവണ മറിച്ചെന്തെങ്കിലും അദ്ഭുതം പ്രതീക്ഷിക്കാനുണ്ടോ?
മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള ‘പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനല്‍ റിപ്പോര്‍ട്ട്’ 2012 മേയില്‍ പുറത്തുവന്നതു മുതല്‍ സംസ്ഥാനത്ത് വലിയ കോലാഹലമുണ്ടായതാണ്. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 72 ശതമാനം പരിസ്ഥിതി ലോല പ്രദേശമായാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തിയത്. അത്രയും വിശാലമായ മേഖലയിലെ രണ്ടു കോടിയിലേറെ ജനങ്ങളെ ഞെട്ടിക്കുന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. പിന്നീട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അത് 34 ശതമാനമായി. കസ്തൂരിരംഗന്റെ അധ്യക്ഷതയിലുള്ള ഉന്നതതല വര്‍ക്കിങ് ഗ്രൂപ്പ് സംസ്ഥാനത്തെ 123 വില്ലേജുകളിലായി 13,108.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ ആയി നിര്‍ദേശിച്ചത്. ഇതില്‍ 9107 ച.കി.മീ സ്വാഭാവിക ഭൂപ്രകൃതിയും 886.7 ച.കി.മീ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്ന സാംസ്കാരിക ഭൂപ്രകൃതിയും (കള്‍ച്ചറല്‍ ലാന്‍ഡ്സ്കേപ്) ആയി കണക്കാക്കി. ആ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി 3114.3 ച.കി.മീ കൃഷിഭൂമിയും ജനവാസമേഖലയും ഒഴിവാക്കിക്കൊണ്ട് ഇഎസ്എ, 123 വില്ലേജുകളിലായി 9993.7 ച.കി.മീറ്ററാണെന്ന് നിര്‍ണയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈ നിര്‍ദേശം അംഗീകരിച്ചുകൊണ്ട് കരട് വിജ്ഞാപനങ്ങളിലെല്ലാം 9,993.7 ചതുരശ്ര കിലോമീറ്റര്‍ (24.69 ലക്ഷം ഏക്കര്‍) ഇഎസ്എ വിസ്തൃതിയുടെ കണക്ക് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എട്ട് വില്ലേജുകള്‍ വിഭജിക്കപ്പെട്ടതോടെ ഇഎസ്എ വില്ലേജുകളുടെ എണ്ണം 131 ആയി ഉയര്‍ന്നു.
ജനവാസ മേഖലകളും തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും പാറപ്രദേശങ്ങളും ഒഴിവാക്കി സംരക്ഷിത വനപ്രദേശങ്ങളും റിസര്‍വ് വനങ്ങളും അണക്കെട്ടുകളും മാത്രമായി ഇഎസ്എ മേഖല പരിമിതപ്പെടുത്താന്‍ പിന്നീട് പിണറായി സര്‍ക്കാര്‍ നിര്‍ദേശിച്ചു. 92 വില്ലേജുകളിലായി ഇഎസ്എ വിസ്തൃതി 8656.46 ച.കി.മീ എന്നു നിശ്ചയിച്ചു. ചില വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയും ചിലത് വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വില്ലേജുകളുടെ എണ്ണം 92ല്‍ നിന്ന് 98 ആയി; മൊത്തം ഇഎസ്എ വിസ്തൃതി 8711.98 ച.കി.മീ ആയും മാറി. എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി നല്കിയ കണക്കൊന്നും ഏഴാമത്തെ കരട് വിജ്ഞാപനത്തില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ വിസ്തൃതിയാണ് സതീശന് ഗവണ്മെന്റും നിര്‍ദേശിക്കുന്നത്.
കരട് വിജ്ഞാപനത്തില്‍ നിന്ന് 32 വില്ലേജുകളെ പൂര്‍ണമായി ഒഴിവാക്കാനാണ് നിര്‍ദേശം. പരിസ്ഥിതി ലോല മേഖല വനഭൂമിയില്‍ മാത്രം എന്ന നിലപാടില്‍ സംസ്ഥാനം ഉറച്ചുനില്‍ക്കും. കേരളത്തിന്റെ 29.65 ശതമാനം വരുന്ന വനഭൂമിയിലേക്ക് ഇഎസ്എ ചുരുക്കണം. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെടുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര ഭൂമി കരട് വിജ്ഞാപനത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നു. പാലക്കാട് ചുരം ഒഴികെ പശ്ചിമഘട്ടത്തിലെ ഒരു ഭാഗവും ഇഎസ്എയില്‍ നിന്ന് ഒഴിവാക്കാനാവില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചുപോന്നിട്ടുള്ളത്. 12 ജില്ലകളിലായി 131 വില്ലേജുകളില്‍ 40 ലക്ഷം ജനങ്ങള്‍ ഇഎസ്എ നീരാളിപ്പിടിത്തത്തില്‍ വര്‍ഷങ്ങളായി തീതിന്നുകഴിയുന്നു.
