കൊച്ചി: യുഡിഎഫ് സർക്കാരിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പ്രത്യാശാഭരിതവും അഭിനന്ദനാർഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. വയോജന ക്ഷേമത്തിനായുള്ള നടപടികൾ, മയക്കുമരുന്ന് വ്യാപനത്തിനെതിരായ ‘തൂഫാൻ’ പദ്ധതി, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഇടപെടലുകൾ എന്നിവ പ്രതീക്ഷ നൽകുന്നതാണെന്നും കമ്മീഷൻ വിലയിരുത്തി.
പ്രഖ്യാപനങ്ങൾ ഫലപ്രദമായ നടപടികളായി മാറുകയും ജനങ്ങളുടെ ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കുകയും വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചതും വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ചതും ഭരണരംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പുകളാണ്.
നൂറുദിന കർമപരിപാടിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണം പൂർത്തിയാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും അഭിനന്ദനാർഹമാണ്.സർക്കാർ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ ഡിസംബർ 31-നകം തീർപ്പാക്കുന്നതിനുള്ള ‘ജനസ്പർശം’ പദ്ധതിയും ജനകീയ ഭരണത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഓരോ ഫയലിനും പിന്നിൽ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളുണ്ടെന്ന തിരിച്ചറിവോടെ പദ്ധതി നടപ്പാക്കണം. തൂഫാൻ, വയോജന ക്ഷേമം തുടങ്ങിയ പദ്ധതികൾക്ക് കമ്മീഷൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.അതേസമയം, സംസ്ഥാനത്തെ വിവിധ മേഖലകളിൽ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും സർക്കാർ മുൻഗണന നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖലകളുമായി ബന്ധപ്പെട്ട (ഇഎസ്എ) വിഷയത്തിൽ കർഷകരുടെയും മലയോര ജനതയുടെയും ആശങ്കകൾ പരിഗണിച്ച് വ്യക്തമായ തുടർനടപടികൾ സ്വീകരിക്കണം. തീരശോഷണം, കടലാക്രമണം, ഉപജീവനപ്രതിസന്ധി, പുനരധിവാസ പ്രശ്നങ്ങൾ എന്നിവ നേരിടുന്ന മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ശാശ്വത പരിഹാരം ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.മലയോര മേഖലകളിൽ വർധിക്കുന്ന മനുഷ്യ–വന്യജീവി സംഘർഷം നിയന്ത്രിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും സംരക്ഷണം നൽകണം. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു.
മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണം. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും നീതിപൂർവമായ ആവശ്യങ്ങൾ പരിഗണിച്ച് വികസനവും സാമൂഹികനീതിയും ക്ഷേമവും ഉറപ്പാക്കുന്ന ജനപക്ഷ ഭരണനടപടികൾ തുടർന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷൻ വ്യക്തമാക്കി.