സംസ്ഥാനത്തെ ഇഎസ്എ ‘ഹോട്ട് സ്പോട്ട്’ ആയ ഇടുക്കിയില്‍ 51 വില്ലേജുകളാണ് പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയില്‍ ഏലംകൃഷിക്കായി അനുവദിച്ചിട്ടുള്ള 870 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഏലമലക്കാടുകള്‍ (കാര്‍ഡമം ഹില്‍ റിസര്‍വ്) ഇഎസ്എ പരിധിയില്‍ നിന്ന് നീക്കണം. 1930-കളുടെ തുടക്കം മുതല്‍ മനുഷ്യവാസമുള്ള ‘സാംസ്കാരിക ഭൂപ്രദേശം’ ആയി വേണം ഈ റവന്യൂഭൂമിയെ കണക്കാക്കാന്‍ എന്നു കേരളം വാദിക്കുന്നു.
സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട്, ഓരോ വില്ലേജിലും പഞ്ചായത്ത് തലത്തിലും എല്ലാവര്ക്കും പരിശോധിക്കാവുന്ന തരത്തിലുള്ള, സര്‍വേ നമ്പറുകളും വസ്തുവിന്റെ അതിരുകളും ഭൂമിയുടെ അളവും ഭൂവിനിയോഗവും കാണിക്കുന്ന സ്കെയില്‍ ചെയ്ത ഭൂരേഖാ ഭൂപടം സംസ്ഥാന പരിസ്ഥിതി വകുപ്പ് ഉടന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പരാതികള്‍ സമര്‍പ്പിക്കാന്‍ രണ്ടുമാസത്തെ കാലയളവ് ലഭിച്ചിട്ടും തങ്ങളുടെ ഇഎസ്എ സ്റ്റാറ്റസ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ അധികാരകേന്ദ്രങ്ങളില്‍ നിന്നു കിട്ടാത്തതിനാല്‍ നെട്ടോട്ടം ഓടിയ മലയോര നിവാസികളെ ഈ അവസാന മണിക്കൂറില്‍ കെഡാസ്ട്രല് മാപ്പിന്റെയും ജിയോ കോര്ഡിനേറ്റ്സിന്റെയും ഷെയ്പ്ഫയല് ഡാറ്റയുടെയും കാര്യങ്ങള്‍ പറഞ്ഞ് കൊതിപ്പിച്ചിട്ട് എന്തു പ്രയോജനം! ഇഎസ്എ കരട് വിജ്ഞാപനം മലയാളത്തില്‍ ലഭ്യമാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് എവിടെയെങ്കിലും നടപ്പാക്കിയതായി ഒരു റിപ്പോര്‍ട്ടുമില്ല.
ഉമ്മന്‍ കമ്മിറ്റി 9107 ച.കി.മീ വനം സ്വാഭാവിക ഭൂപ്രകൃതിയായി നിര്‍ണയിച്ച കാലത്തും അതിന്റെ അതിര്‍ത്തി സംബന്ധിച്ച ജിഐഎസ് രേഖകളോ (സ്പേഷ്യല്‍ ഫയല്‍സ്) മറ്റ് വിവരങ്ങളോ സമര്‍പ്പിച്ചിരുന്നില്ല. പ്രദേശത്തിന്റെ അതിര്‍ത്തി തിരിച്ചറിയാനുള്ള വില്ലേജ്തല വിവരങ്ങള്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് കരട് വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സ്ഥലീയ രേഖകളുടെ അടിസ്ഥാനത്തില്‍ ഭൗതിക അതിര്‍ത്തി തിരിച്ചറിയുന്നതിന് ശാസ്ത്രീയമായി തയാറാക്കിയ ഭൂപടം പ്രസിദ്ധീകരിച്ചില്ല. ആധികാരിക രേഖകളുടെ അഭാവം നിമിത്തമാകണം ആദ്യ കരട് വിജ്ഞാപനത്തിലെ ഇഎസ്എ വിസ്തൃതിയില്‍ ഒരു മാറ്റവും പിന്നീട് കേന്ദ്ര മന്ത്രാലയം വരുത്താതിരുന്നത്. മാപ് സ്കെയില്‍ പാലിക്കാതെ വിവിധ അളവുകളില്‍ എടുത്ത് കൂട്ടിയോജിപ്പിച്ച കെഡാസ്ട്രല് മാപ്പുകള്‍ ജിയോ റഫറന്‍സില്‍ ഡിജിറ്റൈസ് ചെയ്ത് ഇഎസ്എ വിസ്തൃതി നിര്‍ണയിക്കുക അസാധ്യമായിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചു തയാറാക്കിയ ഭൂപടങ്ങള്‍ കൃത്യമല്ല. വിശദമായ ഫീല്‍ഡ് സര്‍വേ നടത്തി ഭൂമിയുടെ സര്‍വേ നമ്പര്‍ സഹിതം മാപ്പ് ലഭ്യമാക്കണം. അന്തിമ പ്രഖ്യാപനത്തിനു മുന്‍പ് ഇഎസ്ഐ അതിരുകള്‍ ഭൗതികമായി അടയാളപ്പെടുത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഞ്ചായത്ത് തലത്തില്‍ വനം, റവന്യൂ, കൃഷി, തദ്ദേശഭരണം, സര്‍വേ വകുപ്പ് ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ രൂപവത്കരിച്ച് 123 ഇഎസ്എ വില്ലേജുകളിലെ ഭൂമിയുടെ ഡാറ്റയും മാപ്പും കമ്മിറ്റികള്‍ തയാറാക്കി കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളില്‍ 9107 ചതുരശ്ര മീറ്റര്‍ വനം എന്നു രേഖപ്പെടുത്തിയത് തെറ്റാണെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉമ്മന്‍ കമ്മിറ്റിയുടെ വസ്തുതാവിരുദ്ധമായ കണക്കുകള്‍ കരട് വിജ്ഞാപനത്തിലും കയറിക്കൂടി. 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ എന്ന പുതിയ കണക്കും തെറ്റാണെന്നു വരുന്നു.
കേരളം വനമേഖലയെ സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് 2012 – 2026 കാലയളവില്‍ ഏഴ് വ്യത്യസ്ത കണക്കുകള്‍ സമര്‍പ്പിച്ചതില്‍ നിന്നു തന്നെ ഏറെ ആശയക്കുഴപ്പങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. 2026 ഓഗസ്റ്റില്‍ പുറത്തുവിട്ട കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 448 വില്ലേജുകളിലായി 11,536.251 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയുണ്ട്. കേരളത്തില്‍ വനാവരണം 54 ശതമാനമാണ്. വനവ്യാപനത്തിലെ വര്‍ധന, കടുവകളുടെ സെന്‍സസില്‍ സ്ഥിരീകരിക്കുന്ന കടുവകളുടെ ആരോഗ്യകരമായ സാന്നിധ്യം, വന-പരിസ്ഥിതി സംരക്ഷണത്തിനായി നിലവിലുള്ള നിയമസംവിധാനങ്ങള്‍ എന്നിവയെല്ലാം കേരളത്തിന് അനുകൂലമായ ഘടകങ്ങളാണ്.
ഗുജറാത്ത്-മഹാരാഷ്ട്ര അതിര്‍ത്തിയിലെ താപ്തി നദീതടത്തില്‍ തുടങ്ങി ഗോവ, കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ തെക്കോട്ട് തമിഴ്നാട്ടിലെ സ്വാമിതോപ്പ് മരുത്വാമലൈ വരെ 1,600 കിലോമീറ്ററോളം ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ജൈവവൈവിധ്യ കലവറകളില്‍ ഒന്നാണ്. ഉരുള്‍പൊട്ടല്‍ സാധ്യത വളരെ കൂടുതലുള്ള മേഖലയായതിനാല്‍ ഇവിടെ പ്രത്യേക സംരക്ഷണ നടപടികള്‍ ആവശ്യമാണെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്നു. മലയോര മേഖലയില്‍ പതിറ്റാണ്ടുകളായി കുടിയേറി താമസിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന ജനങ്ങള്‍ പ്രാഥമികമായി പശ്ചിമഘട്ടത്തിന്റെ സംരക്ഷകരാണ്. അവരുടെ ജീവിതവും പാര്‍പ്പിടങ്ങളും ഉപജീവനവും പൂര്‍ണമായും ഈ മലനിരകളെ ആശ്രയിച്ചിരിക്കുന്നു.
കൃഷിയെയും ടൂറിസത്തെയും ആശ്രയിക്കുന്ന മലയോരജനതയ്ക്ക് ഇഎസ്എ നിയന്ത്രണങ്ങള്‍ വലിയ ആഘാതമാകും എന്ന ആശങ്ക ഉയരുന്നുണ്ട്.
ത്രീസ്റ്റാറിനു മുകളിലോ നൂറില്‍ കൂടുതല്‍ മുറികളുള്ളതോ ആയ ഹോട്ടലുകള്‍ക്കും, 500 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികള്‍ക്കും അനുമതി ലഭിക്കില്ല. ക്വാറി, ഖനനം, മണല്‍വാരല്‍, താപനിലയങ്ങള്‍, അതീവ മലിനീകരണത്തിന് ഇടയാക്കുന്ന വ്യവസായങ്ങള്‍ എന്നിവ ചെമ്പട്ടികയില്‍ നിരോധിക്കപ്പെടുന്നു. മൈനിങ് നിരോധനത്തില്‍ കുഴല്‍ക്കിണറുകള്‍ക്കും നിയന്ത്രണം ബാധകമാകും. ഇതു കൃഷിയെ ബാധിക്കും. കശാപ്പുശാലകള്‍, വലിയ ക്ഷീരോത്പാദന പ്ലാന്റുകള്‍, ഇന്‍സിനേറ്ററുകള്‍ എന്നിവയെ നിയന്ത്രണം ബാധിക്കും. ഓറഞ്ച് വിഭാഗത്തില്‍ വരുന്ന ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, അരിമില്ലുകള്‍, കാലിത്തീറ്റ/ കോഴിത്തീറ്റ നിര്‍മാണം, ചെറുകിട ഹോട്ടലുകള്‍, ബയോഗ്യാസ് പ്ലാന്റ്, ടയര്‍ റീട്രെഡിങ് എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ വരും.
നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയോ പുതുക്കിപ്പണിയുകയോ നവീകരിക്കുകയോ ചെയ്യാം. ഇഎസ്എ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും കുടിയിറക്കുകയില്ല, ആര്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുകയില്ല, കൃഷിക്കോ തോട്ടങ്ങള്‍ക്കോ നിരോധനമുണ്ടാവുകയില്ല എന്ന് പറയുമ്പോഴും, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായാല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്പ്പിക്കപ്പെടുമെന്നാണ് ആശങ്ക. നാടന്‍ വിത്ത് ഇനങ്ങള്‍ ഉപയോഗിക്കണം, കീടനാശിനി പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളോടൊപ്പം എന്തു കൃഷി ചെയ്യണമെന്നു തീരുമാനിക്കാനുള്ള കര്‍ഷകന്റെ അടിസ്ഥാന സ്വാതന്ത്ര്യംതന്നെ നഷ്ടപ്പെട്ടെന്നിരിക്കും.
വൈദ്യുതി ഉത്പാദനത്തിനുള്ള പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍, ക്ഷീരോത്പാദന യൂണിറ്റുകള്‍, മാലിന്യം കത്തിക്കുന്നതിനുള്ള ഇന്‍സിനറേറ്ററുകള്‍, 5 കെ.വിയോ അതില്‍ കൂടുതലോ ശേഷിയുള്ള ഡീസല്‍ ജനറേറ്ററുകള്‍ തുടങ്ങിയവയെ റെഡ് കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഇഎസ്എ കരട് വിജ്ഞാപനം കൈകാര്യം ചെയ്ത വിധം വി.ഡി സതീശന് കണ്ടുപഠിക്കണം. മലയോര കര്‍ഷകരുടെ ആശങ്കകളും ആവലാതികളും നേരിട്ടു മനസിലാക്കാന്‍ ബന്ധപ്പെട്ട പത്ത് ജില്ലകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഇഎസ്എ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മൂന്നു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി. കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിന് സ്വീകാര്യമല്ലെന്ന് ലെജിസ്ലേറ്റീവ് അസംബ്ലിയിലും ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ഏകകണ്ഠമായി പ്രമേയം പാസാക്കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ നേരിട്ടുള്ള സര്‍വേയും വിശദമായി പഠനവും നടത്തുന്നതിന് ഒരു വര്‍ഷത്തെ സമയം ആവശ്യപ്പെട്ടു. വിജ്ഞാപനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനായി വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കും. വിജ്ഞാപനം ചെയ്ത വനമേഖലയില്‍ മാത്രമായി ഇഎസ്എ പരിമിതപ്പെടുത്തണമെന്നും, ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, പൂന്തോപ്പ് മേഖല, തോട്ടങ്ങള്‍, പൊതുപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ ഇഎസ്എയില്‍ ഉള്‍പ്പെടുത്തരുതെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. പത്തു ജില്ലകളില്‍ 1,449 വില്ലേജുകളിലായി 20,668 ചതുരശ്ര കിലോമീറ്ററാണ് കരട് വിജ്ഞാപനത്തില്‍ കാണിച്ചിരിക്കുന്നത്. ഇതില്‍ 16,000 ച.കി.മീ ഒറ്റയടിക്ക് കുറയ്ക്കാനാണ് ശിവകുമാറിന്റെ നീക്കം. കേരളത്തിലെ മലനാട്ടില്‍ പിന്നെയും ഒരു വര്‍ഷം കൂടി ആധി കൂട്ടുന്നതിന് ഇത്രയും മതിയല്ലോ!

